കണ്ണൂർ:കണ്ണൂരിലെ ഒരു വിഭാഗം ഓട്ടോക്കാർ ഒരുമാസത്തിലേറെയായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കാനൊരുങ്ങുന്നു.പ്രശനം ചർച്ച ചെയ്തു പരിഹരിക്കാൻ മേയർ വിളിച്ചു ചേർത്ത സർവകക്ഷി സമ്മേളനത്തിൽ തീരുമാനമായി.പ്രശ്‍നം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.വെള്ളിയാഴ്ച ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്താനും ഇതിലുണ്ടാകുന്ന തീരുമാനം ട്രാൻസ്‌പോർട് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് പരിഹരിക്കാനുമാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്.പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് കളക്ടർ മേയറോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച കോർപറേഷനിൽ സർവകക്ഷിയോഗം ചേർന്ന് ഇക്കാര്യം പ്രത്യേക അജണ്ടയായി എടുത്തത്.ഓട്ടോ തർക്കത്തിൽ പല അഭിപ്രായങ്ങളാണ് യോഗത്തിൽ ഉണ്ടായത്.പാർക്കിങ് സ്ഥലം നിശ്ചയിക്കാതെ നമ്പർ ഏകീകരണം എന്ന നിലപാടാണ് ഡെപ്യൂട്ടി മേയർ തീരുമാനിച്ചത്.എന്നാൽ ഇതിനോട് സി.പി.എം അംഗങ്ങൾ പോലും യോജിച്ചില്ല.ഇതോടെയാണ് വെള്ളിയാഴ്ച ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് മൂന്നു മാസം
മലപ്പുറം:ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ മൃതദേഹം സൂക്ഷിച്ചത് മൂന്ന് മാസം.മലപ്പുറം ജില്ലയിലെ കൊളത്തൂരിലാണ് വിചിത്രമായ ഈ സംഭവം.മന്ത്രവാദത്തിലൂടെ പുനർജീവിക്കുമെന്ന് കരുതിയാണ് വീട്ടുകാർ മൃതദേഹം സൂക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.വാഴയിൽ മൊയിദീൻകുട്ടിയുടെ മകൻ സെയ്താണ് മരിച്ചത്.മരിച്ച സൈദിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇവരെ സന്ദർശിക്കാനെത്തിയപ്പോൾ വാതിൽ തുറക്കാതെ വന്നപ്പോഴാണ് ബന്ധുക്കൾ പരാതി നൽകിയത്.സെയ്തിന്റെ ഭാര്യാസഹോദരൻ മൊയ്തീൻകുട്ടി സെയ്തിനെ കുറിച്ച പലതവണ അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ വാർഡ് മെമ്പർ,സി.ഡി.എസ് പ്രവർത്തകർ,നാട്ടുകാർ എന്നിവരെ കൂട്ടി വീട്ടിലെത്തുകയായിരുന്നു.അടച്ചിട്ട മുറി ബലമായി തുറന്നു നോക്കിയപ്പോഴാണ് നിലത്തു വെള്ള തുണിയിൽ പുതപ്പിച്ച നിലയിൽ മൃതദേഹം കണ്ടത്.മൃതദേഹത്തിന് ചുറ്റും സെയ്തിന്റെ ഭാര്യയും മക്കളും മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സൈദിന്റെ ഭാര്യ രണ്ടു വർഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ മരണ വിവരം പുറത്തറിഞ്ഞില്ല.
എസ്.ബി.ടി ചെക്കുകളുടെ കാലാവധി സെപ്റ്റംബർ30 ന് അവസാനിക്കും
പാലക്കാട്:എസ്.ബി.ടി-എസ്.ബി.ഐലയനത്തിന്റെ പശ്ചാത്തലത്തിൽ എസ്.ബി.ടി യുടെ പഴയ ചെക്കുകളുടെ കാലാവധി സെപ്റ്റംബർ 30 നു അവസാനിക്കും.എസ്.ബി.ടി ചെക്കുകൾ ഉള്ളവർ സെപ്റ്റംബർ മുപ്പതിന് മുൻപായി എസ്.ബി.ഐ യുടെ ചെക്ക് ബുക്ക് വാങ്ങണമെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ ഒന്നിന് ജനിച്ച മകൾക്ക് ‘ജിഎസ്ടി’യെന്ന് പേരിട്ട് മാതാപിതാക്കള്‍
ഛത്തിസ്ഗഢ് :ജൂലൈ ഒന്നിനാണ് രാജ്യത്ത് ഏകീകൃത നികുതി സംവിധാനമായ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായ ജിഎസ്ടി പ്രഖ്യാപനം നടന്ന അന്നുതന്നെയാണ് ഛത്തീസ്ഗഢ് സ്വദേശി ജഗദീഷ് പ്രസാദിന് മകള്‍ ജനിച്ചത്. മകള്‍ക്ക് എന്ത് പേരിടുമെന്ന് ചിന്തിച്ചപ്പോള്‍ ജഗദീഷിന് ഒരാശയം തോന്നി. അങ്ങിനെ ജിഎസ്ടി നടപ്പിലായതിന്റെ ദിവസം ജനിച്ച മകള്‍ക്ക് ‘ജിഎസ്ടി’ എന്ന് പേരിട്ടു. ജിഎസ്ടിയെന്ന് പേരിട്ടതറിഞ്ഞ് നിരവധി ഗ്രാമവാസികളാണ് കുഞ്ഞു ജിഎസ്ടിയെ കാണുവാനായി എത്തുന്നത്. മകളുടെ ജനനത്തോടെ ഇപ്പോള്‍ ഗ്രാമത്തില്‍ പ്രശസ്തനായിരിക്കുകയാണ് ജഗദീഷ്.
ജി.എസ്.ടി:ജൂലൈ 11ന് വ്യാപാരികളുടെ കടയടപ്പ് സമരം
തിരുവനന്തപുരം:ജിഎസ്ടിയുടെ പേരില്‍ അനാവശ്യമായി കടകള്‍ പരിശോധിക്കുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ഈമാസം 11ന് സംസ്ഥാന വ്യാപകമായി കടകളടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.വാറ്റു പ്രകാരമുള്ള നികുതിയിലും ജിഎസ്ടി പ്രകാരമുള്ള നികുതിയിലും വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. വ്യാപാരികള്‍ വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
നടി ആക്രമിക്കപ്പെട്ട സംഭവം:ദിലീപിന്റെ സഹോദരനെയും ധർമജൻ ബോൾഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ധർമജൻ ബോൾഗാട്ടിയെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും പോലീസ് വിളിച്ചുവരുത്തി.ആലുവ പോലീസ് ക്ലബ്ബിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്.ഡി.വൈ .എസ്.പി വിളിപ്പിച്ചതനുസരിച്ചാണ് വന്നിരിക്കുന്നതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി
തിരുവനന്തപുരം:മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി.മാനന്തവാടി സബ്‌കളക്ടർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ സ്ഥലം മാറ്റാനുള്ള തീരുമാനം ഉണ്ടായത്.എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയാണ് ശ്രീറാമിന് നൽകിയിട്ടുള്ളത്.വകുപ്പ് മേധാവിയായി സ്ഥാന കയറ്റം നൽകുകയായിരുന്നു എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.ഭൂമാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിച്ച ശ്രീറാമിനെ മാറ്റാൻ സർക്കാരിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് സൂചന.എന്നാൽ സബ്‌കളക്ടറെ മാറ്റിയതിൽ സി.പി.ഐ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.അതേസമയം ശ്രീറാമിനെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.എല്ലാ കാലത്തും ഒരേ പോസ്റ്റിൽ തന്നെ തുടരാൻ സാധിക്കില്ലെന്നും സ്ഥലം മാറ്റം മറ്റുരീതിയിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്രാവുകളെ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍

ഓട്ടോ തൊഴിലാളിസമരം;പരിഹാരമായില്ല;കോടതി ഇടപെടുന്നു
കണ്ണൂർ:കലക്ടറേറ്റ് പടിക്കൽ ഓട്ടോ തൊഴിലാളികളുടെ സമരം ഒരു മാസം പിന്നിടുമ്പോഴും തീരുമാനമെടുക്കാനാകാതെ അധികൃതർ.കലക്ടറും ആർടിഒയും മേയറും പ്രശ്നപരിഹാരത്തിനുള്ള പന്ത് മറ്റുള്ളവരുടെ കോർട്ടിലേക്കു തള്ളിവിടുന്നതല്ലാതെ കെസി നമ്പറിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിലേക്കെത്തിയില്ല.ഇതിനിടെ ആർടിഒ ഏകപക്ഷീയമായി കെസി നമ്പർ നൽകിയ നടപടി ശരിയല്ലെന്നും യൂണിയനുകളുടെ യോഗം വിളിച്ച് അവരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കോർപറേഷൻ പരിധിയിലെ ഓട്ടോറിക്ഷകൾക്കു കെസി നമ്പർ അനുവദിക്കാൻ വാർഡ് അംഗത്തിന്റെ ശുപാർശ കത്ത് വേണമെന്ന ആർടിഒയുടെ ഉത്തരവിനു നിയമസാധുതയില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.ഒരുമാസത്തിനിടെ തൊഴിലാളികൾ പലപ്പോഴായി കലക്ടറെയും ആർടിഒയെയും മേയറെയും കണ്ടെങ്കിലും ഫലം കണ്ടില്ല.ജൂൺ 30നു മുൻപു പ്രശ്നം പരിഹരിക്കാമെന്നു മേയർ ഉറപ്പു നൽകിയതും പാലിക്കപ്പെട്ടില്ല.ഇന്നു വൈകിട്ടു മൂന്നിനു കോർപറേഷൻ ഓഫിസിൽ സർവകക്ഷി യോഗം വിളിക്കുമെന്നും യോഗത്തിലെ തീരുമാനമനുസരിച്ചു പ്രശ്നം പരിഹരിക്കാമെന്നുമാണ് ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന വിശദീകരണം.
നടിയെ ആക്രമിച്ച കേസ്:അറസ്റ്റ് വൈകിയേക്കും,കൂടുതല്‍ ചോദ്യംചെയ്യലുണ്ടാകും
കൊച്ചി:നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ദിലീപ് അടക്കമുള്ളവരെ നേരിട്ട് ബന്ധിപ്പിക്കാന്‍ ഇത് പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ഉണ്ടായേക്കുമെന്ന് ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം ആലുവ റൂറല്‍ എസ്പി അറിയിച്ചു. തെളിവുകള്‍ ഒത്തുവന്നാല്‍ അറസ്റ്റ് വൈകിയേക്കില്ലെന്നും സൂചനയുണ്ട്.അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഫോണ്‍ രേഖകള്‍ അടക്കം പൊലീസിന്‍റെ കൈവശമുണ്ട്. എന്നാല്‍ ഇവയൊന്നും ദിലീപ് അടക്കമുള്ളവരെ നേരിട്ട് പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നില്ല.കേസ് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. എടുത്ത് ചാടി അറസ്റ്റിലേക്ക് നീങ്ങിയാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതുകള്‍ അടച്ച് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.