
മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ വർധിപ്പിച്ചു

മധ്യപ്രദേശ്: മുലയൂട്ടുന്ന കുട്ടികളുമായി അമ്മമാരുടെ ബസ് യാത്ര മിക്കപ്പോഴും ദുരിതപൂർണ്ണമാണ്. ഇടയ്ക്ക് കുഞ്ഞിന് പാൽ നൽകേണ്ടി വന്നാൽ തുറിച്ചു നോട്ടങ്ങളും കമ്മന്റുകളും അവൾക്കു ചുറ്റും ഉണ്ടാകും. ഇതിനു ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. അമ്മയുടെ സ്വകാര്യത ഉറപ്പുവരുത്താനായി മൂന്ന് വശത്തു നിന്നും കർട്ടൻ കൊണ്ട് മറച്ച സീറ്റാണ് ഇതിനായി ബസിൽ ഒരുക്കിയിരിക്കുന്നത്. സർക്കാർ ബസുകൾക്കു പുറമെ സ്വകാര്യ ബസുകളിലും ഇത് നടപ്പിലാക്കും. ഇത് സംബന്ധിച്ഛ് ബസുടമകൾക്ക് നിർദേശം നൽകിയതായി ഭുപേന്ദ്ര സിംഗ് അറിയിച്ചു.
സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങളിൽ മറ്റേർണിറ്റി സീറ്റ് എന്ന ഈ സംവിധാനം വളരെക്കാലം മുൻപേ നടപ്പിലാക്കിയതാണ്.
ആറളം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ഛ് ആറളം ഫാം ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. സമരം തീർക്കാൻ മാനേജ്‌മന്റ് ഇടപെടണമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരം കളക്ടറേറ്റിലേക്ക് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിനോയ് കുരിയൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാപ്രസിഡന്റ് വി ശശീന്ദ്രൻ, കെ ടി ജോസ് എന്നിവർ സംസാരിച്ചു.
പ്രകടനമായി എത്തിയാണ് തൊഴിലാളികളും ജീവനക്കാരും സമരം ആരംഭിച്ചത് .ഫാമിൽ ജോലിചെയ്യുന്ന 537 തൊഴിലാളികളിൽ 21 പേര് ജീവനക്കാരും 32 പേര് കരാർ ജീവനക്കാരും 304 സ്ഥിരം തൊഴിലാളികളും 180 താത്ക്കാലിക തൊഴിലാളികളുമാണ്. ഇതിൽ 308 പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
ഇരിട്ടി: കാക്കയങ്ങാട് കുരാട്ടിൽ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി പി എം പ്രവർത്തകർ സഞ്ചരിച്ച കാറിനു നേരെ ബോംബേറ്. ഇന്നലെ പുലർച്ചെയാണ് സംഭവം. കാറിൽ നാലുപേർ ഉണ്ടായിരുന്നു. സംഭവത്തിൽ പരിക്കേറ്റ മൂന്നു പേരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബി ജെ പി പ്രവർത്തകൻ ഉമേഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുപുഴ: കുറഞ്ഞ ചെലവില്‍ കൃഷിചെയ്ത് പൊന്നുവിളയിക്കുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. പാട്ടത്തിനെടുത്ത 40 സെന്റില്‍ പാവയ്ക്ക കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് ഈ കര്‍ഷകന്‍. തിരുമേനി മുതുവത്തെ വെളിയത്ത് ജോണ്‍സണാണ് കുറഞ്ഞ ചെലവില്‍ കൃഷി ചെയ്ത് വലിയ നേട്ടമുണ്ടാക്കുന്നത്. ഭാര്യയായ മഞ്ജുവിന്റെ സഹായവും ഇദ്ദേഹത്തിനുണ്ട്
പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഒറ്റയ്ക്കു തന്നെയാണ് കൃഷിയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും ഇദ്ദേഹം ചെയ്യുന്നത്. ഇതിനു പുറമെ മികച്ച ക്ഷീര കര്‍ഷകന്‍ കൂടിയാണ് ജോണ്‍സണ്‍. നാല് പശുക്കള്‍ ഉള്ള ജോണ്‍സണ്‍ കൃഷിയ്ക്കുള്ള വളവും ഇവയില്‍ നിന്നാണ് കണ്ടെത്തുന്നത്. കൂടാതെ എല്ലുപൊടി, കടലപ്പിണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, കോഴിവളം എന്നിവയും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്.
മയ്യിൽ: നാടക പ്രവർത്തകരായ ജിജു ഒറപ്പടി യും വിജേഷ് കൈലാസും മുടി നീട്ടി വളർത്താൻ തുടങ്ങിയപ്പോൾ ആർക്കും അത്ര പുതുമയൊന്നും തോന്നിയിരുന്നില്ല. കലാകാരന്മാരുടെ കാര്യത്തിൽ അതൊരു പതിവ് കാഴ്ചയാണല്ലോ. എന്നാൽ കഴിഞ്ഞ ദിവസം ഒറപ്പടി കലാകൂട്ടായ്മയുടെ കളിവട്ടം പാഠശാല ഒരുക്കിയ ചടങ്ങിൽ പെൺമുടിയുടെ ലക്ഷ്യമെന്തെന്നു ഇരുവരും പ്രഖ്യാപിച്ചപ്പോൾ സദസ്സിലും ആ നന്മയുടെ വെളിച്ചം വീശി. “അർബുദരോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി തലമുടി ദാനം ചെയ്യുന്ന പദ്ധതിക്ക് ഈ നാട്ടിലും തുടക്കമിടണമെന്നു ഞങ്ങൾക്കും തോന്നി. സ്വയം വഴികാണിക്കാനും തീരുമാനിച്ചു. ദാനം ചെയ്യാൻ മുടിക്ക് 17 ഇഞ്ച് നീളമെങ്കിലും വേണമെന്നുണ്ട്. ആ നീളമെത്തിയതോടെയാണ് ഇവിടെ വെച്ച് മുടി മുറിച്ചു ദാനം ചെയ്യുന്നത്”.
അതുകേട്ടതും സദസ്സിൽ കൈയടിയുടെ പെരുമഴയായി. മുടിദാന പദ്ധതിയുടെ ഉദ്‌ഘാടനം സാമൂഹിക പ്രവർത്തക നിഷ ജോസ് നിർവഹിച്ചു. പിറകെ വേദിയിൽ നിന്ന് ചോദ്യമുയർന്നു. മുടി ദാനം ചെയ്യാൻ തയ്യാറുള്ളവർ ആരെങ്കിലുമുണ്ടോ…?. ആദ്യമെത്തിയത് ജിജു ഒറപ്പടിയുടെ ഭാര്യ ശിശിരയാണ്. പിന്നെ ബിന്ദു, പ്രകാശ് , വിദ്യാർത്ഥിനിയായ അനാമിക എന്നിവരും പതിനേഴ് ഇഞ്ചു നീളത്തിൽ മുടിനല്കി. ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷനായിരുന്നു. ജിജു ഒറപ്പടി സ്വാഗതവും മോഹൻ കാരകിൾ നന്ദിയും പറഞ്ഞു.
കണ്ണൂർ: കാഴ്ചയുടെ വസന്തമൊരുക്കി കണ്ണൂർ പുഷ്‌പോത്സവം- 2017 ന് നാളെ പോലീസ് മൈതാനിയിൽ തിരിതെളിയും. കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്. നാളെ വൈകിട് അഞ്ചിന് ജില്ലാ കളക്ടർ മിർ മുഹമ്മദലീയുടെ അധ്യക്ഷതയിൽ മന്ത്രി എൻ കെ ശശീന്ദ്രൻ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കും. ചലച്ചിത്ര-സീരിയൽ താരം ജയകൃഷ്ണൻ, കോർപറേഷൻ മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രവേശന ഫീസ് ഒരാൾക്ക് 30 രൂപയാണ് നാളെ രാവിലെ മുതൽ സന്ദർശകർക്കായി പുഷ്‌പോത്സവ നഗരി തുറന്നു കൊടുക്കും.
ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം പതിനഞ്ചായിരം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കുന്ന ഉദ്യാനമാണ്. പുണെ, ബംഗളുരു, മൈസൂർ, വയനാട്, മണ്ണുത്തി, ഗുണ്ടൽപേട്ട് തുടങ്ങിയ ഇടങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന പൂച്ചെടികളും പുല്തകിടികളും ഉപയോഗിച്ചാണ് ഉദ്യാന നിർമാണം. ഇതോടൊപ്പം വാട്ടർഷോയും ഉണ്ടായിരിക്കും. കൂടാതെ വിവിധ സ്റ്റാളുകൾ, പഴവര്ഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും വിത്തുകൾ, പൂച്ചട്ടികൾ, മൺ പാത്രങ്ങൾ എല്ലാം ഉണ്ട്. സന്ദര്ശകരുടെ സൗകര്യാർത്ഥം രുചികരമായ വിഭവങ്ങൾ ലഭ്യമാക്കാൻ ഫുഡ് കോർട്ടും സജീകരിച്ചിട്ടുണ്ട്.
പുഷ്‌പോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകളും വൈകുനേരങ്ങളിൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമേളനം ഈ മാസം 20 ന് വൈകിട് 6 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനം ജില്ലാ പോലീസ് മേധാവി കെ പി ഫിലിപ്പ് വിതരണം ചെയ്യും.
തലശ്ശേരി : ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനടുത്ത് കൂട്ടിയിട്ട മാലിന്യ കുമ്പാരത്തിനു തീ പിടിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ദന്തരോഗ വിഭാഗം ഓ പി യ്ക്ക് പിന്നിൽ തീ പടർന്നത്. തീ ആളി പടർന്നതിനെ തുടർന്ന് രോഗികളും ബന്ധുക്കളും പരിഭ്രാന്തരാവുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിൽ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണം എന്ന് പറയപ്പെടുന്നു.
സീറോവേസ്റ്റ് നഗരസഭ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിന് കീഴിലുള്ള മലബാറിലെ ഏറ്റവും വലിയ ജനറൽ ആശുപത്രി പരിസരം മിക്കപ്പോഴും മാലിന്യങ്ങളാൽ നിറയുകയാണ്.
മുംബൈ : നടപ്പു സാമ്പത്തിക വർഷത്തെ അവസാനത്തെ വായ്‌പ്പാ നയ അവലോകനത്തിൽ റിസേർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തിൽ തന്നെ നിലനിർത്തി.
ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ഓടെ പൂർണമായും ഒഴിവാക്കും
രണ്ടു ഘട്ടമായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. ഫെബ്രുവരി മുതൽ ആഴ്ചയിൽ 24,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തുമെന്നും ആർ ബി ഐ വ്യക്തമാക്കി.
ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തിൽ അടിസ്ഥാന നിരക്കുകളിൽ കാൽ ശതമാനമെങ്കിലും കുറവുവരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ നിരക്കുകൾ അതേപടി നിലനിർത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് ആർ ബി ഐ മുതിർന്നത്.
റിസേർവ് ബാങ്ക് നിരക്ക് കുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിന് ശേഷം മിക്ക ബാങ്കുകളും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെ തുടർന്ന് ഒരു മാസത്തിനിടെ ഒരു ശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തിൽ വീണ്ടും നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നു ആർ ബി ഐ സമിതി തീരുമാനിക്കുകയായിരുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും നിക്ഷേപം വർധിച്ചതും നിരക്ക് കുറയ്ക്കാൻ ആർ ബി ഐ യെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധരുടെപ്രതീക്ഷ.
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ 29 ദിവസം നീണ്ടുനിന്ന സമരം അവസാനിച്ചു. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി. ഇപ്പോഴെടുത്ത തീരുമാനങ്ങളില്‍നിന്ന് മാനേജ്മെന്റ് പിന്‍മാറിയാല്‍ സര്‍ക്കാര്‍ ഇടപെടും. ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി പ്രതിനിധികൾ, സിപിഐ നേതാക്കളായ വി.എസ് സുനില്‍ കുമാർ, പന്ന്യൻ രവീന്ദ്രൻ , എഐഎസ്എഫ്, കെ.എസ്.യു, എംഎസ്എഫ്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികൾ, എസ്എഫ്‌ഐ പ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ടു പോകണമെന്ന് വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു.
ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ ചർച്ചയിൽ ഉണ്ടായില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്.
യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി. ലോ അക്കാദമിയില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് മാനേജ്‌മെന്റ് ഇന്നത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഫെബ്രുവരി 18 ന് മുഖാമുഖം നടക്കുമെന്നും വ്യക്തമാക്കിയിരുന്നു.ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ഥി സമരം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ അക്രമാസക്തമാകുകയും ആത്മഹത്യാ ഭീഷണി അടക്കമുള്ളവയിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ വിഷയത്തില്‍ ഇടപെട്ടത്.മാനേജ്‌മെന്റിന്റെ തീരുമാനം വിദ്യാര്‍ഥികളുടെ സമരത്തിന്റെ വിജയമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.