തിരുവനന്തപുരം : പി എസ് സി പരീക്ഷകളുടെ ഘടന പരിഷ്‌ക്കരിക്കുന്നു. ഓരോ ജോലിക്കും ആവശ്യമായ അറിവ് വിലയിരുത്താനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇപ്പോൾ ഒരു പരീക്ഷ മാത്രമാണ് ലക്ഷകണക്കിന് ആളുകൾ അപേക്ഷിക്കുന്ന പല തസ്തികകളിലേക്കുള്ളത്.പ്രാഥമിക പരീക്ഷ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അന്തിമ പരീക്ഷ എന്നിവ ഉണ്ടാവും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ചുള്ള അഞ്ചു തലങ്ങളുള്ള ലക്ഷക്കണക്കിന് ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യബാങ്ക് തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിസാന്നിധ്യം കണ്ടെത്തിയിട്ടില്ല
കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ വിഷമദ്യത്തിന്റെയും (മീതൈല്‍ ആള്‍ക്കഹോള്‍) മദ്യത്തിന്റെയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണമാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടുനല്‍കിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു. ഇതു രൂക്ഷമായതാണോ മരണകാരണമെന്ന് പരിശോധിച്ച് വരുന്നു.
ആറളം ഫാമിൽ ജനമൈത്രി പോലീസ് അദാലത്ത് നടത്തി
ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയില്‍ വിവിധ വകുപ്പുകളുമായി കൈകോര്‍ത്ത് ജനമൈത്രി പോലീസ് അദാലത്ത് നടത്തി. 141 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ആദിവാസികളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുകയും പോലീസുമായുള്ള സൗഹൃദം ശക്തമാക്കുകയെന്നതും അദാലത്തിലൂടെ ലക്ഷ്യമിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അധ്യക്ഷതവഹിച്ചു.
കുതിരസവാരി ഇഷ്ട്ടപ്പെടുന്ന പ്ലസ്ടുക്കാരൻ
കൂത്തുപറമ്പ്: റോളര്‍ സ്‌കേറ്റിങ് താരമായ മകന്റെ ആഗ്രഹപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സുധീര്‍ബാബു ആണ് പ്ലസ് ടു കാരനായ തന്റെ മകന് കുതിരയെ വാങ്ങി നൽകിയത്. അങ്ങനെ വിലകൂടിയ ബൈക്കില്‍ ചീറിപ്പായാന്‍ ആഗ്രഹം കാട്ടുന്ന യുവതലമുറയില്‍നിന്ന് വ്യത്യസ്തനാവുകയാണ് മൂര്യാട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി ഹര്‍ഷവര്‍ധന്‍. മൈസുരുവില്‍നിന്ന് വന്‍വിലകൊടുത്തുവാങ്ങിയ കുതിരയെ പ്രത്യേക വാഹനത്തില്‍ കൂത്തുപറമ്പില്‍ എത്തിക്കുകയായിരുന്നു. കുതിരയെ കാണാന്‍ നിരവധിപേരാണ് മൂര്യാട്ടെ സുധീര്‍ബാബുവിന്റെ വീട്ടിലേക്കെത്തുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് ഊട്ടിയിലെത്തി റൈഡിങ്ങില്‍ പരിശീലനം നേടാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ഷവര്‍ധനിപ്പോള്‍.
പാരീസില്‍ ലെറ്റര്‍ ബോംബ് സഫോടനം
പാരിസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കവെ ഐ എം എഫ്(ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) ന്റെ ഫ്രാന്‍സിലെ ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്‌ഫോടനം. ഐഎംഎഫ് ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്ക് പൊള്ളലേറ്റു. ഏതാനും ദിവസങ്ങളായി തീവ്രവാദ ഭീഷണി നേരിടുന്ന ഐ എം എഫ് ഓഫീസിൽ പോസ്റ്റലായിട്ടാണ് കത്ത് ലഭിച്ചത്. സ്‌ഫോടനത്തെ തീവ്രവാദ ആക്രമണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒലാന്‍ദെ വിശേഷിപ്പിച്ചത്.
മോഡലാവാന്‍ കൊതിച്ച ലഹരിക്കടിമയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും മുറിക്കുള്ളില്‍ പൂട്ടി തീയിട്ടു
മൈസൂരു: മോഡലാവാന്‍ കൊതിച്ച പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടു. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി വര്‍ഷങ്ങളായി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് താമസം. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ലഹരി ഉപേക്ഷിക്കാൻ മുത്തച്ഛനും മുത്തശ്ശിയും നിർബന്ധിച്ചപ്പോൾ ക്ഷുഭിതയായി പെൺകുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വീടിനകത്ത് പൂട്ടിയിട്ട് തീയിടുകയായിരുന്നു. പെൺകുട്ടി ഉടൻതന്നെ സ്ഥലം വിട്ടു. അടുത്ത പ്രദേശത്തെ ആളുകളുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വൃദ്ധ ദമ്പതികളെ രക്ഷിക്കാനായി. ഇരുവരെയും ചെറിയ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി ശക്തി പ്രാപിക്കുന്നതില്‍ ചൈനയ്ക്ക് ആശങ്ക
ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയതില്‍ ആശങ്കയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ്.അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യുന്നത് ഇനി കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും ചൈനീസ് മാധ്യമം വിലയിരുത്തുന്നുണ്ട്. മോദി ചൈനീസ് അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കൊപ്പം ഹോളി ആഘോഷിച്ചത് ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിലെ യുഎസ് നിലപാടിനെ ഇന്ത്യ പിന്തുണച്ചതും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ചൈനീസ് വിരുദ്ധ നിലപാടുകള്‍ ഗ്ലോബല്‍ ടൈംസ് എടുത്തുപറയുന്നുണ്ട്.
തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവം; 12 പേർക്ക് പരിക്ക്
തലശ്ശേരി : തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലും ബോംബേറിലും 12 പേർക്ക് പരിക്കേറ്റു. പോലീസ് നടത്തിയ റെയ്‌ഡിൽ 36 പേര് പിടിയിലായി. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അക്രമങ്ങളുടെ തുടക്കം. ചെഗുവേരയുടെ ചിത്രമുള്ള ബനിയനും ചുവപ്പു മുണ്ടുമുടുത്ത ഒരു സംഘം സി പി എം പ്രവർത്തകർ ഉത്സവസ്ഥലത്തെത്തിയതിനെ ആർ എസ് എസ് -ബി ജെ പി പ്രവർത്തകർ ചോദ്യം ചെയ്തു. സംഘർഷത്തിൽ നാലര മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്കേറ്റു.ഡി വൈ എസ് പി യുടെ സാന്നിധ്യത്തിൽ നടന്ന അടിയന്തര സമാധാന യോഗത്തിൽ എൻ ഹരിദാസ്, കെ അജേഷ് , സുകുമാരൻ, ഗോപാലൻ എന്നിവർ പങ്കെടുത്തു. ഉത്സവ സ്ഥലത്തു കൂടുതൽ സേനയെ വിന്യസിക്കാനും പോലീസ് തീരുമാനിച്ചു.
തളാപ്പ് ഭജനമുക്കിൽ ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം മുന്ന് ബൈക്കുകൾ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂരിൽ ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ മുന്ന് ബൈക്കുകൾ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു. പ്രവർത്തകരായ പി വി ശിവദാസൻ, എ എൻ മിഥുൻ എന്നിവർക്കാണ് കഴിഞ്ഞ രാത്രി 9:30ഓടെ തളാപ്പ് ഭജനമുക്കിൽ വെച്ച് വെട്ടേറ്റത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണത്തിന് പിന്നിൽ. സംഭവം രാഷ്ട്രീയം തന്നെ എന്നും കണ്ണൂരിനു പുറമെ നിന്നുള്ളവരാണ് അക്രമികളെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കെ പി സി സിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കും
ന്യൂഡൽഹി : കെ പി സി യ്ക്ക് സംഘടനാ തിരഞ്ഞെടുപ്പുവരെ താൽക്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് കോൺഗ്രസ് ഹൈകമാൻഡ് അറിയിച്ചു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള വി എം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഹൈകമാൻഡ് അറിയിച്ചു .