തിരുവനന്തപുരം:വേതന വർദ്ധനവിനായി സമരം നടത്തുന്ന നഴ്സുമാരുമായി തൊഴിൽ മന്ത്രി ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു.ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.അടിസ്ഥാന ശമ്പളം ഇരുപത്തിനായിരത്തിനു മുകളിലേക്ക് ഉയർത്തണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം.വിഷയത്തിൽ പത്താം തീയതി വീണ്ടും ചർച്ച നടക്കും.ഈ ചർച്ചയിലും തീരുമാനമായില്ലെങ്കിൽ മാത്രം സംസ്ഥാനവ്യാപകമായി സമരത്തിലേക്ക് നീങ്ങാമെന്നു നഴ്സുമാർ തീരുമാനിച്ചു.ഇന്ന് വൈകുന്നേരം നാലു മണിക്ക് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷനുമായും ചർച്ചയുണ്ട്.ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രി മാനേജ്മെന്റുകൾ പങ്കെടുത്തിട്ടില്ല.പത്താം തീയതി നടക്കുന്ന ചർച്ചയിൽ മാനേജ്‌മന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തും.
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു
ആലപ്പുഴ:ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു.കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി രാധാമണി(48) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതി.സ്ഥലത്തെ ബ്ലേഡ് പലിശക്കാരിൽ നിന്നും മകളുടെ വിവാഹാവശ്യങ്ങൾക്കായി രാധാമണി ഒരു ലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു.ഇതിന്റെ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ ഉണ്ടായിരുന്നു.ഇതിനു സാവകാശം ചോദിച്ചെങ്കിലും പലിശക്കാർ തയ്യാറായില്ല.ഇതേ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നാട്ടുകാരുടെയും പെൺമക്കളുടെയും മുൻപിൽ വെച്ച് അപമാനിച്ചതോടെ രാധാമണി മുറിയിൽ കയറി വാതിലടച്ചു.തുടർന്ന് തൂങ്ങി മരിക്കുകയും ചെയ്തു.സംഭവത്തിൽ പുതിയവിള സ്വദേശി ജയ,ഇവരുടെ സഹോദരി എന്നിവർക്കെതിരെ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.സുനിയെ കൂടാതെ ബിജേഷ്,മാർട്ടിൻ,മണികണ്ഠൻ,വടിവാൾ സലിം,ചാർളി,പ്രദീപ് എന്നിവരെയും ഇന്ന് വിസ്തരിച്ചു.വക്കീലിനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്.ഇതേ ചൊല്ലി അഭിഭാഷകർ തമ്മിൽ കോടതിയിൽ തർക്കമുണ്ടായി.അഡ്വ.ബി.എ ആളൂരും അഡ്വ.ടെനിയും തമ്മിലാണ് തർക്കമുണ്ടായത്.ഇതിനെ തുടർന്ന് പ്രതിക്ക് ഇഷ്ടമുള്ള അഭിഭാഷകന് വക്കാലത്ത് നൽകാമെന്ന് കോടതി വ്യക്തമാക്കി.അതേസമയം പോലീസ് തന്നെ മർദിച്ചുവെന്നു സുനി കോടതിയിൽ വെളിപ്പെടുത്തി.സുനിയെ പരിശോധിച്ച ആലുവ താലൂക്ക് പോലീസ് സർജനെ കോടതി വിസ്തരിച്ചു.പോലീസ് മർദിച്ചെന്നു സുനി പറഞ്ഞിട്ടില്ലെന്ന് സർജൻ ബോധിപ്പിച്ചു.
മതിയായ കാരണങ്ങളുള്ളവർക്ക് അസാധു നോട്ടുകൾ മാറ്റി നൽകുന്നതിന് സമയം അനുവദിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:അസാധു നോട്ടുകൾ മാറ്റി നൽകുന്നതിനായി ജനങ്ങൾക്ക് സമയം നൽകണമെന്നും മതിയായ കാരണങ്ങളുള്ളവരെ അസാധു നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്നും തടയാനാവില്ല എന്ന് സുപ്രീം കോടതി.ഈ വിഷയത്തിൽ മറുപടി നല്കാൻ കേന്ദ്ര സർക്കാരിനും റിസേർവ് ബാങ്കിനും സുപ്രീം കോടതി 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.അസാധു നോട്ടുകൾ മാറിയെടുക്കാൻ സമയം അനുവദിക്കണമെന്നുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹർ റിസേർവ് ബാങ്കിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്.ന്യായമായ കാരണങ്ങൾ ചൂണ്ടി കാണിച്ച ഒരു വ്യക്തിക്ക് അനുവദിച്ച സമയത്തിനുള്ളിൽ പണം നിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ അസാധുനോട്ടുകൾ മാറിയെടുക്കുന്നതിൽ നിന്നും വിലക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ വാദം.പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട കോടതി തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ ‘പെണ്ണിടം’ ഉത്‌ഘാടനം ചെയ്തു .
കല്യാശ്ശേരി:കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ ഒരുക്കിയ പെണ്ണിടം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉൽഘാടനം ചെയ്തു.സ്ത്രീകൾക്ക് വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനുമുള്ള സൗകര്യങ്ങളോടെ ഒരുക്കിയ സ്ത്രീസൗഹൃത മുറിയാണ് പെണ്ണിടം.കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലാണ് പെണ്ണിടം ഒരുക്കുന്നത്.ടി.വി രാജേഷ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് സംവിധാനം നടപ്പിലാക്കുന്നത്.എട്ടു കലാലയങ്ങളിലാണ് ഈ സംവിധാനം ഒരുക്കുന്നത്.മങ്ങാട്ടുപറമ്പ ക്യാമ്പസ്,പയ്യന്നൂർ,മാടായി കോളേജുകൾ,പയ്യന്നൂർ സംസ്‌കൃത സർവകലാശാല ക്യാമ്പസ്,നെരുവംബ്രം,പട്ടുവം ഐ.എച്.ആർ.ഡി കോളേജുകൾ,കല്യാശ്ശേരി മോഡൽ പൊളി ടെക്‌നിക്,പരിയാരം ഗവ.ആയുർവേദ കോളേജ് എന്നിവിടങ്ങളിലാണ് ഇവ ഒരുക്കുന്നത്.ഈ വിശ്രമ കേന്ദ്രത്തിൽ കസേര,കിടക്ക,ഫാൻ,ശുദ്ധജലം,രക്തസമ്മർദ്ദം പരിശോധിക്കാനുള്ള ഉപകരണങ്ങൾ,വീൽ ചെയർ,ഡ്രസിങ് റൂം,നാപ്കിൻ വെൻഡിങ് മെഷീൻ,ഇൻസിനറേറ്ററോടുകൂടിയ ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പെൺകുട്ടികൾക്കായി പ്രത്യേക വിശ്രമ സ്ഥലം ഒരുക്കുന്നത്.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സർക്കാർ
കണ്ണൂർ:സംസ്ഥാനത്ത് അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾക്ക് ഉപവിദ്യാഭ്യാസ ഓഫീസർ ഉത്തരവ് നൽകി.സ്കൂളുകൾ പൂട്ടി വിവരം ഓഫീസിനെ അറിയിക്കണം.ഏതെങ്കിലും അംഗീകാരം ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഇത്തരം സ്കൂളുകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലോ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്കോ മാറ്റി ചേർക്കണം.കുട്ടികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു സ്കൂൾ മാനേജ്‌മന്റ് ഉത്തരവാദിയായിരിക്കും. അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുകയും അധ്യാപക തസ്തികകൾ വർധിക്കുകയും ചെയ്യും.ഇതോടെ സംരക്ഷിത അധ്യാപകർക്ക് ഈ തസ്തികകളിൽ ചേരാൻ പറ്റും.നല്ലരീതിയിൽ നടത്തിവരുന്ന സ്കൂളുകൾ അംഗീകാരമില്ലാത്തതിന്റെ പേരിൽ പൂട്ടിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു സ്വകാര്യ മാനേജ്മെന്റുകളുടെ സംഘടനാ പ്രസിഡണ്ട് രാമദാസ് കതിരൂർ പറഞ്ഞു.
കേരളത്തിൽ ഈമാസം പതിനൊന്നിന് പെട്രോൾ പമ്പ് സമരം
കൊച്ചി:പെട്രോൾ ഡീലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഈ മാസം പതിനൊന്നിന് സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു സമരം ചെയ്യും.10 നു അർധരാത്രി മുതൽ 11 നു അർധരാത്രി വരെയാണ് സമരം.ദേശീയതലത്തിൽ 12 ന് പണിമുടക്കുമെന്ന് വ്യാപാര സംഘടനകൾ അറിയിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് തലേദിവസം സമരം നടത്താനാണ് തീരുമാനം.പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയിൽ സുതാര്യത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.പ്രതിഷേധത്തിന്റെ ഭാഗമായി കമ്പനികളിൽ നിന്നുമുള്ള പ്രീമിയം സ്റ്റോക്കുകൾ എടുക്കുന്നത് പമ്പുകൾ നിർത്തിയിട്ടുണ്ട്.കൂടാതെ എട്ടു മുതൽ പത്തുവരെയുള്ള തീയതികളിൽ സ്റ്റോക്കുകൾ എടുക്കാതെ പതിനൊന്നിന് സമരം ചെയ്യാനാണ് കമ്മിറ്റിയുടെ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.കമ്പനികൾ നേരിട്ട് നടത്തുന്നതും സ്വകാര്യ പമ്പുകളും ഒഴിച്ചുള്ള എല്ലാ പമ്പുകളും സമരത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വിമാനത്താവള പ്രദേശത്തെ മണ്ണൊലിപ്പ്: ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ
മട്ടന്നൂർ∙ വിമാനത്താവള പ്രദേശത്തു നിന്നു കനത്ത മഴയിൽ മണ്ണൊലിച്ച് താഴെ ഭാഗത്തെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലായി. വീടുകളിൽ ചെളിയും മണ്ണും വന്നടിയുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു.എളമ്പാറ, പുതുക്കുടി, ആനക്കുനി, കാര എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടായത്. വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ചെറിയ കൈത്തോട് നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് കൃഷിയിടങ്ങളിൽ ചെളി കയറിയത്.വീട്ടുപരിസരത്തു കെട്ടിക്കിടക്കുന്ന ചെളി വിമാനത്താവള തൊഴിലാളികളെ ഉപയോഗിച്ചു നീക്കം ചെയ്യാൻ നടപടിയെടുത്തു.
കീച്ചേരി കോലത്തുവയലിൽ വീടുകൾക്ക് നേരെ അക്രമം

ജിഎസ്ടി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു
തിരുവനന്തപുരം:ജിഎസ്‍ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നു. അരി, മൈദ, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലയും ഹോട്ടല്‍ സാധനങ്ങളുടെ വിലയും വര്‍ധിച്ചു. കോഴിക്ക് നികുതി ഒഴിവാക്കിയെങ്കിലും വിപണിയില്‍ വില കുറഞ്ഞിട്ടുമില്ല.ഇതുവരെ നികുതി ഇല്ലാതിരുന്ന അരി, അരിമാവ്, മൈദ, ആട്ട തുടങ്ങിയവയുടെ ബ്രാന്‍ഡഡ് ഇനങ്ങള്‍ക്കെല്ലാം 5 ശതമാനം നികുതി ആയി.കേരളീയര്‍ സാധാരണയായി ഉപയോഗിക്കുന്ന സുരേഖ, ജയ ഉള്‍പ്പെടെ എല്ലാ അരികള്‍ക്കും വില കൂടും. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ജിഎസ്‍ടി ചുമത്തിയില്ലെങ്കിലും അരിവില 50 രൂപക്ക് മുകളിലായി.നഗരത്തിലെ മിക്കവാറും ഹോട്ടലുകളിലും നികുതി 18 ശതമാനമായി.കെട്ടിട നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതിയിലുണ്ടായ കുറവ് കെട്ടിട നിര്‍മാണ ചെലവ് കുറക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. നികുതിയിലുണ്ടായ കുറവിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെ വില ഉല്പാദകര്‍ കുറക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവും ഈ മേഖലയില്‍ നിന്നുയരുന്നു.ജിഎസ്ടി നിരക്കുകള്‍ പ്രാബലത്തിലാകുന്നതോടെ നിത്യവും ഉപയോഗിക്കുന്ന പല മരുന്നുകളുടെയും വില കുറയും. എന്നാല്‍ കോസ്മെറ്റിക്സ്, ഹെല്‍ത്ത് സപ്ലിമെന്റ് വിഭാഗത്തിലെ മരുന്നുകള്‍ക്ക് വില കൂടും.ജിഎസ്ടി പ്രകാരം ഇന്‍സുലിന്‍ പോലെ അവശ്യ മരുന്നുകള്‍ക്ക് 5 ശതമാനമാണ് നികുതി. നേരത്തെ ഇത് 6 മുതല്‍ 8 ശതമാനം വരെയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷാവിഭാഗത്തില്‍ പെടാത്തവയുടെ നികുതി 17ല്‍ നിന്ന് 18 ശതമാനമായി.