മൂന്നാർ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം എം മണി രാജി വെക്കണം എന്നാവശ്യപ്പെട്ട് മുന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെമ്പിളൈ ഒരുമൈ നേതാക്കളായ രാജേശ്വരി, കൗസല്യ, ഗോമതി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയ്‌ക്കെതിരെയുള്ള സമരം ആരംഭിച്ചത്. സമരം ഏഴാം ദിവസം പിന്നിടുമ്പോഴും മൂന്നാറിലും സമീപ പ്രദേശങ്ങളിലും ഉള്ള തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. അതെ സമയം മന്ത്രി രാജി വെക്കുന്നത് വരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കൾ പറഞ്ഞു.
തൃശൂർപൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചേക്കും
തിരുവനന്തപുരം: തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചേക്കും. എക്സ്പ്ലോസീവ് വിഭാഗത്തിൽ നിന്ന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. പൂരം ആഘോഷപൂർവം നടത്തുമെന്ന് കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു. വെടിക്കെട്ട് നിരീക്ഷിക്കാൻ കേന്ദ്ര സംഘം എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.
സ്ത്രീപീഡന കേസിൽ കോൺഗ്രസ്സുകാർ മുൻപന്തിയിൽ; എം എം മണി
ഇടുക്കി : സ്ത്രീപീഡന കേസുകളിൽ കോൺഗ്രസ്സുകാർ എന്നും മുൻപന്തിയിലാണെന്ന് മന്ത്രി എം എം മണി. സോളാർ കേസ്, നിലംബൂർ രാധ വധം, സുനന്ദ പുഷ്‌ക്കറിന്റെ മരണം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. താൻ സ്ത്രീകളെ അപമാനിച്ചു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്നാറിലെ പെമ്പിളൈ ഒരുമൈ സമരം തീർക്കാൻ ഇടപെടില്ല. സമരം തുടങ്ങി വെച്ചത് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും മാധ്യമങ്ങളും കൂടിയാണ്. മൂന്നാർ കയ്യേറ്റത്തിൽ നിലപാടറിയിക്കാൻ രമേശ് ചെന്നിത്തലക്ക് മടിയുള്ളതിനാലാണ് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടിയൂരിൽ ഹരിത ഉത്സവം
കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്തു പ്ലാസ്റ്റിക് സഞ്ചി ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങൾ തുണിസഞ്ചി, പേപ്പർ എന്നിവ മാത്രമേ ഉപയോഗിക്കാവു. ഉത്സവശേഷം പ്രദേശം വൃത്തിയാക്കുന്ന കാര്യവും ശ്രദ്ധിക്കണം. കൂടാതെ റോഡ് ഗതാഗതം തടസ്സപ്പെടുന്ന തരത്തിൽ കച്ചവടം പാടില്ലെന്നും നിർദേശം നൽകും. ഉത്സവത്തോടനുബന്ധിച്ച് പ്രാഥമിക ശുശ്രുഷ നൽകുന്നതിൽ തെരഞ്ഞെടുക്കപ്പെടുന്ന വോളന്റിയർമാർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. ഇക്കരെ കൊട്ടിയൂരിൽ പോലീസ് ഔട്ട് പോസ്റ്റും പ്രദേശത്തു സി സി ടി വികളും സ്ഥാപിക്കും. കുടിവെള്ള വിതരണം, വൈദ്യുതി വിതരണം എന്നിവയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്റ്ററുടെ സാന്നിധ്യത്തിൽ മെയ് പതിനഞ്ചിനകം യോഗം ചേരാനും തീരുമാനമായി.
പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി
കണ്ണൂർ : വൈദ്യുതി ചാർജ് വര്ധനവിനെതിരെ കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്‌ഘാടനം ചെയ്തു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട ഭരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്കാർക്ക് വേണ്ടിയാണ് ഭരിക്കുന്നത്. പാർട്ടിക്കാരായവരെ എന്ത് നെറികേട് ചെയ്തും സംരക്ഷിക്കുകയാണ്. സർക്കാരിലുള്ള പ്രതീക്ഷ ജനങ്ങൾക്ക് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ
കാസർഗോഡ്: യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുമ്പള പെർവാർഡിലെ അബ്ദുൽ സലാം (32)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത് ബദരിയാ നഗറിലെ നൗഷാദിനാണ്(28) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. സലാമിന്റെ ശിരസ്സ് ഭേദിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തു രണ്ടു ബൈക്കുകൾ മറിഞ്ഞു കിടക്കുന്ന നിലയിലും ഒരു ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുടിപ്പകയാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.
പുതിയ ഇന്ത്യയില്‍ വിഐപിക്കു പകരം ഇപിഐ; മോഡി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയതു പോലെ തന്നെ എല്ലാവരുടെയും മനസില്‍ നിന്ന് വിവിഐപി ചിന്താഗതി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെന്‍കുമാറിന്റെ നിയമനം
തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് മൂലം സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നുകാണിച്ച് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. രണ്ടുകാര്യങ്ങളാണ് സുപ്രീംകോടതി വിധിക്കുശേഷം സെന്‍കുമാറിന്റെ നിയമനവിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടന്‍, തന്നെ ഡി.ജി.പി.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. വിധി നടപ്പാക്കണമെന്നുകാട്ടി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. രണ്ടുകാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.
സമരപ്പന്തലിലേക്ക് തന്നെ മടങ്ങുമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി
മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സമരപ്പന്തലിലേക്ക് തന്നെ മടങ്ങുമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി. ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് പെമ്പിളൈ ഒരുമ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് തയാറായിരുന്നില്ല. മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗമാണ് സമരത്തിന് കാരണം. മണി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പെമ്പിളൈ ഒരുമ.
നിയമ വാഴ്ചയോടുള്ള വെല്ലുവിളി; സെൻ കുമാറിന്റെ നിയമനം വൈകുന്നു; വി ടി ബൽറാം എം എൽ എ
തിരുവനന്തപുരം: സുപ്രീം കോടതിയുടെ സംശയരഹിതമായ വിധി പുറത്തു വന്നിട്ട് ദിവസങ്ങളായെങ്കിലും അത് അനുസരിച്ച് ടി പി സെൻകുമാറിന് കേരള പോലീസ് മേധാവിയായി പുനർ നിയമനം നല്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് നിയമ വാഴ്ചയോടും ഭരണ ഘടനയോടും ഉള്ള വെല്ലുവിളിയാണെന്ന് വി ടി ബൽറാം എം എൽ എ. മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും വ്യക്തിവിരുദ്ധത്തിനും ദുരഭിമാനത്തിനുമല്ല , പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന് തന്നെയാണ് ഒരു ഭരണ ഘടന അധിഷ്ഠിത ജനാധിപത്യത്തിൽ വിലയുണ്ടാകേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.