തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക് ഡൗണിൽ ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകൾ.എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക് ഡൗണ്‍ തുടരും.തദ്ദേശഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും ഇനി നിയന്ത്രണം ഏര്‍പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി പി ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ക് ഡൗണും ടി പി ആര്‍ നിരക്ക് എട്ടിനും 20 നും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും ആയിരിക്കും. ടി പി ആര്‍ നിരക്ക് എട്ടില്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിനു താഴെ നില്‍ക്കുന്ന 147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇന്നത്തെ കണക്ക് അനുസരിച്ചുള്ളത്. എട്ടിനും 20നും ഇടയിലുള്ളത് 716 തദ്ദേശഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 146 തദ്ദേശഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളില്‍ ടി പി ആര്‍ ഉള്ളത് 25 ഇടങ്ങളിലാണ്. രോഗബാധ കൂടുതലുള്ളിടങ്ങളില്‍ പരിശോധനകളുടെ എണ്ണം വലിയതോതില്‍ വര്‍ധിപ്പിക്കും.ജൂണ്‍ 17 മുതല്‍ മിതമായ നിലയില്‍ പൊതുഗതാഗതം അനുവദിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം. ബാറുകളും ബെവ്കോയും തുറക്കും. എന്നാല്‍ ആപ് വഴി ബുക് ചെയ്യണം. പ്രവൃത്തി സമയം രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ഏഴ് വരെ. പൊതുപരിപാടികള്‍ക്ക് അനുമതി ഇല്ല. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഷോപിങ് മാളുകള്‍ തുറക്കില്ല. ഹോടെലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.ജൂണ്‍ 17 മുതല്‍ കേന്ദ്ര – സംസ്ഥാന സര്‍കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികൾ എന്നിവ റൊടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. സെക്രടേറിയേറ്റില്‍ നിലവിലേത് പോലെ റൊടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം.എല്ലാ പൊതുപരീക്ഷകള്‍ക്കും അനുമതി നല്‍കി. വിനോദസഞ്ചാരത്തിന് അനുമതിയില്ല. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. എല്ലാ ബുധനാഴ്ചയും തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ പരിശോധിച്ച്. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടം നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;166 മരണം; 13,536 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍കോട് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,459 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 633 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1653, കൊല്ലം 1586, തിരുവനന്തപുരം 1463, തൃശൂര്‍ 1077, മലപ്പുറം 1028, പാലക്കാട് 661, ആലപ്പുഴ 884, കോഴിക്കോട് 807, കണ്ണൂര്‍ 489, ഇടുക്കി 473, പത്തനംതിട്ട 461, കോട്ടയം 412, കാസര്‍ഗോഡ് 291, വയനാട് 174 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 14, കണ്ണൂര്‍ 10, എറണാകുളം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, കൊല്ലം 7 വീതം, തൃശൂര്‍ 6, പാലക്കാട് 3, മലപ്പുറം, കോഴിക്കോട് 2 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 598, പത്തനംതിട്ട 541, ആലപ്പുഴ 1054, കോട്ടയം 605, ഇടുക്കി 518, എറണാകുളം 2027, തൃശൂര്‍ 837, പാലക്കാട് 1449, മലപ്പുറം 2351, കോഴിക്കോട് 1117, വയനാട് 209, കണ്ണൂര്‍ 580, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,12,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയിൽ വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി;അച്ചൻകോവിൽ വനമേഖലയിലും കോന്നിയിലും കണ്ടെത്തിയത് ജലാറ്റിൻ സ്റ്റിക്കുകൾ
പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി.അച്ചൻകോവിൽ വനമേഖലയിലും കോന്നി വയക്കരയിലുമാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ചനിലയിൽ 90 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.നേരത്തെ പത്തനാപുരത്തുനിന്നും വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇന്നലെയും ഇന്നുമായി കലഞ്ഞൂർ പാടം വന മേഖലയിൽ വ്യാപകമായി പരിശോധനയാണ് പോലീസും വനം വകുപ്പും സംയുക്തമായി നടത്തുന്നത്.കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ക്യൂ ബ്രാഞ്ചും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. യുപിയിൽ പിടിയിലായ മലയാളി ഭീകരർ നൽകിയ മൊഴിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഈ പ്രദേശം കേന്ദ്രീകരിച്ച് ഭീകരർ പരിശീലനം നടത്തിയതിന് വിവരങ്ങൾ ലഭിച്ചിരുന്നു ഇതിൻറെ അടിസ്ഥാനത്തിലാണ് വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ജാലിറ്റിൻസ്റ്റിക്കുകളും, ഡിറ്റണേറ്ററുകളുമടങ്ങുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
അപൂർവരോഗം ബാധിച്ച പിഞ്ചു കുഞ്ഞിന് ചികിത്സാ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ;ഒറ്റ ഡോസ് മരുന്നിന് വേണ്ടത് 16 കോടി
കൊച്ചി : അപൂർവരോഗം ബാധിച്ച അഞ്ച് വയസുകാരനായ കുഞ്ഞിന് ചികിത്സാ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ. ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കാണ് പിതാവ് സർക്കാർ സഹായം തേടിയത്. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണിപ്പോൾ. ചികിത്സയ്ക്ക് അമേരിക്കയിൽ നിന്നുമാണ് മരുന്ന് എത്തിക്കേണ്ടത്. ഒനസെമനജീൻ എന്ന മരുന്നിന്റെ വില 16 മുതൽ 18 കോടി വരെയാണ്. ഇത്രയധികം പണം കണ്ടെത്താൻ സാധിക്കാത്തതിനാൽ സർക്കാർ സഹായം നൽകണം എന്നാണ് പിതാവിന്റെ ആവശ്യം. കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെയടക്കം വിശദീകരണംതേടി. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ച് മാത്രമേ തീരുമാനം സ്വീകരിക്കാൻ സാധിക്കൂ എന്ന് കോടതി വിലയിരുത്തി. ഇത് കണക്കിലെടുത്ത് 28- നോടകം സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിർദേശിച്ചു.സമാനമായ അസുഖത്തെ തുടർന്ന് ഹൈദരാബാദ് സ്വദേശിയായ മൂന്ന് വയസുകാരനും ചികിത്സയിലായിരുന്നു. മരുന്നിന് 16 കോടി ആവശ്യമായി വന്നതോടെ മാതാപിതാക്കൾ ക്രൗഡ് ഫണ്ടിങ്ങ് സൈറ്റിലൂടെ പണം കണ്ടെത്തി ചികിത്സാ നടത്തുകയായിരുന്നു.
സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അവസാനിക്കും; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിലുള്ള ഇളവുകളില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.വ്യാഴാഴ്ച മുതൽ വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാകും ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്തൊക്കെ ഇളവുകളാണ് നല്‍കേണ്ടത് എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന വിദഗ്ദ്ധ സമിതിയുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് രോഗവ്യാപനം തടയുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. അതിനാല്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവ് നല്കാൻ സാധ്യതയില്ല. മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പ്രതിദിന വാക്സിന്‍ വിതരണം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെയായി ഉയര്‍ത്താനാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്ണായി ഉയര്‍ത്തും. ആശുപത്രി സൗകര്യങ്ങളും വികസിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചെര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കൊറോണ പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലേക്ക് അതിവേഗം എത്തിയതോടെയാണ് കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ആദ്യം ഒരാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടിനീട്ടേണ്ടിവന്നു. ഒന്നരമാസം വിവിധ ഘട്ടങ്ങളിലെ ലോക്ഡൗണിന് ശേഷമാണ് കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം മാറുന്നത്. എന്നാൽ ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാത്ത ഇടങ്ങളുടെ ലിസ്റ്റ് പോലീസും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നും അത്തരം മേഖലകളിലെ നിയന്ത്രണം ഭാഗികമായി മാത്രമേ പിൻവലിക്കൂ എന്നും സൂചനയുണ്ട്. പൊതുഗതാഗതം ടി.പി.ആർ കുറഞ്ഞ മേഖലകളിൽ പതിവുപോലെ ആരംഭിക്കണമെന്ന ശുപാർശ വിദഗ്ധസമിതി നൽകിയിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ വച്ചുള്ള പ്രവർത്തനം മതിയെന്നാണ് ധാരണ. സാധാരണക്കാരുടെ നിത്യവൃത്തിക്ക് സഹായിക്കുന്ന തുണിക്കടകളും ചെരിപ്പുകടകളും കണ്ണട വിൽക്കുന്ന കടകളും തുറക്കാൻ അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകൾക്ക് നിലവിൽ നിയന്ത്രണങ്ങളില്ല. അതേ സമയം ഹോട്ടലുകളിലെ ഭാഗിക നിയന്ത്രണം തുടരുമെന്നും സൂചനയുണ്ട്. അതേ സമയം സിനിമാ വ്യവസായത്തിനും ജിമ്മുകൾക്കും മാളുകൾക്കും ഉടൻ പ്രവർത്തനാനുമതി ലഭിക്കില്ല.
നിയന്ത്രണം വിട്ട സ്കൂട്ടര്‍ കണ്ടെയ്നര്‍ ലോറിക്കടിയിൽപ്പെട്ട് ദമ്പതികൾ മരിച്ചു
കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടര്‍ കണ്ടെയ്നര്‍ ലോറിക്കടിയിൽപ്പെട്ട് ദമ്പതികൾ മരിച്ചു.സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്.മൂത്തകുന്നം-കോട്ടപ്പുറം പാലത്തില്‍ വച്ചാണ് അപകടം നടന്നത്.കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സൗദിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാന്‍ ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്.കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഷാനു ഭാര്യയുമൊത്ത് ആശുപത്രിയിലേക്ക് പോയത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുന്‍പാണ് സുഖം പ്രാപിച്ചത്.ലോറിയുടെ പിന്‍ചക്രം കയറിയ ഇരുവരും സംഭവ സ്ഥലത്ത് തന്നെ അതിദാരുണമായി മരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍ എന്നിവരാണ് മക്കള്‍.
കോഴിക്കോട് ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം;വൻ ദുരന്തം ഒഴിവായി
കോഴിക്കോട് : വടകരയിൽ ഗ്യാസ് ടാങ്കർ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ദേശീയ പാതയിൽ രാത്രി 8.30 യോടെയായിരുന്നു സംഭവം. മംഗലാപുരം പ്ലാന്റിൽ നിന്നും ഗ്യാസുമായി വരുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂക്കരയിൽവെച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ മറിയുകയായിരുന്നു.ഗ്യാസ് നിറച്ച ടാങ്കർ ആയതിനാൽ അപകട സാദ്ധ്യത കണക്കിലെടുത്ത് മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതുവഴിയുള്ള വാഹനങ്ങളും വഴിതിരിച്ചുവിട്ടു. വിദഗ്ധ പരിശോധനയ്ക്കായി ഐഒസി യുടെ ചേളാരിയിൽ നിന്നുളള സംഘം സ്ഥലത്ത് എത്തി. നിലവിൽ വാതക ചോർച്ചയില്ല.
ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എഞ്ചിന്‍ തട്ടി മരിച്ചു
തൃശ്ശൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ട്രാക്ക് മാൻ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. ഹര്‍ഷ കുമാര്‍(40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരിക്കേറ്റ് ചികിത്സയിലാണ്. രാത്രിയില്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എൻജിൻ ഇടിച്ച് തെറിപ്പിച്ചത്.മഴ മൂലം ട്രാക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. സ്‌റ്റേഷനില്‍ നിന്നും രാജധാനി എക്‌സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത് കണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറി. എന്നാല്‍ ഈ സമയം ഒല്ലൂര്‍ ഭാഗത്തു നിന്നും എന്‍ജിന്‍ വരുന്ന വിവരം അറിഞ്ഞില്ല. ഹർഷൻ കുമാർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിനീഷിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലത്ത് ഷോക്കേറ്റ് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
കൊല്ലം:കൊല്ലം പ്രാക്കുളത്ത് ഷോക്കേറ്റ് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.ദമ്പതികളായ സന്തോഷ് (48) ഭാര്യ റംല (40) അയൽവാസി ശ്യാം കുമാർ (35) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കുന്നതിനിടെ ആദ്യം റംലയ്ക്കാണ് ഷോക്കേറ്റത്. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് ഷോക്കേറ്റത്. ഇരുവരുടെയും ബഹളം കേട്ടാണ് അയൽവാസിയായ ശ്യാം കുമാർ വീട്ടിലേക്ക് എത്തിയത്. ഇവരെ രക്ഷിക്കുന്നതിനിടെ ശ്യാമിനും ഷോക്കേൽക്കുകയായിരുന്നു.ഇവരിൽ രണ്ട് പേരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കും, ഒരാളുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
16ന് ശേഷം സംസ്ഥാനത്ത് ലോക്ഡൗൺ രീതിയിൽ മാറ്റം വരുത്തും; രോഗവ്യാപന തീവ്രതയനുസരിച്ച് നിയന്ത്രണങ്ങള്‍;മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗൺ രീതിയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.’ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണില്‍ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനു പകരം രോഗവ്യാപനത്തിന്‍റെ തീവ്രതക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്‍റെ തോതനുസരിച്ച് തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിശോധന വര്‍ധിപ്പിക്കും. പുതിയ കാമ്ബയിന്‍ ആലോചിക്കുന്നുണ്ട്. വീടുകളില്‍ നിന്നാണ് രോഗം ഇപ്പോള്‍ പടരുന്നത്. അത് തടയാന്‍ മാര്‍ഗം സ്വീകരിക്കും.മരണസംഖ്യയുടെ വര്‍ധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരില്‍ അധികവും.പ്രമേഹം പോലുള്ള രോഗമുള്ളവര്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലര്‍ത്തിയ മികവാണ് മരണനിരക്ക് കുറയാന്‍ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാന്‍ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പൊതുവെ പൂര്‍ണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകളില്‍ തുടര്‍ന്നേക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരില്‍ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീന്‍ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.