ലഖ്‌നൗ:നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി.പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു.മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സ ഭരണകൂടം ഏറ്റെടുത്ത് നടത്തുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റെമീസിന്റെ മരണത്തിൽ ദുരൂഹതയെന്ന് പ്രതിപക്ഷം; നിയമസഭയില്‍ അടിയന്തര പ്രമേയം
തിരുവനന്തപുരം: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക സാക്ഷിയാണ് റമീസ്. കേസില്‍ തെളിവില്ലാതാക്കി അട്ടിമറിക്കാനാണ് റമീസിനെ കൊന്നത്. എല്ലാ രഹസ്യങ്ങളും അറിയുന്ന ചിലര്‍ സഭയിലുണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തിനാണ് സമ്പൂർണ്ണ അധികാരമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ആറ് ദിവസം മുന്‍പാണ് കണ്ണൂർ മൂന്നുനിരത്ത് സ്വദേശിയായ റമീസ് മരണപ്പെടുന്നത്. ഓടിക്കൊണ്ടിരുന്ന കാറില്‍ റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കൊപ്പം റമീസിനും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയും കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാവശ്യപ്പെട്ട് റമീസിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കി പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം.കൊറോണയും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയർ സെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണ എന്നാണ് സൂചന.തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി.
നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി;മന്ത്രി ശിവൻകുട്ടി അടക്കം മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി.സർക്കാർ നടപടി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിമസഭാ അംഗങ്ങൾക്കുള്ള പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിലുള്ള പ്രവർത്തനത്തിന് മാത്രമാണ്. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് വിധി പ്രസ്താവത്തില്‍ അടിവരയിട്ടു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്്. കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍, കെ. അജിത് എന്നീ പ്രതികള്‍ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയമസഭയ്ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലില്‍ കേരളം വ്യക്തമാക്കിയിരുന്നു.2015 മാര്‍ച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. കയ്യാങ്കളി നടത്തിയ എംഎല്‍എ.മാര്‍ക്കെതിരേ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്.
കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
ഇടുക്കി:കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 9.30 യോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്.പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മല്‍സ്യബന്ധനത്തിനായി കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിജു (38), സഹോദരന്‍ കെ കെ ബിനു (36) എന്നിവരെ കാണാതാവുന്നത്.ബിജുവിന്റെ മൃതദേഹം തിങ്കളാഴ്ച ഡാമില്‍നിന്ന് കിട്ടിയിരുന്നു. സഹോദരന്‍ ബിനുവിനായി തിരച്ചില്‍ നടത്തിവരവെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്.പുലര്‍ച്ചെ മീന്‍വല അഴിക്കാന്‍ പോയ ഇരുവരും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നി രക്ഷാസേനകളുടെ 11 അംഗ ഡൈവിങ് വിദഗ്ധരും ഉള്‍പ്പെടുന്ന സ്‌കൂബാ ടീമും ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുമാണ് തിരച്ചില്‍ നടത്തിയത്.
നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്.മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധി പറയുക. കേസിൽ വാദം കേൾക്കവെ സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ രൂക്ഷമായി വിമർശിച്ച കോടതി നിയമനിർമ്മാണ സഭയിൽ സഭ അംഗങ്ങൾ തന്നെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ എന്ത് പൊതുതാത്പര്യമാണ് സർക്കാരിന് മുൻപിലുള്ളതെന്നും ചോദിച്ചിരുന്നു.വി. ശിവന്‍കുട്ടി അടക്കമുള്ള സി.പി.എം എം.എല്‍.എമാര്‍ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവര്‍ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 22,129 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 22,129 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3925, തൃശൂര്‍ 2606, കോഴിക്കോട് 2354, എറണാകുളം 2301, പാലക്കാട് 1461, കൊല്ലം 1910, കോട്ടയം 1063, തിരുവനന്തപുരം 1017, കണ്ണൂര്‍ 973, ആലപ്പുഴ 1047, കാസര്‍ഗോഡ് 801, വയനാട് 570, പത്തനംതിട്ട 500, ഇടുക്കി 386 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, മലപ്പുറം 11, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, വയനാട് 9, കോട്ടയം, കോഴിക്കോട് 8 വീതം, കൊല്ലം, ഇടുക്കി 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം 2, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 859, കൊല്ലം 653, പത്തനംതിട്ട 393, ആലപ്പുഴ 603, കോട്ടയം 801, ഇടുക്കി 245, എറണാകുളം 1151, തൃശൂര്‍ 2016, പാലക്കാട് 1015, മലപ്പുറം 2214, കോഴിക്കോട് 1758, വയനാട് 325, കണ്ണൂര്‍ 664, കാസര്‍ഗോഡ് 718 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്
ന്യൂഡൽഹി: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു എംപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.മികച്ച രീതിയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുമ്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്‌സീന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ പരമാവധി ആളുകളില്‍ ഒരു ഡോസ് വാക്‌സീന്‍ എങ്കിലും നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
വിമര്‍ശനത്തിന് പിന്നാലെ വാക്‌സിനേഷന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന ഉത്തരവ് പിന്‍വലിച്ച് കണ്ണൂർ കളക്ടര്‍
കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിനേഷന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന ഉത്തരവ് പിന്‍വലിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍ ടി വി സുഭാഷ്.നാളെ തീരുമാനം നടപ്പാക്കാനിരിക്കെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. വാക്‌സിനെടുക്കാന്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാല്‍ സൗജന്യമായി കിട്ടേണ്ട വാക്‌സിനെടുക്കാന്‍ പരിശോധനയ്‌ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനായി സ്ലോട്ടുകള്‍ ലഭിക്കുന്നത്. ഇതിനിടെ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് പോയാല്‍ 24 മണിക്കൂറെടുക്കും ഫലം ലഭിക്കാന്‍. ഇതോടെ സ്ലോട്ട് നഷ്ടമാവുമെന്നും ജനങ്ങള്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. അതേസമയം ഉത്തരവിനെ ആരോഗ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു.
കാസര്‍ഗോഡ് ജ്വല്ലറി കവര്‍ച്ച നടത്തിയ സംഘത്തെ തിരിച്ചറിച്ചു; പിന്നില്‍ കര്‍ണാടക സംഘം;7 കിലോ വെള്ളിയും 2 ലക്ഷം രൂപയും കണ്ടെടുത്തു
കാസര്‍ഗോഡ്: ഹൊസങ്കടിയില്‍ സെക്യുരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ കവര്‍ച്ച നടത്തിയ സംഘത്തെ തിരിച്ചറിച്ചു. കര്‍ണാടക സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഇവർ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തു.കാറിൽ നിന്നും ഏഴ് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു.ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. സൂറത്ത്കല്‍ സ്വദേശിയാണ് സംഘത്തലവനെന്നും വ്യക്തമായി. സംഘത്തിലെ രണ്ട് പേര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കാസര്‍ഗോഡ് നിന്നുളള പോലീസ് സംഘം കര്‍ണാടകയില്‍ തിരച്ചില്‍ തുടരുകയാണ്.ഇന്നലെ പുലര്‍ച്ചെയാണ് ജ്വല്ലറി സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്.