
മലപ്പുറം : ഉത്സവം കാണാനെത്തിയ രണ്ടു യുവാക്കളെ കള്ളന്മാരാണെന്നാരോപിച്ച് സദാചാര ഗുണ്ടകൾ മർദിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ അരീക്കോടിലാണ് സംഭവം. ഗൾഫിൽ നിന്നും അവധിക്കു നാട്ടിലെത്തിയ മുബഷീർ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉത്സവത്തിന് പോയത്. ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോൾ വണ്ടിയുടെ ചിത്രവും നമ്പറും ഒരു യുവാവ് റെക്കോർഡ് ചെയ്യുകയായിരുന്നു. പിന്നീട് കള്ളന്മാരാണെന്ന തരത്തിലുള്ള പ്രചാരണം വാട്സാപ്പിലൂടെ നടത്തുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തിയപ്പോൾ ഒരു ലോറി കുറുകെ നിർത്തുകയും വണ്ടി നമ്പർ വാട്സാപ്പിൽ പ്രചരിക്കുന്ന വിവരം പറയുകയും ചെയ്തു. തങ്ങൾ നിരപരാധികളെന്നു തെളിയിക്കാൻ തിരികെ ചെന്ന ഇവരെ സ്റ്റീൽ കമ്പി അടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്നു മർദനമേറ്റ കെ സി മുബഷീർ പറഞ്ഞു.








