തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂർ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂർ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസർഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂർ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615, കണ്ണൂർ 754, കാസർഗോഡ് 267 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൊടി സുനി നിരാഹാരത്തില്‍
കണ്ണൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യവുമായി ടി പി വധക്കേസ് പ്രതി കൊടി സുനി നിരാഹാരത്തില്‍.വിയ്യൂർ ജയിലിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി കൊടി സുനി നേരത്തേ പരാതി നൽകിയിരുന്നു . ഇതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ജയിലിലാണ് കൊടി സുനിയുള്ളത്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടും . ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലാണിത് . ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നയിടമാണിത്.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതിയാണ് എന്‍.കെ സുനില്‍ കുമാര്‍ എന്നറിയപ്പെടുന്ന കൊടി സുനി.
വാളയാർ അണക്കെട്ടിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
പാലക്കാട്:വാളയാർ അണക്കെട്ടിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളായ പൂർണ്ണേഷ്(16), ആന്റോ( 16), സഞ്ജയ്(16) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇവർ.ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്.വാളയാർ അണക്കെട്ടിലെത്തിയ അഞ്ചംഗ സംഘം പിച്ചനൂർ ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെളളത്തിൽ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുർണ്ണേഷും, ആന്റോയും അപകടത്തിൽപെടുകയായിരുന്നു. ആഴത്തിലേക്ക് ഇറങ്ങിയ മൂന്ന് പേരും മണലെടുത്ത കുഴികളിൽ മുങ്ങുകയായിരുന്നു.കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെ പൂർണേ്ണഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തിയത്.
സ്‌കൂള്‍ തുറക്കല്‍; ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ അഞ്ചോടെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത, വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കും.സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കളക്ടര്‍മാരുടെ യോഗവും ചേരും.കെഎസ്‌ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സ്‌കൂളുകള്‍ കെ എസ് ആര്‍ ടി സിയുടെ സഹായവും തേടിയിട്ടുള്ളത്. നിലവില്‍ ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ രണ്ട് വിഭാഗമായി തിരിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് തീരുമാനം. സമാന്തരമായി ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. അക്കാദമിക് കാര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാര്‍ഗ്ഗരേഖ തയ്യാറാക്കും.
ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി മാറി;സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ നിന്നും കരയിലേക്ക് പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി മാറി.ഇതോടെ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെടുന്ന മഴയുടെ ശക്തി ഇന്ന് കുറയും.ഉച്ചയോടെ തീവ്രന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറും.കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ മാത്രമേ ശക്തമായ മഴ ലഭിക്കൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി, ഇടമലയാർ തുടങ്ങി പ്രധാന അണക്കെട്ടുകളിൽ ജലം തുറന്നു വിടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.ഉരുവച്ചാലിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്.അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി കുട്ടിയുടെ ദേഹത്ത് വീണാണ് അപകടമുണ്ടായത്.വീടിന് മുന്നില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ ഗേറ്റ് തലയിലേക്ക് വീഴുകയായിരുന്നു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കോടതി വിധി ഇന്ന്
കൊച്ചി:പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മോന്‍സനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ റിമാന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്.ഞായറാഴ്ചയാണ് പുരാവസ്തു വില്‍പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.ടിപ്പു സുൽത്താന്റെ സിംഹാസനം വരെ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.ചേർത്തലയിൽ ഒരു ആശാരിയുണ്ടാക്കിയ കസേരയാണ് ഇയാൾ ടിപ്പു സുൽത്താന്റെ സിംഹാസനം എന്ന് പറഞ്ഞ് വിറ്റത്. തട്ടിപ്പിന് പുറമെ കോടിക്കണക്കിന് രൂപ കടം വാങ്ങിയും ഇയാൾ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിലവിൽ സാമ്പത്തിക തട്ടിപ്പിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.ഡോ. മോൻസൻ മാവുങ്കൽ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇയാൾക്ക് ഡോക്ടറേറ്റ് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അഞ്ച് പേരിൽ നിന്നായി 10 കോടി രൂപ ഇയാൾ വാങ്ങി. പലിശരഹിതമായ വായ്പ്പ നൽകാമെന്നായിരുന്നു വാഗ്ദാനം. പ്രതിയ്‌ക്ക് സംസ്ഥാനത്ത് ഉന്നതരുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ കറൻസി വേട്ട;9.45 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിൽ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ കറൻസി വേട്ട. 9.45 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിലായി.കാസർകോഡ് മുട്ടതോടി ആമിന വില്ലയിൽ മുഹമ്മദ് അൻവർ ആണ് പിടിയിലായത്.ഗോ എയർ ജി8 1518 വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇയാൾ.കിയാൽ സ്റ്റാഫും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കറൻസി പിടിച്ചെടുത്തത്. ഷൂസിലും സോക്സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് കറൻസികൾ കണ്ടെത്തിയത്. അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എൻ സി പ്രശാന്ത്, കെ പി സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ കൂവൻ പ്രകാശൻ, അശോക് കുമാർ, ദീപക്, ജുബർ ഖാൻ, രാംലാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കെഎസ്ആർടിസി ബസുകളിൽ ഇനി ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാൻ അനുമതി;ഒക്‌ടോബര്‍ ഒന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്നും മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ലോ ഫ്‌ലോർ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇബൈക്ക്, ഇ സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഇതിനായി യാത്രക്കാരിൽ നിന്നും ഒരു നിശ്ചിത തുക ഈടാക്കും. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. അടുത്തമാസം ഒന്ന് മുതൽ ബസ് ടിക്കറ്റ് നിരക്ക് കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. കൊറോണയ്‌ക്ക് മുൻപുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാകുക. കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് നേരിട്ടതോടെ നേരത്തെ ഫ്ളക്സി റേറ്റ് രീതിയായിരുന്നു കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇന്ന് 11,699 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആര്‍ 14.55 ശതമാനം;58 മരണം;17,763 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,699 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂർ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസർഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്.ടിപിആര്‍ 14.55 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,661 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 492 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂർ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂർ 628, കാസർഗോഡ് 294 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.