കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിന്റെ ‘അമ്മ മഹിജ നടത്തിയ സമരത്തെ വിമർശിച്ചു മന്ത്രി ജി സുധാകരൻ. മഹിജയുടെ സമരം എൽ ഡി എഫിനെ ബാധിക്കില്ലെന്നും മലപ്പുറത്തു കിട്ടിയത് സ്ത്രീകളുടെ വോട്ടാണെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ടു പുറത്തു വന്നത് കെട്ടുകഥയാണ് . സമരം കൊണ്ട് എന്ത് നേടിയെന്നു ചോദിച്ചപ്പോൾ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ഞങ്ങൾ ആ അമ്മയുടെ കുടെയായിരുന്നല്ലോ, എന്നിട്ട് അവരുടെ കുടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിനെതിരെ പറഞ്ഞാൽ പാർട്ടിയിൽ കാണില്ല.ഇപ്പോൾ ചെയ്തത് സർക്കാർ നേരത്തെയും ചെയ്യുമായിരുന്നുവെന്നും ജി സുധാകരൻ വ്യക്തമാക്കി.
ജനശ്രീമിഷൻ ഇരിട്ടി ബ്ലോക്ക് കലോത്സവം നാളെ
ഇരിട്ടി: ജനശ്രീ സുസ്ഥിര വികസന മിഷന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഇരിട്ടി ബ്ലോക്ക് തല കലോത്സവം നാളെ കീഴുർ വി യു പി സ്കൂളിൽ നടക്കും. പടിയൂർ, ഉളിക്കൽ, പായം, ഇരിട്ടി നഗരസഭ, അയ്യങ്കുന്ന്, ആറളം എന്നീ മേഖലകളിലെ 300ഓളം ജനശ്രീ മിഷൻ യൂണിറ്റുകളിൽ നിന്നും 500 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി മത്സരങ്ങൾ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് അധ്യക്ഷത വഹിക്കും. മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്യും.
പാനൂരിൽ ഇന്ന് ശുചിത്വ ഹർത്താൽ
പാനൂർ: മാലിന്യ മുക്ത ശുചിത്വ നഗരസഭാ എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള ശുചീകരണത്തിൻറെ ഭാഗമായി പാനൂരിൽ ഇന്ന് ശുചിത്വ ഹർത്താൽ. ഇന്ന് രാവിലെ 11മുതൽ ഉച്ചകഴിഞ്ഞു 2 30 വരെ നഗരസഭാ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഹർത്താൽ നടത്തി നഗര ശുചീകരണത്തിൽ പങ്കാളികളാകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി റംല അറിയിച്ചു
നായനാർ ഫുട്ബോൾ: ഫൈനൽ നാളെ
കല്യാശേരി: കല്യാശേരിയിൽ നടക്കുന്ന നായനാർ സ്മാരക സ്വർണ്ണകപ്പ് ഫുട്ബാളിന്റെ കലാശ പോരാട്ടം 19 നു നടക്കും. വൈകുന്നേരം 7 30നാണു മത്സരം. എസ് എഫ് സി കല്യാശേരിയും സെലെക്ടഡ് വളപട്ടണവുമാണ് ഫൈനലിൽ കളിക്കുന്നത്.
കാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദ കൂട്ടായ്മ
തലശ്ശേരി : കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തി ക്യാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മെയ് പതിമൂന്നിന് കാൻസർ സെന്ററിലാണ് കൂട്ടായ്മ. താല്പര്യമുള്ളവർ ഈ മാസം22 നു മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490-2399246, 0490-2399287.
വെൽക്കം ബോർഡ് സ്ഥാപിച്ചു
തലശ്ശേരി : വൈസ്മെൻസ് ക്ലബ് ഇന്റർനാഷണൽ തലശ്ശേരിയും ജനമൈത്രി പോലീസും വിവിധ സ്ഥലങ്ങളിൽ വെൽക്കം ബോർഡുകൾ സ്ഥാപിച്ചു. മുഴപ്പിലങ്ങാട്, ധർമ്മടം, കൊടുവള്ളി, ഇല്ലിക്കുന്ന്, എരഞ്ഞോളി, പുന്നോൽ എന്നീ സ്ഥലങ്ങളിലാണ് തലശ്ശേരി നഗരസഭയുടെ നൂറ്റിഅന്പതാം വാർഷികത്തിന്റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചത്. തലശ്ശേരി സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ എസ് ഐ ഷാജു ഉത്ഘാടനം ചെയ്തു.
രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യു എ പി ഐ നിലനിൽക്കില്ല: ഡിജിപി യുടെ റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യു എ പി ഐ നിലനിൽക്കില്ലെന്ന് ഡിജിപി യുടെ റിപ്പോർട്ട്. 2012 മുതൽ രജിസ്റ്റർ ചെയ്ത 162 കേസുകളിൽ ഡിജിപി അധ്യക്ഷനായ സമിതി നടത്തിയ പരിശോധനയിലാണ് 42 കേസുകളിൽ യു എ പി ഐ നിലനിൽക്കില്ലെന്ന് കണ്ടെത്തിയത്. നാല്പത്തിരണ്ടു കേസുകളിലും യു എ പി ഐ പ്രകാരമുള്ള കുറ്റം ഒഴിവാക്കാൻ കോടതികളിൽ റിപ്പോർട്ട് നൽകും.യു എ പി ഐ നിയമം പോലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് സമിതി കേസുകൾ പുനഃപരിശോധന നടത്തിയത്.
റീചാർജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: റീചാർജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രിൽ പതിനഞ്ചു വരെയായിരുന്നു സൗജന്യ ഓഫറുകളുടെ കാലാവധി നൽകിയിരുന്നത്. എന്നാൽ ഇതിനു ശേഷവും സിമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ റദ്ദാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ റീചാർജ് ചെയ്യാത്തവരുടെ കണക്ഷൻ ഉപഭോക്താക്കൾക്ക് മെസ്സേജ് അയച്ചതിനു ശേഷം ഘട്ടം ഘട്ടമായാണ് റദ് ചെയ്യുക.
ജഡ്ജി നിയമനം: ഹൈകോടതിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി : അർഹത ഇല്ലാത്തവരെ ജില്ലാ, സെഷൻസ് കോടതി ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി കേരളാ ഹൈക്കോടതിക്കു നോട്ടീസ് അയച്ചു. സെലെക്ഷൻ പ്രക്രിയയിൽ എഴുത്തുപരീക്ഷയ്ക്കും വാചാ പരീക്ഷയ്ക്കും കുടി ലഭിച്ച മാർക്കുകൾ ഒന്നിച്ചു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേരളാ ഹൈകോടതിക്ക് നോട്ടീസ് അയച്ചത്.
എ ഐ എ ഡി എം കെ ലയിക്കുന്നു: ശശികലയെ പുറത്താക്കും
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടുമൊരു ട്വിസ്റ്റിനു അരങ്ങൊരുങ്ങി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം രണ്ടായി തിരിഞ്ഞ എ ഐ എ ഡി എം കെ ഒന്നിക്കാൻ പോവുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഉടൻ യാഥാർഥ്യമായേക്കും. പാർട്ടി ലയിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ഭാവി എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മുൻ മുഖ്യമന്ത്രി പനീർ സെൽവത്തെ പാർട്ടിയിലേക്ക് തിരിച്ചു വിളിക്കുന്നതുമായി ബന്ധപ്പെട്ടു ശശികല പക്ഷത്തെ മന്ത്രിമാർ തിങ്കളാഴ്ച രാത്രി ചർച്ച നടത്തി. മന്ത്രി എടപ്പാടി പളനിസ്വാമിയും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം തമ്പിദുരൈയും പുതിയ നീക്കത്തിന് പിന്തുണയേകിയിട്ടുണ്ട്. 25 പേർ ചർച്ചയിൽ പങ്കെടുത്തുവെന്നതാണ് സൂചന.
എ ഐ എ ഡി എം കെ രണ്ടു ഗ്രുപ്പുകളായി തിരിഞ്ഞതോടെ പാർട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ധാക്കിയിരുന്നു. ലയനത്തിലൂടെ ഇത് തിരിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും ഒന്നിക്കാൻ നീക്കങ്ങൾ നടത്തുന്നത്.