കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍(83) അന്തരിച്ചു.കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയവേ കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ശങ്കേഴ്‌സ് വീക്കിലി ,ജനയുഗം ,ബാലയുഗം ,കട്ട്കട്ട് ,അസാധു എന്നിവയിലും പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി അധ്യക്ഷനായിരുന്നു. പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍.1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയതാണ് യേശുദാസിന്റെ ജീവിതം. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. എഞ്ചിനീയറാവാന്‍ കൊതിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍. മാവേലിക്കരയിലെ ഭരണിക്കാവാണ് സ്വദേശം. ജനയുഗത്തിലായിരുന്നു ആദ്യ വരച്ചു തുടങ്ങിയത്. 1961ല്‍ കൊല്ലത്ത് ജനയുഗത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. മലയാള പത്ത്രതിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന ബഹുമതി അങ്ങനെ അദ്ദേഹം സ്വന്തമാക്കി. 1973ല്‍ കേരളം വിട്ട് ഡല്‍ഹിക്ക് പോയി. ശങ്കേഴ്‌സ് വീക്കിലിയില്‍ ചേര്‍ന്നു. ഏഴു കൊല്ലത്തിനു ശേഷം തിരിച്ചു വന്ന് രണ്ടും കൊല്ലം ജനയുഗത്തില്‍ തുടര്‍ന്നു.പിന്നീടാണ് സ്വന്തമായ പ്രസിദ്ധീകരണങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നത്.1985ല്‍ പ്രസിദ്ധീകരണങ്ങള്‍ നഷ്ടമായതോടെ മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. മനോരമയിലൂടെ അദ്ദേഹം ഒട്ടേറെ കാര്‍ട്ടൂണുകള്‍ വരച്ചു. ദി വീക്കിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു.
എന്‍സിസിയുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയാകുന്നു;അഭിമാനിക്കാൻ ഏറെയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയാകുന്നു. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്.ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും.പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയര്‍ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.രാജ്യത്തെ ഏക എന്‍സിസി എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷിയേകുന്നതാണ്.
സ്കൂൾ തുറക്കൽ;അന്തിമ മാർഗരേഖ ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. മാർഗരേഖ പൊതുവിദ്യാഭ്യാസ – ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.നവംബർ 1 ന് സ്‌കൂൾ തുറക്കാനിരിക്കെ കൊറോണ സാഹര്യത്തിൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ ക്രമീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊറോണ വാക്‌സിൻ എടുത്തിരിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതാണ്. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തണം. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് പുറത്തിറക്കും.
നിതിനയ്‌ക്ക് യാത്രാമൊഴി;മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ സംസ്ക്കാരം കഴിഞ്ഞു.12മണിയോടെയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ച് സംസ്‌കരിച്ചു.കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് നിഥിന മോളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ധമനികള്‍ മുറിഞ്ഞ് പെട്ടെന്ന് രക്തം വാര്‍ന്നതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാരുടെ തലവന്‍ പറഞ്ഞു.കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു നിഥിനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇന്നലെയാണ് പാല സെന്റ് തോമസ് കോളേജിൽ വെച്ച് സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു നിഥിനയെ കോളേജ് ക്യാമ്പസ്സിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.നിഥിന പ്രണയത്തില്‍ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിഷേക് പൊലീസിന് മൊഴി നല്‍കിയത്. കൊലപാതകം ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ കൈ മുറിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക മാത്രമാണ് വിചാരിച്ചിരുന്നതെന്നും അഭിഷേക് പറഞ്ഞു.എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കൊലപാതകം ആസൂത്രിതമെന്നും, അഭിഷേക് കരുതിക്കൂട്ടിത്തന്നെയാണ് കോളേജില്‍ വന്നതെന്നും പൊലീസ് വിലയിരുത്തുന്നു.
കോഴിക്കോട് പോലൂരിൽ വീടിനുള്ളിലെ അജ്ഞാതശബ്ദത്തിന് കാരണം സോയില്‍ പൈപ്പിങ്; ഭൗമശാസ്ത്ര പഠനം നടത്തും
കോഴിക്കോട്: പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിന് കാരണം സോയില്‍ പൈപ്പിങ്(കുഴലീകൃത മണ്ണൊലിപ്പ്).വീട് നില്‍ക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം.സ്ഥലത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകള്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിര്‍മ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എംഎല്‍എയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്.വീട് നില്‍ക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പുറത്ത് വിടുന്ന മര്‍ദ്ദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേള്‍ക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊറോണ അവലോകന യോഗം ഇന്ന്;തീയറ്ററുകൾ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ യോഗത്തിൽ ഇന്ന് അവലോകന യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്‌ക്കാണ് യോഗം ചേരുക. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയേക്കും.തീയറ്ററുകൾ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ചാ വിഷയമാകുക. ഇതിന് പുറമേ കല്യാണത്തിനും, മരണാനന്തര ചടങ്ങുകൾക്കും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകുന്ന കാര്യവും യോഗം പരിഗണിക്കും. സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും യോഗം ചർച്ച ചെയ്യും. ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം.കഴിഞ്ഞ അവലോകന യോഗത്തിൽ ഹോട്ടലുകൾ തുറക്കാനുള്ള അനുമതിയുൾപ്പെടെ കൂടുതൽ ഇളവുകൾ നൽകിയിരുന്നു. ഇതിന് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യവും ഇന്നത്തെ യോഗം വിലയിരുത്തും.
നിതിന കൊലപാതകം;അഭിഷേക് ബ്ലേഡ് വാങ്ങിയത് ഒരാഴ്ച മുൻപ്;കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം;പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുക്കും
പാലാ:പ്രണയ നൈരാശ്യത്തെ തുടർന്ന് പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. നിധിനയെ കൊലപ്പെടുത്താന്‍ പ്രതിയായ അഭിഷേക് ഒരാഴ്ച മുൻപ് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി മൊഴിയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. ഇതെല്ലാം സംഭവം ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്വേഷസംഘം വ്യക്തമാക്കുന്നു.അഭിഷേക് ബ്ലേഡ് വാങ്ങിയ ഈ കടയില്‍ അടക്കം പൊലിസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച് അഭിഷേകിനെ തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസമാണ് പാലാ സെന്റ് തോമസ് ക്യാംപസിനുള്ളില്‍ വെച്ച് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നിതിന കൊല്ലപ്പെട്ടത്.പരീക്ഷ കഴിയുന്നതു വരെ കാത്തുനിന്ന അഭിഷേക് മൂര്‍ച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച് നിധിനയുടെ കഴുത്തിലെ ഞരമ്പറുക്കുകയായിരുന്നു.പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ആൻഡ് ടെക്‌നോളജി വിദ്യാർത്ഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് രണ്ട് പേരും കോളേജിൽ എത്തിയത്. പരീക്ഷയ്‌ക്ക് ശേഷം അഭിഷേകും നിതിനയും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പ്രണയ നൈരാശ്യാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പോലീസിനോട് മൊഴി നൽകിയത്. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണെന്നും എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപ്പെടുത്തിയതാണെന്നും പ്രതി വെളിപ്പെടുത്തി.
സ്കൂൾ തുറക്കൽ;ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർത്ഥികൾക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിള്‍ വച്ച് കാര്യങ്ങള്‍ നടപ്പിലാക്കും.സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.യുവജന സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട് . എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കും. ഷിഫ്റ്റ് സംവിധാനം വിദ്യാലയങ്ങളിലെ സാഹചര്യം അനുസരിച്ച് ക്രമീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ക്ലാസില്‍ ഒരേസമയം 20 – 30 കുട്ടികളെ മാത്രമേ അനുവദിക്കൂ.അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സീന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്കൂള്‍ തുറക്കുന്നതിനു മുന്‍പു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെയും യോഗം ചേരും.ഈ മാസം 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയവ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
അനധികൃത സ്വത്തു സമ്പാദനം; കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന പരാതിയിൽ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ.സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സുധാകരനെതിരെ നല്‍കിയ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നായിരുന്നു പ്രാഥമികമായി അന്വേഷിച്ചത്. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്. കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. 1987 മുതല്‍ 93 വരെ സുധാകരന്‍റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ കൈയില്‍ സുധാകരനെതിരെ എല്ലാ വിധ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരിട്ടാണ് തനിക്ക് ഈ തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.വ്യാഴാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിയിലായിരുന്നു മോൻസനെ വിട്ടിരുന്നത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രാവിലെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെ പരാതിക്കാരായ ഷമീർ, അനൂപ് എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് വിശദമായ മൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ.ചോദ്യം ചെയ്യലിനോട് മോൻസൻ സഹകരിക്കുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിൽ ഇന്നലെ മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്താനായില്ല. ഇന്നും നാളെയും കോടതി അവധിയായതിനാൽ ഇനി തിങ്കളാഴ്ച ആകും അറസ്റ്റ് നടപടികൾ ഉണ്ടാവുക.