അങ്കമാലി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.ദിലീപിനെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. അദ്ദേഹത്തെ ആലുവ സബ്‌ജയിലിലേക്കു കൊണ്ടുപോകും.ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോൾ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്.ദിലീപ് കസ്റ്റഡിയിലായിരിക്കുമ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നു.അപ്പോൾ അദ്ദേഹം പുറത്തിറങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നും പ്രോസിക്യൂഷൻ വാദിച്ചു.അതിനിടെ ദിലീപിന്റെ രണ്ടു ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.ശാസ്ത്രീയ പരിശോധനക്കായാണ് ഫോണുകൾ കൈമാറിയതെന്നും പോലീസിനെ ഏൽപ്പിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടും എന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.
കെഎസ്ആർടിസിയില്‍ ഡ്യൂട്ടി പരിഷ്കാരം ഇന്ന് മുതല്‍, ഡബിള്‍ ഡ്യൂട്ടി ഷെഡ്യൂളുകള്‍ കുറച്ചു
തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഓപറേറ്റിങ് വിഭാഗത്തില്‍ പുതിയ ഡ്യൂട്ടി പാറ്റേണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡബിള്‍ ഡ്യൂട്ടിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്തിരുന്നിടത്ത് ഇനി മുതല്‍ ഒറ്റ ഡ്യൂട്ടിയായി. ആഴ്ചയില്‍ ആറു ദിവസവും ജോലിക്കെത്തണം. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം വകവെക്കാതെയാണ് ജോലി സമയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഡ്യൂട്ടി പാറ്റേണ്‍ പ്രകാരം 7000 രൂപയിൽ താഴെ വരുമാനമുള്ള ഷെഡ്യൂളുകളിലെ ജീവനക്കാരുടെ സിംഗിൾ ഡ്യൂട്ടി സമയം എട്ടരമണിക്കൂറായി ഉയർത്തി. ആറര മണിക്കൂർ ഒരു ഡ്യൂട്ടിയായും അതു കഴിഞ്ഞ് ബസ് ഓടിക്കുന്നുണ്ടെങ്കിൽ മണിക്കൂറിന് 200 രൂപ വീതം അധിക വേതനവും നൽകും.മറ്റു സർവീസുകൾക്ക് ആറര മണിക്കൂർ ഒരു ഡ്യൂട്ടിയായും 10 മണിക്കൂർ ഒന്നര ഡ്യൂട്ടിയായും 13 മണിക്കൂർ രണ്ടു ഡ്യൂട്ടിയായും 19.5 മണിക്കൂർ മൂന്നു ഡ്യൂട്ടിയായും ക്രമീകരിച്ചു. പ്രതിദിന വരുമാനം 8000 രൂപമുതൽ 10000 വരെയുള്ള ഓർഡിനറി ഡബിൾ ഡ്യൂട്ടികള്‍ ഒന്നര ഡ്യൂട്ടിയായി. 12000 രൂപവരെ വരുമാനമുള്ള ഷെഡ്യൂളുകൾ ഒരു മാസത്തിനകം വരുമാനം വർധിപ്പിച്ചില്ലെങ്കിൽ ഒന്നര ഡ്യൂട്ടിയിലേയ്ക്കു മാറ്റും. ഡ്യൂട്ടി പാറ്റേണ്‍ നിലനിർത്താൻ ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചു നഷ്ടം വരുത്തിയാൽ യൂണിറ്റ് അധികാരികളിൽ നിന്ന് നഷ്ടം ഈടാക്കുമെന്നും എംഡി എം.ജി.രാജമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കോര്‍പറേഷനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. എന്നാല്‍ ഭരണാനുകൂല തൊഴിലാളി സംഘടനകളുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്. എഐടിയുസി ആഗസ്റ്റ് രണ്ടിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
നഴ്‌സുമാരുടെ സമരം തീർക്കാൻ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകില്ല
തിരുവനന്തപുരം:നഴ്‌സുമാരുടെ സമരം തീർക്കാൻ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകില്ലെന്ന് സൂചന.നിലവിലെ ശമ്പള വർധന ന്യായമാണെന്ന നിലപാടിലാണ് സർക്കാർ.അതേസമയം നഴ്‌സുമാർ പണിമുടക്ക് തുടങ്ങിയാൽ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുന്നതിനോടൊപ്പം സർക്കാർ ആശുപത്രികളുടെ ജോലി ഭാരം കൂടുകയും ചെയ്യും.ഇതേസമയം സമരം ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ യു.എൻ.ഓ സംസ്ഥാന സമിതി തൃശ്ശൂരിൽ യോഗം ചേരും.വേതന വർധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്സുമാരുടെ സമരം ന്യായമാണെന്ന് കണ്ടുകൊണ്ടാണ് സർക്കാർ ആദ്യ ഘട്ടത്തിൽ ഇടപെടൽ നടത്തിയത്.മിനിമം വേതനം 20,000 രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചുവെന്നും പണിമുടക്കിയുള്ള സമരത്തെ പിന്തുണയ്ക്കാനാകില്ല എന്നും സർക്കാർ വ്യക്തമാക്കുന്നു.
മടവൂരില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവം; പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തതിനാല്‍
കോഴിക്കോട്:കോഴിക്കോട് മടവൂര്‍ സി.എം സെന്‍ററിലെ വിദ്യാര്‍ഥിയെ കുത്തിക്കൊന്നത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിനാലാണെന്ന് പൊലീസ്. ഇന്നലെയാണ് 13 വയസ്സുഉള്ള അബ്ദുല്‍ മാജിദിനെ കാസര്‍കോട് സ്വദേശി ശംസുദ്ദീന്‍ കൊലപെടുത്തിയത്. ഇതിന് മുമ്പും ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് പരാതി ലഭിച്ചിട്ടുണ്ട്. ശംസുദ്ദീന് മാനസിക പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് കുട്ടി വഴങ്ങാത്തതിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്നും പൊലീസ് പറയുന്നു. ഇതിന് മുമ്പും പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് ശംസുദ്ദീനെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ശംസുദ്ദീനെ ഇന്ന് കുന്ദമംഗലം കോടതിയില്‍ ഹാജറാക്കും. സിഎം സെന്‍ററില്‍ വെച്ചാണ് അബ്ദുല്‍ മാജിദിനെ കുത്തിക്കൊന്നത്.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി
തിരുവനന്തപുരം:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് എട്ടിന് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.35 നഗരസഭാ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ് .പത്രികകളുടെ സൂക്ഷ്മ പരിശോധന 22 നും പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി 24 ലുമാണ്.വോട്ടെടുപ്പ് ഓഗസ്റ്റ് എട്ടിനാണ്.വോട്ടെണ്ണൽ പത്താം തീയതി നടക്കും.ഇടക്കാലത്തു നിലവിൽ വന്നതിനാൽ മട്ടന്നൂർ നഗരസഭയിൽ മറ്റു നഗരസഭകളോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാറില്ല.
സെൻകുമാറിനെതിരെ കേസെടുത്തു
തിരുവനന്തപുരം:ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മത വികാരം വ്രണപ്പെടുത്തുന്ന നിലയിൽ വിവാദ പരാമർശം നടത്തി എന്നാരോപിച്ച് മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സെൻകുമാർ ഒന്നാം പ്രതിയും വാരികയുടെ പ്രസാധകർ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്ത്യൻ ശിക്ഷ നിയമം 153 എ(1) (എ) വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.സമൂഹത്തിൽ ബോധപൂർവം മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു,സമൂഹത്തെ രണ്ടു ചേരിയിലാക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്.വിരമിച്ച ശേഷമാണ് സെൻകുമാർ വാരികയ്ക്ക് അഭിമുഖം നൽകിയത്.താൻ പറയാത്ത കാര്യങ്ങളാണ് വാരികയിൽ അച്ചടിച്ച് വന്നത് എന്നും വിവാദമായ പരാമർശം നൽകിയിട്ടില്ലെന്നും കാണിച്ച് ബെഹ്‌റയ്‌ക്കു സെൻകുമാർ കത്ത് നൽകിയിരുന്നു.അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ അച്ചടിച്ചതിനെക്കുറിച്ച് പതാധിപർക്കു അയച്ച കത്തിന്റെ പകർപ്പും കൈമാറി.ഇത് ബെഹ്‌റ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
പതിനേഴുകാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് കത്തിച്ചു
പത്തനംതിട്ട:പതിനേഴുകാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് കത്തിച്ചു.ഗുരുതരമായ പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് സജിൽ(20) എന്ന യുവാവിനെ പോലീസ് തിരയുന്നു.പെൺകുട്ടിയും സജിലും തമ്മിൽ പ്രണയത്തിലായിരുന്നു.തന്റെ കൂടെ ഇറങ്ങിവരാൻ പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് സൂചന.സജിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഫോണിൽ വിളിച്ച് തന്റെ കൂടെ ഇറങ്ങിവരണമെന്നു ആവശ്യപ്പെട്ടിരുന്നു.എന്നാൽ പെൺകുട്ടി ഇതിനു തയ്യാറായില്ല.തുർന്ന് രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി.കയ്യിൽ ഒരു കന്നാസ് പെട്രോളുമായാണ് ഇയാൾ എത്തിയത്.വീട്ടിലേക്കു അതിക്രമിച്ചു കയറി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.അതിനു ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികനെതിരെ കേസ്
വയനാട്:വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ കേസ്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ വൈദികനായിരുന്ന സജി ജോസഫിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ബാലഭവന്‍ അന്തേവാസികളായിരുന്ന രണ്ട് കുട്ടികളുടെ പരാതിയിലാണ് കേസ്.കഴിഞ്ഞ അക്കാദമിക് വര്‍ഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായാണ് രണ്ട് ആണ്‍കുട്ടികളുടെ മൊഴി. സംഭവത്തെ കുറിച്ച് സൂചന ലഭിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ആദ്യം കുട്ടികളെ കൗണ്‍സിലിങിന് വിധേയരാക്കിയത്. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് മീനങ്ങാടി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം വൈദികനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ബാലഭവനിലെ വൈദികനായിരുന്ന സജി ജോസഫ് എവിടെയാണെന്നും വ്യക്തമായിട്ടില്ല. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേ സമയം ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ്: ജനപ്രതിനിധികളെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ്
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജനപ്രതിനിധികളെ ആരെയും ചോദ്യംചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്ജ്. അതേസമയം ആരോപണമുയര്‍ന്നാല്‍ ആര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു
കൊച്ചി:പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു.കലൂർ സ്റ്റേഡിയത്തിൽ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.ട്രയൽ റൺ വിജയിച്ചാൽ സെപ്തംബര് മൂന്നാം ആഴ്ചയോടെ ഈ റൂട്ടിൽ സർവീസ് തുടങ്ങാനാണ് മെട്രോ അധികൃതരുടെ തീരുമാനം.പരീക്ഷണ ഓട്ടമായതിനാൽ ഒരു ദിവസം ഒരു ട്രെയിനാണ് ഉപയോഗിക്കുക.ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം,കലൂർ ജംഗ്ഷൻ,ലിസി ജംഗ്ഷൻ,എം.ജി റോഡ്,മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്.മഹാരാജാസ് കൂടി യാഥാർഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.