തിരുവനന്തപുരം: വി.എം സുധീരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജിയോടെ പുതിയ അധ്യക്ഷനാരെന്നുള്ള ചര്‍ച്ചകള്‍ സജീവമായി. പുതിയ കെപിസിസി പ്രസിഡന്റായി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ആദ്യമായി പരിഗണിക്കാനിടയുള്ളതെങ്കിലും പിടി തോമസ്, വി ഡി സതീശന്‍, കെ. സുധാകരന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക എന്നാണ് റിപ്പോർട്ട്.
കേരളീയരിൽ 12 ശതമാനം പേരും ഹൃദയസംബന്ധമായ അസുഖമുള്ളവർ
കൊച്ചി :കേരളീയരിൽ 12 ശതമാനം പേരും ഹൃദയ സംബന്ധമായ രോഗമുള്ളവരാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 20-79 പ്രായപരിധിയിൽ പെടുന്നവരിൽ ഭൂരിഭാഗവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലം വലയുന്നവരാണ്. അമേരിക്കയിലെ പിടിഎസ് ഡയഗ്‌നോസ്റ്റിക്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കമ്പനി സിഇഒ റോബര്‍ട്ട് ഹഫ് സ്‌റ്റോഡ്റ്റ് അറിയിച്ചതാണിക്കാര്യം.
ഇന്ത്യയിലെ മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നം പ്രമേഹമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.
രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ കാർപോർട്ട് ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരോര്‍ജ കാര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യും. പൂർണമായും സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്താവളമെന്ന പേര് സിയാല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ടാണ് സിയാലില്‍ ഉത്ഘാടനത്തിനൊരുങ്ങുന്നത്. ഏകദേശം 1400 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. നിലത്തുറപ്പിച്ചിട്ടുള്ള സ്റ്റീല്‍ തൂണുകള്‍ക്ക് മുകളിലെ പ്ലാറ്റ്ഫോമിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമില്‍ നിന്ന് പാനലുകള്‍ വൃത്തിയാക്കാനുള്ള ഫൈബര്‍ റി ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു
തിരുവനന്തപുരം: ആരോഗ്യ പരമായ കാരണങ്ങളാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹത്തിന് വീണു പരിക്കേറ്റിരുന്നു. അതിനു ദീർഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് രാജി. വേണമെങ്കിൽ തനിക്ക് അവധി എടുത്ത് മാറി നിക്കാമെങ്കിലും തന്റെ മനസാക്ഷി അതിനു അനുവദിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം രാജി വെക്കാൻ തയ്യാറായത്. രാജിക്കത്ത് ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ പി സി എം എസ് എ ജില്ലാസമ്മേളനം ഇന്നുമുതൽ
കണ്ണൂർ: കേരളാ പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഇരുപത്തിയേഴാം കണ്ണൂർ കാസർഗോഡ് ജില്ലാ സമ്മേളനം ഇന്നും നാളെയും കണ്ണൂർ ഐ എം എ ഹാളിൽ നടക്കും. ഇന്ന് വൈകുനേരം 4:30നു കെ സി ജോസഫ് എം ൽ എ ഉത്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉത്ഘാടനം ചെയ്യും. പതിനൊന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം സണ്ണി ജോസഫ് എം ൽ എ ഉത്ഘാടനം ചെയ്യും. 12 നു നടക്കുന്ന യാത്രയയപ്പു സമ്മേളനം ഐ എൻ ടി ഉ സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും
മാസം 18 കോടി നഷ്ടം; കെ എസ് ആർ ടി സി സുപ്രീംകോടതിയില്‍

കുടുംബശ്രീ തുണിസഞ്ചി നിര്മാതാക്കൾക്കായി പ്രദര്ശനമേള സംഘടിപ്പിക്കുന്നു
കണ്ണൂർ: ഹരിത കേരളം മിഷന്റെയും ഡിസ്പോസിബിൾ ഫ്രീ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ ജില്ലാ പദ്ധതിയുടെയും ഭാഗമായി ജില്ലയിലെ തുണിസഞ്ചി നിർമാണ സംരംഭകരെ പങ്കെടുപ്പിച്ച് കുടുംബശ്രീ കണ്ണൂരിൽ തുണിസഞ്ചി വിൽപ്പന പ്രദര്ശന മേള സംഘടിപ്പിക്കുന്നു. കണ്ണൂർ ടൌൺ സ്‌ക്വയറിൽ മാർച്ച് 20,21,22 തീയ്യതികളിലാണ് പ്രദര്ശനമെന്നു കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം സുർജിത് അറിയിച്ചു. വിവിധ ഇനം തുണിസഞ്ചികൾ പരിചയപ്പെടുത്തി പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകുകയുമാണ് ലക്‌ഷ്യം.
എല്ലാ വീടുകളിലും മഴവെള്ള ശേഖരണം
കണ്ണൂർ : ജില്ലയിലെ എല്ലാ വീടുകളിലും ഏതെങ്കിലും രീതിയിലുള്ള മഴവെള്ളശേഖരണ സംവിധാനം ഏർപ്പെടുത്താൻ ജില്ലാ ഹരിത കേരളം മിഷൻ പദ്ധതി തയ്യാറാക്കുന്നു. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലായിരിക്കും ഇതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.കിണർ റീചാർജ്, മഴക്കുഴി നിർമ്മാണം, മഴവെള്ള സംഭരണി തുടങ്ങിയ മാർഗങ്ങൾ അവലംബിക്കാനാണ് തീരുമാനം. കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനാവശ്യമായ പരിശീലനം നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് നൽകും. ഏപ്രിലിൽ ആരംഭിച്ചു മെയ് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
സൈക്കിൾ വിതരണം ചെയ്തു
ചെറുപുഴ : ചെറുപുഴ ഗ്രാമ പഞ്ചായത്ത് എസ് സി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീലയാണ് ചടങ്ങു ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് വി കൃഷ്ണൻ മാസ്റ്റർ, ഡെന്നി കാവാലം, റോസ്ലി അടിമയ്ക്കൽ, കൊച്ചുറാണി ജോർജി , കെ ശ്രീദേവി, ലാലി മാണി എന്നിവർ സംസാരിച്ചു.
ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കാൻ ജനകീയ പ്രസ്ഥാനം
കണ്ണൂർ : ജില്ലയിലെ മുഴുവൻ ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കാൻ ജനകീയ പ്രസ്ഥാനമാരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിത കേരളം മിഷന്റെ ജില്ലാ തല അവലോകനത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരം തുടങ്ങി മെയ് പകുതിയോടെ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് പദ്ധതി.