കല്‍പ്പറ്റ:എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍നിന്ന് പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ. ജാനു.സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീതയാണ് ആരോപണവുമായി രംഗത്തെത്തിയത്.തിരുവനന്തപുരത്തു വെച്ച് ജാനു സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.തെളിവിനായി പ്രസീതയും സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ആരോപണം ഉന്നയിച്ച പ്രസീതയെ വെല്ലുവിളിച്ച ജാനു തെളിവുകള്‍ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് പണ കൈമാറ്റം നടന്നിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയാറാണെന്നും ജാനു പറഞ്ഞു.കെ. സുരേന്ദ്രനില്‍ നിന്ന് ജാനു 40 ലക്ഷം രൂപയാണ് വാങ്ങിയതെന്ന ആരോപണവുമായി ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു രംഗത്തെത്തിയിരുന്നു. ബാബുവിന്റെ ആരോപണവും അടിസ്ഥാന രഹിതമാണെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.അതേസമയം സി.കെ. ജാനുവിന് വ്യക്തിഗത ആവശ്യത്തിനായി പണം നല്‍കിയിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസീത തന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല.തെരഞ്ഞെടുപ്പ് സമയത്ത് പലരുമായും സംസാരിച്ചിരുന്നു. സംഭാഷണം മുഴുവന്‍ ഓര്‍ത്തുവെക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രസീത പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം ശബ്ദരേഖ ഒരു തരത്തിലും എഡിറ്റ് ചെയ്തിട്ടില്ലെന്നും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും പ്രസീത പറഞ്ഞു.
ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ല; കെ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത അഴിക്കോട്
കണ്ണൂര്‍: എന്‍.ഡി.എയിലേക്ക് സി.കെ ജാനുവിനെ എത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ. ആര്‍.പി നേതാവ് പ്രസീത അഴീക്കോട്.ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വെച്ചാണ് കെ.സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയത്. അതിനു മുന്‍പ് സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. പണം ലഭിച്ചതായി ജാനു തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണെന്നും പ്രസീത കണ്ണൂരില്‍ വ്യക്തമാക്കി. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം.കാട്ടിക്കുളത്തും കല്‍പ്പറ്റയിലും സി.കെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപയോഗിച്ച് എന്താണ് ചെയ്‌തതെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ജാനുവിന് ഇടപാടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ ജാനുവിനെ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും പ്രസീത പറഞ്ഞു. കെ സുരേന്ദ്രനെതിരെ കള്ള പ്രചാരണം ആണ് താന്‍ നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണം. ഒരു എഡിറ്റിംഗും ശബ്ദരേഖയില്‍ നടത്തിയിട്ടില്ല. സി.കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത പറഞ്ഞു.അതേ സമയം സുല്‍ത്താന്‍ ബത്തേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി ആയിരുന്ന സികെ ജാനു തന്നോട് പണം ആവശ്യപ്പെടുകയോ താന്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ഇന്ന് പ്രതികരിച്ചിരുന്നു
വർഷങ്ങളുടെ നിയമപോരാട്ടം;കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം: കർണാടകയുമായി വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കെഎസ്‌ആർടിസി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്‌ആർടിസി എംഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.
ബ്യൂട്ടി പാർലർ വെടിവെയ്പ് കേസ്; പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: കൊച്ചി പനമ്പളളി നഗർ ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിലെ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബംഗലൂരു പരപ്പന ജയിലിൽ നിന്നാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ രവി പൂജാരിയെ നെടുമ്പാശേരിയിൽ എത്തിച്ചത്. ഇയാളെ നെടുമ്പാശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇന്ന് ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കും.രവി പൂജാരിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ കേരള പോലീസിലെ കമാൻഡോകളെ വിന്യസിച്ചിരുന്നു. കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുളളത്. 2018 ഡിസംബർ 15 നായിരുന്നു പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ അക്രമി സംഘം വെടിയുതിർത്തത്.കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ ലീന മരിയ പോളിനെ വിളിച്ചത് ഉൾപ്പെടെയുളള കാര്യങ്ങൾ നേരിട്ടറിയാനാകും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുക. ഇതിനായി ഇയാളുടെ ശബ്ദസാമ്പിളുകളും ശേഖരിക്കും.ഓൺലൈനായി എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹാജരാക്കിയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയത്. കൊറോണ പരിശോധനയും നടത്തിയിരുന്നു.
സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ മുൻഗണനാ പട്ടിക പുതുക്കി;ബാങ്ക് ജീവനക്കാർക്കും കിടപ്പ് രോഗികൾക്കും മുൻഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടിക പുതുക്കി.ബാങ്ക് ജീവനക്കാരും മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരും ഉള്‍പ്പെടെയുള്ള 11 വിഭാഗങ്ങളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തി.ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പ് രോഗികള്‍, പൊലീസ് ട്രെയിനി, പുറത്ത് ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയില്‍ ജീവനക്കാര്‍, എയര്‍ ഇന്ത്യ ഫീല്‍ വര്‍ക്കേഴ്സ് തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസിന് മുകളിലുള്ള എല്ലാവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്സിനേഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിവിധ കോടതികളില്‍ നിയമപോരാട്ടം തുടരുകയാണെങ്കിലും 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികള്‍ സ്വന്തം നിലയ്ക്കോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിന്‍ എന്നിവയാണ് നിലവില്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കൊറോണയുടെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. മൂന്നാം തരംഗം ചെറുക്കാനുള്ള പ്രധാന പോംവഴിയായി പരമാവധിപേർക്ക് ആദ്യഡോസ് മരുന്നെങ്കിലും നൽകണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:29,708 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2241, മലപ്പുറം 2272, എറണാകുളം 2181, പാലക്കാട് 1379, കൊല്ലം 1892, ആലപ്പുഴ 1753, കോഴിക്കോട് 1490, തൃശൂര്‍ 1394, ഇടുക്കി 878, കോട്ടയം 822, കണ്ണൂര്‍ 684, പത്തനംതിട്ട 611, കാസര്‍ഗോഡ് 450, വയനാട് 293 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കണ്ണൂര്‍ 14, പത്തനംതിട്ട 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍ഗോഡ് 8, വയനാട് 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂര്‍ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂര്‍ 1296, കാസര്‍ഗോഡ് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിന് തുടക്കം;ഡിജിറ്റല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ക്ലാസുകള്‍ ഓണ്‍ലൈനില്‍
തിരുവനന്തപുരം:പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഡിജിറ്റല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെ പോലെ നിങ്ങളെല്ലാം വീണ്ടും സ്‌കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ല എന്നാണ് പ്രതീക്ഷയെന്നും പക്ഷേ, അതുവരെ എല്ലാം മാറ്റിവെക്കാന്‍ ആവില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ തന്നെ പഠനം തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണം. കുട്ടികള്‍ വീടുകളില്‍തന്നെ സുരക്ഷിതരായി ഇരിക്കണം. 15 മാസമായി കുഞ്ഞുങ്ങള്‍ വീട്ടില്‍തന്നെ കഴിയുകയാണ്. അവര്‍ക്ക് അതിന്റെതായ വിഷമതകളും മാനസിക പ്രായസങ്ങളും ഉണ്ടാകും. ലോകം മുഴുവന്‍ ഇങ്ങനെ തന്നെ ആയി എന്ന് അവര്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കുട്ടികള്‍ക്ക് അധ്യാപകരുമായി സംവദിക്കാനുള്ള അവസരമൊരുക്കും. കോവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം കേരളം മുന്നോട്ട് വെച്ച വിജയകരമായ മാതൃകയാണ് സ്കൂള്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരില്‍നിന്ന് നേരില്‍ ക്ലാസുകള്‍ കേള്‍ക്കാനും സംശയം തീര്‍ക്കുവാനും കഴിയും . ക്ലാസുകള്‍ ഡിജിറ്റലില്‍ ആണെങ്കിലും പഠനത്തിന് ഉത്സാഹം കുറയ്ക്കേണ്ട. പഠനം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടെ എത്തിക്കുവാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആന്‍റണി രാജു, ജി ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിച്ചു.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു.
‘രണ്ടു കുട്ടികള്‍’ എന്ന നയത്തിൽ മാറ്റം വരുത്തി ചൈന; ദമ്പതികൾക്ക് ഇനി മൂന്ന് കുട്ടികള്‍ വരെയാകാം
ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തി ദമ്പതികൾക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്തുന്നത്.രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. 40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച് സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക്‌സും അനുസരിച്ചും നഗരത്തില്‍ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം 1950 കള്‍ക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു.1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത്. 2016 ജനുവരി മുതല്‍ ദമ്പതികൾക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.അംഗണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടര മുതല്‍ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരിക്കും. ഇതേ ക്ലാസുകള്‍ ജൂണ്‍ ഏഴു മുതല്‍ ഒൻപത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 01.30 വരെയാണ്.ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാര്‍ക്ക് 11 നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍. നാലാം ക്ലാസിന് ഉച്ചക്ക് 1.30 ഉം അഞ്ചാം ക്ലാസിന് ഉച്ചക്ക് 2 മണിക്കും ആറാം ക്ലാസിന് 2.30 നും ഏഴാം ക്ലാസിന് 3 മണിക്കും എട്ടാം ക്ലാസിന് 3.30 നും എന്ന ക്രമത്തില്‍ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും നടക്കുക. ഒന്‍പതാം ക്ലാസിന് വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.ട്രയല്‍ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകള്‍ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ല്‍ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാക്കും.
രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങളും കേസുകളും കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനും താഴെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളും മരണനിരക്കും കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 1.52 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 9ന് ശേഷമുളള ദെെനംദിന വെെറസ് ബാധിതരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണിത്. 3128 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷമുളള ഏറ്റവും താഴ്ന്ന മരണസംഖ്യയാണിത്. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ അയ്യായിരത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 24000 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു മുന്‍പത്തെ ആഴ്ച 29000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ രോഗമുക്തരുടെ നിരക്ക് 91.60 ശതമാനമായി വര്‍ദ്ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 9.04 ശതമാനവും പ്രതിദിന നിരക്ക് 9.07 ശതമാനവുമാണ്. തുടര്‍ച്ചയായ ഏഴു ദിവസമായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്.അതേസമയം തമിഴ്നാട് (28,864), കര്‍ണാടക (20,378), കേരളം (19,894), മഹാരാഷ്ട്ര (18,600), ആന്ധ്രപ്രദേശ് (13,400) എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1.52 ലക്ഷം പുതിയ രോഗികളില്‍ 66.22 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലും (814) തമിഴ്നാട്ടിലുമാണ് (493) ഏറ്റവും കൂടുതൽ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.2.56 കോടിയാളുകള്‍ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.