പേരാവൂര്‍ ഹൗസ് ബിൽഡിങ് സൊസൈറ്റിയില്‍ വീണ്ടും വ്യാപക ക്രമക്കേടുകള്‍;ലതര്‍ ബാഗ് നി‍ര്‍മ്മാണ യൂണിറ്റിലും തിരിമറി കണ്ടെത്തി

keralanews irregularities at peravoor house building society fraud found in leather bag manufacturing unit

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ ഹൗസ് ബില്‍ഡിം സൊസൈറ്റിയില്‍ വീണ്ടും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ് സംബന്ധിച്ച്‌ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ലതര്‍ ബാഗ് നി‍ര്‍മ്മാണ യൂണിറ്റിലും തിരിമറി നടന്നതായി കണ്ടെത്തിയത്.എന്നാല്‍, എല്ലാ പ്രവര്‍ത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ജോ. രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ പ്രദോഷ് കുമാര്‍ പറഞ്ഞു . കുറ്റക്കാരില്‍ നിന്നും പണം ഈടാക്കണം എന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടാകും. പൊലീസ് കേസ് ഉള്‍പെടെ വേണമോ എന്ന് ജോ രജിസ്ട്രാര്‍ക്ക് തീരുമാനിക്കാമെന്നും പ്രദോഷ് കുമാര്‍ വ്യക്തമാക്കി.അതിനിടെ, പേരാവൂര്‍ സൊസൈറ്റി മുന്‍ പ്രസിഡന്‍റ് എ പ്രിയന്‍റെ വീട്ടിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച്‌ നടത്തി. സിപിഎം ലോക്കല്‍ സെക്രട്ടറികൂടിയായ പ്രിയന് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം.

മിനിവാനിന്റെ വിൻഡോ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

keralanews four year old boy died when his neck trapped between window glass of a minivan

ആലപ്പുഴ:മിനിവാനിന്റെ വിൻഡോ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം.പകുതി താഴ്‌ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. പുന്നപ്ര മണ്ണാപറമ്പിൽ അല്‍ത്താഫ്-അന്‍സില ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാനാണ് മരിച്ചത്.വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ കളിക്കുന്നതിനിടെ ബുധനാഴ്ച പകല്‍ 2.30 ഓടെയായിരുന്നു സംഭവം. വീലില്‍ ചവുട്ടി വാനിന്‍റെ അടഞ്ഞു കിടന്ന വാതിലിന്‍റെ പാതി താഴ്ത്തിയ ഗ്ലാസിനിടയ്ക്കുകൂടി തല അകത്തേക്കിട്ടപ്പോള്‍ കാല്‍ തെന്നിപ്പോകുകയായിരുന്നു.ഈ സമയം കഴുത്ത് ഗ്ലാസില്‍ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അല്‍ ഹനാനെ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക്; കൊറോണ ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാരിന്റെ ധനസഹായം

keralanews 5000 rupees per month for three years state government financial assistance to the dependents of those who died of corona

തിരുവനന്തപുരം:കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്ക് സമാശ്വാസ സഹായവുമായി സംസ്ഥാന സർക്കാർ.നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.സാമൂഹികക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് സഹായം ലഭിക്കുന്നതിന് അയോഗ്യതയാവില്ല.വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ വച്ച്‌ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായി മൂന്നു വർഷത്തേക്കാണ് നൽകുക.ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും യോഗം തീരുമാനിച്ചു.ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്ക് കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്.

കോഴിക്കോട് കാറില്‍ കഞ്ചാവ് കടത്ത്;ദമ്പതികൾ അടക്കം മൂന്ന് പേര്‍ പിടിയില്‍

keralanews three persons including a couple were arrested for smuggling cannabis in a car in kozhikkode

കോഴിക്കോട് : കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിത്താന്‍ ശ്രമിച്ച കഞ്ചാവുമായി ദമ്പതികൾ അടക്കം മൂന്ന് പേര്‍ പിടിയിലായി.കാര്‍ അപകടത്തില്‍ പെട്ടതോടെയാണ് പ്രതികള്‍ പിടിയിലായത്. നല്ലളം സ്വദേശികളായ അരീക്കാട് ഹസന്‍ഭായ് വില്ലയില്‍ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്ബ് ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.പോലീസ് പിന്തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച്‌ കാര്‍ അപകടത്തില്‍പ്പെട്ടത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണ് എന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;123 മരണം; 9972 പേർക്ക് രോഗമുക്തി

keralanews 11079 corona cases confirmed in the state today 123 deaths 9972 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂർ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂർ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസർഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1058, കൊല്ലം 580, പത്തനംതിട്ട 520, ആലപ്പുഴ 514, കോട്ടയം 781, ഇടുക്കി 648, എറണാകുളം 978, തൃശൂർ 1374, പാലക്കാട് 958, മലപ്പുറം 948, കോഴിക്കോട് 601, വയനാട് 461, കണ്ണൂർ 370, കാസർഗോഡ് 181 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,95,904 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

ശിക്ഷാവിധിയില്‍ തൃപ്തയല്ല; തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്രയുടെ അമ്മ

keralanews not satisfied in the verdict take further action says uthras mother

കൊല്ലം: ഉത്രവധക്കേസിൽ പ്രതിക്കു നല്‍കിയ ശിക്ഷാവിധിയില്‍ തൃപ്തയല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ  മണിമേഖല. പരമാവധി ശിക്ഷയാണു പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹത്തിൽ ഇതുപോലുളള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും മണിമേഖല പറഞ്ഞു.വിധി പ്രഖ്യാപനത്തിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബാംഗങ്ങളും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം സൂരജിന്റെ പ്രായവും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും കണക്കിലെടുത്താണ് കോടതി പരമാവധി ശിക്ഷ ഒഴിവാക്കിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി കോടതി പരിഗണിച്ചപ്പോഴും സൂരജിന്റെ പ്രായം പ്രതിയ്‌ക്ക് നേട്ടമായിരുന്നു. കേസിൽ ഇരട്ട ജീവപര്യന്തവും 17 വർഷം തടവും അഞ്ച് ലക്ഷം രൂപം പിഴയുമാണ് പ്രതിയ്‌ക്ക് ശിക്ഷയായി കോടതി വിധിച്ചത്. 17 വർഷം തടവിന് ശേഷം ഇരട്ടജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. വിഷപ്പാമ്പിനെ ഉപയോഗിച്ച് ആക്രമിച്ചതിന് 10 വർഷവും തെളിവുകൾ നശിപ്പിച്ചതിന് 7 വർഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.

ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

keralanews uthra murder case murder case defendant sooraj gets double life sentence

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്.മറ്റ് രണ്ട് കുറ്റങ്ങള്‍ക്ക് 10 വര്‍ഷം തടവും ഏഴ് വര്‍ഷം തടവു ശിക്ഷയുമാണ് പ്രതിക്ക് ലഭിക്കുന്നത്. 17 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്നും പ്രതിയെ ഒഴിവാക്കിയത്.കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്.പാമ്പ് കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പോലീസ് എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്പിയെ സമീപിച്ചതോടെയാണ്. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. വിധി പ്രസ്ഥാവം കേള്‍ക്കാന്‍ ഉത്രയുടെ സഹോദരന്‍ വിഷു, അന്വേഷണ ഉദ്യോഗസ്ഥന്‍ എ അശോക് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. ഉത്രയുടെ അച്ഛന്‍ വിജയസേനനും കോടതിയില്‍ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.

ഓട്ടോ നിർത്തിയില്ല;രക്ഷപെടാൻ ഓ​ട്ടോയില്‍നിന്ന്​ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്ക്​ പരിക്ക്​; ഡ്രൈവര്‍ കസ്​റ്റഡിയില്‍

keralanews auto not stopped plus one students injured after jumping out of auto driver is in custody

കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട് വിദ്യാര്‍ഥിനികള്‍ ഓട്ടോയില്‍ നിന്ന് ചാടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ പ്രസ് ക്ലബ് ജങ്ഷനില്‍ നിന്ന് മേൽപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ് വിദ്യാര്‍ഥിനികള്‍ ചെമ്മനാട്ടേക്ക് കയറിയത്.ചെമ്മനാട് എത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ യൂനിഫോം ധരിക്കാത്തതിനാല്‍ മേല്പറമ്പിലേക്കായിരിക്കുമെന്ന് കരുതിയാണ് ഓട്ടോ നിര്‍ത്താതിരുന്നതെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ഡ്രൈവര്‍ മൊഴി നല്‍കി.

ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍; പുതിയ ഹോവര്‍ ബൈക്കുകള്‍ പുറത്തിറക്കി കോറിറ്റ്;ലൈസന്‍സ് ആവശ്യമില്ല

keralanews 110 kilometer in one charge new hover bikes are released and no license is required

മുംബൈ: കൗമാരക്കാര്‍ക്ക് നിരത്തുകളില്‍ പായാന്‍ പുതിയ ഇലക്‌ട്രിക് ഹോവര്‍ ബൈക്ക് പുറത്തിറക്കി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവര്‍ ആദ്യം നിരത്തിലിറങ്ങുക.പിന്നീട് മുംബൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളില്‍ ബൈക്ക് പുറത്തിറക്കും. ഹോവര്‍ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് 1,100 രൂപയ്‌ക്ക് അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം കോറിറ്റ് ഒരുക്കിയിട്ടുണ്ട്.74,999 രൂപയാണ് വണ്ടിയുടെ പ്രാരംഭ വില. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്‌ക്ക് ഹോവര്‍ ലഭിക്കുന്നതാണ്. നവംബര്‍ 25 മുതല്‍ വണ്ടിയുടെ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 250 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ട് സീറ്റര്‍ ഇലക്‌ട്രിക് ബൈക്കാണിത്.ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, പർപ്പിൾ, നീല, കറുപ്പ്, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കുന്നത്.യുവതലമുറയ്‌ക്കായി പ്രത്യേകം രൂപ കല്പന ചെയ്ത വണ്ടിയാണിത്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗത. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്

keralanews adani group to operate thiruvananthapuram airport from midnight today

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുണ്ട്. നിലവിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.നിലവിലുള്ള 300 ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇവിടെ തുടരാമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം.  തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. നമ്മുടെ വിമാനത്താവളം മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ എക്കാലത്തേയും ആഗ്രഹമാണെന്നും അവിടെ ജോലി ചെയ്യുന്നവർക്ക് ഒരു മെച്ചപ്പെട്ട ഓഫർ ആണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു.