തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.കെഎസ്‌ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡുകളും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്ട്‌ലറ്റിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞുവെന്നായിരുന്നു കണക്കാക്കിയിരുന്നത്.അതേസമയം കെഎസ്‌ആര്‍ടിസി ഗ്രാമവണ്ടികള്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി. 150 കിലോമീറ്ററാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുക. ഒരു പഞ്ചായത്തില്‍ ഇത്രയും ദൂരപരിധി ഇല്ലെങ്കില്‍ സമീപ പഞ്ചായത്തുകളുമായി ചേര്‍ന്ന് സര്‍വീസ് നടത്താം. സ്വകാര്യ വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാം.കെഎസ്‌ആര്‍ടിസി നിലവില്‍ നല്‍കുന്ന എല്ലാ ഇളവുകളും ഗ്രാമവണ്ടികളിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ ഇപ്പോഴത്തെ ടിക്കററ് നിരക്ക് തന്നെയായിരിക്കും ഗ്രാമവണ്ടികളിലെന്നുമെന്നും മന്ത്രി വ്യക്തമാക്കി.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ്;മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി:പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടി രൂപ തട്ടിയെന്ന കേസിലുമാണ് മോണ്‍സന്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോണ്‍സന്റെ വാദം. അനൂപ്, ഷമീര്‍ എന്നിവരില്‍നിന്നാണ് ഇയാള്‍ 10 കോടി രൂപ തട്ടിയത്. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞാണ് പാലാ സ്വദേശി രാജീവനില്‍നിന്നും 1.72 കോടി രൂപ ഇയാള്‍ തട്ടിയെടുത്തത്. മോന്‍സണിനെതിരേ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മോണ്‍സന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വന്നത് ചികില്‍സയ്ക്കാണെന്ന് മോണ്‍സന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികില്‍സ കഴിഞ്ഞ് അന്നുതന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോണ്‍സന്‍ പറഞ്ഞു. ഈമാസം 20 വരെയാണ് മോണ്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി.
ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും
തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും.രണ്ടാഴ്ചക്കിടെ 20 രൂപയോളമാണ് പച്ചക്കറികൾക്ക് വര്‍ധിച്ചത്. ദിനേനെ വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വിലയും സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച 20 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇന്നത്തെ വില 60 രൂപയാണ്. 22, 23 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന ഉള്ളി ഇന്ന് 40 രൂപക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്.തക്കാളി, ഉള്ളി കൂടാതെ പയറിനും വില വര്‍ധിച്ചിട്ടുണ്ട്. 50 രൂപക്കാണ് പയര്‍ വില്‍പ്പന നടത്തുന്നത്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. കര്‍ണാടകയില്‍ മഴ കാരണം കൃഷി കുറഞ്ഞതും തക്കാളി ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്തതും വില കൂടാന്‍ കാരണമായി.പൂണെയില്‍ നിന്നുമാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. മഴകാരണം പൂണെയിലും ഉള്ളി ലഭ്യത കുറഞ്ഞത് കാരണം വില കൂടാന്‍ കാരണമായെന്നാണ് മൊത്തകച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സമീപ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയറ്റിവിടുന്നത് മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞ് വരികയാണ്. ഇതും വില കൂടാന്‍ കാരണമായെന്നാണ് കച്ചവടക്കാര്‍ പറയുന്നു ഉരുളക്കിഴങ്ങിനും വില കൂടുതലാണ്. 25 രൂപയാണ് ഉരുളക്കിഴങ്ങിന്റെ വില. പച്ചക്കറികള്‍ക്ക് പുറമെ ചുവന്ന പരിപ്പ്, പഞ്ചസാര, കോഴിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 100 രൂപയാണ് ചുവന്ന പരിപ്പിന്റെ വില. പഞ്ചസാരക്ക് 42 രൂപയും.സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ്. പച്ചക്കറികള്‍ക്കും, അനാദി സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ഹോട്ടല്‍ റസ്‌റ്റോറന്റ് മേഖലയലും പ്രതിസന്ധിയിലായിരിക്കുകയാണ്. പെട്ടെന്ന് സാധനങ്ങളുടെ വില കൂട്ടുകയെന്നത് പ്രയാസമാണ്.വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും ഹോട്ടലുടമകൾ പറഞ്ഞു.
ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം കഴിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി
കണ്ണൂര്‍: ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി.കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചന്ദാണ് കണ്ണാടിപ്പറമ്ബ് സ്വദേശിയായ ജോത്സ്യനെതിരെ കണ്ണവം പോലീസില്‍ പരാതി നല്‍കിയത്.വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങിയതായാണ് പരാതി.വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കല്‍ മൂഹൂര്‍ത്തം നോക്കാനായാണ് മൊബിന്‍ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മൊബന്‍ചന്ദ് മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.ഇതിന് പുറമേ ഭാവിയില്‍ മകന്‍ IAS പരീക്ഷ പാസ്സാവാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്ന ഇയാള്‍ പറയുകയായിരുന്നു.
വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം: വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊലപ്പെടുത്തി.നഗരസഭയിലെ ഓഫീസ് അറ്റൻഡർ ഷിബുവാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ നഗരസഭ ജീവനക്കാരൻ തന്നെയായ രഞ്ചിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.രാജാജി നഗറില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്. ഷിബുവിന്റെ തലക്ക് സ്‌ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ച ശേഷം രഞ്ജിത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കന്റോണ്‍മെന്റ് പോലീസ് പ്രതിയെ പിന്നീട് പിടികൂടി.പരിക്കേറ്റ ഷിബുവിനെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം പൂർത്തിയായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം പൂർത്തിയായതായി ആരോഗ്യമന്ത്രി വീണ ജോർജ്.ഒരു വ്യക്തിയുടെ ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പ്രതിരോധ ശക്തി കണ്ടെത്തുകയാണ് സിറോപ്രിവലൻസിലൂടെ ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം നടത്തിയതിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വരികയാണ്. പ്രാഥമിക റിപ്പോർട്ട് പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.സിറോപ്രിവലൻസിലൂടെ കണ്ടെത്തുന്ന പ്രതിരോധം രണ്ട് രീതിയിലൂടെയാണ് സംഭവിക്കുന്നത്. ഒന്ന് കൊറോണ പിടിപ്പെട്ട് കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും മറ്റൊന്ന് വാക്‌സിനേഷനിലൂടെയും. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ 93 ശതമാനം പേരും സ്വീകരിച്ച സാഹചര്യത്തിലും രണ്ടാം തരംഗത്തിൽ നിരവധി പേർക്ക് രോഗം ബാധിച്ചതിനാലും കൂടുതൽ പേർക്ക് പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യത.രോഗം വന്നാലും പലർക്കും ഗുരുതരമാകാത്തത് വാക്‌സിൻ സ്വീകരിച്ചതിനാലാണ്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ കവചമാണ് വാക്‌സിൻ. അതിനാൽ ഗുരുതരമായ അലർജികൾ ഉള്ളവർ ഒഴികെ മറ്റാരും കുത്തിവെയ്‌പ്പെടുക്കാൻ വിമുഖത കാണിക്കരുതെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾക്ക് അപേക്ഷ ഫീസ് ഒഴിവാക്കുന്നു;സേവനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകൾക്കുമുള്ള നടപടികള്‍ ലഘൂകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾക്ക് അപേക്ഷ ഫീസ് ഒഴിവാക്കുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പൗരന്മാര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനും സേവനങ്ങള്‍ക്കുമുള്ള നടപടി ക്രമങ്ങളും ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് തുടരും.സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്ക് പുറമെയാണീ നടപടികള്‍. അതിനുള്ള കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി രേഖപ്പെടുത്തേണ്ടതില്ല.വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതും ഒഴിവാക്കി. രേഖകളുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇഡബ്ല്യൂഎസ് സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും നിലവിലുള്ള രീതി തുടരും.
കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളത്തിന് പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ നല്‍കും. ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം.ഇനി മുതൽ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. അപേക്ഷകന്റെ എസ്.എസ്.എല്‍.സി ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് വേണ്ട. അല്ലാത്തവയ്ക്ക് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകന്‍ സത്യവാങ്മൂലവും സമര്‍പ്പിക്കണം.ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനനസർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ റേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാൻ കഴിയും. ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുൻകൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകും.
സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;141 മരണം; 15,808 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂർ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂർ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസർഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂർ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂർ 398, കാസർഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്‌ക്ക് വിലക്കേർപ്പെടുത്തി സർക്കാർ;ലംഘിച്ചാല്‍ 1000 രൂപ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്‌ക്ക് വിലക്കേർപ്പെടുത്തി സർക്കാർ.ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.കുട ചൂടി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് മൂലം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത് . കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു.വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. അപകടങ്ങള്‍ കൂടിയതോടെയാണ് നിമയം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടെ പതിനാലോളം പേരാണ് കുടചൂടിയുള്ള അപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പിന്നിലിരിക്കുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പിന്‍സീറ്റിലിരിക്കുന്നവര്‍ കുട നിവര്‍ത്തുമ്ബോള്‍ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിര്‍ദിശയില്‍ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റില്‍ കുടയിലുള്ള നിയന്ത്രണവും വാഹനത്തിന്റെ നിയന്ത്രണവും നഷ്‍പ്പെടുകയും അങ്ങനെ അപകടമുണ്ടാവുകയും ചെയ്യുന്നതാണ് കൂടുതല്‍. പുറകിലിരിക്കുന്നയാള്‍ മുന്നിലേക്കു കുട നിവര്‍ത്തിപ്പിടിക്കുമ്പോൾ ഓടിക്കുന്നയാളുടെ കാഴ്ച മറഞ്ഞും അപകടങ്ങളുണ്ടാവാം.
കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു
കാസർകോട്: ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു.ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ആനന്ദ്. നായക്ക് പേ ഉണ്ടായിരുന്നതായാണ് സ്ഥീരികരണം. ഏകദേശം ഒരു മാസമായി ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം. ആലന്തട്ട എ.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.