സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടൽ; പ്രതിഷേധവുമായി സംഘടനകൾ

keralanews giving mark to secretariat officials organizations with protest

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് അവരുടെ കാര്യക്ഷമതയ്‌ക്കനുസരിച്ച് മാർക്കിടാൻ ഉള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘടനകൾ. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു പുതിയ തീരുമാനം. പുതിയ തീരുമാനം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമുയർന്നത്.സെക്രട്ടേറിയറ്റിൽ നിന്നു മറ്റു സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടുക,അതിന്റെ പേരിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയ്‌ക്കെതിരെയാണ് സംഘടന പ്രതിനിധികൾ പ്രതിഷേധമുയർത്തിയത്.സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയമായതിനെ തുടർന്ന് പുതിയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താനായി ഒന്ന് മുതൽ പത്ത് വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കുള്ള മാറ്റം,ഓരോ വകുപ്പിലും നിശ്ചിത കാലത്തെ നിർബന്ധിത സേവനം, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുളളവർ ഒരു വകുപ്പിൽ കുറഞ്ഞത് രണ്ട് വർഷം ഉണ്ടായിരിക്കണം,മൂന്ന് വർഷത്തിന് ശേഷം മറ്റൊരു വകുപ്പിലേക്കുള്ള നിർബന്ധിത മാറ്റം തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് ഭരണപരിഷ്‌കാര കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കമ്മീഷൻ മുന്നോട്ട് വച്ച പരിഷ്‌ക്കാരങ്ങൾ പലതും പ്രായോഗികമല്ലെന്ന അഭിപ്രായമാണ് ജീവനക്കാർക്കുള്ളത്.

കോവിഡ് നിയന്ത്രണം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകനയോഗം ഇന്ന്

keralanews covid control review meeting chaired by cm today

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം ചേരുന്നത്. ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരണോ, രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ എന്നീ കാര്യങ്ങളില്‍ ഇന്ന് ചേരുന്ന യോഗം തീരുമാനമെടുക്കും. നിലവിലെ കോവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുത്തണോ എന്നതും യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പോലുള്ള നടപടികൾ ഏർപ്പെടുത്തുന്നത് സാമ്പത്തിക മേഖലയിൽ അടക്കം ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. സമൂഹിക പ്രതിരോധ ശേഷി നേടി സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരാൻ കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പരിശോധിക്കാനുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതും യോഗത്തിലുയര്‍ന്നേക്കും. രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട സമിതിയെ രൂപീകരിക്കും. വാര്‍ഡ് തല സമിതിയെ സജീവമാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

keralanews supreme court stayed plus one examination which was scheduled to begin on monday in the state

ന്യൂഡല്‍ഹി : സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ എം  ഖാന്‍വിക്കർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചത്തേക്കാണ് ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷകൾ സ്റ്റേ ചെയ്തത്. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.കേരളത്തിലെ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് പരീക്ഷകൾ സ്റ്റേ ചെയ്തിരിക്കുന്നത്. എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയത് . കേരളത്തിലെ ടിപിആർ പതിനഞ്ച് ശതമാനത്തിന് മുകളിൽ തുടരുകയാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സെപ്തംബര്‍ 5 മുതല്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത 2mbps​ ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത്​ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

keralanews telecom regulatory authority of india recommends setting a minimum download speed of 2mbps for broadband connections

ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത നിലവിലുള്ള 512 കെബിപിഎസ് പരിധിയില്‍ നിന്ന് രണ്ട് എംബിപിഎസ് ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ചില അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പോലും പ്രവര്‍ത്തിപ്പിക്കുന്നതിന് 512Kbps അപര്യാപ്തമാണെന്നും ട്രായ് പറഞ്ഞു.കണക്ഷനുകള്‍ രണ്ട് എംബിപിഎസ് മുതല്‍ 30 എംബിപിഎസ് വരെയുള്ളത് ബേസിക്, 30 മുതല്‍ 100 എംബിപിഎസ് വരെയുള്ളത് ഹൈ സ്പീഡ്, 100 എംബിപിഎസ് മുതൽ 1Gbps വരെയുള്ളത്  അൾട്രാ ഹൈ സ്പീഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും ട്രായ് സര്‍ക്കാരിനോട് അഭിപ്രായപ്പെട്ടു.രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ട്രായ് 298 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ പൗരന്‍മാരുടെയും അടിയന്തര ആവശ്യമാണെന്ന് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവേഗ ഇന്റർനെറ്റ് സേവനം നല്‍കുന്നതിനായി സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ പോലുള്ളവ നല്‍കണമെന്നും ട്രായ് ശുപാര്‍ശ ചെയ്യുന്നുണ്ട്.അതോടൊപ്പം പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഗ്രാമീണ മേഖലകളില്‍ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം പരമാവധി 200 രൂപ എന്ന നിലയില്‍ സഹായം നല്‍കണമെന്നാണ് പറയുന്നത്.

സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണം; പ്രവൃത്തി ദിനം 5 ആക്കി കുറയ്ക്കണം; ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ

keralanews raise retirement age of government employees to 57 working day should be reduced to 5 recommendation of pay revision commossion

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്ന് 57 ആക്കി ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ആക്കി കുറച്ച്‌ ജോലി സമയം ദീര്‍ഘിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. നിലവില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് ജീവനക്കാരുടെ ജോലി സമയം. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. ശനിയാഴ്ചയിലെ പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം.നിലവിലെ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം മാറി മാറി നല്‍കണം. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുക. സാധാരണക്കാരന്റെ പ്രശ്‌നം ഉള്‍ക്കൊള്ളാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറണം. പിഎസ്സി നിയമനങ്ങള്‍ കാര്യക്ഷമമാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടതെന്നും ശുപാര്‍ശയില്‍ പറയുന്നു.

ഇടുക്കിയില്‍ കമിതാക്കള്‍ കൈ ഞരമ്പ് മുറിച്ച്‌ കൊക്കയിലേക്ക് ചാടി;യുവാവ് മരിച്ചു; യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

keralanews lovers cut veins and jumped into valley man died girl hospitalised

ഇടുക്കി: മറയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി ബാദുഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു.ബാദുഷ യും മറയൂര്‍ ജയ്മാത പബ്ലിക് സ്‌കൂളിലെ അധ്യാപികയായ യുവതിയുമാണ് കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യൂപോയിന്റില്‍ സന്ദര്‍ശനത്തിനെത്തിയ മറ്റ് സഞ്ചാരികളാണ് യുവതിയെ കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കൊക്കയില്‍ നിന്നും യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈലില്‍ നിന്നും തങ്ങള്‍ പ്രണയത്തിലാണെന്നും ജീവിയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ മരിക്കുകയാണെന്നുമുള്ള വീഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. മറയൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്, കമിതാക്കള്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ എത്തിയത്. യുവതിയുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

കോവിഡ് പ്രതിരോധം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ഇന്ന്

keralanews covid resistance meeting chaired by cm with local body representatives today

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ഇന്ന്.വൈകിട്ട് നാലുമണിക്കാണ് യോഗം ചേരുക.296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, റവന്യു മന്ത്രി കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.  തദ്ദേശസ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനിലെ പുരോഗതിയും യോഗം വിലയിരുത്തും. വാക്‌സിന്‍ നല്‍കിയതിന്റെ കണക്ക് തദ്ദേശസ്ഥാപനങ്ങളുടെ കൈയില്‍ വേണമെന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അറുപതിന് മുകളില്‍ പ്രായമുള്ളവരില്‍ ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലെ പുരോഗതിയും യോഗം ചര്‍ച്ചചെയ്യും.സെപ്തംബര്‍ അഞ്ചിന് മുന്‍പ് എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുക കൂടിയാണ് യോഗത്തിന്റെ ലക്ഷ്യം.

കണ്ണൂരിൽ ഭര്‍തൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

keralanews husband arrested in the incident of wife comitted suicide in kannur

കണ്ണൂർ: ഭര്‍തൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ ആണ് ആത്മഹത്യ ചെയ്തത്.ഭര്‍ത്താവ് വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് പൊലീസ് നടപടി.ഒന്നരവര്‍ഷം മുൻപാണ് സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു.ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സുനീഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു .ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച്‌ വൈകീട്ട് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച്‌ പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.സുനീഷ മരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്ത് വന്നിട്ടും വിജീഷിന്റെ അറസ്റ്റ് വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കളിക്കുന്നതിനിടെ ഫ്രിഡ്ജിനു പിന്നിൽ ഒളിച്ചിരുന്നു;ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

keralanews hiding behind a fridge while playing one and a half year old child died of electric shock

കോട്ടയം : വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫ്രിഡ്ജിനു പുറകിൽ ഒളിച്ചിരുന്ന ഒന്നരവയസ്സുകാരിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ റൂത്ത് മറിയമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സമീപത്തെ വീട്ടിലെ കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെയാണ് കുട്ടിയ്‌ക്ക് ഷോക്കേറ്റത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം; 188 മരണം;21,634 പേര്‍ക്ക് രോഗമുക്തി

keralanews 32097 covid cases confirmed in the state today 188 deaths 21634 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂര്‍ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസര്‍ഗോഡ് 547 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂര്‍ 15 വീതം, കൊല്ലം, വയനാട് 14 വീതം, പത്തനംതിട്ട 13, കാസര്‍ഗോഡ് 7, കോട്ടയം, എറണാകുളം 6 വീതം, തൃശൂര്‍ 3, ആലപ്പുഴ, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂര്‍ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂര്‍ 1855, കാസര്‍ഗോഡ് 331 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.