വടക്കഞ്ചേരി വാഹനാപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍

keralanews vadakancheri accident tourist bus driver jomon patros arrested

പാലക്കാട്: വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍.അപകട സമയത്ത് ബസ് ഓടിച്ചിച്ചിരുന്ന ജോമോൻ പത്രോസിനെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. കാറിൽ പോകുകയായിരുന്ന ജോമോനെ ശങ്കരമംഗലത്ത് വച്ച് ചവറ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു.അധ്യാപകനാണെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്.കൈയ്‌ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാൾ അദ്ധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നും സൂചനയുണ്ടായിരുന്നു. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.ടവർ ലൊക്കേഷൻ പിൻതുടർന്നെത്തിയ വടക്കഞ്ചേരി പോലീസ് അറിയിച്ചത് പ്രകാരം ചവറ പോലീസ് ശങ്കരമംഗലത്ത് വച്ച് വാഹനം തടഞ്ഞ് ജോമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറി. പോലീസ് ജോമോനുമായി വടക്കഞ്ചേരിയിലേക്ക് തിരിച്ചു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അപകടത്തെ കുറിച്ച് അന്വേഷിക്കും.ഇതിനു പുറമെ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഉടമയും പിടിയിലായി. ബസിന്റെ ഉടമസ്ഥനായ അരുണാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് പുറമെ ജോമോനെ രക്ഷപ്പെടാൻ സഹായിച്ച ചങ്ങനാശ്ശേരി സ്വദേശി അർജുൻ എ കുമാർ,പാലാ സ്വദേശി വിഷ്ണുഗോപൻ,പിറവം സ്വദേശി റ്റിനോ പി.റ്റി എന്നിവരും പോലീസ് കസ്റ്റഡിയിലായി. പ്രതികൾ രക്ഷപ്പെടാൻ ഉപയാഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്‌ പിന്നിലിടിച്ച് മറിഞ്ഞു; 9 മരണം

keralanews tourist bus carrying school students hit the back of a ksrtc bus and overturned in vadakancheri 9 death

പാലക്കാട്: വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്‌ പിന്നിലിടിച്ച് മറിഞ്ഞ് 9 മരണം.അൻപതോളം പേർക്ക് പരിക്കേറ്റു. 7 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 42 വിദ്യാർത്ഥികളും  അഞ്ച് അദ്ധ്യാപകരും രണ്ട് ബസ് ജീവനക്കാരും ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നു.മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളാണ്. മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരും. ഒരാൾ അദ്ധ്യാപകനുമാണ്. എൽന ജോസ്(15), ക്രിസ്വിന്റ്(16), ദിവ്യ രാജേഷ് (16), അഞ്ജന അജിത്ത്(16), ഇമ്മാനുവൽ(16) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. കെഎസ്ആർടിസി യാത്രക്കാരായ ദീപു(25), അനൂപ്(24), രോഹിത്ത്(24) എന്നിവരും മരിച്ചു. അദ്ധ്യാപകനായ വിഷ്ണുവും(33) അപകടത്തിൽ മരിച്ചു.കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനു പുറകിൽ ഇടിച്ചത്.അപകടസമയത്ത് മഴയുണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ ഉൾപ്പെടെ പുറത്തെടുത്തത്. അപകട കാരണം അമിതവേഗം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസ്സിൽ ഇടിച്ച്  ചതുപ്പിലേക്ക് മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്  പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലും ആലത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി.

കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായി; പയ്യാമ്പലത്ത് അന്ത്യനിദ്ര

keralanews kodiyeri balakrishanan cremated with full state honours in payyambalam

കണ്ണൂർ: മുൻ ആഭ്യന്തരമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായി .മൃതദേഹം പൂർണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. മുൻമുഖ്യമന്ത്രി ഇകെ നായനാരുടെയും സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിന് നടുവിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കമുള്ള മുതിർന്ന നേതാക്കളാണ് മൃതദേഹം ചുമലിൽ വഹിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്ന് ചിതയ്‌ക്ക് തീ കൊളുത്തി.തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്‌. സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കളും കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പിബി അംഗം പ്രകാശ് കാരാട്ട്, ബിജെപി നേതാവ് വത്സൻ തില്ലങ്കേരി, സികെ പദ്മനാഭൻ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കൾ കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു.അർബുദബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.ഇന്നലെ ഉച്ചയോടെ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലെത്തിക്കുകയായിരുന്നു.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

keralanews cpm leader kodiyeri balakrishnan passed away

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ(69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29ായിരുന്നു അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഓഗസ്റ്റ് 29 ന് പ്രത്യേക എയർ ആംബുലൻസിലാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കണക്കിലെടുത്താണ് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയത്. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു അപ്പോളോയിൽ കോടിയേരിയെ ചികിത്സിച്ചുവന്നത്.കണ്ണൂർ തലശേരി കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നാണ് ബാലകൃഷ്ണൻ ജനിച്ചത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തെത്തിയത്.ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കി.

1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സിപിഎമ്മിന്‍റെ പ്രദേശത്തെ അറിയപ്പെടുന്ന നേതാവായി കോടിയേരി മാറുന്നത്. 1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ പിണറായി വിജയന്‍റെ പിൻഗമായിയായി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2018ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. 2022ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാമൂഴം ലഭിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി അനാരോഗ്യം മൂലം പാർട്ടി സെക്രട്ടറിപദം ഒഴിഞ്ഞത്.സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയുമായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ;രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തോളം കേസുകള്‍

keralanews agreement to withdraw cases of non violent nature during covid about one and a half lakh cases have been registered

തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.ഒന്നരലക്ഷത്തോളം കേസുകളാണ് കോവിഡ് കാലത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതില്‍ സാമൂഹിക അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും.ജനകീയ സ്വഭാവത്തില്‍ പൊതുമുതല്‍ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും.ഏതൊക്കെ കേസുകള്‍ പിന്‍വലിക്കണം എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, നിയമ സെക്രട്ടറി വി ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെഎസ്ആർടിസി സമരം;നേരിടാനുറച്ച് മാനേജ്‌മെന്റ്; 751 രൂപയ്‌ക്ക് ഡ്രൈവർമാരെ ഇറക്കും

keralanews ksrtc strike management ready to face strike appoint drivers for 751rupees daily waged

തിരുവനന്തപുരം : ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഒരുങ്ങി മാനേജ്‌മെന്റ്.സമരത്തെ തുടര്‍ന്ന് തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി ‘ബദലി’ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഇതിന് നിലവില്‍ കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് പട്ടിക തയ്യാറാക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. സമരത്തെ ശക്തമായി നേരിടുമെന്ന് നേരത്തെ കെഎസ്ആര്‍ടി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്.

കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് മർദിച്ച സംഭവം;KSRTC ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

keralanews incident of father beatig infront of daughter court rejects anticipatory bail application of ksrtc employees

തിരുവനന്തപുരം: കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയമായ പരിശോധിക്കുന്നതിന് പ്രതികളുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കണം. ഇതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടത് ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. മകളുടെ മുന്നില്‍വെച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ;കേരളത്തിൽ 17 ഓഫീസുകൾ

keralanews state government issued order to close popular front offices 17 offices in kerala

തിരുവനന്തപുരം:നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ.കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നടപടി.നിരോധനം നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.നടപടികൾ വിശദീകരിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾപ്പെടെ 17 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. തൊടുപുഴ,തൃശൂര്‍, കാസര്‍കോട്,കരുനാഗപ്പള്ളി, മലപ്പുറം,മാനന്തവാടി, തിരുവനന്തപുരം മണക്കാട്,പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്,ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടുന്നത്.ഇതിന്റെ ഭാഗമായി നേതാക്കളുടെയും സംഘടനയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അതേസമയം, ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അവശ്യപ്പെടും. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താർ.അതേസമയം പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കേരളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ഇതിന് പുറമെ ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങളുണ്ടായ ആലുവയിൽ കേന്ദ്രസേനയെത്തി.യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

keralanews challenge to national security center bans popular front of india

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.ഇതോടെ ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം, ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കൽ, ക്രമസമാധാനം തകർക്കൽ, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങി കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി എൻഐഎ റെയ്ഡ് നടത്തി നേതാക്കൾ അടക്കം അറസ്റ്റിലായതന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഹര്‍ത്താലിനിടെ ആക്രമണത്തിന് ആഹ്വാനം; പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ

keralanews call for attack during hartal popular front kannur south district president arrested

കണ്ണൂര്‍:ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി, കക്കാട് ഡിവിഷന്‍ സെക്രട്ടറി അഫ്‌സല്‍ അഴീക്കോട് ഡിവിഷന്‍ ഭാരവാഹി സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.നിരവധി പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിവസം ഏറ്റവും കൂടുതല്‍ പെട്രോള്‍ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. അതേസമയം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് നടന്ന ആക്രമണത്തിൽ കണ്ണൂർ ജില്ലയിൽ 23 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തത്.കണ്ണൂർ ടൗൺ, ധർമ്മടം, മട്ടന്നൂർ,കൂത്തുപറമ്പ്, കതിരൂർ, കൊളവല്ലൂർ എന്നി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വീതം കേസുകളും കണ്ണപുരം, പാനൂർ, ചക്കരക്കൽ, കണ്ണവം, കണ്ണൂർ സിറ്റി, ചൊക്ലി, വളപട്ടണം, ന്യൂ മാഹി, പിണറായി,മയ്യിൽ, എടക്കാട് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.ഹർത്താൽ ദിനത്തിൽ ജില്ലയിൽ ആസൂത്രിതമായി അക്രമം അഴിച്ചു വിട്ടതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായിരുന്നു. ഇതിന് പിന്നാലെ മൂന്ന് തവണയാണ് പോലീസ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നത്.