കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിമാന റാഞ്ചല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്.വിമാനം ഇറാനിലേക്ക് പറന്നുവെന്നാണ് ഉക്രൈൻ വിദേശകാര്യമന്ത്രി യെവ്‌ഗെനി യെനിൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം അജ്ഞാതർ റാഞ്ചിയതായി ബോദ്ധ്യപ്പെട്ടിരിക്കുന്നു. കാബൂളിലേക്ക് പൗരന്മാരെ കൊണ്ടുവരാൻ ചെന്ന വിമാനമാണ് തട്ടിയെടുത്തത്. ജീവനക്കാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആയുധ ധാരികളായ സംഘമാണ് വിമാനം റാഞ്ചിയതെന്നും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉക്രൈൻ മന്ത്രി യെനിൻ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു. ഒരു വയസ്സും രണ്ടു വയസ്സും ആറ് വയസ്സും ഒന്‍പത് വയസ്സുമുള്ള കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മരിക്കുകയായിരുന്നു. മഥുരയില്‍ കഴിഞ്ഞാഴ്ചയാണ് നിരവധിപ്പേര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ടത്. മഥുര, ആഗ്ര അടക്കം വിവിധ ആശുപത്രികളില്‍ 80 ഓളം പേരാണ് ചികിത്സയിലിരിക്കുന്നത്.കൂട്ടത്തോടെ രോഗം ബാധിച്ച സ്ഥലത്ത് ഡോക്ടർമാരുടെ സംഘമെത്തി രോഗികളുടെ സാമ്പിളുകൾ ശേഖരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മലേറിയ, കോവിഡ്, ഡെങ്കിപ്പനി എന്നി രോഗങ്ങളാണോ ബാധിച്ചത് എന്ന് തിരിച്ചറിയുന്നതിനാണ് സാമ്പിൾ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മരണകാരണം വ്യക്തമല്ല. ഡെങ്കിപ്പനിയാകാനാണ് സാധ്യത കൂടുതല്‍. രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് സെപ്തംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിൻ നൽകും; കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനം
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സെപ്തംബര്‍ അവസാനത്തോടെ നല്‍കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഇതിനു വേണ്ടി ഓരോ ജില്ലകളിലും വ്യക്തമായ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തും. അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ അളവ് കുറവായിരുന്നുവെന്നും വരും ദിവസങ്ങളില്‍ ഇത് ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ദിവസവും ചുരുങ്ങിയത് രണ്ട് ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പർക്ക പട്ടിക തയാറാക്കുന്നത് കര്‍ശനമാക്കാനും പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. രോഗ ലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുയര്‍ന്നു.നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്റെ കരുതല്‍ ശേഖരമുണ്ടെന്നും ആവശ്യമായി വന്നാല്‍ കര്‍ണാടകയെ ആശ്രയിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങള്‍ക്കായുള്ള ഐ സി യു സംവിധാനങ്ങളും പൂര്‍ണതോതില്‍ സജ്ജമാക്കിവരികയാണെന്നും അറിയിച്ചു.ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ആര്‍.സി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരുമായി കാബൂളില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയിലെത്തി
ന്യൂഡൽഹി:കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനത്തിൽ ഇന്നലെ താജിക്കിസ്താനിലെത്തിയവര്‍ ഇന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെ വിമാനത്താവളത്തിലെത്തി. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരികന്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് താജിക്കിസ്ഥാനില്‍ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഈ മാസം 17നാണ് കേന്ദ്രസര്‍കാര്‍ തുടങ്ങിയത്.താലിബാന്‍ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്ബോഴും അഫ്ഗാനില്‍നിന്ന് ആയിരങ്ങള്‍ പലായനം തുടരുകയാണ്. രാജ്യം വിടാന്‍ നൂറുകണക്കിന് ആളുകള്‍ കാത്തിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ 7 പേര്‍ മരിച്ചതായാണ് ബ്രിടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂള്‍ വിമാനത്താവളത്തിന് സമീപം 20 പേര്‍ മരിച്ചതായി നാറ്റോയും പറയുന്നു. അതേസമയം, അഫ്ഗാനിസ്താനില്‍ നിന്ന് സൈനിക പിന്‍മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു എസിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വക്താവ് മുന്നറിയിപ്പു നല്‍കി.
കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. പനയത്താംപറമ്പ് സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. കൊല ചെയ്യപ്പെട്ട ചക്കരക്കൽ സ്വദേശി ഇ.പ്രജീഷിനെ കൊലപാത സംഘത്തിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത് പ്രശാന്ത് ആണ്.ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ മരം മോഷ്ടിച്ച കേസിലെ സാക്ഷിയായിരുന്നു പ്രജീഷ്. കേസിലെ പ്രതികൾ തന്നെ ഇയാളെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ രണ്ട് തവണ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ടി പി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താല്‍ അര്‍ജുന്‍ ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.എന്നാൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊറോണ വ്യാപനം;ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ഇന്ന്; നിയന്ത്രണങ്ങളിൽ തീരുമാനമുണ്ടാകും
തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ സാഹചര്യം അവലോകനം ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തിര യോഗം ചേരുംഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയർന്ന സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം. ടിപിആർ നിരക്ക് 15 മുകളിൽ എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാദ്ധ്യത.അതീവ ജാഗ്രത അടുത്ത നാലാഴ്ച സംസ്ഥാനത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓണത്തിന് ഇളവുകൾ നൽകിയ സാഹചര്യത്തിൽ കൃത്യമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് എല്ലായിടത്തും പാലിക്കപ്പെട്ടില്ല.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടാം തരംഗം കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് തന്നെയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികളിൽ കിടക്കകളും ഐസിയുകളും അതിവേഗം നിറയുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇന്നു ചേരുന്ന യോഗത്തിൽ ചർച്ചയായേക്കും. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണി സംസ്ഥാനത്തെ പല പ്രദേശങ്ങളിലുമുണ്ട്. കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം ഇന്ന് ചേരും.
ഓണക്കാല ഇളവുകള്‍;വരുംദിസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയർന്നേക്കും;പ്രതിദിന രോഗ ബാധ 40000 കടന്നേക്കുമെന്ന് വിദഗ്ദര്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു നൽകിയ ഇളവുകൾക്ക് പിന്നാലെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ. രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കാമെന്ന് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. അവധി കഴിഞ്ഞ് പരിശോധനകൾ വർദ്ധിപ്പിച്ചാൽ മാത്രമേ കണക്കിൽ വ്യക്തത വരൂ.സംസ്ഥാനത്ത് ഇളവുകൾ നൽകിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഓണത്തിന് മുൻപേ സംഭവിച്ചു എന്നാണ് വിലയിരുത്തൽ. ഈ മാസം ഉടനീളം ഇരുപതിനായിരത്തിലധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഐസിയു, വെന്റിലേറ്റർ എന്നിവ നിറയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം ഓണാഘോഷത്തിന്റെ ഭാഗമായി പരിശോധനകൾ കുറച്ചിരിക്കുകയാണ്.കൊറോണ വാക്‌സിൻ ജനങ്ങളിലേക്ക് പൂർണമായും എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തിന് ശേഷം കൊറോണ വ്യാപനം വർദ്ധിച്ചാൽ പ്രശ്‌നം ഗുരുതരമാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കാം
കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടികള്‍ ചുവന്ന മുണ്ട് വീശി തീവണ്ടി നിര്‍ത്തിച്ചു; അഞ്ച് കുട്ടികള്‍ പിടിയില്‍
തിരൂർ: കുളത്തില്‍ കുളിക്കാന്‍ പോകുന്നതിനിടെ ചുവന്ന മുണ്ട് വീശി തീവണ്ടി നിർത്തിച്ച സംഭവത്തിൽ അഞ്ച് കുട്ടികള്‍ പിടിയില്‍.തിരൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ബുധനാഴ്ച 12.30ഓടെയാണ് സംഭവം. നിരമരുതൂര്‍ മങ്ങാട് ഭാഗത്ത് നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുമരക്കാവ് ക്ഷേത്രത്തില്‍ കുളിക്കാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് വികൃതി ഒപ്പിച്ചത്.കോയമ്പത്തൂർ മംഗലാപുരം എക്‌സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവിലെ ചുവന്ന മുണ്ട് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടി നിര്‍ത്തി. തീവണ്ടി നിര്‍ത്തിയതോടെ കുട്ടികള്‍ ഓടി രക്ഷപെട്ടു. അഞ്ച് മിനിട്ട് നേരം തീവണ്ടി ഇവിടെ നിര്‍ത്തിയിട്ടു.സ്റ്റേഷന്‍ മാസ്റ്ററേയും റെയില്‍വേ സുരക്ഷാസേനയേയും ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി പിടികൂടി. ഇവരെ താക്കീത് ചെയ്ത ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പെടെ 17 പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിൽ കൊടുവള്ളി സംഘത്തലവന്‍ സൂഫിയാൻ ഉള്‍പ്പെടെ 17 പേരുടെ അറസ്റ്റ് കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ അറസ്റ്റുചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് കസ്റ്റംസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്. ജയിലിലെത്തിയായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കരിപ്പൂര്‍ വിമാനത്താവളം വഴി പ്രതികള്‍ വ്യാപകമായി സ്വര്‍ണ്ണ കള്ളക്കടത്തു നടത്തിയിരുന്നുവെന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. നിരവധി സ്വര്‍ണ കള്ളക്കടത്തുകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുൻപ് കോഫെപോസയും ചുമത്തിയിട്ടുണ്ട്.