കാസര്‍കോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശി രമ്യയും കുഞ്ഞുമാണ് മരിച്ചത്.കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് ശേഷം രമ്യയ്ക്ക് വിഷാദ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. മൃതദേഹം കാസർകോഡ് ജില്ലാ ആശുപത്രിയിലാണ്.ഞായറാഴ്ച രാത്രി ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കിണറിന് സമീപത്തു കിടന്ന മൊബൈല്‍ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.ഭര്‍ത്താവ് പ്രതീഷ് വിമുക്ത ഭടനാണ്. ഏഴു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.
ഇടുക്കി ഡാം നാളെ 11 മണിക്ക് തുറക്കും; ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും
ഇടുക്കി:ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്കാന് ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് അടിയന്തര തീരുമാനം.നിലവില്‍ ജലനിരപ്പ് 2397.38 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്. നാളെ രാവിലെ ഏഴുമണിയോടെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ ജലനിരപ്പ് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനം. 65ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.സര്‍ക്കാരും അധികാരികളും നല്കുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അണക്കെട്ടുകൾ നിറയുന്നു;സാഹചര്യം വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് മണിയോടെയാണ് യോഗം ആരംഭിക്കുക. മഴ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി പമ്പ അണക്കെട്ടുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2396.86 അടിയിലെത്തി. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡാമുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട ആവശ്യമില്ല. ഡാമുകൾ തുറക്കേണ്ടിവന്നാൽ പകൽ സമയങ്ങളിൽ മാത്രമേ തുറക്കൂ. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ തിരിച്ചെത്തിച്ചത് സാഹസികമായി
കണ്ണൂര്‍: കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ച് അഗ്നിരക്ഷാ സേന. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്.ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് നടകീയ സംഭവങ്ങള്‍. തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് കടലില്‍ ഉയര്‍ന്ന് നില്ക്കുന്ന പാറ. ആ പാറയിലേക്കാണ് രാജേഷ് നീന്തി ചെന്നത്.പിന്നീട് അവിടെ ധ്യാനമിരിക്കുകയായിരുന്നു. കടപ്പുറത്ത് നടക്കാനിറങ്ങിയവര്‍ ഈ കാഴ്ച കണ്ടിരുന്നു. കടല്‍ ക്ഷോഭം മനസിലാക്കിയ ഇവര്‍ രാജേഷ് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ പാറയിലേക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷ സേന നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തെ രാജേഷ് ബലം പ്രയോഗിച്ച് ചെറുത്തെങ്കിലും നാട്ടുകാരും സേനയും ഇതേ രീതിയില്‍ ബലം പ്രയോഗിച്ച് യുവാവിനെ കരയ്ക്ക് എത്തിച്ചു.
പ്രളയത്തിൽ മുങ്ങി സംസ്ഥാനം;ആകെ മരണം 27 ആയി; 22 മൃതദേഹങ്ങൾ കണ്ടെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. കോട്ടയം ഇടുക്കി ജില്ലകളിലായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കോട്ടയം ജില്ലയിൽ 13 മരണവും ഇടുക്കിയിൽ 9 മരണവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കൊക്കയാറിൽ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പ്രദേശത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരച്ചിൽ തുടരുന്നത്.പമ്പ ഡാമിൽ ജലനിരപ്പ് പരമാവധിയോട് അടുക്കുന്ന പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടിയോട് അടുക്കുന്നുണ്ട്. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇടുക്കിയിലെ മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കല്ലട ഡാം, കക്കി ഡാം എന്നീ അണക്കെട്ടുകളാണ് തുറക്കുക.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടൻ;നടി അന്ന ബെൻ;ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. ചിത്രം വെള്ളം.കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ.ശ്രീരേഖയാണ് മികച്ച സ്വഭാവ നടി. ചിത്രം വെയിൽ. മികച്ച സ്വഭാവനടനുള്ള പുരസ്കാരം നടൻ സുധീഷും സ്വന്തമാക്കി. അയ്യപ്പനും കോശിയുമാണ് ജനപ്രിയ ചിത്രം.മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നിത്യാ മാമന് ലഭിച്ചു. അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ് സിജി പ്രദീപിന് ലഭിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം റഷീദ് അഹമ്മദ് സ്വന്തമാക്കി. എ ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം സൂഫിയും സുജാതയും. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്.നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ച സംഭവം; കൂടെയുണ്ടായിരുന്ന യുവാവിന്റെ മൃതദേഹവും കിട്ടി
ഇടുക്കി:തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ച സംഭവത്തിൽ പെൺകുട്ടിയോടൊപ്പം കാറിൽ കൂടെയുണ്ടായിരുന്ന യുവാവിന്റെ മൃതദേഹവും കണ്ടെത്തി.കൂത്താട്ടുകുളം സ്വദേശിയും 27കാരനുമായ നിഖിലാണ് മുങ്ങിമരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞാറിലെ പെരുവന്താനത്താണ് ദാരുണമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മൃതദേഹം കണിയാന് തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ രജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്. മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം.
പാനൂരിൽ ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കണ്ണൂര്‍: ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി.സംഭവത്തിന് ശേഷം രക്ഷപ്പെട്ട കുട്ടിയുടെ പിതാവ് കെ.പി ഷിജുവിനെയാണ് മട്ടന്നൂരിൽ വെച്ച് മട്ടന്നൂര്‍ സിഐ പിടികൂടിയത്.പ്രതിയെ ശനിയാഴ്ച്ച ഉച്ചയോടെ കതിരൂർ പൊലിസിന് കൈമാറി. ഇനിയുള്ള ചോദ്യം ചെയ്യലില്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതി തലശ്ശേരിയില്‍നിന്ന് കോഴിക്കോട് മാനന്തവാടി ഇരിട്ടി വഴിയാണ് മട്ടന്നൂരില്‍ എത്തിയത്. അന്വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും, ഭാര്യ സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയും ഷിനു പുഴയില്‍ തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പാനൂര്‍ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്.ഇളങ്കോവന് നേരത്തെ അറിയിച്ചിരുന്നു ഈ കേസ് അന്വേഷിക്കാനായി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.സംഭവത്തില്‍ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് ഭര്‍ത്താവ് ഷിജുവിനായി പൊലിസ് തെരച്ചില്‍ തുടങ്ങിയത്.തലശ്ശേരി കുടുംബകോടതി ജീവനക്കാരന് പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്കൂള്‍ അദ്ധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
കനത്ത മഴ;പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി
കോട്ടയം:കനത്ത മഴയെ തുടർന്ന് പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി. പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിലാണ് കെഎസ്ആര്‍ടിസി ബസ് മുങ്ങിയത്. റോഡിലുണ്ടായിരുന്ന വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചു.ബസിന്റെ പകുതി ഭാഗം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.
ശക്തമായ മഴയിൽ ജലനിരപ്പുയർന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രത നിര്‍ദേശം
പാലക്കാട്: ശക്തമായ മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.ഡാമിന്റെ ജലനിരപ്പ് 114.10 അടി പിന്നിട്ടതോടെ റൂള്‍ കര്‍വ് പ്രകാരം ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.കല്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.117.06 അടി ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 114 അടി പിന്നിടുമ്പോൾ തന്നെ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.