ശ്രീനഗർ:ശ്രീനഗറില്‍ രണ്ട് അധ്യാപകരെ വെടിവച്ചുകൊന്നു. ഈദ് ഗാഹ് പ്രദേശത്തെ സര്‍ക്കാര്‍ ബോയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ് സായുധരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപകന്‍ ദീപക് ചന്ദും പ്രിന്‍സിപ്പല്‍ സുപുന്ദര്‍ കൗറുമാണ് മരിച്ചത്.വെടിവയ്പ് നടക്കുമ്പോൾ വിദ്യാര്‍ത്ഥികളാരും സ്‌കൂളിലുണ്ടായിരുന്നില്ല. കശ്മീരിലെ സ്‌കൂളുകള്‍ ഇപ്പോഴും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.മൂന്ന് പേര്‍ വെടിയേറ്റ് മരിച്ച് 48 മണിക്കൂറിനുള്ളിലാണ് ഇപ്പോള്‍ രണ്ട് പേര്‍ കൂടി മരിച്ചത്.പാക്ക് ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രന്റ് ആണ് ആക്രമണത്തിനു പിന്നിലെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു.മരിച്ചവര്‍ സിഖ്, ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പോലിസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.തോക്കുമായി സ്‌കൂളിലെത്തിയ സായുധര്‍ ഐഡി കാര്‍ഡ് പരിശോധിച്ചാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. അധ്യാപകരെ വെടിവച്ചു കൊന്നതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തത്.ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനിലാണ് അധ്യാപകരെ കൊന്നതെന്ന് ഭീകരസംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുകയോ അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയോ ചെയ്താല്‍ ആരും രക്ഷപ്പെടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക്ക് ഭീകര സംഘടന ഇന്ത്യന്‍ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ ‘വൃത്തികെട്ട ചടങ്ങ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ടിആര്‍എഫിന്റെ മുന്നറിയിപ്പും ഭീഷണിയും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് അധ്യാപകര്‍ അനുഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.കശ്മീരിലെ കടകളിലും വസതികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയും ഭീകരര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ ദൂരദര്‍ശന്‍ റിലേ കേന്ദ്രത്തില്‍ നിന്നുള്ള സംപ്രേഷണം ഒക്ടോബര്‍ 31ഓടെ നിലക്കും
കണ്ണൂര്‍:മങ്ങാട്ടുപറമ്പിലെ ദൂരദര്‍ശന്‍ റിലേ കേന്ദ്രത്തില്‍ നിന്നുള്ള സംപ്രേഷണം ഒക്ടോബര്‍ 31ഓടെ നിലക്കും. പഴയ അനലോഗ് സംവിധാനം അപ്രസക്തമായതോടെ നിലയത്തിന്റെ ആവശ്യമില്ലാതായെന്ന നിഗമനത്തിലാണ് അടക്കാനുള്ള തീരുമാനം വന്നത്. ഇതോടെ രാവിലെ 5.30 മുതല്‍ രാത്രി 12 മണിവരെ മലയാളം പരിപാടികള്‍ ഇവിടെ നിന്ന് റിലേ ചെയ്യുന്നത് നിലക്കും. 1985ലാണ് സംസ്ഥാനത്ത് ആദ്യമായി ദൂരദര്‍ശന്‍ മെയിന്‍റനന്‍സ് സെന്‍റര്‍ കണ്ണൂരില്‍ സ്ഥാപിച്ചത്. ആദ്യം പള്ളിക്കുന്നില്‍ ആയിരുന്നെങ്കിലും റിലേ സ്റ്റേഷന്‍ വന്നതോടെ പിന്നീട് മങ്ങാട്ടുപറമ്പിലേക്ക് മാറ്റി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഇതിന്റെ കീഴിലായിരുന്നു. മാങ്ങാട്ടുപറമ്പിലെ ദൂരദര്‍ശന്‍ മെയിന്‍റനന്‍സ് സെന്‍ററിന് കീഴില്‍ വരുന്ന തലശ്ശേരി, കാസര്‍കോട് എല്‍.പി.ടികളും മാഹിയിലെ ട്രാന്‍സ്‌മിറ്ററും നിര്‍ത്തലാക്കിക്കഴിഞ്ഞു.നിലവില്‍ 13 ജീവനക്കാരാണ് മാങ്ങാട്ടുപറമ്ബിലെ കേന്ദ്രത്തില്‍ ഉള്ളത്. സംസ്ഥാനത്തെ 11 റിലേ സ്റ്റേഷനുകളും പൂട്ടുന്നതോടെ ജീവനക്കാരുടെ നിലനില്‍പും ആശങ്കയിലാണ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒട്ടേറെ സ്‌റ്റേഷനുകള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയും ഈ വര്‍ഷാവസാനത്തോടെ അടച്ചു പൂട്ടാനാണ് കേന്ദ്ര നീക്കം. ഇനി ദൂരദര്‍ശന്‍ പരിപാടികള്‍ ലഭിക്കാന്‍ ഡി.ടി.എച്ച് സംവിധാനത്തിലേക്ക് പോകേണ്ടിവരും.
സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; 53,031 പേര്‍ യോഗ്യത നേടി
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടുകയും ചെയ്തു. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭ്യമായിരിക്കും. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ തൃശൂര്‍ ,വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി. ഹരിശങ്കര്‍(കോട്ടയം), നയന്‍ കിഷോര്‍ നായര്‍(കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടിയിട്ടുണ്ട്. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്.ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂര്‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷന്‍ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.സിബിഎസ്‌ഇ ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനം നേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.
സ്കൂൾ തുറക്കൽ;വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും;ശനിയാഴ്ചയും ക്ലാസ്; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും.ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും.എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന തോതിലായിരിക്കും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;134 മരണം;14,516 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂർ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂർ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസർഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1508, കൊല്ലം 78, പത്തനംതിട്ട 812, ആലപ്പുഴ 944, കോട്ടയം 1037, ഇടുക്കി 651, എറണാകുളം 2328, തൃശൂർ 1420, പാലക്കാട് 759, മലപ്പുറം 1153, കോഴിക്കോട് 2322, വയനാട് 735, കണ്ണൂർ 642, കാസർഗോഡ് 127 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ടിസി വേണ്ട; സെൽഫ് ഡിക്ലറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള സ്‌കൂളുകളിൽ ചേരാമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് സെൽഫ് ഡിക്ലറേഷൻ ഉണ്ടെങ്കിൽ ടിസി ഇല്ലാതെ തന്നെ ഇഷ്ടമുള്ള സ്‌കൂളുകളിൽ ചേരാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടിസി ആവശ്യപ്പെടുന്ന ഏതൊരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ടിസി നൽകേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ എ.എൻ. ഷംസീർ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നത്. വിദ്യാർത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്‌കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കലൂരിൽ മതിലിടിഞ്ഞ് വീണ് അപകടം;ഇതര സംസ്ഥാന തൊഴിലാളി മരിച്ചു;രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ആന്ധ്രാ സ്വദേശി ധന്‍പാലാണ് മരിച്ചത്. ഷേണായീസ് ജംങ്ഷന് സമീപം ക്രോസ് റോഡിലായിരുന്നു അപകടം. മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ഓട വൃത്തിയാക്കി കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ മതില്‍ ഇവരുടെ മേല്‍ ഇടിഞ്ഞു വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല.തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി നടത്തിയ ശ്രമത്തിനിടയില്‍ മതിലിനടിയില്‍ രണ്ടു പേരുടെ കാലുകള്‍ കണ്ടു.തുടര്‍ന്ന് ഇവരെ രണ്ടു പേരെയും ഫയര്‍ ഫോഴ്‌സ് ഒരു വിധത്തില്‍ രക്ഷിച്ചു പുറത്തെത്തിച്ചു.ഇതിനിടയിലാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി ഫയര്‍ഫോഴ്‌സ് കണ്ടത്.തുടര്‍ന്ന് ഇദ്ദേഹത്തെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കല്‍, പരിശോധനാ ഫീസുകള്‍ കുത്തനെ കൂട്ടി; 2022 ഏപ്രില്‍ ഒന്നുമുതല്‍ നിരക്കുകൾ പ്രാബല്യത്തില്‍ വരും
ഡല്‍ഹി: വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കല്‍, പരിശോധനാ ഫീസുകള്‍ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. വര്‍ധിപ്പിച്ച നിരക്ക് 2022 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.ഇതു പ്രകാരം അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ എട്ടു മടങ്ങ് അധികം പണം നല്‍കേണ്ടി വരും. ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്‌ട്രേഷന് 2000 രൂപയും പുതുക്കാന്‍ 10,000 രൂപയും നല്‍കണം.ഇറക്കുമതി ചെയ്ത കാര്‍ രജിസ്‌ട്രേഷന് 5000 രൂപയും പുതുക്കാന്‍ 40,000 രൂപയും നല്‍കണം. കാറുകള്‍ക്ക് 5000 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയുമാണ് ഈടാക്കുക. നിലവിലിത് 600, 300 രൂപയാണ് ഈടാക്കിവരുന്നത്.5 വര്‍ഷത്തിലധികം പഴക്കമുള്ള ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 12,500 രൂപ നല്‍കണം. 1500 രൂപയാണ് നിലവിലെ ചാര്‍ജ്. കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.
കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഈ മാസം 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000ടണ്‍ചരക്ക് കൈക്കാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളകാര്‍ഗോ കോംപല്‍ക്സാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. കാര്‍ഗോ സര്‍വീസ് തുടങ്ങുന്നതിനുള്ള ട്രയല്‍ റണ്ണും മറ്റുകാര്യങ്ങളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രിക്ക് ഡാറ്റ ഇന്റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കു നീക്കം നിയന്ത്രിക്കുക.കേടായിപ്പോകാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോള്‍റേജ് സംവിധാനവുമുണ്ട്.ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുടെ കാര്‍ഗോ കോംപല്‍ക്സിന്റെ പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്. കാര്‍ഗോ കോംപല്‍ക്സിന്റെ ഉദ്ഘാടനം ഈ വർഷം ആദ്യം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനാല്‍ അന്താരാഷ്ട്ര ചരക്കുനീക്കം സാധ്യമായിരുന്നില്ല. കഴിഞ്ഞമാസമാണ് കാര്‍ഗോ വിഭാഗത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റത്. ഇതോടെയാണ് അന്താരാഷ്ട്ര ചരക്കുനീക്കത്തിനുള്ള സാധ്യതകള്‍ യാഥാര്‍ത്ഥ്യമായത്.
സംസ്ഥാനത്ത് പാചക വാതക വില വർധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്.വാണിജ്യ പാചക വാതക വിലയില്‍ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയാണ് കൂട്ടിയത്.