തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു.മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചുവരികയായിരുന്ന കാട്ടാക്കട സ്വദേശി ഹർഷാദ്(45) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് ഹർഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്നയുടൻ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിസിനെയാണ് വിജിലന്‍സ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ജസ്റ്റസ്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂരിൽ നിന്നും എത്തിയ വിജിലൻസ് ഡിവൈഎസ്പി പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജസ്റ്റസിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി പ്രകാശൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ താമസിപ്പിച്ച് ഓഫീസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പ്രകാശൻ പറഞ്ഞതോടെ വിലപേശുകയും 2000 രൂപയിൽ ഉറപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച പണവുമായി വരാനാണ് ജസ്റ്റസ് നിർദ്ദേശിച്ചത്. പണവുമായി വരാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രകാശന്‍ വിജിലന്‍സിനെ സമീപിച്ചു. നേരത്തെ ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചിരുന്ന വിജിലന്‍സ് പ്രകാശന്‍ പണം കൊടുക്കുന്ന ഘട്ടത്തില്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സി ഐ മാരായ ടി പി സുമേഷ്, എ വി ദിനേശ്, പ്രമോദ്, എന്നിവര്‍ക്ക് ഒപ്പം മറ്റ ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം മയ്യനാട് ദളവക്കുഴിയിലെ ഒരു വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.വഞ്ചിയൂര്‍ സ്വദേശി രാകേഷ്, കണ്ണമൂല സ്വദേശി പ്രവീണ്‍, പഴകുറ്റി സ്വദേശി അഭിജിത് നായര്‍, തേക്കുംമൂട് സ്വദേശി ഷിജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളും മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് വിവരം.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലായത്. ചോദ്യം ചെയ്‌തപ്പോള്‍ രക്ഷപ്പെടാന്‍ സഹായിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു. 1500 രൂപ രാജേഷിന് ഇയാള്‍ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.ഞായറാഴ്ച രാത്രി 8.30ന് പേട്ട അമ്പലമുക്കിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുടുംബസമേതം നടയ്ക്കാനിറങ്ങിയ ഏജീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരോട് അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഇവര്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയിട്ടും ഇവര്‍ ഭീഷണിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മൊബൈൽ ഗെയിം കളിക്കാൻ 1500 രൂപയ്ക്ക് റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞു; പതിനാലുകാരൻ ജീവനൊടുക്കി
ഇടുക്കി: മൊബൈൽ ഗെയിം കളിക്കാൻ 1500 രൂപയ്ക്ക് റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ പതിനാലുകാരൻ ജീവനൊടുക്കി.കട്ടപ്പന സുവർണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പിൽ ബാബു (രവീന്ദ്രൻ)- ശ്രീജ ദമ്പതികളുടെ മകൻ ഗർഷോം(14) ആണ് മരിച്ചത്.മൊബൈലിൽ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗർഷോം 1500 രൂപയ്ക്ക് ഫോൺ റിചാർജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച അച്ഛൻ ശകാരിക്കുകയുണ്ടായി. തുടർന്ന് ഇന്ന് രാവിലെ മാതാപിതാക്കൾ ജോലിയ്ക്ക് പോയതിന് പിന്നാലെ ഗർഷോം മുറിയിൽ കയറി വാതിലടച്ച് ഇരുന്നു.ഗർഷോമിന്റെ അനിയത്തിയും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടിൽ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ അയൽക്കാരെ വിളിച്ച് വിവരം അന്വേഷിച്ചു. ഇവർ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഗർഷോമിനെ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൊറോണ പരിശോധനയ്ക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് കെട്ടിത്തൂക്കി അടിച്ചു കൊന്നു;മൂന്ന് പേര്‍ പോലീസ് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ച് കൊലപ്പെടുത്തി.വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രുസ്തുരാജിന്റെ ഉടമസ്ഥതയിലുള്ള ബ്രൂണോ എന്ന് വിളിപ്പേരുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് തല്ലിക്കൊന്നത്. നാട്ടുകാരായ മൂന്ന് പേരാണ് നായയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി.വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരിക്കിയിരുന്നു.പതിവ് പോലെ കടപ്പുറത്തു പോയ ബ്രൂണോ വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത്. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു.നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ക്രിസ്തുരാജ് അറിയുന്നത്. പോലീസില്‍ ആദ്യം പരാതിയുമായി എത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ക്രിസ്തുരാജ് പറയുന്നു. വളര്‍ത്ത് നായയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൃഗക്ഷേമ സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് യുവാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചത്.
മദ്യനിർമാണത്തിനായി ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് കൊണ്ടു വന്ന 20,000 ലിറ്റര്‍ സ്പിരിറ്റ് ചോര്‍ന്ന സംഭവം;ജീവനക്കാരനും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും അറസ്റ്റില്‍
പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ ജീവനക്കാരനും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അരുണ്‍കുമാര്‍, ഡ്രൈവര്‍മാരായ സിജോ, നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,000 ലിറ്റർ മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.ഇത് ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാറിന് കൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഫാക്ടറി ജീവനക്കാരും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും സ്പിരിറ്റ് എത്തിക്കാന്‍ കരാറെടുത്തവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മോഷണം നടത്തിയത് എന്നാണ് സംശയം. എക്‌സൈസ് കേസ് പോലീസിന് കൈമാറി. മദ്ധ്യപ്രദേശിൽ നിന്ന് സ്ഥാപനത്തിൽ എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്ക് വരുന്ന ടാങ്കര്‍ ലോറികളില്‍ സ്പിരിറ്റ് കുറയുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.മധ്യപ്രദേശില്‍ നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. ഈ കമ്പനിയുടെ കരാര്‍ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ഇന്നലെ എത്തിയത്. 40,000 ലിറ്ററിന്റെ രണ്ടും 35,000 ലിറ്ററിന്റെ ഒന്നും ടാങ്കറുകളില്‍ ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി.ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജില്‍ ടാങ്കര്‍ ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. മദ്ധ്യപ്രദേശിൽ നിന്നും ടാങ്കറിലെത്തുന്ന സ്പിരിറ്റ് അതേ കമ്പനിയ്ക്ക് തന്നെ ലിറ്ററിന് അൻപത് രൂപയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്;അർജുനെയും ഷഫീക്കിനെയും ഇന്നും ചോദ്യം ചെയ്യും
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ഷഫീഖ് മൊഴിയില്‍ ഉറച്ചു നിൽക്കുമ്പോൾ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് അര്‍ജുന്‍ ആയങ്കി. നിര്‍ണായക തെളിവായ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഉള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനല്‍കിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കലാണ് കസ്റ്റംസിന് മുന്നിലുള്ള വഴി.മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ കോള്‍ഡേറ്റ ശേഖരിക്കും. അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും പരിശോധിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അര്‍ജുന്റെ ഉന്നതതല ബന്ധം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിപ്പൂരില്‍ പിടികൂടിയ 2.33 കിലോഗ്രാം സ്വര്‍ണം എത്തിയത് അര്‍ജുനു വേണ്ടിയാണെന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. കാരിയറായി എത്തിയ ഷെഫീഖിന്റെ വാട്‌സാപ്പില്‍ എല്ലാം വ്യക്തമാണ്. ഷെഫീഖ് സ്വര്‍ണം കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത് ആയങ്കിക്ക് മാത്രമാണ്. പിടിയിലായ വിവരം ഷെഫീഖ് ആദ്യം അറിയിച്ചതും ആയങ്കിയെ തന്നെയാണ്. മുഹമ്മദ് ഷഫീഖിന്റെ മൊഴിയനുസരിച്ചു സ്വര്‍ണം കടത്തിയത് അര്‍ജുനു വേണ്ടിത്തന്നെയാണ്. ദുബായിയില്‍ സ്വര്‍ണം ഏല്‍പിച്ചവര്‍ പറഞ്ഞതും അത് അർജുന് കൈമാറാനാണ്. അര്‍ജുന് എതിരായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.
സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ;11,808 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1570, തൃശൂർ 1489, തിരുവനന്തപുരം 1359, എറണാകുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസർഗോഡ് 700, കണ്ണൂർ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, കൊല്ലം, കാസർഗോഡ് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂർ, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1378, കൊല്ലം 1672, പത്തനംതിട്ട 436, ആലപ്പുഴ 787, കോട്ടയം 578, ഇടുക്കി 285, എറണാകുളം 1329, തൃശൂർ 1176, പാലക്കാട് 1090, മലപ്പുറം 1045, കോഴിക്കോട് 785, വയനാട് 235, കണ്ണൂർ 612, കാസർഗോഡ് 400 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും കുടുംബത്തിനും വധഭീഷണി
തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും കുടുംബത്തിനും വധഭീഷണി. കുടുംബത്തെ ഇല്ലാതാക്കുമെന്ന് കാണിച്ചുള്ള ഭീഷണികത്ത് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.തിരുവഞ്ചൂരിന്റെ പരാതിയില്‍ അടിയന്തര നടപടി വേണമെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണി ഗൗരവമായി എടുത്ത് തിരുവഞ്ചൂരിന് സുരക്ഷ ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നും കത്തിൽ പറയുന്നു. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ഇനി ലൈസന്‍സ് പോകും
തിരുവനന്തപുരം:ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ഇനി ലൈസന്‍സ് പോകും.നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്‌ട് ചെയ്ത് വാഹനമോടിച്ചു കൊണ്ട് സംസാരിക്കുന്നത് അപകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.വാഹനം നിര്‍ത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.ചലിക്കുന്ന വാഹനങ്ങളില്‍ പ്രവര്‍ത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവില്‍വരണമെന്ന് തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. വിനോദ് കുമാര്‍ പറയുന്നു. തുടക്കത്തില്‍ ഫോണ്‍വിളികളില്‍ മാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗണ്‍ കാലമായതോടെ ഗൂഗിള്‍ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.എന്നാല്‍ മാസ്ക് ധരിച്ച് വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുന്നതായി കണ്ടാല്‍മാത്രമേ പരിശോധനയുണ്ടാവൂ. ഡ്രൈവര്‍ നിഷേധിച്ചാല്‍ കോള്‍ഹിസ്റ്ററി പരിശോധിക്കും.