മലപ്പുറം തിരൂരില്‍ കൊറോണ രോഗം ഭേദമായ 62 കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഒരു കണ്ണ് നീക്കം ചെയ്തു

keralanews 62 year old man diagnosed with black fungus in malappuram tirur one eye removed

മലപ്പുറം:കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു.ഏഴൂര്‍ ഗവ.ഹൈസ്കൂളിന് സമീപം വലിയപറമ്പിൽ അബ്ദുല്‍ ഖാദര്‍ എന്ന 62 കാരനാണ് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്.കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴാമത്തെ വ്യക്തിയാണിദ്ദേഹം.മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ പറഞ്ഞു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. പ്രമേഹ രോഗി കൂടിയായ അബ്ദുല്‍ ഖാദറിന് ഏപ്രില്‍ 22നാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം ഏഴിനാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.ചര്‍മത്തിലാണ് ബ്ലാക്ക് ഫംഗസ് സാധാരണ കാണാറുള്ളത്. അതിവേഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാന്‍ ഇടയുണ്ട്. കൊവിഡ് ചികില്‍സയ്ക്ക് ശേഷം അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകള്‍ നിസാരമായി കാണരുത്. വേഗത്തില്‍ ചികില്‍സ തേടിയാന്‍ സുഖം പ്രാപിക്കാം. ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയല്ല. പ്രമേഹം, ക്യാന്‍സര്‍ രോഗികളിലാണ് കൂടുതല്‍ സാധ്യതയുള്ളത്. സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഈ രോഗത്തിന് കാരണമാകും.കൊവിഡ് ചികില്‍സാ വേളയില്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചതാണ് പ്രശ്‌നമെന്നും വിലയിരുത്തുന്നു. മൂക്കില്‍ നിന്ന് രക്തം വരിക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, വീക്കം എന്നിവയുണ്ടാകുക. അണ്ണാക്കില്‍ നിറവ്യത്യാസം കാണുക, കാഴ്ച മങ്ങുക, പല്ല് വേദന, ശ്വാസ തടസം, തലവേദന എന്നിവയെല്ലാം ലക്ഷണമാണ്.

ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാര്‍ജിലുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു;183 പേരെ നേവി കരയ്ക്കെത്തിച്ചു; 79 പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

keralanews rescue work continues for those aboard barge that sank off the coast of mumbai during hurricane touktae 183 rescued rescue operations for 79 people continue

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാര്‍ജിലുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.ബാര്‍ജിലുണ്ടായിരുന്ന 261 പേരില്‍ 183 പേരെ നേവി കരയ്ക്കെത്തിച്ചു. മുംബൈ തീരത്ത് നിന്ന് 80 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവ‍ര്‍ത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.മുംബൈ തീരത്തോടടുത്തായി ഒരു ഒഎന്‍ജിസി ഓയില്‍ റിഗ്ഗ്, നാല് കപ്പലുകള്‍ മറ്റൊരു ചരക്കുകപ്പല്‍ എന്നിവയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ടത്. ഇതില്‍ നാല് കപ്പലുകളും ഒഎന്‍ജിസിയുടെ ഓഫ്‌ഷോറിലേക്ക് ജീവനക്കാരെയും സാധനങ്ങളും എത്തിക്കുന്നതിനായി സര്‍വീസ് നടത്തുന്നവയാണ്. രക്ഷപ്പെടുത്തിയവരില്‍ മിക്കവരും ഒഎന്‍ജിസി ഓഫ്‌ഷോര്‍ സൈറ്റില്‍ കോണ്‍ട്രാക്റ്റര്‍മാരുടെയും സബ് കോണ്‍ട്രാക്റ്റര്‍മാരുടെയും കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ്.അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമന്‍ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് അഹമ്മദാബാദില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

കണ്ണൂർ താഴെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം

keralanews tanker lorry accident in thazhe chovva again

കണ്ണൂർ: താഴെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം.താഴെ ചൊവ്വ പാലത്തിനു സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെടുകയായിരുന്നു.രാത്രി പത്തുമണിയോടുകൂടിയാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.ഉടൻ തന്നെ കണ്ട്രോൾ റൂമിൽ നിന്നും പോലീസെത്തി ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.തുടർച്ചയായ അപകടങ്ങൾ സമീപവാസികളിൽ ഭീതി പടർത്തുന്നുണ്ട്.ലോക്ക്ഡൌൺ കാലമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതിനാൽ ഇത്തരം ലോറികൾ അമിത വേഗതയിൽ വരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് സ്ഥാനക്കയറ്റം നൽകും; സർക്കാർ ഉത്തരവ് പുറത്തിറക്കി

keralanews class promotion will be given to all students from class one to class nine in the state government issued the order

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും ക്ലാസ് കയറ്റം നൽകാനാണ് ഉത്തരവിൽ പറയുന്നത്.’വര്‍ക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി അധ്യാപകര്‍ മേയ് 25-നകം പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 2021-22 വർഷത്തേക്കുള്ള പ്രവേശനം ഇന്ന് ആരംഭിക്കണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണം ഇത്. ലോക്ക്ഡൗണിന് ശേഷം രേഖകൾ പരിശോധിച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൈറ്റിലൂടെ ഉടനറിയാം. ഒരുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്താനും നിര്‍ദേശമുണ്ട്.ഇതിനായി ക്ലാസ് ടീച്ചര്‍മാര്‍ പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷന്‍ നല്‍കുന്ന കുട്ടികളെ ഫോണ്‍വഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച്‌ വിശദമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.ക്ലാസ് ടീച്ചര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രഥമാധ്യാപകര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 31,337 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;45,926 പേർക്ക് രോഗമുക്തി;97 മരണം

keralanews 31337 covid cases confirmed in the state today 45926 cured 97 deaths

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4149, എറണാകുളം 3377, തിരുവനന്തപുരം 3116, കൊല്ലം 3309, പാലക്കാട് 1689, കോഴിക്കോട് 2416, ആലപ്പുഴ 2331, തൃശൂര്‍ 2294, കോട്ടയം 1726, കണ്ണൂര്‍ 1271, പത്തനംതിട്ട 1114, ഇടുക്കി 804, കാസര്‍ഗോഡ് 714, വയനാട് 611 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, തിരുവനന്തപുരം, എറണാകുളം 15 വീതം, കാസര്‍ഗോഡ് 13, കൊല്ലം 12, പാലക്കാട് 11, തൃശൂര്‍ 10, വയനാട് 5, കോട്ടയം 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7919, കൊല്ലം 1818, പത്തനംതിട്ട 270, ആലപ്പുഴ 1020, കോട്ടയം 3753, ഇടുക്കി 342, എറണാകുളം 6336, തൃശൂര്‍ 4898, പാലക്കാട് 1433, മലപ്പുറം 4460, കോഴിക്കോട് 4169, വയനാട് 1309, കണ്ണൂര്‍ 5349, കാസര്‍ഗോഡ് 2850 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,47,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 856 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മന്ത്രി പദവി കിട്ടാത്തതിൽ നിരാശയില്ല; പുതിയ ടീം നന്നായി പ്രവര്‍ത്തിക്കും;പിൻതുണച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ

keralanews no disappointment in not getting a ministerial post the new team will work well thank you to everyone who supported said kk shailaja

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ പാർട്ടി നടപടിയോട് പ്രതികരിച്ച് കെ.കെ ഷൈലജ. പാർട്ടി തീരുമാനം അംഗീകരിക്കുന്നു. മന്ത്രി പദവി തനിക്ക് കിട്ടാഞ്ഞതിൽ നിരാശയില്ല. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട്. പുതിയ ആളുകൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കട്ടെ എന്നും ഷൈലജ പറഞ്ഞു. തന്നെ പാർട്ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവർത്തിക്കാൻ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാർട്ടിയിൽ. പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയിൽ പ്രവർത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.കൊറോണ പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തനമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവകുപ്പും ചേർന്നാണ് നയിച്ചത്. അതിൽ തന്റെ പങ്ക് നിർവഹിച്ചു. ഒരു വ്യക്തിയല്ല, സംവിധാനമാണ് പ്രവർത്തിച്ചത്. വലിയ ടീമാണ് ഇതിനുപിന്നിലുള്ളത്.താൻ ആരോഗ്യമന്ത്രിയായതുകൊണ്ട് ആ ഉത്തരവാദിത്വം നിർവഹിച്ചുവെന്നും ശൈലജ പറഞ്ഞു.കെകെ ഷൈലയെ ഒഴിവാക്കിയ നടപടിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിന്റെ ആവശ്യമില്ലെന്ന് ഷൈലജ പ്രതികരിച്ചു. എംഎൽഎ എന്ന നിലയിൽ നന്നായി പ്രവർത്തിക്കുമെന്നും ഷൈലജ കൂട്ടിച്ചേർത്തു.ഏറെ ചർച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ഷെെലജ ഉണ്ടാകില്ലെന്ന നിർണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാർട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

രണ്ടാം പിണറായി മന്ത്രിസഭ;പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ;കെ കെ ശൈലജ പാര്‍ടി വിപ്പ്

keralanews second pinarayi cabinet all except pinarayi are newcomers kk shailaja party whip

തിരുവനന്തപുരം : പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭ. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ബാക്കി എല്ലാവരും 21 അംഗ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്.ജെ ചിഞ്ചുറാണി, പി പ്രസാദ്, കെ രാജൻ, അഡ്വ ജി ആർ അനിൽ എന്നിവരാണ് സിപിഐ മന്ത്രിമാർ. തൃത്താല എംഎൽഎ എംബി രാജേഷാണ് സ്പീക്കർ. ചിറ്റയം ഗോപകുമാർ, ചിഞ്ചു റാണി എന്നിവരാണ് ഡെപ്യൂട്ടി സ്പീക്കർമാർ.ഇ ചന്ദ്രശേഖരൻ നിയസഭ കക്ഷി നേതാവും, കെ.കെ ഷൈലജ പാർട്ടി വിപ്പുമാകും. ഷൈലജയ്ക്ക് പകരം സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദുവിനെയാണ് പാർട്ടി പരിഗണിച്ചിരിക്കുന്നത്.പിണറായി വിജയൻ, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, മുഹമ്മദ് റിയാസ്, വി ശിവൻ കുട്ടി, വി എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, ആർ ബിന്ദു, വി അബ്ദുൾ റഹ്മാൻ എന്നിവരാണ് സിപിഎം മന്ത്രിമാർ. റോഷി അഗസ്റ്റിൻ (കേരളാ കോൺഗ്രസ് എം) കെ.കൃഷ്ണൻകുട്ടി (ജെഡിഎസ്) 1അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എ.കെ.ശശീന്ദ്രൻ (എൻസിപി) എന്നിവരാണ് മറ്റ് മന്ത്രിമാർ.

കൊലപാതകക്കേസ്;സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ്

keralanews murder case police announce 1 lakh reward for those who find sushil kumar

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ സുശീല്‍ കുമാറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡൽഹി പൊലീസ്.രണ്ടാഴ്‌ച മുന്‍പ് മേയ് നാലിന് ദേശീയ ജൂനിയ‌ര്‍ ഗുസ്‌തി ചാമ്ബ്യൻ സാഗര്‍ റാണ(23)യുടെ മരണത്തെ തുടര്‍ന്നാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്.ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച്‌ സാഗര്‍ മരിച്ചു. സാഗറിന്‍റെ കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത് സംഭവം നടക്കുമ്പോൾ സുശീല്‍ കുമാര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ്. സുശീല്‍ കുമാറിനെ കുറിച്ച്‌ സാഗര്‍ മോശമായി പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുശീലിനെ ഇതുവരെ കണ്ടെത്താനായില്ല. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയത്.സുശീലിനൊപ്പം അന്ന് കു‌റ്റകൃത്യത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന അജയ് എന്നയാളെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപയും പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.തനിക്കും കൂട്ടുകാർക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു മേയ് 5ന് സുശീല്‍ പറഞ്ഞത്.കേസിലെ പ്രതികള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല. സുശീലിനായി ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹരിദ്വാറിലും ഋഷികേശിലും സുശീലിനെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. സുശീല്‍ കുമാര്‍ ഒളിത്താവളം മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്‌തിയില്‍ വെള‌ളി മെഡലും 2016 ബീജിംഗ് ഒളിംപിക്‌സില്‍ വെങ്കല മെഡലും നേടിയ മികച്ച താരമാണ് സുശീല്‍ കുമാര്‍.

മുംബൈ തീരത്ത് ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎന്‍ജിസി ബാര്‍ജുകള്‍ അപകടത്തില്‍ പെട്ട് 127 പേരെ കാണാതായി

keralanews typhoon touktae hits mumbai coast 127 people are missing after ongc barges crash

മുംബൈ: മുംബൈ തീരത്ത് കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്.ചുഴലിക്കാറ്റില്‍ പെട്ട് ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്‌എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്‌എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു; ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം

keralanews israeli airstrikes continue in gaza israeli forces destroy 15 kilometer long hamas tunnels in gaza city and the homes of nine commanders

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഒരാഴ്ച മുന്‍പ് ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 42പേര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ ഇന്നു നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് പത്തു മിനിറ്റ് മുന്‍പ് മാത്രമാണ് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതെന്ന് പ്രദേശ വാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു.ഗാസ നോര്‍ത്തിലെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളാണ് നശിപ്പിച്ചത്. തങ്ങളുടെ 20 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇതിലും വലുതാണ് കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. 54 വിമാനങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 188 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതില്‍ 55പേര്‍ കുട്ടികളും 33പേര്‍ സ്ത്രീകളുമാണ്. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി ഗാസ മേയര്‍ യഹഹ്യ സരാജ് പറഞ്ഞു. അതേസമയം, ഗാസ സിറ്റിയില്‍ ഇന്ധന ലഭ്യതക്കുറവ് അടക്കം നിരവധി പ്രശ്‌നങ്ങളുണ്ടെനന് യു എന്‍ വ്യക്തമാക്കി.മേഖലയിലെ പ്രധാന വൈദ്യുത നിലയം വേണ്ടത്ര ഇന്ധനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യു എന്‍ വ്യക്തമാക്കി. നിലവില്‍ എട്ടുമുതല്‍ 12 മണിക്കൂര്‍ വരെയാണ് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നത്.