ബെയ്‌ജിങ്: ചൈനയിലെ രണ്ടു സ്വർണ ഖനികളിലുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. ഖനികളിൽ നിന്ന് ക്രമാതീതമായി പുക ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾ നിരപരാധികൾ
കൊച്ചി : ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് വിജിലെൻസ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം
കോട്ടയം: റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എന്‍ജിന്‍ മാറ്റിയിടുന്നതിനിടെ ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം. 36 കാരനായ അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. ലൈനില്‍ നിന്നു ഷോക്കേറ്റ യുവാവ് ട്രെയിനിനു മുകളില്‍ കത്തിക്കരിഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സ്‌റ്റേഷനുള്ളിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു സമീപമായിരുന്നു സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
നിര്‍മലഗിരി കോളേജില്‍ 2017-18 ജൂലായ് ബാച്ചിലേക്കുള്ള ഇഗ്നോ പ്രവേശനം തുടങ്ങി
കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജിലെ ഇഗ്നോ സ്റ്റഡിസെന്ററില്‍ 2017-18 ജൂലായ് ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. പ്രവേശനം ഓൺലൈനാണ്. ബിരുദ കോഴ്‌സുകളായ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ടൂറിസം, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, ബി.കോം., ലൈബ്രറി സയന്‍സ് എന്നിവയും ഇവയുടെ ബിരുദാനന്തര കോഴ്‌സുകളും ഫങ്ഷണല്‍ ഇംഗ്ലീഷ്, ഫുഡ് ആന്‍ഡ് കൗണ്‍സലിങ്, ബിസിനസ് സ്‌കില്‍സ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പ്ലസ്ടു തത്തുല്യ കോഴ്‌സായ ബി.പി.പി., ഡിപ്ലോമ കോഴ്‌സായ പി.ജി.ഡി.ഐ.ബി. എന്നിവയിലാണ് പ്രവേശനം തുടങ്ങിയത്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9656709654, 04902366620
തൊഴില്‍രഹിത വേതനം
മാട്ടൂല്‍: പഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 25, 27 തീയതികളില്‍ തൊഴില്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം ഓഫീസിലെത്തി തുക കൈപ്പറ്റണം
എം പിയുടെ മർദ്ദനത്തിന് ഇരയായത് കണ്ണൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ
മുംബൈ: ശിവസേന എംപിയുടെ മർദ്ദനത്തിനിരയായ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ കണ്ണൂർ സ്വദേശി. എയർ ഇന്ത്യയിൽ മാനേജരായ കണ്ണൂർ സ്വദേശി രാമൻ സുകുമാരനെയാണ് ശിവസേന എം പി ചെരിപ്പുകൊണ്ട് അടിച്ചത്. 25 തവണ അടിച്ചുവെന്നാണ് ആരോപണം. സംഭവം വൻ വിവാദമായിട്ടും ഉദ്യോഗസ്ഥനോട് മാപ്പു പറയാൻ എം പി തയ്യാറായില്ല. സംഭവത്തെ തുടർന്ന് ഗേയ്ക്ക് വാദിനെ ഇന്ത്യൻ എയർലൈൻസ് ഫെഡറേഷന് കീഴിലുള്ള എല്ലാ കമ്പനികളും വിലക്കി. എം പിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഉമ്മൻചാണ്ടി സിനിമയിലൂടെ വീണ്ടും മുഖ്യമന്ത്രിയാകുന്നു
കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. സൺ പിക്ചർസിന്റെ ബാനറിൽ സൈമൺ, അജിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി വേഷം അണിയുന്നത്.. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയുടെ മുൻപിൽ മെഴുകുതിരി തെളിയിച്ച് ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ന്യൂ ജനറേഷൻ സിനിമ ആണെങ്കിലും ഉമ്മൻ ചാണ്ടി പതിവ് ശൈലിയിൽ തന്നെ ആയിരിക്കും. കുട്ടികളുടെ പരാതികളും വിഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. രണ്ടു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പരിസരങ്ങളിലും ഷൂട്ടിംഗ് ഉണ്ടാവും.
ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം
കൊല്ലം: ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. പത്ത് കടകള്‍ കത്തിനശിച്ചു ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക നിഗമനത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കുകയാണ്. വെളുപ്പിന് 5.15 ഓടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിച്ചവയില്‍ ഏറെയും ഓടിട്ട കെട്ടിടങ്ങളാണ്. തീ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു
ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര ‘ആരോഗ്യവര്‍ത്തമാനം’ സമാപിച്ചു
കണ്ണൂര്‍: മാര്‍ച്ച് 17-ന് തുടങ്ങിയ ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര ‘ആരോഗ്യവര്‍ത്തമാനം’ സമാപിച്ചു. യാത്ര ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. സ്റ്റേഡിയം കോര്‍ണറില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷാണ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ജി.ശിവരാമകൃഷ്ണന്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.ലതീഷ്, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി തുടങ്ങിയവര്‍ സംസാരിച്ചു.
ഡി ജി പി ലോക്നാഥ് ബെഹ്‌റയെ മാറ്റണം; സി പി എം
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന നിലപാടിൽ സി പി എം. പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന തുടർച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും ബെഹ്‌റയ്ക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. ബെഹ്‌റയ്ക്ക് പകരം മറ്റൊരാളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണ് ഉള്ളത്. പകരക്കാരനെ കണ്ടെത്തിയാൽ മാറ്റുമെന്ന് തന്നെയാണ് സൂചന.