കൊച്ചി: വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ അനാവശ്യമായി അടിച്ചേല്‍പ്പിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
ജിഷ വധക്കേസ് പുനരന്വേഷിക്കണം : ഗോത്രമഹാ സഭ
കൊച്ചി: ജിഷാ വധക്കേസ് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദലിത്-സ്ത്രീ ലൈംഗികാതിക്രമ കേസുകള്‍ സംസ്ഥാനത്ത് ഏറിവരുകയാണ്. അതിനാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധവേണം. ഇക്കാര്യം ആവശ്യപ്പെട്ട്“ചലോ തിരുവനന്തപുരം’പദയാത്ര സംഘടിപ്പിക്കും. ഏപ്രില്‍ 29ന് കാസര്‍കോട് ജില്ലയില്‍ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും
ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്ര നട നാളെ തുറക്കും .വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും.കൊടിമരം ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇത്തവണ പത്ത് ദിവസത്തെ ഉല്‍സവം ഇല്ല .എന്നാല്‍ ഇതിന് പകരം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ നട തുറക്കും. വിഷു ഉല്‍സവത്തിനായി ഏപ്രില്‍ 10ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും .14 ന് വിഷുക്കണി ദര്‍ശനം. അയ്യപ്പ ഭക്തന്‍മാര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടം നല്‍കും .വിഷ ഉല്‍സവത്തിന് ശേഷം ഏപ്രില്‍ 18ന് നട അടയ്ക്കും. നട തുറക്കുന്നതുമായി ബന്ധപ്പെട്ട് എ ല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ദേവസ്വം ബോഡിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സംവിധാനങ്ങള്‍ നടത്തിവരികയാണ്. തിരക്ക് ഒഴിവാക്കാനുള്ള മാര്‍ഗങ്ങ ളും ആലോചിച്ചുവരുന്നു.
നവരാത്രിയുടെ പേരില്‍ ശിവസേന 500ഓളം ഇറച്ചിക്കടകള്‍ അടപ്പിച്ചു, ചൊവ്വാഴ്ചകളില്‍ തുറക്കുന്നതിനും വിലക്ക്
ഗുരുഗ്രാം: നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500ഓളം ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ചു പൂട്ടിച്ചു. നവരാത്രി കഴിയുന്നതു വരെ തുറക്കരുതെന്നും ഇനിമേല്‍ ചൊവ്വാഴ്ചകളില്‍ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.കടകള്‍ അടപ്പിക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കടകള്‍ അടപ്പിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ കടകള്‍ പൂട്ടിച്ചതെന്നു ശിവസേന നേതാവ് റിത്തു രാജ് പറഞ്ഞു.
പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നു: വനിതാ കമ്മീഷന്‍
കണ്ണൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പോക്‌സോ നിയമങ്ങള്‍ പ്രതികാരം ചെയ്യാന്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നതായി സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ. നൂര്‍ബിന റഷീദ് .പീഡനവിവരം പുറത്തുവിടാതിരിക്കുന്ന രക്ഷിതാക്കളും പോക്‌സോ നിയമപ്രകാരം കുറ്റക്കാരാണ്. റസിഡന്റ് അസോസിയേഷനുകളെ കുറിച്ചും പരാതികള്‍ വ്യാപകമാണ്. അണുകുടുംബങ്ങളില്‍ കുടുംബാന്തരീക്ഷം തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിലെ അശ്ലീലസൈറ്റുകള്‍ നിരോധിക്കാന്‍ നടപടി വേണം.കലാലയങ്ങളിലും വീടുകളിലുമെല്ലാം പീഡനം വര്‍ധിക്കാന്‍ കാരണം വിരല്‍തുമ്പില്‍ തന്നെ അശ്ലീലത ലഭിക്കുന്നതാണ്. കുറ്റകൃത്യങ്ങളുണ്ടായാല്‍ പോലിസന്വേഷണം കുറ്റമറ്റതാവണം. പി റോസക്കുട്ടി ചെയര്‍പേഴ്‌സനായ സംസ്ഥാന വനിതാ കമ്മീഷന്റെ അവസാനത്തെ സിറ്റിങാണിത്. ഏപ്രില്‍ മൂന്നിനു സ്ഥാനമൊഴിയും. ഇതുവരെ ലഭിച്ച പിന്തുണയ്ക്കും പ്രോല്‍സാഹനത്തിനും കൃതജ്ഞത രേഖപ്പെടുത്തുന്നതായി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു
നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകും
തിരുവനന്തപുരം : ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. പ്ലാനിംഗ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.എസ്. സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും. ആശ തോമസാണ് പുതിയ പി.ഡബ്ല്യൂ.ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി.ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി.കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹരിത വി കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കും. ഇപ്പോള്‍ പഞ്ചായത്ത് ഡയറക്ടറായ ബാലകിരണിനെ ടൂറിസം ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്റോ വിഭാഗത്തില്‍ 210 കമാന്റോ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.ടൂറിസം വകുപ്പില്‍ 35 കാറുകള്‍ വാങ്ങുന്നതിന് മന്തിസഭ അനുമതി നല്‍കി.ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു
മുഴപ്പിലങ്ങാട് ആക്രമണം ; 15 പേര്‍ക്കെതിരേ കേസ്
എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര അങ്കണവാടിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരേ എടക്കാട് പോലിസ് കേസെടുത്തു. പ്രതികളെല്ലാം സമീപവാസികളാണ്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ സംഘം ആറു ബൈക്കുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബിഎംഡബ്ല്യു കാറും തകര്‍ത്തു.ബോംബേറിലും അക്രമത്തിലും പ്രദേശത്ത് പ്രതിഷേധം വ്യാപകമായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് എടക്കാട് റെയില്‍വേ സ്റ്റേഷനടുത്തുനിന്ന് കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മൂന്നുപേരെ എടക്കാട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കഞ്ചാവ് സംഘത്തെക്കുറിച്ച് പോലിസിന് വിവരം നല്‍കിയത് പാച്ചാക്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകരായ യുവാക്കളാണെന്ന സംശയത്തെ തുടര്‍ന്നാണ് സംഘം ആക്രമണം നടത്തിയത്.അക്രമത്തില്‍ പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ പാച്ചക്കരയിലെ മുഹമ്മദ് അശ്‌റഫ്(21), മുഹമ്മദ് സഹല്‍(20) എന്നിവര്‍ തലശ്ശേരി— സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്
ഇനി ബി എസ് 4 വാഹനങ്ങൾ മാത്രം
ന്യൂഡല്‍ഹി: ഭാരത് സ്‌റ്റേജ്-3 (ബി.എസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാനാകില്ല. ബി.എസ്.-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രിം കോടതിവിധിപ്രസ്താവം നടത്തി. കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-4 മാനദണ്ഡം നിലവില്‍വരുന്നതോടെ നേരത്തെ നിര്‍മിച്ച ബി.എസ്.-3 വാഹനങ്ങളുടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ബി.എസ്-4 വാഹനങ്ങള്‍ മാത്രമെ ഇനി വില്‍ക്കാന്‍ സാധിക്കു.
കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു ചോദ്യക്കടലാസ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ബലപ്രയോഗത്തിനിടെ കെ.എസ്.യു. പ്രവര്‍ത്തകന്‍ അശ്വിന്‍ മതുക്കോത്ത് ബോധരഹിതനായി വീണു. അശ്വിനെയും ജില്ലാപ്രസിഡന്റുള്‍പ്പടെയുള്ള മറ്റുപ്രവര്‍ത്തകരെയും പോലീസ് വാഹനത്തില്‍ അറസ്റ്റുചെയ്തു നീക്കി. ഗതാഗതം തടസ്സപ്പെടുത്തിയതിന് ടൗണ്‍പോലീസ് കേസെടുത്തു. അറസ്റ്റുചെയ്ത 16 പേരെ പിന്നീട് വിട്ടയച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.അതുല്‍, റിജില്‍ മാക്കുറ്റി, എം.കെ.അരുണ്‍ തുടങ്ങിയവർ സംസാരിച്ചു.
ഫോൺവിളി വിവാദം: പി.എസ്. ആന്റണി കമ്മിഷൻ അന്വേഷിക്കും
തിരുവനന്തപുരം∙ എ.കെ. ശശീന്ദ്രന്‍ മന്ത്രിപദവി രാജിവച്ചൊഴിയാൻ കാരണമായ ഫോൺവിളി വിവാദം ജസ്റ്റിസ് പി.എസ്. ആന്റണി അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ഞായറാഴ്ചയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന അശ്ലീല ശബ്ദരേഖ പുറത്തുവന്നത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് ഇതു പുറത്തുവിട്ടത്. ആരോപണമുയർന്നതിനെ തുടർന്ന് ശശീന്ദ്രൻ രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.