ന്യൂഡൽഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍. ജന്തര്‍ മന്ദറിലാണ് കാര്‍ഷിക പ്രക്ഷോഭം നടക്കുക. പ്രതിഷേധ പരിപാടിക്ക് ബുധനാഴ്ച ഡല്‍ഹി പൊലീസ് അനുമതി നല്കി.അതെ സമയം പ്രക്ഷോഭകര്‍ ജന്തര്‍ മന്ദറിലെത്തും മുൻപേ തന്നെ കര്‍ഷകര്‍ സംഗമിക്കാന്‍ തീരുമാനിച്ച സിംഘു അതിര്‍ത്തിയില്‍ കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് ഇതിനെ നേരിടാനൊരുങ്ങുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന കര്‍ഷകര്‍ ആദ്യം സിംഘുവില്‍ ഒരുമിച്ചുകൂടിയാണ് ജന്തര്‍ മന്ദറിലേക്ക് നീങ്ങുക.സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 200 പേര്, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയില്‍നിന്ന് ആറു പേര് എന്നിങ്ങനെയാണ് അനുമതി. രാവിലെ 11 മുതല്‍ അഞ്ചു വരെ പ്രതിഷേധം നടത്തി തിരിച്ചുപോകണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രക്ഷോഭത്തിന് ഡല്‍ഹി സര്‍ക്കാറും അനുമതി നല്‍കിയിരുന്നു.സിംഘു അതിര്‍ത്തിയില്‍നിന്ന് പൊലീസ് അകമ്പടിയിൽ ബസുകളിലായാണ് കര്‍ഷകരെ ജന്തര്‍ മന്ദറിലെത്തിക്കുക.
നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു
കൊച്ചി: നടൻ കെ.ടി.എസ്. പടന്നയിൽ(85) അന്തരിച്ചു.തൃപ്പൂണിത്തുറയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാടക ലോകത്തുനിന്നും സിനിയിലെത്തിയ നടനാണ് പടന്നയിൽ.സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെക്കുള്ള അദ്ദേഹത്തിന്റെ ആദ്യചുവടുവയ്പ്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു.നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സന്മനസുള്ളവര്ക്ക് സമാധാനം, പകിട പകിട പമ്ബരം തുടങ്ങിയ സീരിയലുകളിലെ വേഷം പ്രേക്ഷകശ്രദ്ധ നേടി. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചു.രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍ എന്നിവര്‍ മക്കള്‍.
ഫോൺവിളി വിവാദം;ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നേരത്തെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.അതേസമയം, ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പി സി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.പാര്ട്ടിക്കാര് തമ്മിലുള്ള പ്രശ്നത്തിലാണ് ശശീന്ദ്രന് ഇടപെട്ടത്.കേസ് ദുര്‍ബലപ്പെടുത്തണമെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കും. പൊലീസ് കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കും. സഭനിര്‍ത്തിവെച്ച് ഫോണ്‍വിളി വിവാദം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സമ്മേളനം ആരംഭിച്ചു;ശശീന്ദ്രന്റെ രാജിയും വനംകൊള്ളയും പ്രതിപക്ഷം ചർച്ചയാക്കും
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം.ഓഗസ്റ്റ് 18 വരെയാണ് സഭാ സമ്മേളനം നടക്കുക. ഈ വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് ഈ സഭാസമ്മേളനത്തിലെ മുഖ്യ അജണ്ട. ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുക.പ്രമേയങ്ങളും 4 സ്വകാര്യ ബില്ലുകളും ഇന്ന് പരിഗണിക്കും. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സഭ ഇന്ന് സമ്മേളിക്കുക. കൊവിഡ് വാക്സിനേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ബലിപെരുന്നാള്‍ കാരണം ഇന്നത്തേക്കു മാറ്റുകയായിരുന്നു.അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. സ്ത്രീധന പീഡന വിഷയത്തിൽ ഗവർണർ ഉപവാസമിരുന്ന വിഷയമടക്കം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യുനപക്ഷ സ്കോളർഷിപ്പ് വിഷയവും സഭയിൽ ചർച്ചയായേക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയില്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം.
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97; 14,131 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂർ 777, കാസർഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂർ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂർ 701, കാസർഗോഡ് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, പാലക്കാട് 13, തൃശൂർ 12, കാസർഗോഡ് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 2017, പത്തനംതിട്ട 306, ആലപ്പുഴ 535, കോട്ടയം 664, ഇടുക്കി 262, എറണാകുളം 1600, തൃശൂർ 1583, പാലക്കാട് 1040, മലപ്പുറം 2221, കോഴിക്കോട് 1531, വയനാട് 335, കണ്ണൂർ 728, കാസർഗോഡ് 562 എന്നിങ്ങനേയാണ് രോഗമുക്തി.
ആറളത്ത് കാട്ടാന ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂര്‍: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ നിന്നും രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് അതിരാവിലെയാണ് സംഭവം.ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയും കുടുംബവുമാണ് താനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഷിജോയുടെ ഷെഡ് കാട്ടാന പൊളിച്ചു. രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു. ഈ സമയം ഇവരുടെ രണ്ട് കുട്ടികള്‍ ഉറക്കത്തിലായിരുന്നതിനാല്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഷിജോയും ഭാര്യയും ഒച്ച വച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയവും ഷെഡ് കുത്തിമറിക്കാന്‍ ആന ശ്രമിക്കുകയായിരുന്നു.ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പുനരധിവാസ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സി.പി.എം നേതാക്കളായ കെ.കെ. ജനാര്ദ്ദനന് , കെ.ബി. ഉത്തമന് എന്നിവര്‍ ആവശ്യപ്പെട്ടു ഷിജോക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല;ശനിയും ഞായറും വാരാന്ത്യ ലോക്ഡൌൺ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇല്ല. വാരാന്ത്യ ലോക്ഡൗൺ തുടരാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും. കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നല്കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇത് കൂടാതെ വെള്ളിയാഴ്ച റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താനും ആരോഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളിലാണ് കൂടുതല്‍ പരിശോധന.
രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി;ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാൻ നിര്‍ദേശം
ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) അനുമതി.മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അനുമതി. മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നിരിക്കെ തന്നെ അവര്‍ ഇതില്‍ കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാനാണ് നിര്‍ദേശം.പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് പോകേണ്ടതെന്നും പ്രത്യേകം നിര്‍ദേശിക്കുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരെല്ലാം വാക്സിന് സ്വീകരിച്ചിരിക്കണം. ബസ് ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിന് സ്വീകരിക്കണം. ഇന്ത്യയില്‍ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്ക്കൂളുകള്‍ തന്നെയാകാമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നാലാമത്തെ ദേശീയ സെറോ സര്‍വേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, 6-17 വയസ് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ ആന്റിബോഡികളുടെ സാന്നിധ്യം കാണിക്കുന്നു. 6-9 വയസ് പ്രായമുള്ളവരില്‍ 57.2 ശതമാനമാണ് സെറോ-പോസിറ്റിവിറ്റി. സ്ഥിതിഗതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാകുമെന്ന് എടുത്തുകാട്ടിക്കൊണ്ട്, സ്കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനം അവരുടെ പോസിറ്റീവ് നിരക്ക്, വാക്സിനേഷന് നില, പൊതുജനാരോഗ്യ സാഹചര്യം എന്നിവ അനുസരിച്ച് ജില്ലാതലത്തില്‍ എടുക്കേണ്ടത്.
ഫോൺ വിളി വിവാദം;രാജിവെക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ പ്രതിരോധത്തിലായതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന് പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല ക്ലിഫ് ഹൗസില്‍ എത്തിയത്. വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന് ഇടപെട്ടതായാണ് ആരോപണം ഉയര്‍ന്നത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു.പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.അതിനിടയില്‍ ലൈംഗിക പീഡന കേസില്‍ എന്‍സിപി നേതാവ് ജി പത്മാകരന്, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലിസ് കേസെടുത്തു. പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് പൊലിസിന്റെ നടപടി. മന്ത്രി എ കെ ശശീന്ദ്രന് വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.