തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. മുതിർന്ന നേതാക്കളുമായി ചർച്ച നടത്താതെ നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ കൂടിയായ വിഎം സുധീരൻ രാജിവെച്ചത്.രാഷ്ട്രീയ കാര്യസമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന് പരാതി ഉയര്‍ത്തുന്നു.കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന് വി.എം.സുധീരന് പറഞ്ഞു.അതേസമയം, പ്രശ്നങ്ങള്‍ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരനെ വീട്ടിലെത്തി കെ സുധാകരന് കണ്ടിരുന്നുവെന്നും പി ടി തോമസ് പ്രതികരിച്ചു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്.ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ഇന്ന് ചർച്ച ചെയ്യും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സംബന്ധിച്ച് കഴിഞ്ഞ യോഗങ്ങളിലും ചർച്ച ചെയ്തിരുന്നു. എന്നാൽ കൊറോണ കേസുകളിലെ എണ്ണവും ടിപിആറും കണക്കിലെടുത്ത് ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രം നൽകിയാൽ മതിയെന്ന തീരുമാനത്തിൽ സർക്കാർ എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്കൂളുകൾ വരെ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകിയേക്കും. അങ്ങിനെയെങ്കിൽ ഭക്ഷണം കഴിക്കാനുള്ള ടേബിളുകൾ നിശ്ചിത അകലം പാലിച്ച് ക്രമീകരിച്ചും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാകും ഹോട്ടലുകളുടെ പ്രവർത്തനം.ബാറുടമകളും സമാനകാര്യം ഉന്നയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും ചര്‍ച്ച ഉണ്ടായേക്കും. ബസുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതിയും ഇന്നത്തെ യോഗത്തിൽ സർക്കാർ നൽകിയേക്കാമെന്നാണ് സൂചന.
കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ വായ്പ ലഭിച്ചില്ല;സംരംഭം തുടങ്ങാൻ പണിത ഷെഡിൽ യുവാവ് ജീവനൊടുക്കി
കണ്ണൂർ:കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് യുവാവ് ജീവനൊടുക്കി.കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭം തുടങ്ങുന്നതിനായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ തൂങ്ങിമരിച്ചത്.ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. കേളകത്തെ ദേശസാത്കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോള്‍ നല്‍കാമെന്നറിയിച്ചിരുന്നതിനാല്‍ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.എന്നാല്‍ വായ്പ ലഭിക്കാതായതോടെ പ്രതീക്ഷകള്‍ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു. പൂതവേലില്‍ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.
കണ്ണൂര്‍ എരുവേശ്ശിയില്‍ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു;ജീവനൊടുക്കിയ സതീശന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ്
കണ്ണൂര്‍: എരുവേശ്ശിയില്‍ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു.ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്ബത് മണിക്കാണ് എരുവേശ്ശി മുയിപ്ര മലയോര ഗ്രാമത്തെ നടുക്കിയ സംഭവം ഉണ്ടായത്. സതീശന് വാക്കത്തി കൊണ്ട് ഭാര്യ അഞ്ചുവിനെയും ഒന്‍പതുമാസം പ്രായമായ മകന് ധ്യാന്‍ ദേവിനെയും പലതവണ വെട്ടുകയായിരുന്നു.പിന്നീട് അതേ കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. വീട് പുറത്ത് നിന്ന് പൂട്ടി തന്റെ അമ്മയെ ഒരു മുറിക്കകത്താക്കിയാണ് സതീശന് കുഞ്ഞിനെയും ഭാര്യയെയും ആക്രമിച്ചത്. മുറിയിൽ നിന്നും നിലവിളി കേട്ടതിനെ തുടർന്ന് സതീഷിന്റെ സഹോദരനും നാട്ടുകാരും ഓടിയെത്തി വാതിൽ തല്ലിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. സതീഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഞ്ജു അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. വിദേശത്ത് ഷെഫായി ജോലി ചെയ്യുകയായിരുന്ന സതീഷ് നാല് വർഷം മുൻപാണ് നാട്ടിലെത്തിയത്. അതേസമയം സതീഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി കുടുംബം വ്യക്തമാക്കി.സതീഷിനെ ഇന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറയുന്നു.
ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, യൂണിഫോം നിര്‍ബന്ധമാക്കില്ല; ഉച്ചഭക്ഷണത്തിനു പകരം അലവന്‍സ് നല്‍കും; സ്കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖയായി
തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ മുതല്‍ സ്കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖയായി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന വിധത്തിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുക. ക്ലാസ്സിനെ രണ്ടായി തിരിച്ച് രാവിലെ, ഉച്ചയ്ക്ക് എന്നിങ്ങനെ ആയിരിക്കും ക്ലാസ്സുകള്‍ നടത്തുകയെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകില്ല, പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സ്കൂളുകളില്‍ സംവിധാനം ഒരുക്കും.ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളില്‍ വിടരുത്. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തിയതി തുറക്കുക. അതിന് മുൻപ് സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്കൂള്‍ തുറക്കും മുൻപ് സ്കൂള്‍തല പിടിഎ യോഗം ചേരും.അതേസമയം കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്കൂളുകള്‍ തുറക്കാനെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും വാക്സിന് സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷന് എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം.ഒരു ബാച്ച് കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോൾ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓണ്‍ലൈനായും അറ്റന്‍ഡ് ചെയ്യാം. ഷിഫ്റ്റ് സമ്ബ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പടുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: വെള്ളിയാഴ്ച വൈകീട്ടോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിലും, മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴ ലഭിക്കുക. മുന്നറിയിപ്പിനെ തുടർന്ന് ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തി. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ തീരമേഖലയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ഇ.ബി സ്വകാര്യവല്‍ക്കരണത്തിനെതിരെ കണ്ണൂരില്‍ മസ്ദൂര്‍ സംഘം കലക്ടറേറ്റ് ധര്‍ണ നടത്തി
കണ്ണൂർ: കെ.എസ്.ഇ.ബി സ്വകാര്യവല്‍ക്കരണത്തിനെതിരെ കണ്ണൂരില്‍ മസ്ദൂര്‍ സംഘം കലക്ടറേറ്റ് ധര്‍ണ നടത്തി.കെ.എസ്ഇ.ബി യെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കു ക, വൈദ്യുതി അപകടങ്ങള്‍ സംഭവിക്കുമ്ബോള്‍ ജീവനക്കാര്‍ക്കെതിരെ അന്യയമായി കേസെടുക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുൻപോട്ട് വെച്ചത്.ബി എം എസ് ന്റെ നേതൃത്വത്തിലായിരുന്നു ധർണ്ണ. സംസ്ഥാന സെക്രട്ടറി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബൈജു ,വേണുഗോപാല്‍ എം, സുരേഷ് കുമാര്‍ കെ,രാധാകൃഷ്ണന് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴ വിവാദം; കെ സുരേന്ദ്രന്റേയും പ്രസീത അഴീക്കോടിന്റേയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്
വയനാട്: ബത്തേരി കോഴ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും പ്രസീത അഴീക്കോടിന്റേയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്.ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.പോലീസ് നല്കിയ അപേക്ഷയില്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് പരിശോധിക്കാനാണ് അനുമതി നല്‍കിയത്.ഇരുവരും ഒക്ടോബര്‍ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്ബിളുകള്‍ നല്‍കണമെന്നാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ മല്‍സരിക്കാനായി ബിജെപി സി കെ ജാനുവിന് 35 ലക്ഷം രൂപ ബിജെപി കോഴയായി നല്‍കിയെന്നാണ് പ്രസീത ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായും ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ഗേണേഷുമായുമുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു.
സംസ്ഥാനത്ത് നവംബർ 1 ന് തന്നെ സ്കൂളുകൾ തുറക്കും; ക്ലാസുകൾ ബയോബബിൾ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: നവംബര്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. എന്നാല്‍ കുട്ടികളെ നിര്‍ബന്ധിച്ച് സ്കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.ശേഷം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമേ സ്കൂള്‍ തുറക്കലില്‍ വ്യക്തമായ ധാരണയുണ്ടാകൂ.സ്കൂളുകള്‍ ഉച്ചവരെ മാത്രം മതിയെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓണ്‍ലൈന്‍ ക്ലാസും തുടരും. എന്നാല്‍ ഉച്ചയ്ക്ക് സ്കൂള്‍ വിട്ടാല്‍ കുട്ടികള്‍ എങ്ങനെ ഉടന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പവും ഉണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്ക് എന്നതും ചര്‍ച്ചകളിലുണ്ട്. ഇതിനൊപ്പം ഷിഫ്റ്റും പരിഗണിക്കും. എല്ലാ സാധ്യതയും പരിശോധിച്ചാകും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുക.രോഗവ്യാപനം ഇല്ലാതാക്കാൻ കുട്ടികൾക്ക് ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. ആശങ്കയ്ക്ക് ഇടം നൽകാതെ കുട്ടികളെ സുരക്ഷിതരായി സ്കൂളുകളിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബയോബബിളില്‍ എങ്ങനെയാകും കുട്ടികളെ നിലനിര്‍ത്തുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കുന്നില്ല. ഐപിഎല്ലിലും മറ്റും ബയോ ബബിള്‍ ഉണ്ട്. അതായത് ഒരു പരിപാടിക്ക് പങ്കെടുക്കുന്നവരെ മറ്റൊരിടത്തും നിര്‍ത്താതെ ദീര്‍ഘകാലം സംരക്ഷിക്കുന്നതാണ് ബയോബബിള്‍. എന്നാല്‍ കേരളത്തിലെ സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ വീട്ടില്‍ പോകും. അതുകൊണ്ട് തന്നെ ക്രിക്കറ്റിലും മറ്റും നടപ്പിലാക്കുന്ന ബയോബബിള്‍ സ്കൂളുകളില്‍ നടപ്പിലാക്കാൻ സാധിക്കുമോ എണ്ണത്തിലും ആശങ്കയുണ്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് എല്ലാം ബാധകമാകുന്ന പൊതുമാര്‍ഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗണ്‍സിലിങ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സ്കൂള്‍ അടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. അതിനിടെ സ്കൂള്‍ വാഹനത്തില്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമേ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍മാരടക്കമുള്ള വാഹനത്തിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിന് എടുത്തവരാകണം. ഇവരുടെ താപനില ദിവസവും പരിശോധിക്കണം. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് ആരംഭിക്കും.വിദ്യാര്‍ത്ഥികളെ എത്തിക്കാനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികളും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയാണ് ടൈം ടേബിളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകര്‍ ഉറപ്പാക്കും. ഒരു ബഞ്ചില്‍ രണ്ട് പേര് എന്ന നിലയിലാണ് ക്രമീകരണം. ബെഞ്ച്, ഡെസ്ക് എന്നിവ സാനിറ്റൈസ് ചെയ്തതായി സ്കൂള്‍ അധികൃതരും വ്യക്തമാക്കി.