കൊച്ചി:മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഉത്തരവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.എല്ലാം ശരിയാക്കാൻ ഇനി ആരു വരുമെന്നും രാഷ്ട്രീയ ഇച്ഛാശക്തിയും അർജവവുമാണ് സർക്കാർ കാണിക്കേണ്ടതെന്നും ഹൈക്കോടതി.മൂന്നാറിലെ ലൗഡെയ്ല്‍ കേസുമായി ബന്ധപ്പെട്ടുള്ള വിധിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.ലൗഡെയ്ല്‍ റിസോര്‍ട്ട് വില്ലേജ് ഓഫീസ് ആക്കാനുള്ള ദേവികളും സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടാരാമന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി റിസോര്‍ട്ട് പൊതു പൊതു താല്‍പര്യത്തിന് ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് ജനവിരുദ്ധമാവുമെന്നും കോടതി പറഞ്ഞു.എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിലേറിയത്.പക്ഷെ എല്ലാം ശരിയാക്കാൻ ഇനി ആര് വരും എന്നാണ് കരുതേണ്ടത്.നടപടിയെടുക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയും അർജവവുമാണ് സർക്കാർ കാണിക്കേണ്ടത്.എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമായി ഒടുങ്ങരുത്.ഒന്നും നടക്കില്ലെന്നു തോന്നുന്നത് പൊതു താല്പര്യത്തിനു വിരുദ്ധമാണെന്നും ഉത്തരവിന്റെ അവസാനഭാഗത്തുണ്ട്.
മദ്യശാലകൾക്കു മുൻപിലെ ക്യു ഒഴിവാക്കി സൗകര്യമൊരുക്കണം
കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. കടകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കി മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കണം.മദ്യ വില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുതെന്നും കോടതി നിര്‍ദേശിച്ചു.മദ്യവില്പന ശാലകൾക്കു മുൻപിലെ ക്യു വ്യാപാരികൾക്ക് തടസ്സമുണ്ടാക്കുന്നുവെന്ന തൃശ്ശൂരിലെ വ്യാപാരിയുടെ ഹർജി പരിഗണിച്ചാണ് നിർദേശം.മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു.
ഇടുക്കി ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ
തൊടുപുഴ:തൊടുപുഴയിൽ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് നാളെ ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
മകൻ മാതാപിതാക്കളെ കൊന്നു കിണറ്റിലിട്ടു മൂടി
പത്തനംതിട്ട:പന്തളത്തിനടുത്ത് മകൻ മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ടു മൂടി.കരുമ്പാല കാഞ്ഞിരവിള വീട്ടിൽ കെ.എം ജോൺ(70),ഭാര്യ ലീലാമ്മ(62) എന്നിവരെയാണ് മകൻ മാത്യു ജോൺ(33) കൊന്ന് കിണറ്റിലിട്ടത്.മാത്യുവും ഭാര്യയും കുട്ടിയും മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.ഒരാഴ്ചമുമ്പ് ഭാര്യയും കുട്ടിയും കോട്ടയത്തെ വീട്ടിലേക്കു പോയ ശേഷമാണ് ഇയാൾ കൊലനടത്തിയത്. മാത്യു മാനസിക രോഗമുള്ള വ്യക്തിയാണ്.ജോണിനെയും ലീലാമ്മയെയും കുറച്ചു ദിവസമായി കാണാതായിരുന്നു.ബന്ധുക്കൾ ചോദിച്ചപ്പോൾ മാതാപിതാക്കൾ ധ്യാനത്തിന് പോയിരിക്കുകയാണെന്നായിരുന്നു മാത്യു പറഞ്ഞത്.മൂന്നു ദിവസം മുൻപ് ഇയാൾ ജെ.സി.ബി കൊണ്ടുവന്നു വീട്ടിനടുത്തുള്ള കിണർ മൂടി.വേസ്റ്റ് നിക്ഷേപിക്കുന്നതിനാൽ കുഴി മൂടുകയാണെന്നു ഇയാൾ അന്വേഷിച്ചവരോട് പറഞ്ഞു.എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിലറിയിക്കുകയായിരുന്നു.പോലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ രക്ഷപ്പെട്ടു.പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ അടൂരിൽ വെച്ച് അറസ്റ്റ് ചെയ്തു.സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ സംഭവം തുറന്നു പറഞ്ഞത്.മാതാപിതാക്കളെ കൊന്നെന്നും മൃതദേഹം വീടിനു സമീപത്തെ കുഴിയിൽ മറവുചെയ്തതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി ആർ.ഡി.ഓ യുടെ സാന്നിധ്യത്തിൽ മണ്ണ് നീക്കം ചെയ്തു മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.
കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ ധാരണ
കൊച്ചി:കേരളത്തില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ ധാരണയായി. നഴ്സുമാരുടെ അടിസ്ഥാന വേതനം നിശ്ചയിക്കുന്ന സര്‍ക്കാര്‍ സമിതിയുടെ തീരുമാനം വൈകുന്നതിനാലാണ് സഭ സ്വന്തം നിലക്ക് വേതനം പുതുക്കി നിശ്ചയിക്കുന്നത്.വരുന്ന ആഗസ്ത് മുതല്‍ പുതുക്കിയ വേതന നിരക്ക് നിലവില്‍ വരും.അനുദിനം ഉയരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചാണ് വേതന വർധന തീരുമാനിച്ചതെന്ന് കെസിബിസി അറിയിച്ചു. കെസിബിസി ലേബര്‍, ഹെല്‍ത്ത് കമ്മീഷനുകളുടെയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ആശുപത്രി ഡയറക്ടര്‍മാരുടെയും കൊച്ചിയില്‍ നടന്ന സംയുക്തയോദത്തിലാണ് ശമ്പളം പരിഷ്കകരിക്കാന്‍ ധാരണയായത്. പുതിയ വേതന നിരക്ക് രൂപപ്പെടുത്താന്‍ 11 അംഗ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. കത്തോലിക്കാസഭയുടെ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആശുപത്രികള്‍ അടക്കമുള്ള സഭാ സ്ഥാപനങ്ങളുടെ നടത്തില്‍പ്പില്‍ നിയമാനുസൃതമായ ഇടപെടല്‍ ഉണ്ടാകുമെന്നും കെസിബിസി അറിയിച്ചു.
ഇന്നസെന്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
തൃശൂർ:സിനിമയിലെ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് നടനും എം.പി യുമായ ഇന്നസെന്റിനെതിരെ യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.പ്രവർത്തകർ ഇന്നസെന്റിന്റെ അങ്കമാലിയിലെ ഓഫീസിലേക്കും ഇരിഞ്ഞാലക്കുടയിലെ വസതിയിലേക്കും മാർച്ച് നടത്തി.പരാമർശം പിൻവലിച്ച് ഇന്നസെന്റ് മാപ്പ് പറയണമെന്നാണ് യുവജന സംഘടനയുടെ ആവശ്യം.അങ്കമാലിയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.
ഇങ്ങനെ പോയാൽ തന്റെ മരണമൊഴി എടുക്കാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നു പൾസർ സുനി
കൊച്ചി:കൊട്ടേഷൻ നൽകിയത് ആരാണെന്നു വെളിപ്പെടുത്തിയതിനാണ് താനിപ്പോൾ അനുഭവിക്കുന്നതെന്നു നടിയെ ആക്രമിച്ച കേസിലെ പ്രതി സുനി. ഇങ്ങനെ പോയാൽ തന്റെ മരണമൊഴി എടുക്കാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു.ഇൻഫോപാർക് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ജയിലിൽ പൾസർ സുനിക്ക് ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്ത സഹതടവുകാരനായ സുനിയാണിതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.അതേസമയം കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ നിന്നും ഫോൺ വിളിച്ചെന്ന കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.നാദിര്ഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയുമാണ് ഫോണിൽ വിളിച്ചെതെന്നാണ് സുനി പോലീസിനെ അറിയിച്ചത്.
ഉള്ളി ലോറിയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു സ്ഫോടകവസ്തുക്കൾ പിടികൂടി
സുൽത്താൻബത്തേരി:ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ലോഡ് സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി.വയനാട് മുത്തങ്ങയിൽ നിന്നാണ് ലോറി പിടികൂടിയത്.ഉള്ളി ചാക്കുകൾക്കിടയിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.കർണാടക റെജിസ്ട്രേഷനുള്ള ലോറി സംശയത്തെ തുടർന്നാണ് പോലീസ് പരിശോധിച്ചത്.തുടർന്നാണ് ഉള്ളി ചാക്കുകൾക്കിടയിൽ നിന്നും ജെലാറ്റിൻ സ്റ്റിക്കുകളുടെയും വെടിയുണ്ടകളുടെയും വൻ ശേഖരം കണ്ടെത്തിയത്.ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ടു ലോറിയിലുണ്ടായിരുന്ന നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
ട്രാൻസ്ജെന്ഡേഴ്സിനെതിരെ വീണ്ടും അതിക്രമം
കൊച്ചി:ട്രാൻസ്ജെന്ഡേഴ്സിനെതിരെ വീണ്ടും അതിക്രമം.സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് മർദനം.പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ സമ്മതിക്കാതെ സി.ഐ മർദിച്ചെന്നു ട്രാൻജെൻഡർസ് പറയുന്നു.കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്ക് എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ വെച്ച് ഒരു യുവാവ് ട്രാൻസ്‍ജെന്റർ ആക്ടിവിസ്റ്റായ പാർവതിയുടെ പേഴ്സ് തട്ടിപ്പറിക്കാൻ ശ്രമം നടത്തി.ഇയാളെ തടഞ്ഞു വെച്ച് പോലീസിലേല്പിച്ച പതിനഞ്ചോളം ട്രാന്സ്ജെന്ഡറുകൾക്കെതിരെയാണ് പോലീസിന്റെ അതിക്രമം.പ്രശ്‍നം നടന്ന പ്രദേശത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഓടിക്കൂടിയ നാട്ടുകാരെ പറഞ്ഞു വിട്ട ശേഷം അക്രമിയോടും പോകാൻ പറയുകയായിരുന്നു.ഈ സമയം ഇയാൾക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തണമെന്നു ആവശ്യപ്പെട്ടപ്പോൾ തങ്ങളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഇവർ പറയുന്നു.
ഇരിക്കൂർ ഗവ. ആശുപത്രിയിൽ രാത്രികാല ചികിത്സ തുടങ്ങി
ഇരിക്കൂർ:ഗവ.ആശുപത്രിയിൽ രാത്രികാല ചികിത്സയ്ക്കു തുടക്കമായി. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെ മാത്രമുണ്ടായിരുന്ന പരിശോധന ഇനിമുതൽ രാത്രി എട്ടു വരെ ലഭിക്കും. കൂടാതെ അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂർ സേവനവും ലഭ്യമാകും.ഇതിനായി ഡോക്ടർമാരുടെ പ്രവർത്തനസമയം മൂന്നു ഘട്ടമായി തിരിച്ചു. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെ സാധാരണ നിലവിലുള്ള പരിശോധനയും ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി എട്ടു വരെയുള്ള ദീർഘിപ്പിച്ച പരിശോധനയുമാണു നടക്കുക.കൂടാതെ രാത്രി എട്ടു മുതൽ രാവിലെ ഒൻപതു വരെയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുക.പരിശോധനാ സമയത്തിൽ മാറ്റം വരുത്തിയതിനു പുറമെ ഫാർമസി പ്രവർത്തനം രാത്രി എട്ടു വരെയും ലബോറട്ടറി പ്രവർത്തനം വൈകിട്ട് ആറുവരെയുമായി ദീർഘിപ്പിച്ചിട്ടുണ്ട്.എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ഡോക്ടർമാരെ നിയമിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്.നിലവിൽ അറുനൂറിലേറെ രോഗികളാണു ദിവസവും ഇവിടുത്തെ ഒപി യിൽ ചികിൽസ തേടിയെത്തുന്നവർ.