തിരുവനന്തപുരം : ലോ അക്കാദമി സൊസൈറ്റിയുടെ നിയമാവലിയും രെജിസ്ട്രേഷനും അന്വേഷിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. ഏറെ നാളായി മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തുകിടന്ന ഫയലിനാണ് അനുമതി ലഭിച്ചത്. സർക്കാർ പ്രതിനിധികൾകുടി അംഗങ്ങളായിരുന്ന സൊസൈറ്റിയിൽ നിന്ന് പിന്നീട് അവരെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപെടുത്തിയതും കണ്ടെത്തിയിരുന്നു.
പാചകവാതക വില വർധിപ്പിച്ചു
ന്യൂഡൽഹി: സബ്സിടിയോടു കൂടിയ ഗാർഹിക ഗ്യാസ് സിലിണ്ടറിന് 85 .50 രൂപ വർധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്തതിന് 90 രൂപയും വാണിജ്യ സിലിണ്ടറിന് 148 .50 രൂപയും വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ 2017 -18 ലേക്കുള്ള പൊതുബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പും വില കൂട്ടിയിരുന്നു. അന്ന് സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69 .50 രൂപയും സബ്സിടിയുള്ള സിലിണ്ടറിന് 65 .91 രൂപയും ആയിരുന്നു വർധിപ്പിച്ചത്.
തമിഴ് നാട്ടിലെ കടകളിൽ ഇന്നുമുതൽ പെപ്സി, കൊക്കക്കോള വില്പനയില്ല
ചെന്നൈ : ഇന്ന് മുതൽ തമിഴ്നാട്ടിൽ കടകളിൽ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങൾ വിൽക്കില്ല. തമിഴ്‌നാട് വനികർ കോട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്സി ഉത്പന്നങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയത്. സംഘടനയിൽ അംഗങ്ങളായ വ്യാപാരികളോട് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങൾ മാർച്ച് ഒന്നുമുതൽ കടകളിൽ വില്പന നടത്തരുതെന്ന് നേരത്തെ ഇവർ നിർദേശം നൽകിയിരുന്നു. ഈ സംഘടനയിൽ പതിനഞ്ചു ലക്ഷം വ്യാപാരികൾ അംഗങ്ങളാണ്.
കടുത്ത വരൾച്ച മൂലം കർഷകർ ദുരിതത്തിൽ കഴിയുമ്പോൾ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങൾ ഉല്പാദിപ്പിക്കുന്നത് തടയുക എന്ന ലക്‌ഷ്യം കുടി ഇതിനു പിന്നിൽ ഉണ്ട്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
കലാലയ അക്രമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും; ഡി വൈ ഫ് ഐ
കോഴിക്കോട് :കലാലയങ്ങളിൽ അരങ്ങേറുന്ന അക്രമങ്ങൾക്കെതിരെ മാർച്ച് ആറു മുതൽ പത്തു വരെ രാജ്യമെമ്പാടും ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടായിസം പ്രതിരോധിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യം ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരും. ഇതിനെതിരെയുള്ള പ്രതിഷേധമെന്നോണമാണ് ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമയാണെന്ന വിവാദ ആരോപണവുമായി ഡൊണാൾഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ് ആരോപിച്ചു. മെക്‌സിക്കോ,ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ രാഷ്ട്ര തലവന്‍മാരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ട്രംപ് പറഞ്ഞു .
അമ്മയുടെ മൃതദേഹം കണ്ട മകൾ ബാലികസദനത്തിലേക്ക് മടങ്ങി
കണ്ണൂർ: നാടുനീളെ പാട്ട പെറുക്കിയും ഭിക്ഷയാചിച്ചും തന്നെ പോറ്റാൻ പാടുപെട്ടിരുന്ന അമ്മയുടെ മൃതദേഹം ഒരുനോക്കു കണ്ടു മല്ലിക ബാലിക സദനത്തിലേക്ക് മടങ്ങി. മരണ വാർത്ത കേട്ടപ്പോഴും ചലനമറ്റ അമ്മയുടെ ശരീരം കണ്ടപ്പോഴും മല്ലികയ്ക് ഒരു മരവിപ്പ് മാത്രം. നാടോടിയായി ചുറ്റിത്തിരിഞ്ഞ മല്ലികയുടെ അമ്മ റാണിക് 2015 ജൂണിലാണ് ശ്രീകണ്ഠപുരം പാലത്തിനടിയിൽ വെച്ച് മാരകമായി പൊള്ളലേറ്റത്. പ്ലാസ്റ്റിക് ശേഖരിക്കാൻ പോയപ്പോൾ കത്തികൊണ്ടിരുന്ന മാലിന്യകൂമ്പാരത്തിലേക്ക് തളർന്നു വീഴുകയായിരുന്നു. മകളുടെ സുരക്ഷിതത്വമായിരുന്നു റാണിയ്ക്ക് എന്നും മുഖ്യം. അങ്ങനെയാണ് അവളെ ബാലികസദനത്തിലാക്കുന്നതും. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടുന്നതെല്ലാം ചെയ്യണം എന്നുള്ള ഒരപേക്ഷമാത്രമായിരുന്നു റാണിക്ക് ബാലികാസദനക്കാരോടുണ്ടായിരുന്നത്.. അവൾ പഠനത്തിലും പെരുമാറ്റത്തിലും മിടുക്കിയാണെന്നും അവളെ എത്ര വേണേലും പറ്റിപ്പിക്കാൻ തയാറാണെന്നും ബാലിക സദനത്തിന്റെ അധികൃതർ പറഞ്ഞു.
തളരാതെ ആത്മവിശ്വാസത്തോടെ ജീവിക്കുക; മാതാ അമൃതാനന്ദമയി
തലശ്ശേരി : മാതാ അമൃതാനന്ദ മയി കണ്ണൂരിൽ . തലശ്ശേരി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്ന അമ്മയുടെ വാക്കുകൾ ഇപ്രകാരമാണ്. ” തളരാതെ ആത്മവിശ്വാസത്തോടെ ജീവിക്കുക, പകയും വിദ്വേഷവും മാറ്റിവെക്കുക, ക്ഷമയാണ് ഏറ്റവും വലിയ ശക്തി, സ്നേഹം കൊടുക്കുന്നവനാണ് വാങ്ങുന്നവനെക്കാൾ സന്തോഷം, സ്നേഹമില്ലെങ്കിൽ ജീവിതമില്ല, കുടുംബ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ആവശ്യമാണ്, ഒരു നേരമെങ്കിലും അച്ഛനും അമ്മയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം “, എന്നിങ്ങനെ നീണ്ടുപോകുന്നു അമ്മയുടെ അഭിപ്രായങ്ങൾ. അമൃത സ്വാശ്രയ സംഘങ്ങൾക്കുള്ള വസ്ത്രവിതരണം ചടങ്ങിൽ നിർവഹിച്ചു. സംഘാടക സമിതിക്കു വേണ്ടി ഡോ: കെ കെ രാമകൃഷ്ണൻ, പുലിക്കോടൻ നാരായണൻ എന്നിവർ ഹാരാർപ്പണം നടത്തി.
ആർ എസ് എസ് തീരുമാനിച്ചാൽ മുഖ്യമന്ത്രി കേരളത്തിന് വെളിയിൽ ഇറങ്ങില്ല; ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : ആർ എസ് എസ് തീരുമാനിച്ചാൽ മുഖ്യമന്തിയ്ക്ക് കേരളത്തിന് അകത്തും പുറത്തും ഇറങ്ങി നടക്കാൻ കഴിയില്ലെന്ന് വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ. വേണ്ടിവന്നാൽ ജനാധിപത്യപരമായ രീതിയിൽ സി പി എം നു ശവപ്പെട്ടി ഒരുക്കുമെന്നും അവർ കൂട്ടിച്ചർത്തു.
കഴിഞ്ഞ ദിവസം മംഗലാപുരത്തു നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ തടയുമെന്നു പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം ആർ എസ് എസ് അതിൽനിന്നു പിന്മാറുകയായിരുന്നു. ഇതിനെ തുടർന്ന് പിണറായിയുടെ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസ്; സിംകാർഡും മെമ്മറി കാർഡും കണ്ടെടുത്തു
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സുനിയുടെ അമ്പലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും സിം കാർഡും മെമ്മറി കാർഡും കണ്ടെടുത്തു. സുഹൃത്ത് മനുവിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സുനിയുടെ ഫാമിലി ഫ്രണ്ട് ആണ് മനു എന്നും അയാളുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു എന്നും സുനി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നത്.
അതേസമയം താൻ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിനു താഴെയുള്ള കായലിൽ വലിച്ചെറിഞ്ഞു എന്ന് സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാവികസേനാ മുങ്ങൽ വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തുകയാണ്.
എലിസബത് രാഞ്ജിയുടെ ശ്രദ്ധ പിടിച്ചു പറ്റി സുരേഷ്‌ഗോപിയുടെ കോട്ട്
ലണ്ടൺ : ഇന്ത്യയുടെ സാംസ്‌കാരിക വാർഷികാചരണത്തിൽ ഇന്ത്യൻ സംഘത്തിലെ സാന്നിധ്യമായിരുന്ന സുരേഷ് ഗോപിയുടെ കോട്ട് നന്നായിരിക്കുന്നു എന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു. സുരേഷ്ഗോപിയ്ക്കൊപ്പം കമലഹാസനും പരിപാടിയിൽ പങ്കെടുത്തു. അരുൺ ജെയ്‌റ്റിലിയുടെ നേതൃത്വത്തിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയ ഇവർക്ക് എലിസബത്ത് രാജ്ഞിയുമൊത്തു ഒരു പ്രത്യേക കൂടികാഴ്ചയ്ക് അവസരം ലഭിച്ചു. ഈ അവസരത്തിലാണ് സുരേഷ്‌ഗോപിയുടെ കോട്ട് നന്നായിരിക്കുന്നു എന്ന് രാജ്ഞി പറഞ്ഞത്. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്.