കണ്ണൂര്‍:പയ്യന്നൂർ ഏഴോത്ത് ക്ഷേത്രത്തിൽ വൻ കവർച്ച.കുറുവാട്ടേ കൂറുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ഭണ്ഡാരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 14 പവന്റെ തിരുവാഭരണങ്ങള്‍ മോഷണംപോയി .കൂടാതെ ക്ഷേത്രത്തിനുള്ളിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. രാവിലെ ക്ഷേത്രത്തില്‍ പാട്ട് വയ്ക്കാനായി എത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് നടപടി. കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്ഷന് ലഭിക്കാനും അര്‍ഹത ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ കിരണിനെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കിരണിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്.
സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം വരുത്തി. ഇത് മൂന്നാം തവണയാണ് മാനദണ്ഡങ്ങള്‍ പുതുക്കുന്നത്.മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മരണനിരക്ക് കുറയ്ക്കുക, വൈറസിന്റെ സ്വഭാവം, വരുന്ന മാറ്റങ്ങള്‍ എന്നിവക്ക് അനുസരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി മാനദണ്ഡങ്ങള്‍ പുതുക്കിയതിന് പിന്നിലുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി (എ, ബി, സി) തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് ആന്റിബയോട്ടിക്കുകളോ, വൈറ്റമിന്‍ ഗുളികകളോ നല്‍കേണ്ട ആവശ്യമില്ല. അതേസമയം, കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് അപായ സൂചനകളുണ്ടെങ്കില്‍ (റെഡ് ഫ്ളാഗ്) കണ്ടുപിടിക്കാനായി നേരത്തെ പുറത്തിറക്കിയ ഗൈഡ് ലൈന്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ മാത്രം മതിയാകും. എന്നാല്‍ വീട്ടില്‍ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി സി സികളില്‍ പാര്‍പ്പിക്കണം. കാറ്റഗറി എയിലെ രോഗികളെ സി എഫ് എല്‍ ടി സികളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി എസ് ടി എല്‍ സി എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.ഗര്‍ഭിണികളെ മരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടികളുടെ ക്രിട്ടിക്കല്‍ കെയര്‍, ഇന്ഫെക്ഷന് മാനേജ്മെന്റ്, പ്രായപൂര്‍ത്തിയായവരുടെ ക്രിട്ടിക്കല്‍ കെയര്‍, ശ്വാസതടസമുള്ള രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സ, ആസ്പര്‍ഗില്ലോസിസ്, മ്യൂകോര്‍മൈക്കോസിസ് ചികിത്സ എന്നിവയും പുതിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അശാസ്ത്രീയ നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് ജനങ്ങളിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതായും പ്രതിപക്ഷം
തിരുവനന്തപുരം: അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നതായും നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് ജനങ്ങളിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതായും പ്രതിപക്ഷ ആരോപണം.സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കെ. ബാബു ആവശ്യപ്പെട്ടു. മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കടകളില്‍ പോകുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍, ഉത്തരവിറങ്ങിയപ്പോള്‍ അഭികാമ്യം എന്നത് നിര്‍ബന്ധം എന്നായി മാറി.വളരെ പ്രതീക്ഷയോടെ ഇരുന്ന ജനങ്ങള്‍ക്ക് ഉത്തരവ് വന്നതോടെ വലിയ നിരാശ ഉണ്ടായി. സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം യുവാക്കള്‍ വീട്ടിലിരിക്കുകയും പ്രായമായവര്‍ പുറത്തേക്ക് ഇറങ്ങുകയും വേണം. വാക്സിന് എടുത്ത യുവാക്കള്‍ കുറവാണ്. അതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. പൊലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശന് ചോദിച്ചു.അതേസമയം പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിര്വഹണമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വിശദീകരിച്ചു. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. കോവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായി അവസാനിച്ചിട്ടില്ല. വാക്സിനേഷന് പൂര്‍ത്തിയാകുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ആണ് കേരളത്തിലുള്ളത്. എല്ലാ കാലവും ലോക്ഡൗണിലൂടെ മുന്നോട്ടു പോകാനാവില്ല. അതു കൊണ്ടാണ് കൂടുതല്‍ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. കുറച്ച് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
മട്ടന്നൂർ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി.ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.ഇപ്പോള്‍ കൊച്ചിക്ക് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സര്‍വീസ് നടത്തുക.വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടത്തുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം വിമാനത്താവളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ കൊണ്ട് 500 പേരെ പരിശോധിക്കാനാവും. ടെര്‍മിനലില്‍ 10 കൗണ്ടറുകളുണ്ട്. 15 മിനിട്ടുകള്‍ കൊണ്ട് ടെസ്റ്റിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും.3000 രൂപയാണ് ഫീസ്. പരിശോധനയ്ക്കായി വാട്സപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവും. പരിശോധനാ കേന്ദ്രത്തിലും വാട്സപ്പ് സന്ദേശമായും പരിശോധനാഫലം ലഭിക്കും. 10 കൗണ്ടറുകളില്‍ വയോധികര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി രണ്ട് കൗണ്ടറുകള്‍ വീതം മാറ്റിവച്ചിരിക്കുകയാണ്. അതേസമയം ഇളവ് മുതലെടുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 28,000 മുതല്‍ 37,000 രൂപ വരെയാണ് നിരക്ക്.ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് നിരക്കില്‍ ഒന്നാമത്, 37,000 രൂപ. ഫ്ലൈ ദുബായ് –31,000, എയര്‍ അറേബ്യ– 29,000. ചുരുങ്ങിയ നിരക്കുണ്ടായിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസും 28,000 രൂപവരെ കുത്തനെ കൂട്ടി. നിയന്ത്രണങ്ങളോടെയാണെങ്കിലും സര്‍വീസ് പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. നേരത്തെ ഖത്തര്‍ വഴി മാത്രമായിരുന്നു യാത്രാനുമതി.
സംസ്ഥാനത്ത് അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം;അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം ഇന്ന് വീണ്ടും സഭയില്‍ ഉയര്‍ത്താനൊരുങ്ങി പ്രതിപക്ഷം.പുറത്തിറങ്ങാന്‍ വാക്സിന് രേഖകള്‍, പരിശോധനാഫലം, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയും ഇന്ന് പ്രതീക്ഷിക്കാം.ആഴ്ചയില്‍ എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതായിരുന്നു വ്യാപാരികളുടെ പ്രധാന ആവശ്യം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും, ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.
കാസർകോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
കാസർകോഡ് : യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തായലങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ, മുഹമ്മദ് ആരിഫ്, അഹമ്മദ് നിയാസ്, ഫിറോസ്, അബ്ദുൾ മനാഫ്, മുഹമ്മദ് അൽത്താഫ് എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമായത് എന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിൽ വീട്ടിലേക്ക് വരികയായിരുന്ന ഷെഫീഖിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളുടെ കുടുംബം പോലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ദുബായിൽ നിന്ന് കൊടുത്തുവിട്ട പണം എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടിക്കൊണ്ടു പോയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49; 20,046 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3585, തൃശൂര്‍ 2907, കോഴിക്കോട് 2383, എറണാകുളം 2310, പാലക്കാട് 1476, കൊല്ലം 1539, ആലപ്പുഴ 1219, കണ്ണൂര്‍ 1043, തിരുവനന്തപുരം 1031, കോട്ടയം 1036, കാസര്‍ഗോഡ് 667, വയനാട് 665, പത്തനംതിട്ട 520, ഇടുക്കി 520 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കണ്ണൂര്‍ 14, കാസര്‍ഗോഡ് 11, പത്തനംതിട്ട, തൃശൂര്‍ 6 വീതം, കൊല്ലം, എറണാകുളം 4 വീതം, വയനാട് 3, തിരുവനന്തപുരം, കോട്ടയം, ഇടുക്കി 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂര്‍ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂര്‍ 964, കാസര്‍ഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കോവിഡ് മൂന്നാം തരംഗ ഭീഷണി; ഓണമടക്കമുള്ള ആഘോഷങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദേശം
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണമടക്കമുള്ള ആഘോഷങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദേശം.ആഘോഷ ചടങ്ങുകള്‍ക്കിടെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.വരാനിരിക്കുന്ന ഉത്സവങ്ങളായ മുഹറം (ഓഗസ്റ്റ് 19), ഓണം (ആഗസ്റ്റ് 21), ജന്മാഷ്ടമി (ആഗസ്റ്റ് 30), ഗണേഷ് ചതുര്‍ഥി (സെപ്റ്റംബര്‍ 10), ദുര്‍ഗ പൂജ (ഒക്ടോബര്‍ 5-15) എന്നിവയില്‍ പൊതു ഒത്തുചേരലുകള്‍ പ്രതീക്ഷിക്കുന്നു. ഈ ഉത്സവങ്ങള്‍ക്കിടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഒത്തുചേരലുകള്‍ തടയുന്നതും സംസ്ഥാനങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് കത്തിൽ നിര്‍ദ്ദേശിക്കുന്നു.കേരളം (10), മഹാരാഷ്ട്ര (3), മണിപ്പൂര്‍ (2), അരുണാചല്‍ പ്രദേശ് (1), മേഘാലയ (1), മിസോറാം (1) എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലായി 18 ജില്ലകളില്‍ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്.
ടോക്കിയോ ഒളിമ്പിക്സ്;പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ടീം;ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം
ജർമ്മനി: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പ് ഒടുവില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിരിക്കുകയാണ്. വെങ്കല പോരാട്ടത്തില്‍ ജെര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ സ്വപ്ന നേട്ടം. 5-4 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഇന്ത്യ കാഴ്ചവെച്ചത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഇരു ടീമുകളും അറ്റാക്കിംഗില്‍ ആണ് ശ്രദ്ധിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ വീഴ്ത്തി മുന്നിലെത്തി. തിമൂര്‍ ഒറൂസ് ആയിരുന്നു ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്.ഇതിന് പിന്നാലെ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും ജര്‍മനി ഗോള്‍ നേടി. നിക്ലാസ് വെലനും, ബെനെഡിക്ടും ആയിരുന്നു സ്കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് ഹര്മന് പ്രീതിലൂടെ ഇന്ത്യ സ്കോര്‍ 3-3ല്‍ എത്തിച്ചു.പിന്നീടുള്ള രണ്ട് ഗോളുകള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ നേടി. രൂപീന്തറും സിമ്രന്‍ജിത്തുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്കോര്‍ 5-3 ആയി. അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 5-4ന് ഇന്ത്യ ജര്‍മനിയെ പിടിച്ചുകെട്ടി. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര് ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.