പേരാവൂർ : ബിയർ കയറ്റി വന്ന ലോറി ചുരത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞു മുന്ന് പേർക്ക് . നിടുംപൊയിൽ-ബാവലി അന്ത:സംസ്ഥാന പാതയിൽ ഇരുപത്തിനാലാം മെയിലിനു സമീപം സെമിനാരി വില്ലയ്ക്കടുത്താണ് അപകടം. കർണാടകത്തിൽ നിന്നും കാസർഗോഡ് ബിവറേജസ് കോർപറേഷന്റെ ഡിപ്പോയിലേക്കു കൊണ്ടുപോവുകയായിരുന്ന ബിയർ ലോറി ആണ് മറിഞ്ഞത്. 25000 ബിയർ കുപ്പികളാണ് ഉണ്ടായിരുന്നത്. ലോറി ഡ്രൈവർ രങ്കപ്പ(38), ക്ളീനർ നാരായണി(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. ലോറി മറിഞ്ഞ ഉടനെ തീപിടുത്തവും ഉണ്ടായി. പേരാവൂർ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
കർഷക കോൺഗ്രസ് ജില്ലാ സമ്മേളനം ഇന്ന് മുതൽ
കണ്ണൂർ: കർഷക കോൺഗ്രസ്സ് ജില്ലാ സമ്മേളനം ഇന്നുമുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. 17 നു വൈകുനേരം 5നു മട്ടന്നൂർ കെ പി നൂറുദ്ധീൻ നഗറിൽ കർഷക റാലിയും പൊതുസമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാളെ വൈകുനേരം 5നു മട്ടന്നൂരിലെ സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് കെ സി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 18നു രാവിലെ 10നു കണ്ണൂർ കെ കെ ഓഡിറ്റോറിയത്തിൽ സംസ്ഥാന ക്യാമ്പ് കെ പി സി സി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ ഉല്ഘാടനം ചെയ്യും. 19നു രാവിലെ 10നു മട്ടന്നൂർ ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സ്റ്റേഡിയം കോർണറിലെ കംഫർട്ട് സ്റ്റേഷൻ തുറക്കും
കണ്ണൂർ: കണ്ണൂരിൽ നടന്ന കോർപറേഷൻ യോഗത്തിൽ പല പ്രധാന വിഷയങ്ങളും ചർച്ചയിൽ വന്നു. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പൊതു ശുചി മുറികൾ ഇല്ലാത്തതു പ്രധാന ചർച്ചാവിഷയമായി. ജനുവരി 22നു അടച്ചുപൂട്ടിയ കംഫർട്ട് സ്റ്റേഷൻ ഉടൻ തുറന്നു കൊടുക്കണമെന്ന് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ മോഹനനായിരുന്നു ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാമെന്നു മേയർ ഇ പി ലത ഉറപ്പ് നൽകിയതോടെയാണ് ബഹളം അടങ്ങിയത്.
നിരവധി നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് സി സി ടി വി ക്യാമെറകൾ സ്ഥാപിക്കണമെന്നും ആറുമാസമായി വാടക പ്രശ്നത്തിന്റെ പേരിൽ അടച്ചു പൂട്ടിയ മാവേലി സ്റ്റോർ തുറന്നു പ്രവർത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം ഉയർന്നു. പയ്യാമ്പലം പാർക്ക് ഉടൻ തുറക്കുമെന്നും മഴക്കാലം ആരംഭിക്കുന്നതിനു മുൻപായി പകർച്ച വ്യാധികൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
നിയമസഭ തന്റെ അമ്മത്തൊട്ടിൽ; കെ എം മാണി
തിരുവനന്തപുരം : നിയമസഭയിൽ മാണി അരനൂറ്റാണ്ട് തികയ്ക്കുന്നു. മാണിക്ക് അനുമോദനങ്ങളുടെ പ്രവാഹം. ആർക്കും മാറ്റി നിർത്താനാവാത്ത പ്രമാണിയാണ് മാണി എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാത്തിനും മറുപടിയായി നിയമസഭ തന്റെ അമ്മത്തൊട്ടിലാണെന്നായിരുന്നു മാണിയുടെ പ്രതികരണം.
പി കെ ദാസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ജീവനക്കാരി മരിച്ചു
പാലക്കാട് : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി സൗമ്യ മരിച്ചു. നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഫെബ്രുവരി നാലിന് ആത്മഹത്യ ശ്രെമം നടത്തിയ സൗമ്യ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായിരുനെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വീണ്ടും അഡ്മിറ്റ് ആവുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു. പി കെ ദാസ് ആശുപത്രിയിലെ റേഡിയോളജി വിഭാഗം ജീവനക്കാരിയായിരുന്നു സൗമ്യ.
സൗമ്യയ്‌ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി ഇപ്പോഴും ചികിത്സയിലാണ്. ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇവരുടെ സർട്ടിഫിക്കറ്റ് ആശുപത്രി അധികൃതർ നൽകാത്തതിൽ ആണെന്നും, അതല്ല പരസ്പരം പിരിയാനാവാത്തതിലാണ് ആസിഡ് കഴിച്ചതെന്നും പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്
ഇരിട്ടി പാലത്തിൽ പെരുമ്പാമ്പ്
ഇരിട്ടി : ഇരിട്ടി പാലത്തിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം വാഹനത്തിലൂടെ കടന്നുപോയവരാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വനപാലകർ വന്നു പാമ്പിനെ പിടിച്ചുകൊണ്ടു പോയതായാണ് റിപ്പോർട്ട്. പുഴയിൽ നിന്ന് കയറിവന്നതാവാം പാമ്പെന്നു നാട്ടുകാർ പറഞ്ഞു.
സംസ്ഥാനത്ത് പവർകട്ടുണ്ടാവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത ഇനി പവർകട്ടുണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി എം എം മണിയുടെ ഉറപ്പ്. ഏതു സാഹചര്യത്തിലും പവർകട്ട് ഒഴിവാക്കുകയാണ് ലക്‌ഷ്യം. മഴപെയ്യാത്തതിനാൽ ഡാമുകളിൽ വെള്ളം കുറവാണ്. അതുകൊണ്ടുതന്നെ വൈദ്യുത ഉത്പാദനം കുറയും. പുറമെ നിന്ന് വൈദ്യുതി കൊണ്ടുവന്നു ഇത് പരിഹരിക്കുമെന്നും ഇതിനുള്ള നടപടികൾ കെ എസ് ഇ ബി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളനിയമനം തർക്കവും പരാതിയും
കണ്ണൂര്‍: വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള ആദ്യ ഘട്ടത്തിൽ തന്നെ തര്‍ക്കം. വിമാനത്താവളത്തിന് ഭൂമി വിട്ടുനല്‍കിയവരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിനല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെന്നതും കിയാല്‍ അല്ല ജോലിനല്‍കുന്നതെന്നതുമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതോടെ അഭിമുഖത്തിനെത്തിയവര്‍കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കെല്ലാം ജോലിനല്‍കുകയെന്നതാണ് കിയാലിന്റെയും ലക്ഷ്യമെന്ന് എച്ച്.ആര്‍. മാനേജര്‍ ദിനേശ്കുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും കിയാലില്‍തന്നെ ജോലിനല്‍കാനുള്ള ഒഴിവ് അവിടെയുണ്ടാകണമെന്നില്ല. അതുകൊണ്ടാണ് എയര്‍ലൈന്‍സ് കമ്പനികളുമായി കിയാല്‍ ധാരണയിലെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചാലില്‍ പ്രദേശത്ത് പുലി വീണ്ടും ഇറങ്ങിയതായി അഭ്യൂഹം
അഴീക്കോട്: കഴിഞ്ഞ ദിവസം രണ്ട് കുട്ടികളും ഒരു വീട്ടമ്മയും ചാലിൽ ഭാഗത്തു പുലിയെ കണ്ടതായി പറയുന്നു. വനം വകുപ്പ് അധികൃതര്‍ ചാലില്‍ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകളൊന്നും കണ്ടില്ല.അഞ്ച് വര്‍ഷം മുമ്പ് ചാലില്‍ ഭാഗത്തുനിന്ന് തന്നെ പുലിയെ കൂട് വച്ച് പിടിച്ചിരുന്നു. വളപട്ടണം പുഴ നീന്തിക്കടന്നു വന്നതെന്നാണ് അന്ന് പറഞ്ഞിരുന്നത്.
അക്ഷയകേന്ദ്രങ്ങള്‍ക്ക് വ്യാജന്റെ ഭീഷണി
കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കുംവിധം പേരും ലോഗോയും ഉപയോഗിച്ച് അതേസേവനം വാഗ്ദാനം ചെയ്തു വ്യാജന്മാർ പെരുകുന്നു. ജില്ലയില്‍ 219 അക്ഷയകേന്ദ്രങ്ങളാണുള്ളതെങ്കിലും പലസ്ഥലങ്ങളിലും അക്ഷയകേന്ദ്രങ്ങളേക്കാള്‍ കൂടുതല്‍ വ്യാജസ്ഥാപനങ്ങളുണ്ടെന്നാണ് പറയുന്നത്.
ഇ-ഗവേണന്‍സ്, ഇ-ഡിസ്ട്രിക്ട് എന്നീ പദ്ധതികളൊക്കെ വന്നതോടെയാണ് അക്ഷയജനകീയമായത്. വ്യാജന്മാർ ഈ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായുള്ള ഇ ഗവേണിങ് സൊസൈറ്റിക്കാണ് ഇതിന്റെ ചുമതല. അക്ഷയകേന്ദ്രങ്ങളുടെ പരിശോധനയ്ക്കായി ജില്ലയില്‍ നാല് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുണ്ട്. ഇവർ ഇവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടോ എന്നും അന്വേഷിക്കും.