തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നു.തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ വാക്സിൻ പൂർണ്ണമായും തീർന്നു.ബാക്കി ജില്ലകളിലും വാക്സിന് ഇന്ന് തീര്‍ന്നേക്കും.പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിക്കാത്തതിനാല്‍ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍, യാത്രയ്ക്കായി വാക്സിന് വേണ്ടവര്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. 150ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കും വാക്സിന് ലഭ്യമാകില്ല. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 29നേ എത്തൂവെന്നാണ് അനൗദ്യോഗിക വിവരം. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്സിന് മാത്രമാണുള്ളത്. ബാക്കിയുള്ള ജില്ലകളിലും വാക്സിനുകളുടെ അളവ് കുറവാണ്.കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള 1.48 കോടിപേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാല്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സിന് എത്തിയത്. അഞ്ച്ലക്ഷത്തിഅൻത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.
ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവം; വിടി ബൽറാം ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
പാലക്കാട്: ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തിൽ വിടി ബൽറാം ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കൈയേറ്റം ചെയ്യല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.രമ്യ ഹരിദാസ് എംപിയുള്‍പ്പെടെയുള്ളവര്‍ ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവാവിനെ മർദിച്ചതെന്നാണ് പരാതി.സമ്പൂർണ്ണ ലോക്ഡൗണ്‍ നിലവിലുള്ള ഞായറാഴ്ച കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം, റിയാസ് മുക്കോളി തുടങ്ങിയവര്‍ പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.അതേസമയം പാഴ്സല്‍ വാങ്ങാനാണ് ഹോട്ടലില്‍ എത്തിയതെന്നും യുവാവ് കയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ യുവാക്കളോട് അത്തരത്തില്‍ പെരുമാറിയത് എന്നുമാണ് എം.പിയുടെ ആരോപണം.എങ്കിലും, ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 11,586 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59; 14,912 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂർ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസർഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂർ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1726, തൃശൂർ 1486, കോഴിക്കോട് 1241, എറണാകുളം 1134, പാലക്കാട് 729, കൊല്ലം 882, കാസർഗോഡ് 744, തിരുവനന്തപുരം 665, ആലപ്പുഴ 640, കണ്ണൂർ 532, കോട്ടയം 502, പത്തനംതിട്ട 235, ഇടുക്കി 216, വയനാട് 211 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 14, കാസർഗോഡ് 11, കണ്ണൂർ 10, വയനാട് 7, തൃശൂർ 5, കൊല്ലം 4, എറണാകുളം 3, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1031, കൊല്ലം 1091, പത്തനംതിട്ട 455, ആലപ്പുഴ 635, കോട്ടയം 999, ഇടുക്കി 290, എറണാകുളം 1477, തൃശൂർ 2022, പാലക്കാട് 1129, മലപ്പുറം 2244, കോഴിക്കോട് 1687, വയനാട് 304, കണ്ണൂർ 741, കാസർഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 73, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
വിഷപ്രാണിയുടെ കടിയേറ്റ് അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ 3 പേര് മരിച്ചു
ഭോപാല്‍ :വിഷപ്രാണിയുടെ കടിയേറ്റ് അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ 3 പേര് മരിച്ചു. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലെ കോത്തി താല് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.ലാല പാലിയ (35), മകന് അഞ്ചു വയസുകാരന് സഞ്ജയ്, മകള്‍ മൂന്നു വയസുള്ള സാഷി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ഇവര്‍. ഉറക്കത്തിനിടെ അര്‍ധരാത്രി ഞെട്ടിയുണര്‍ന്ന ലാല ശരീരം വേദനിക്കുന്നതായി പറഞ്ഞു.ഉടന്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തെ ജയ്ത് പൂര് കമ്യൂണിറ്റ് ഹെല്‍ത് സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വിഷമുള്ള പ്രാണിയുടെ കടിയേറ്റാണ് ലാല പാലിയ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
കുണ്ടറ പീഡന വിവാദം;കൂടുതൽ നടപടികളുമായി എൻസിപി; പരാതി നല്കിയ യുവതിയുടെ പിതാവ് അടക്കം മൂന്നുപേര്‍ക്ക് കൂടി സസ്പെന്ഷന്
തിരുവനന്തപുരം:കുണ്ടറ പീഡന വിവാദത്തിൽ കൂടുതൽ നടപടികളുമായി എൻസിപി. പരാതി നല്കിയ യുവതിയുടെ പിതാവ് അടക്കം മൂന്നുപേരെ കൂടി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന കുറ്റത്തിനാണ് നടപടി.എന്‍സിപി കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, എന്‍സിപി മഹിളാ വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. യുവതി നല്കിയ പരാതിയില്‍ ഉള്‍പ്പെട്ട പത്മാകരന്, രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ എന്‍സിപി താക്കീത് ചെയ്തു. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എന്‍സിപി മന്ത്രി ശശീന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രവര്‍ത്തകര്‍ ഇനി ശുപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. പൊലീസ് സ്റ്റേഷനില്‍ യുവതി കൊടുത്ത പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് ഹണിക്കെതിരെ നടപടിയെന്ന് പിസി ചാക്കോ പറഞ്ഞു. പ്രദീപ് കുമാറാണ് മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ ചെയ്യിച്ചത്. ബെനഡിക്ട് ആണ് ഫോണ്‍ റെക്കോഡ് ചെയ്ത് മാധ്യമങ്ങളില്‍ നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകളും ബെനഡിക്ടിന്റെ പേരിലുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു.മന്ത്രിയുടെ ഫോണ്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് തെറ്റാണെന്ന് പി സി ചാക്കോ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ ഫോണ്‍ സംഭാഷണങ്ങളില്‍ അടക്കം എ കെ ശശീന്ദ്രന് ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ അഭിപ്രായപ്പെട്ടു.ഇതു കൂടാതെ, പാര്‍ട്ടിയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ അച്ചടക്കലംഘനങ്ങളുടെ പേരില്‍ രണ്ടു നേതാക്കള്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ ജയന് പുത്തന്‍ പുരയ്ക്കല്‍, സലിം കാലിക്കറ്റ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി പി സി ചാക്കോ അറിയിച്ചു.
ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
ബെംഗളൂരു:ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.വിധാൻ സഭയിൽ നടന്ന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ഉച്ചയ്ക്ക് ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങൾക്കിടയിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. മാധ്യമങ്ങള്‍ക്ക് മുൻപിൽ വിതുമ്പി കരഞ്ഞു കൊണ്ടാണ് യെദ്യൂരപ്പ രാജിതീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ബി ജെ പിക്കുള്ളില്‍ യെദ്യൂരപ്പ് എതിരായ നീക്കം ശക്തമായിരുന്നു. നിരവധി എം എല്‍ എമാര്‍ അദ്ദേഹത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചതുമില്ല. കേന്ദ്ര നേതൃത്വത്തിനും യെദ്യൂരപ്പ മാറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. യെദ്യൂരപ്പ രാജിവെച്ചതോടെ ഇനി പൂര്‍ണമായും തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുക. 18 ശതമാനം വോട്ടുകളുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെ ഒരു മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമായുണ്ട്. എന്നാല്‍ സമ്മര്‍ദവുമായി വൊക്കലിംഗ സമുദായവുമുണ്ട്. എന്നാല്‍ ഏറെ കാലമായി ഒരു ബ്രാഹ്മിണ്‍ മുഖ്യമന്ത്രിയായിട്ടെന്നും ഈ വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അതിനിടെ തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ ആവശ്യപ്പെട്ടതായാണ് വിവരം.2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ കേന്ദ്രം തുടങ്ങുന്നത്. അതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിന്റെ സമ്മേളനം തുടങ്ങിയത് ബിജെപി ദേശിയ നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.
കടല്‍ക്ഷോഭത്തില്‍പ്പെട്ട് ഫൈബര്‍ ബോട്ട് തകര്‍ന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂര്‍: കടല്‍ക്ഷോഭത്തില്‍ ഫൈബര്‍ ബോട്ട് തകര്‍ന്ന് കടലിൽ വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീന് (31), കൊല്ലം സ്വദേശികളായ പ്രഭാകരന് (58), കുഞ്ഞാലി (57) എന്നിവരാണ് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത്. ഗോപാലപ്പേട്ട തിരുവാണിക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഇന്നലെ പകലായിരുന്നു അപകടം. വടകര ചോമ്പാൽ ഹാര്‍ബറില്‍ ഹാര്‍ബറില്‍നിന്ന് ‘പമ്മൂസ്’ തോണിയില്‍ ശനിയാഴ്ച പകല്‍ 2.30ന് മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. മടങ്ങിവരുമ്പോൾ എന്ജിന് തകരാറിലായി ആഴക്കടലില്‍ കുടുങ്ങുകയായിരുന്നു. ഗോപാലപ്പേട്ടയിലെ പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്മി’ തോണിയില്‍ കെട്ടിവലിച്ചാണ് തീരത്തിനടുത്ത് എത്തിച്ചത്.ഇതിന് പിന്നാലെയാണ് കൂറ്റന്‍ തിരമാലയില്‍ തോണി തകര്‍ന്നത്.തീരദേശ പൊലീസ് എത്തുമ്പോഴേക്കും കടല്‍ക്കോളില്‍പെട്ട് മരണമുഖത്തായിരുന്നു തൊഴിലാളികള്‍. ഗോപാലപ്പേട്ടയിലെ പതിനഞ്ചോളം തൊഴിലാളികളും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. കൂറ്റന്‍ കമ്പ ഉപയോഗിച്ചാണ് തൊഴിലാളികളെ കരക്കെത്തിച്ചത്. ഇവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി.
പാലക്കാട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം
പാലക്കാട്:പാലക്കാട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.പാലക്കാട്-വാളയാര്‍ ദേശീയപാതയ്ക്കു സമീപം മരുതറോഡില്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് മോഷണം നടന്നത്. ഏഴ് കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ബാങ്കിന്റെ ഗ്ലാസും ലോക്കറും തകര്‍ത്ത നിലയിലാണ്.ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ച് മാറ്റുകയായിരുന്നു. ബാങ്കിലെ സിസിടിവി ക്യാമറയുടെ വയറുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. പുലര്‍ച്ചെയാണു മോഷണമെന്നു സംശയിക്കുന്നു. കോണ്‍ഗ്രസ് ഭരണസമിതിക്കു കീഴിലാണ് സൊസൈറ്റി.രാവിലെ സൊസൈറ്റി തുറക്കാനെത്തിയവരാണു മോഷണ വിവരം അറിയുന്നത്.ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണായതിനാല്‍ ബാങ്ക് തുറന്നിരുന്നില്ല. അതിനാല്‍ വെളളിയാഴ്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ ബാങ്ക് തുറന്നപ്പോഴാണ് അധികൃതര്‍ വലിയ കവര്‍ച്ചയുടെ വിവരം അറിയുന്നത്. പോലിസ് പരിശോധന നടത്തുന്നു.
തിരുവനന്തപുരത്ത് ക്രിമിനൽ കേസ് പ്രതിയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം തട്ടി കൊണ്ടുപോയി. നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം മാറന്നല്ലൂരിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ ശേഷം സംഘം ഷാജിയെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാജി ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടർ പിന്തുടർന്ന് വന്നവർ ആദ്യം വാഹനം ഇടിച്ചിട്ടു. നിലത്തുവീണ ഷാജിയെ മർദ്ദിച്ച ശേഷമാണ് കാറിൽ കയറ്റികൊണ്ടുപോയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനമോടിച്ചിരുന്നത് ഷാജിയാണെന്ന് കണ്ടെത്തിയത്.ഷാജി നിരവധിക്കേസിലെ പ്രതിയും പണം പലിശക്ക് കൊടുക്കുന്നയാളുമാണെന്ന് പോലീസ് പറയുന്നു. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കാറിന് പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു;യുവാവ് അറസ്റ്റിൽ
കോട്ടയം: കാറിന് പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്. കോട്ടയം അയർക്കുന്നത്താണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം വിസമ്മതിച്ചെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തിരച്ചില്‍ ശക്തമാക്കുകയും ജെഹു തോമസിനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇന്നലെ പുലര്‍ച്ചെ 6.30 നാണ് അയര്‍ക്കുന്നം-ളാക്കാട്ടൂര്‍ റോഡില്‍ അമിതവേഗതയിലെത്തിയ കാറിന് പിന്നില്‍ നായയെ കെട്ടിയിട്ടത് കണ്ടെത്തിയത്. സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പൊതു പ്രവര്‍ത്തകരെ സമീപിച്ചു. അയര്‍ക്കുന്നം സ്വദേശിയായ ഐസക്കിന്റെ വീട്ടില്‍ നിന്നാണ് വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.അതേസമയം കാറിന് പിന്നില്‍ നായയെ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. വാക്സിനേഷനു വേണ്ടി പോകുന്നതിനിടയില്‍ രാവിലെ പണമെടുക്കാന്‍ താന്‍ എ.ടി.എമ്മില്‍ പോവുകയായിരുന്നു. എന്നാല്‍, നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല എന്നും എ.ടി.എമ്മിന് മുന്നില്‍വെച്ച് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിച്ചു.