തിരുവനന്തപുരം:നഗരസഭയിലെ ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.അമിത ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഡിഎംഒ ഓഫിസില്‍ സിക കണ്ട്രോള് റൂം തുറക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.ആനയറ കിംസ് ആശുപത്രിയ്ക്ക് ചുറ്റളവിലെ 9 ഓളം നഗരസഭാ വാര്‍ഡുകളാണ് സിക ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊതുക് നിര്‍മാര്‍ജനത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കും.സിക സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍, ഡിഎംഒ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.അതേസമയം സിക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘംജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. സിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുമെന്ന് ഡിഎംഒ ഡോ. കെ എസ് ഷിനു പറഞ്ഞു. സിക പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘം കേരളത്തില്‍ തുടരും.
ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്.ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് ബസുകള്‍ മത്സര ഓട്ടം നടത്തുകയായിരുന്നു.ഇരിട്ടി – പായം റോഡില്‍ ജബ്ബാര്‍ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃക്സാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികള്‍ക്കാണ് അപകചത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.
മൊഴികളിൽ വൈരുധ്യം;അര്ജുന് ആയങ്കിയുടെ ഭാര്യയ്ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്കി കസ്റ്റംസ്.അമലയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് അമലയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ അര്‍ജ്ജുനെ സംരക്ഷിക്കുന്ന നിലപാടാണ് അമല സ്വീകരിച്ചതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പല ചോദ്യങ്ങള്‍ക്കും അമല മറുപടി പറഞ്ഞിട്ടില്ല. രണ്ടാമതും ചോദ്യം ചെയ്യുന്നതിലൂടെ അര്ജ്ജുന് ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്.ആദ്യതവണ കസ്റ്റംസില്‍ ഹാജരായ അമലയെ ഉദ്യോഗസ്ഥര്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്ജുന് സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്.പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അര്ജുന് ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാര്യയുടെ അമ്മ നല്കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്ജുന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. എന്നാൽ അര്ജുന് പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കല്‍ നിന്നും അര്ജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്.
കോഴിക്കോട് കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം;കടകൾ തുറക്കുമെന്ന തീരുമാനത്തിലുറച്ച് വ്യാപാരികൾ;ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടർ
കോഴിക്കോട്:കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലാണ് നാളെ കടകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചർച്ചയിലെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാരികൾ പറഞ്ഞു. പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന് പറഞ്ഞു.അതേസമയം ലോക്ഡൗൺ ലംഘിച്ച് നാളെ കടകൾ തുറന്നാൽ നടപടിയുണ്ടാവുമെന്ന് കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയും വ്യക്തമാക്കി.സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്.എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു.
എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.47 ശതമാനം ജയം;കൂടുതല്‍ പേര് ജയിച്ചത് കണ്ണൂരില്‍; കുറവ് വയനാട്ടിലും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയശതമാനം.കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയ ശതമാനം 99 കടക്കുന്നത്.1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. ഇത്തവണ കോവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും.എസ്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala ലും ലഭിക്കും.
കോഴിക്കോട് അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; ശരീരത്തില്‍ നിരവധി പരിക്കുകൾ
കോഴിക്കോട്:അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പ്രവാസിയായ അഷ്റഫിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്ദമംഗലത്തു നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്, ഒരു കാല് ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. മാവൂരിലെ തടി മില്ലിലാണ് അക്രമിസംഘം ഇയാളെ പാര്‍പ്പിച്ചിരുന്നത്.ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.അതിരാവിലെയായതിനാല്‍ അയല്‍ക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്റഫിന്റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന് സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തന്റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.
കൊടകര കുഴല്‍പ്പണ കേസ്; ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പൊലീസ് ക്ലബിലെത്തി
തൃശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂര്‍ പൊലീസ് ക്ലബിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.ഹോട്ടലില്‍ നിന്ന് പുറപ്പെട്ട സുരേന്ദ്രന് പാര്‍ട്ടി ഓഫീസിലേക്കാണ് നേരെ പോയത്. ഇവിടെ നിന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗരത്തിലാകെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല ഊടുവഴികും ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുകയാണ്. കനത്ത പൊലീസ് കാവലിലാണ് നഗരം. സുരേന്ദ്രനോട് ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ വരാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴിന് രണ്ടാമത്തെ നോട്ടീസ് നല്‍കുകയായിരുന്നു.
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും.ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.https://keralapareekshabhavan.in, https://sslcexam.kerala.gov.in, https://www.results.kite.kerala.gov.in, https://www.prd.kerala.gov.in, https://www.result.kerala.gov.in, https://examresults.kerala.gov.in, https://results.kerala.nic.in, https://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കും.
എസ്എസ്എല്‍സി(എച്ച് ഐ) ഫലം http://sslchiexam.kerala.gov.inലും റ്റി എച്ച് എസ് എല്‍ സി(എച്ച് ഐ) ഫലം http://http:/thslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എല്‍ സി ഫലം http://ahslcexam.kerala.gov.inലും ലഭ്യമാകുമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്.ഇന്നു പുലര്‍ച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്ജ്ജുന് ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആകാശ് സ്ഥലത്തില്ല. മൊബൈല്‍ ഫോണും പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ ആകാശിന് പ്രധാന പങ്കുണ്ടെന്നാണ് സൂചന. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.പരിശോധനക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആകാശിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആര് ഉണ്ടായിരുന്നില്ല. വിവാദമായ ഷുഹൈബ് വധക്കേസില്‍ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി.
മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് വ്യാപാരികൾ;ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും
തിരുവനന്തപുരം:നാളെ മുതൽ സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് വ്യാപാരികൾ.നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാണ് തീരുമാനിച്ചിട്ടുള്ളത്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.