ആലപ്പുഴ:കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് ചെന്നൈ മെയിൽ കടന്നു പോകേണ്ട പാലത്തിനു കുറുകെ വലിയ ഇരുമ്പു ദണ്ഡ് എടുത്തുവെച്ചായിരുന്നു അട്ടിമറി ശ്രമം നടന്നത്.എന്നാൽ ട്രെയിൻ കയറി ഇരുമ്പു ദണ്ഡ് പല കഷ്ണങ്ങളായി മുറിഞ്ഞു പോയതിനാൽ വൻദുരന്തം ഒഴിവായി.റയിൽവെയുടെ ഇലക്ട്രിക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന പെട്ടിയാണിതെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്തു റെയിൽവേ ഉദ്യോഗസ്ഥരും പോലീസും എത്തി പരിശോധനകൾ നടത്തി.
പാനൂർ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിൽ തീപിടിത്തം
പാനൂർ :പുത്തൂർ റോഡിൽ ബസ് സ്റ്റാൻഡ് ബൈപാസ് റോഡിനു സമീപത്തെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന് തീപിടിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച മുറിയിൽ തീ പടരുകയായിരുന്നു. സമീപത്തു തന്നെയുള്ള അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീയണച്ചത്.ഇന്നലെ രാത്രി പത്തോടെയാണ് തീപിടിച്ചത്. പുറത്തു നിന്നു തീ പടർന്നതാണെന്നു കരുതുന്നു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം നേരത്തേ ഉയർന്നതാണ്.പാനൂർ എസ്ഐ ടി.സി.സുരേഷ്, ലീഡ് ഫയർമാൻ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാപ്രവർത്തനം.
കള്ളപ്പണം വെളുപ്പിച്ചു;സംസ്ഥാനത്തെ ആറ് സഹകരണ ബാങ്കുകൾക്കെതിരെ സി.ബി.ഐ കേസെടുത്തു
കൊല്ലം: കൊല്ലത്തെ ആറ് സഹകരണ ബാങ്കുകൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയിൽ സി.ബി.ഐ കേസെടുത്തു. കുലശേഖരപുരം, ചാത്തന്നൂർ,പന്മന,കടക്കൽ, പുതിയകാവ്,മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകൾക്കെതിരെയാണ് കേസ്.നോട്ട് നിരോധന കാലയളവില്‍ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സി.ബിഐ കണ്ടെത്തിയത്.ആറ് ബാങ്ക് സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.പന്മന, ചത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബാങ്കുകളില്‍ സി.ബി.ഐ പരിശോധനയും നടത്തിയിരുന്നു.
കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ ഓട ശുചിയാക്കി
കണ്ണൂർ:കെ.എസ്.ഇ.ബി കണ്ണൂർ ഇലക്ട്രിക്കൽ സെക്‌ഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ കാൽടെക്സിന് സമീപം ഓടകളുടെ ശുചീകരണവും തകർന്ന ഓടകളുടെ പുനർനിർമാണവും നടത്തി. കോർപറേഷന്റെ സഹകരണത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ ശുചിത്വപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജീവനക്കാരുടെ കൂട്ടായ്മ പ്രവൃത്തി ഏറ്റെടുത്തത്. കാൽടെക്സിൽ വൈദ്യുതിഭവന്റെ മുന്നിൽ വളരെക്കാലമായി തകർന്നു മണ്ണൂമൂടിക്കിടന്ന ഓടയിൽ നിന്നു മാലിന്യങ്ങളും മണ്ണും നീക്കി കോൺക്രീറ്റ് ചെയ്താണ് പുനർനിർമിച്ചത്.പുനർനിർമാണത്തിന് ആവശ്യമായ ചെലവ് ജീവനക്കാർ വഹിച്ചു.
കപ്പല്‍ ബോട്ടിലിടിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസ്;അന്വേഷണം ദിലീപിന്റെ അടുത്ത പെൺ സുഹൃത്തിലേക്ക്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ദിലീപിന്റെ അടുത്ത പെൺ സുഹൃത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ.എറണാകുളത്തെ തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്ജിതമാക്കുന്നു.മലയാള സിനിമയിലെ പ്രമുഖ നടി ഈ വില്ലയിലാണ് താമസിക്കുന്നത്.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.കേസിലെ മുഖ്യ പ്രതി സുനി മൊഴിയിൽ പറഞ്ഞ മാഡം എന്ന് വിളിക്കുന്ന സ്ത്രീയെ കേന്ദ്രികരിച്ച് അന്വേഷണം തുടരുകയാണ്.ഇവരെ കുറിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
പഴയങ്ങാടിയിൽ അഞ്ചു പേർക്ക് തെരുനായയുടെ കടിയേറ്റു
പഴയങ്ങാടി: പഴയങ്ങാടിയിലും നെരുവംപ്രത്തും അഞ്ചു പേർക്ക് തെരുനായയുടെ കടിയേറ്റു.വെള്ളിയാഴ്ച രാവിലെ പത്രവിതരണം നടത്തുന്നതിനിടെ നെരുവമ്പ്രത്തെ എം.പി അബ്ദുല്ലക്കാണ് ആദ്യം കടിയേറ്റത്.ഉടുതുണിയടക്കം നായകൾ കടിച്ചുകീറി.വൈകുന്നേരം ബസ്സ്റ്റാന്റിനടുത്തു വെച്ചാണ് ബാക്കി നാലു പേർക്കും കടിയേറ്റത്. പൊയിൽ ബിജു,പഴയങ്ങാടി കുളങ്ങരത്തുള്ള മുസ്തഫ,താവത്തെ പി.ശ്രീലത,ചൂടാട്ടെ എ.രജീഷ് എന്നിവർക്കാണ് കടിയേറ്റത്.വിവിധ ആവശ്യങ്ങൾക്കായി പഴയങ്ങാടിയിലെത്തിയതായിരുന്നു ഇവർ.ഇവരെ രക്ഷിക്കുന്നതിനിടെ പള്ളിക്കരയിലെ കൂട്ടിലെ വളപ്പിൽ റൗഫിന് ബസ്സ്റ്റാൻഡിലെ കുഴിയിൽ വീണു സാരമായി പരിക്കേറ്റു.ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നായയുടെ കടിയേറ്റവർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
കെ.കെ വേണുഗോപാൽ അറ്റോർണി ജനറൽ
ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ അറ്റോർണി ജനറലായി നിയമിച്ചു.ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്.കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹം.സ്വാതന്ത്രസമര സേനാനി കെ.മാധവന്റെ സഹോദരനും ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ മകനുമാണ് കെ.കെ വേണുഗോപാൽ.
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച അഞ്ചു ഡ്രൈവർമാർക്കെതിരെ കേസ്
ആലപ്പുഴ:ജില്ലയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച അഞ്ചു സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.സ്കൂൾ ബസുകളിൽ കുട്ടികളെ തിക്കി നിറച്ച് കൊണ്ടുപോകുന്നതടക്കം പരിശോധിക്കാൻ ഇന്നലെ രാവിലെ എട്ടുമണി മുതൽ പത്തുവരെ നടത്തിയ പ്രത്യക പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിക്കുന്നതായ് കണ്ടെത്തിയത്.മദ്യപിച്ചു വാഹനമോടിച്ചതിന് രണ്ട് ടിപ്പർ ലോറി ഡ്രൈവർമാർക്കെതിരെയും കേസെടുത്തു.അശ്രദ്ധമായി വാഹനമോടിച്ചതിന് 47 പേർക്കെതിരെയും അമിത വേഗത്തിനു 46 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ഒൻപതു പേർക്കെതിരെയും നടപടിയെടുത്തു.പരിശോധന തുടരുമെന്നും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം;കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ റെയ്ഡ്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി.നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ഐ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.വെളളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ടു മണി വരെ നീണ്ടു.നടൻ ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്തു ജയിലിൽ നിന്ന് സുനി എഴുതിയ കത്തിൽ പരാമർശിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യയുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.പണമിടപാടുകളും കംപ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളുമാണ് കാര്യമായി പരിശോധിച്ചത് എന്നാണ് അറിയുന്നത്.എന്നാൽ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.