കണ്ണൂർ:പ്രധാനധ്യാപകന്റെ അനാസ്ഥമൂലം വിദ്യാർത്ഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായ സംഭവത്തിൽ പ്രതിഷേധം.കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥി എം. നിഹാദിനാണ് പരീക്ഷക്കുള്ള അവസരം നഷ്ടമായത്. ഇതോടെ വിദ്യാർത്ഥിക്ക് ഒരു അധ്യയന വര്‍ഷം നഷ്ടമാകുന്ന സ്ഥിതിയായി. സംഭവത്തില്‍ സ്കൂളിന് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാര്‍ഥിക്ക് സേ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുക, കൃത്യവിലോപം കാട്ടിയ പ്രധാനാധ്യാപകനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സേ പരീക്ഷക്ക് ആവശ്യമായുള്ള ഫീസടക്കം നിഹാദ് ട്രഷറിയില്‍ അടച്ചിരുന്നു.ഇതിന്റെ രസീത് അടക്കം നേരത്തെ സ്കൂളില്‍ ഹാജരാക്കി. എന്നാല്‍, പരീക്ഷക്ക് ആവശ്യമായ തുടര്‍ നടപടികള്‍ പ്രധാനധ്യാപകന്‍ കൈക്കൊള്ളാത്തതിനാല്‍ നിഹാദിന് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. സംഭവത്തില്‍ യൂത്ത് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. നേരത്തെ വിദ്യാര്‍ഥിയും രക്ഷിതാവും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
പത്തനംതിട്ട:സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ്(55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കബറടക്കം വെള്ളിയാഴ്ച തന്നെ നടക്കും. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.കാഴ്ച, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. പ്രമുഖ കാറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ്. ടെലിവിഷൻ കുക്കറി ഷോകളിലൂടെയാണ് നൗഷാദ് മലയാളികൾക്ക് സുപരിചിതനാകുന്നത്.കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവായി തുടക്കമിടുന്നത്. ഭാര്യ: പരേതയായ ഷീബ, മകൾ: നഷ്‌വ
കാബൂൾ വിമാനാത്താവളത്തിനു സമീപം ചാവേർ ആക്രമണം;73 മരണം; കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സേനാംഗങ്ങളും
കാബൂള്‍: രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 73 മരണം.കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സേനാംഗങ്ങളും ഉള്‍പെടുന്നു. 140 ലേറെ പേര്‍ക്ക് പരുക്കേറ്റു.വ്യാഴാഴ്ച വൈകീട്ട് വിമാനത്താവള കവാടത്തിനരികിലാണ് സ്‌ഫോടനം നടന്നത്. 60 സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കല്‍ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. 15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റതായും പെന്റഗണ്‍ പറയുന്നു.സ്‌ഫോടനത്തിനുപിന്നില്‍ ഐ.എസ് ആണെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ബി.ബി.സിയും റിപ്പോര്‍ട്ടു ചെയ്തു.യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ തിരക്കിനിടയില്‍ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകള്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പു വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചാവേര്‍ ആക്രമണമെന്ന് സംശയിക്കുന്ന ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. താലിബാന്‍ സേനാംഗങ്ങള്‍ക്കും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളം അമേരിക്കന്‍ സേനയും പുറത്ത് താലിബാനുമാണ് നിയന്ത്രിക്കുന്നത്.
സംസ്ഥാനത്ത് വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു;35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നും;സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം:സംസ്ഥാനത്ത് വീടുകളില്‍ കോവിഡ് വ്യാപനം വർധിക്കുന്നതായി പഠനറിപ്പോർട്ട്. 35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനം സൂചിപ്പിക്കുന്നത്.ഇതുകൊണ്ടുതന്നെ എല്ലാവരും സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.വീടുകളിലെ കൊറോണ വ്യാപനം കുറയ്‌ക്കുന്നതിന് വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ:
* ശരിയായി മാസ്‌ക് ധരിക്കുക
* രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക
*സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്‌ക്കിടയ്‌ക്ക് കൈ വൃത്തിയാക്കുക
* കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണിൽ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കോവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.
* പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തുക.
* രോഗിയുമായി നേരിട്ട് സമ്പർക്ക പട്ടികയിലുള്ളവർ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
* കടകളിൽ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.
* മുതിർന്ന പൗരന്മാർ റിവേഴ്സ് ക്വാറന്റൈൻ പാലിക്കണം.
* ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകൾ ആശാ വർക്കർമാർ വഴി വീടുകളിലെത്തിക്കുന്നു.
* ഈ ദിവസങ്ങളിൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ പോകുന്നത് ഒഴിവാക്കുക. ആരിൽ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.
* വീടുകളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദർശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
* ഓഫീസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
* പരിശോധനയ്‌ക്ക് സാമ്പിൾ അയച്ചാൽ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ കഴിയുക.
* പരിശോധനയ്‌ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദർശിക്കരുത്.
* അനുബന്ധ രോഗമുള്ളവർ സ്വയം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
* അടച്ചിട്ട സ്ഥലങ്ങൾ കൊറോണ വ്യാപനത്തിന് കാരണമാണ്. അതിനാൽ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.
* ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്ന് 30,007 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;162 മരണം; ടിപിആർ 18.03 ശതമാനം;18,997 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,007 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂർ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂർ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസർഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3810, കോഴിക്കോട് 3425, തൃശൂർ 3134, മലപ്പുറം 2877, കൊല്ലം 2608, പാലക്കാട് 1548, തിരുവനന്തപുരം 1890, കോട്ടയം 1848, കണ്ണൂർ 1825, ആലപ്പുഴ 1705, പത്തനംതിട്ട 1357, വയനാട് 1141, ഇടുക്കി 889, കാസർഗോഡ് 593 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, വയനാട് 14, കാസർഗോഡ് 13, പാലക്കാട് 11, തൃശൂർ 10, കൊല്ലം 8, പത്തനംതിട്ട 7, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂർ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂർ 1341, കാസർഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 68 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 346 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു
കൊച്ചി:ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ വീട്ടിൽ കുഞ്ഞുമോന്റെയും ഉഷയുടെയും മകൻ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയിൽ വെച്ചാണ് കോവിഡ് ബാധിച്ച് വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും മരിച്ചത്. ഇതിനുശേഷം വിഷ്ണു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇന്നു രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വൈകിയതോടെ വീട്ടുകാർ കിടപ്പ് മുറിയുടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു. എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാൻ ഇരിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാൽ തൊട്ടടുത്ത ദിവസം അതീവ ഗുരുതരാവസ്ഥയിലായ ഗാഥയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുഞ്ഞും മരിച്ചു. ഇതേത്തുടർന്ന് വിഷ്ണു നാട്ടിലേക്ക് വരികയായിരുന്നു.
മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം;പ്രതികളെ കണ്ടെത്താനാവാതെ പോലീസ്
മൈസൂരു: മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല.പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത് .ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച് എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് . ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ചാമുണ്ഡി ഹില്‍സിലേയ്ക്കുള്ള വിജനമായ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരുവരും . ഒറ്റയ്ക്കാണെന്ന് കണ്ട് അഞ്ചംഗ സംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ മുങ്ങി . ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. അവശതയില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി .
മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട വിവാദം;മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടത്തെ സസ്പെന്‍ഡ് ചെയ്ത് 24 ന്യൂസ്
കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരെ നടപടി സ്വീകരിച്ച് 24 ന്യൂസ്.ദീപക്കിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ആയി പ്രവർത്തിച്ചുവരികയായിരുന്നു ദീപക് ധർമടം.കേസിൽ ദീപക്കിന്‍റെ പങ്ക് വെളിപ്പെടുത്തിയുള്ള വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുമായുള്ള ദീപക്കിന്‍റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണ രേഖകളും ബുധനാഴ്ച്ച പുറത്തുവന്നിരുന്നു.കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകന്‍ ആയിരുന്ന എന്‍.ടി. സാജനും പ്രതികളും തമ്മില്‍ 86 തവണ സംസാരിച്ചതായും ഇതില്‍ തന്നെ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം 107 തവണ പ്രതികളെ വിളിച്ചതായും വനം വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാദ ഉത്തരവിന്റെ മറവിൽ മുട്ടിലിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. കെ സമീറിനെ കള്ളക്കേസിൽ കുടുക്കാനാണ് ദീപക് ഇടപെട്ടത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായും, സാജനുമായും ചേർന്ന് ഇതിനായി ദീപക് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരം മുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ സാജനും ആന്‍റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവും ഒരു സംഘമായി പ്രവര്‍ത്തിച്ചുവെന്നും ഗൂഢാലോചന നടന്നുവെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. വയനാട് മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്‍റെ പേരില്‍ കേസെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുൻപുള്ള മരംമുറിയിലാണ് എന്‍.ടി സാജന്‍ സമീറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്‍റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഫോണില്‍ സംസാരിച്ചു. മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ വിവരമനസുരിച്ച് സമീറിനെതിരെ കള്ളകേസ് എടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക 30% വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ.കേന്ദ്ര ധനകാര്യ വകപ്പ് മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ ഇഎഎസ്ഇ 4.0 ലോഞ്ച് ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.ഇതോടെ പെൻഷൻ തുക 9384 രൂപയിൽ നിന്ന് 30000-35000 രൂപവരെ ആയി ഉയരും. ഈ മാസം മുതൽ ബാങ്ക് ജീവനക്കാരുടെ ശമ്പളവും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ തുകയിലെ ഈ വർദ്ധനവ്.പെൻഷൻ വർദ്ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർദ്ധിപ്പിക്കും. കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തെതുടർന്നാണീ വർദ്ധനവ്. ഇതോടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആഴ്ചകള്‍ കൂടി തുടരും; പ്രതിദിന രോഗികളുടെ എണ്ണം നാല്പത്തിനായിരത്തിന് മുകളിലെത്തുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആഴ്ചകള്‍ കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഓണത്തിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകളാണ് നിലവിലുള്ള കോവിഡ് വ്യാപനത്തിന് കാരണം. പ്രതിദിന രോഗികളുടെ എണ്ണം നാല്പത്തിനായിരത്തിന് മുകളിലെത്തുമെന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്ന് അറിയാമായിരുന്നുവെന്ന് ഐ.എം.എയുടെ സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ.സുല്‍ഫി നൂഹ് പറഞ്ഞു.എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറവാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആരോഗ്യമേഖല സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം 30,000ത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും നിലവില്‍ കേരളത്തിലാണ്.