തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിൽ പോയ ബിജുവിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. കല്ലറയിൽ നിന്നാണ് ശ്രീകാര്യം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ നിന്നായി 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നു. കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം.
ഉത്ര വധക്കേസ്;കേരളം കാത്തിരുന്ന ശിക്ഷാവിധി ഇന്ന്
കൊല്ലം:ഉത്ര വധക്കേസിൽ കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിക്കും.കേസിൽ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക. സ്വർണാഭരണങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിചിത്രവും പൈശാചികവും ദാരുണവും എന്നാണ് ഉത്ര വധക്കേസിനെപ്പറ്റി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയോട് പറഞ്ഞത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വാദിച്ച പ്രോസിക്യൂഷൻ പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നും വാദിച്ചു. തുടർന്നാണ് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.വാദം കോടതി അംഗീകരിച്ചാല്‍ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും. സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ് 302), കൊലപാതകശ്രമം (307), വിഷം നല്കി പരിക്കേല്‍പ്പിക്കുക (328), തെളിവുകള്‍ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്ര കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ രണ്ട് കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ ഉത്ര വധക്കേസിൽ എല്ലാ തെളിവുകളും സൂരജിന് എതിരായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബവും.
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 106 മരണം;12,490 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 106 മരണങ്ങള് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 26,448 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7353 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 382പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,490 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1211, കൊല്ലം 781, പത്തനംതിട്ട 1309, ആലപ്പുഴ 370, കോട്ടയം 753, ഇടുക്കി 608, എറണാകുളം 2088, തൃശൂര്‍ 1286, പാലക്കാട് 735, മലപ്പുറം 1049, കോഴിക്കോട് 1235, വയനാട് 320, കണ്ണൂര്‍ 590, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു;ഏത് പ്രതിസന്ധിയും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഏത് പ്രതിസന്ധിഘട്ടവും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്നും കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കണമെന്നും ഡിജിപി നിർദേശിച്ചു.അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്കി.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അനില്‍കാന്ത് പറഞ്ഞു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട്, എന്നീ ജില്ലകളിലെ നദികളിൽ എല്ലാം ജല നിരപ്പ് ഉയർന്നു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്നാണ് സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കുറ്റ്യാടി സ്വദേശി ഇസ്മയിലാണ് സ്വർണ്ണവുമായി അറസ്റ്റിലായത്.വിപണിയിൽ 71 ലക്ഷം രൂപ വിലവരുന്ന 1492 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
ആശങ്ക വേണ്ട; സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം:ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് പ്രളയസാധ്യത ഇല്ലെന്നും ദുരന്തനിവാരണ അതോറിട്ടി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ.എ കൗശികന് മാധ്യമങ്ങളോട് പറഞ്ഞു.മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും നദികളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി.ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ്.
അറബിക്കടലില്‍ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായ സംഭവം; കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു
കണ്ണൂർ :അറബിക്കടലില്‍ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായ സംഭവത്തിൽ കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു.സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നതിനുമായി ഒരു വര്‍ഷം മുൻപാണ് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് ബോയ എന്നുപേരുള്ള ഈ യന്ത്രം ലക്ഷദ്വീപ് തീരത്തിനടുത്ത് സ്ഥാപിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും, ഇതിനാവശ്യമായ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബോയ് എന്ന് വിളിക്കപ്പെടുന്ന വേവ് റൈഡര്‍ ബോയ്.ഇതില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് സിഗ്നലുകളായി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്ട്രോള് റൂമില്‍ എത്തിക്കും. കടല്‍പ്പരപ്പിന് മുകളില്‍ ഒഴുകി നടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുക. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുണ്ട്. കോടികള്‍ വില മതിക്കുന്നതാണ് ഈ ഉപകരണം.കഴിഞ്ഞ ജൂലൈ മുതലാണ് ബോയയെ കാണാതായത്. നങ്കൂരം വിട്ട് കടലില്‍ ഒഴുകുകയായിരുന്നുവെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ട്രാക് ചെയ്യാനും സാധിക്കുന്നില്ല. ദിവസങ്ങള്‍ക്ക് മുൻപ് മലപ്പുറത്തെ ചില മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ ഇതു കണ്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥരാണ് കടലില്‍ തിരച്ചില്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം.ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ബോയയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും മീന്‍പിടുത്ത തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കണ്ടുകിട്ടിയാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് ബോയ കെട്ടിവലിച്ചുകൊണ്ടുവരാമെന്നും പൂര്‍ണ ചെലവ് വഹിക്കാമെന്നും ഇന്സ്റ്റിറ്റ്യൂട് അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ കനത്ത മഴ തുടരുന്നു;ഇരിട്ടി ഉള്‍പ്പെടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇത് ഇരിട്ടി ഉള്‍പ്പെടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് ഇടയാക്കി.പയഞ്ചേരിയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരവും ഓഫിസ് വരാന്തയും വെള്ളത്തില്‍ മുങ്ങി. ബാവലി, ബാരാപോള്‍ പുഴകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. പുഴയോര വാസികള്‍ക്കും മലയോരത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലെ വീട്ടുകാര്‍ക്കും പൊലീസും പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത നിര്‍ദേശം നല്കി.ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, ആടാംപാറ, വഞ്ചിയം ഭാഗങ്ങളില്‍ മഴ കനക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴകളാകെ കരകവിഞ്ഞിരിക്കുകയാണ്. ചന്ദനക്കാംപാറ ഒന്നാം പാലം വളവില്‍ കനത്ത മണ്ണിടിച്ചിലില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കമ്പിയും ഉള്‍പ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആടാംപാറ പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്മി തോടിന്റെ കലുങ്കിന്റെ പാര്‍ശ്വഭിത്തിയുള്‍പ്പെടെ തകര്‍ന്നു.ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാഞ്ഞിരക്കൊല്ലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും അടച്ചിടുകയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. രതീശന് അറിയിച്ചു.
ആറളം വനത്തില്‍ ഉരുള്‍പൊട്ടൽ; ഫാമിനുള്ളിലെ പാലങ്ങള്‍ വെള്ളത്തിനടിയിലായി
കേളകം: ആറളം വനത്തില്‍ ഉരുള്‍പ്പൊട്ടി.ഇതിനെ തുടര്‍ന്ന് ഫാമിനുള്ളിലെ പാലങ്ങള്‍ വെള്ളത്തിനടിയിലായി.ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കക്കുവ, ഇരിട്ടി പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നു.ഫാം ബ്ലോക്ക് 13 ലേക്ക് കക്കുവയിലെ പാലം വെള്ളത്തിലായതിനെ തുടര്‍ന്ന് മണിക്കൂറുളോളം യാത്ര തടസപ്പെട്ടു.ഫാമിനുള്ളിലെ തോടുകള്‍ കരകവിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലായി. കക്കുവയിലെ കടയും വെള്ളത്തിലായി. തിങ്കളാഴ്ച ഉച്ചമുതലുണ്ടായ കനത്ത മഴയിലാണ് വനത്തില്‍ ഉരുള്‍ പൊട്ടിയത്. ചീങ്കണ്ണിപ്പുഴയിലെ ജലവിതാനവും ഉയര്‍ന്നു. മഴ തുടരുന്നതിനാല്‍ പുഴയോരവാസികള്‍ ജാഗ്രതയിലാണ്.
മുൻമന്ത്രി കെടി ജലീലിനെതിരെ വധഭീഷണിയുമായി വാട്സാപ്പ് സന്ദേശം; പഴയങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: മുൻമന്ത്രി കെടി ജലീലിനെതിരെ വധഭീഷണിയുമായി വാട്സാപ്പ് സന്ദേശം അയച്ച സംഭവത്തിൽ പഴയങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.മാട്ടൂല്‍ കടപ്പുറത്ത് വീട്ടില്‍ കെ. എന്‍ അബൂബക്കറിനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ അഞ്ചിന് കെ.ടി ജലീല്‍ എംഎല്‍എയുടെ ഫോണിലേക്ക് ഇയാള്‍ വധഭീഷണി സന്ദേശമയച്ചത്.ജലീല്‍ ഇതു ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിൽ സന്ദേശമയച്ചയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നു വ്യക്തമായി. തുടര്‍ന്ന് സൈബര്‍ പൊലിസ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പഴയങ്ങാടി പൊലിസിന് കൈമാറുകയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഴയങ്ങാടി പൊലിസ് അറിയിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടു കെ.ടി ജലീല്‍ നവമാധ്യമങ്ങളിലൂടെ ഉന്നയിച്ച പരാമര്‍ശമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.