ലഖ്‌നൗ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന താക്കുർഗേജ്ജ് മേഖലയിൽ 10 മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ് അവസാനിച്ചു. ഒഴിഞ്ഞ വീട്ടിനുള്ളിൽ കയറിയ തീവ്രവാദി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾ കൊല്ലപ്പെട്ടു. ഇയാൾക്കു ഐ എസുമായി ബന്ധമുണ്ടെന്നാണ് സൂചന. വധിക്കപ്പെട്ട ആളുടെ പേര് സെയ്‌ഫുല്ല എന്നാണെന്നു പോലീസ് അറിയിച്ചു. ഭോപ്പാൽ ട്രെയിൻ ദുരന്തത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇയാളിൽ നിന്ന് തോക്ക്, കത്തി എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട് 3 30 നു ആരംഭിച്ച ഏറ്റുമുട്ടൽ ബുധനാഴ്ച പുലർച്ചെ മുന്ന് മണിക്കാണ് അവസാനിച്ചത്.
സാഹസിക അവാർഡ്; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡിന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷേണിച്ചു. സംസ്ഥാന സർക്കാരിന്റെ യുവജന കാര്യാ വകുപ്പുകളിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷകൻ നടത്തിയ സാഹസിക പ്രവർത്തനങ്ങളെ കുറിച്ചു ഇംഗ്ലീഷിൽ തയ്യാറാക്കിയ ലഘു വിവരണവും യോഗ്യത തെളിയിക്കുന്ന രേഖകളും കേന്ദ്ര യുവജന കാര്യാലയം നിർദ്ദേശിക്കുന്ന പ്രസ്തുത മാതൃകായോടൊപ്പം മാർച്ച് പതിനഞ്ചിനകം സമർപ്പിക്കണം. അഞ്ചു ലക്ഷം രൂപയും വെങ്കല സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷ മാതൃകയും മറ്റുവിവരങ്ങളും കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സാഹസിക അക്കാദമി ഓഫീസിൽ ലഭിക്കും.ഫോൺ :9895314639
ഗിന്നസ് റെക്കോർഡുമായി വൈക്കം വിജയലക്ഷ്മി
മരട് : ഗായത്രീവീണക്കച്ചേരിയുമായി സരോവരത്തില്‍ 51 ഗാനങ്ങള്‍ ലക്ഷ്യമിട്ട വിജയലക്ഷ്മി അതും പിന്നിട്ട് 67ല്‍ ആണ് തന്റെ കച്ചേരി അവസാനിപ്പിച്ചത്. ഇതോടെ ലോകറെക്കോര്‍ഡ് ലക്ഷ്യത്തില്‍ എത്തിയ സന്തോഷത്തിലാണ് ഗായിക വൈക്കം വിജയലക്ഷ്മി.രാവിലെ 10 മുതല്‍ മരടില്‍ ആരംഭിച്ച കച്ചേരിയില്‍ ഉച്ചവരെ ശാസ്ത്രീയ സംഗീതവും പിന്നെ വിവിധ ഭാഷ ചലച്ചിത്ര ഗാനങ്ങളുമാണ് അവതരിപ്പിച്ചത്.കാറ്റേ..കാറ്റേ,ഒറ്റയ്ക്ക് പാടും പൂങ്കൂയിലേ,പിന്നാലെ ഇപ്പോഴത്തെ സൂപ്പര്‍ഹീറ്റായ വീരത്തിലെ മേലേ മാണിക്യം..എന്നിങ്ങനെ ഒട്ടനവധി ഹിറ്റുകളിലൂടെ പ്രിയഗായികയായ വിജയലക്ഷ്മിയുടെ പുതിയ നേട്ടത്തില്‍ മലയാളികള്‍ക്ക് ഒന്നടങ്കം സന്തോഷിക്കാം
സ്ത്രീസുരക്ഷ പരിശീലനം
കണ്ണൂർ : ജില്ലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി പോലീസിന്റെ ആഭിമുഖ്യത്തിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള പരിശീലനമാണ് ഈ പരിപാടിയിലൂടെ നൽകുന്നത്. എട്ടു മുതൽ പത്രണ്ടുവരേയുള്ള തീയതികളിലാണ് പരിശീലനം നൽകുന്നത്. വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ്സുകളും നൽകും. താല്പര്യമുള്ള സ്ത്രീകളും പെൺകുട്ടികളും നാളെ രാവിലെ 9 30 നു കണ്ണൂർ ജില്ലാ പോലീസ് ഓഡിറ്റോറിയത്തിൽ എത്തണം ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റു സംഘടനകൾ എന്നിവർ വനിതാ സെല്ലുമായി ബന്ധപ്പെടണം. ഫോൺ : 0497 2713350, 94977987216.
കസ്‌തൂരിരംഗൻ റിപ്പോർട്ട്; കുടകിലെ 55 ഗ്രാമങ്ങൾ പരിസ്ഥിതി ലോലം
വീരാജ്പേട്ട: കേന്ദ്ര സർക്കാർ ഫെബ്രുവരി 27 നു പുറപ്പെടുവിച്ച കസ്‌തൂരിരംഗൻ റിപ്പോർട്ടിന്മേൽ കുടക് ജില്ലയിലെ 55 ജനവാസ ഗ്രാമങ്ങൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു. കുടകിലെ മിക്ക ഗ്രാമങ്ങളും പരിസ്ഥിതിലോല മേഖലയിൽ വരുന്നതിനാൽ കസ്തുരി രംഗൻ റിപ്പോർട്ടിൽ നിന്ന് കുടകിനെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞ വര്ഷം പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. വീരാജ്പേട്ടയിലെ കരടി റോഡ്, ചെന്നണക്കോട്ട, ദൈവമാക്കി, ആരക്കേറി, കെടമുള്ളൂർ തുടങ്ങിയ 55 ഗ്രാമങ്ങളെയാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഇത് തുടർ ദിവസങ്ങളിൽ പ്രക്ഷോഭത്തിലേക്ക് നയിച്ചേക്കും.
ബംഗളുരുവിൽ ഇന്ത്യയ്ക്ക് ജയം
ബംഗളുരു : ആസ്ട്രേലിയയ്‌ക്കെതിരെ ബംഗളുരുവിൽ നടന്ന ബോർഡർ ഗാവസ്‌കർ പരമ്പരയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ ജയം. 75 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ 188 എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ആസ്‌ട്രേലിയ 112 റൺസിന് പുറത്തായി. ഇതോടെ ഈ പരമ്പര 1 -1 എന്ന നിലയിലായി.
തലശ്ശേരി റെയിൽവേ ട്രാക്കിനു സമീപത്തു നിന്ന് 13 ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ: തലശ്ശേരി ടെംപിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 13 ബോംബുകൾ കണ്ടെടുത്തു. പത്തു ഐസ്ക്രീം ബോംബുകളും മുന്ന് സ്തീൽ ബോംബുകളുമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുന്നോലിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ന്യൂ മാഹി പൊലീസാണ് ബോംബുകൾ കണ്ടെടുത്തത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മോഹൻലാലിനൊപ്പം മത്സരിക്കാൻ ഇനി വിനായകനും. മികച്ച സിനിമയ്ക്കുള്ള അവസാന റൗണ്ടില്‍ ഒമ്പതു ചിത്രങ്ങളാണുള്ളത്. മഹേഷിന്റെ പ്രതികാരം, കാട് പൂക്കുന്ന നേരം, മാന്‍ഹോള്‍, പിന്നെയും, അയാള്‍ ശശി, ഗപ്പി, കിസ്മത്ത്, കമ്മട്ടിപ്പാടം, കറുത്ത ജൂതന്‍ എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരത്തിൽ മുൻനിരയിലുള്ളത്. മികച്ച ചിത്രത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.
വരൾച്ച നേരിടാൻ കൃത്രിമ മഴ പെയ്യിക്കുമെന്നു പിണറായി വിജയൻ
തിരുവനന്തപുരം: വേനൽ ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തെ കടുത്ത വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരൾച്ചയ്ക്ക് കാരണം സർക്കാർ അല്ലെന്നും എന്നാൽ വരൾച്ചയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും സർക്കാർ സഭയെ അറിയിച്ചു.
ഇ സേവനങ്ങൾ ജനകീയമാക്കാൻ കണ്ണൂരിൽ ഡിജിറ്റൽ രഥം പര്യടനം തുടങ്ങി
കണ്ണൂർ : കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റൽ രഥം ജില്ലയിൽ പര്യടനം തുടങ്ങി. മാർച്ച് ആറുമുതൽ പതിനൊന്നു വരെയാണ് പര്യടന കാലാവധി.
ഏഴിന് രാവിലെ 10ന് ചിറക്കുനി, ഉച്ചയ്ക്ക് രണ്ടിന് തലശ്ശേരി, എട്ടിന് രാവിലെ പത്തിന് കൂത്തുപറമ്പ്, ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ, ഒൻപതിന് രാവിലെ പത്തിന് പേരാവൂർ, ഉച്ചയ്ക്ക് രണ്ടിന് പയ്യാവൂർ, പത്തിന് രാവിലെ 10ന് തളിപ്പറമ്പ്, ഉച്ചയ്ക്ക് രണ്ടിന് പിലാത്തറ, പതിനൊന്നിന് രാവിലെ പതിനൊന്നിന് പയ്യന്നൂർ എന്നിവിടങ്ങളിൽ വാഹനം ക്യാമ്പ് ചെയ്യും.
ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരംഭിച്ച ട്രൈഡി പദ്ധതിയുടെ ഭാഗമായി ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നീ മുന്ന് ഐ ഡി കളും ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഉണ്ടാവും. ഇതോടൊപ്പം പുതുതായി ആധാർ കാർഡ് എടുക്കാനും, എഡിറ്റു ചെയ്യുവാനും സൗകര്യമുണ്ട്. കണ്ണൂരിലെ പര്യടനത്തിന് ശേഷം ഡിജിറ്റൽ രഥം മാർച്ച് മുപ്പത്തി ഒന്നിന് കാസർഗോഡ് സമാപിക്കും.