കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു സാക്ഷിയാകുമെന്ന വാർത്ത തെറ്റാണെന്നു ആലുവ റൂറൽ എസ്.പി എ.വി ജോർജ്.മഞ്ജു വാര്യർ ഉൾപ്പെടെ ഒരു നടിയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ദിലീപിന് ജാമ്യം നിഷേധിക്കാൻ മാത്രം ശക്തമാണ് തെളിവുകളെന്നും എസ്.പി പറഞ്ഞു.തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴ,വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപ്പറ്റ:വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പൊലീസുകാര്‍ക്കെതിരെ നടപടി
തൃശൂർ:തൃശൂര്‍ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. പാവറട്ടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.ജില്ലാ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല.തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്ന ആരോപണത്തിലാണ് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ശ്രീജിത്, സാജന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഗുരുവായൂര്‍ എസിപി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ മുഴക്കുന്ന് നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി
കാക്കയങ്ങാട്:മുഴക്കുന്നു നെയ്യാലത്തു നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി.മഴക്കുഴി എടുക്കുന്നതിനിടെയാണ് പുരാവസ്തുക്കൾ ലഭിച്ചത്.സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പു തൊഴിലാളികൾ മഴക്കുഴി നിർമിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പുരാവസ്തുക്കൾ കിട്ടിയത്.വട്ടളം,കുടം,കിണ്ടി,നിലവിളക്ക്,തൂക്കു വിളക്ക്,കിണ്ണം,പൂജാപാത്രങ്ങൾ എന്നിവയാണ് ലഭിച്ചത്.മുഴക്കുന്നു സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അഡിഷണൽ എസ്.ഐ കെ.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുരാവസ്തുക്കൾ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
നഴ്‌സുമാരുടെ സമരം;ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ച പരാജയം
കൊച്ചി:നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ഹൈക്കോടതിയുടെ മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ച പരാജയപ്പെട്ടു.അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്ന ആവശ്യം ഇന്ന് നടന്ന ചർച്ചയിലും നഴ്‌സുമാർ ഉയർത്തി.എന്നാൽ ഇത് അംഗീകരിക്കാൻ ആശുപത്രി മാനേജ്മെന്റുകൾ തയ്യാറായില്ല.ഇതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.മാനേജ്മെന്റുകളുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ നഴ്‌സുമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.മൂന്നിലൊന്നു നഴ്‌സുമാർ മാത്രമേ നാളെ ജോലിയിൽ പ്രവേശിക്കുകയുള്ളൂ.അത്യാഹിത വിഭാഗങ്ങളും മറ്റു അവശ്യ സേവനങ്ങളും തടയില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തുന്നുണ്ട്.
പൾസറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയ്ക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.ഇയാളോട് നാളെ രാവിലെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന് സുനി പൊലീസിന് മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും ഇയാൾ ഹാജരായില്ല.ഇയാളുടെ അറസ്റ്റ് തടയാനാകില്ല എന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.ഇതിനു ശേഷം ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കും
തിരുവനന്തപുരം:ശബരിമല തീർത്ഥാടകർക്കായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഹാരിസൺ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കും.ഇതിനായി 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇവിടെ നിന്ന് 48 കിലോമീറ്റർ ദൂരമാണ് ശബരിമലയിലേക്കുള്ളത്.
കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി
കൊച്ചി:കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചിട്ട് ഒരു മാസം. നാലരക്കോടി രൂപയാണ് മെട്രോയുടെ ഒരുമാസത്തെ വരുമാനം. നാല്‍പത്തിയേഴായിരം പേര്‍ ദിവസവും മെട്രോ ഉപയോഗിക്കുന്നതായാണ് കെഎംആര്‍എല്ലിന്റെ കണക്ക്.ജൂണ്‍ 19നാണ് കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്.യാത്രക്കാരുടെ ദിവസ ശരാശരി 47646 ആണ്. അവധി ദിനങ്ങളിലും വാരാന്ത്യത്തിലുമാണ് മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെത്തുന്നത്.മെട്രോയുടെ ആദ്യ ആഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിനംപ്രതി യാത്രക്കാരുടെ എണ്ണം കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംബന്ധിച്ച് തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ റൂട്ടിലെ പരീക്ഷണ ഓട്ടം വിജയകരമായി പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ പ്രതികരിച്ചു.
വൈദ്യുതിക്കമ്പി പൊട്ടിവീണു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
കണ്ണൂർ:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു.കണ്ണൂർ പെരിങ്ങത്തൂരിലാണ് ദാരുണമായ ഈ സംഭവം.സ്കൂൾ വിദ്യാർത്ഥിയായ ഫത്തീൻ ശബാബാണ് മരിച്ചത്.എലാങ്കോട് വയൽ പീടികയിൽ ദാവൂദിന്റെ മകനാണ് ശബാബ്.സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി.പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് ശബാബ്.സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പെരിങ്ങത്തൂർ സബ്‌സ്റ്റേഷൻ അടിച്ചു തകർത്തു.
കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
കണ്ണൂർ:കണ്ണൂരിൽ രണ്ടിടത്തായി ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു.കിഴുത്തള്ളി ഓവുപാലത്തിനു സമീപവും നടാൽ ഈരയിപ്പാലത്തിനു സമീപവുമാണ് അപകടം.കിഴുത്തല്ലി ഓവുപാലത്തിനു സമീപം പുതിയതെരു രാമത്തെരുവിലെ ജീജാസിൽ ജി.വിൻസെന്റിനെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.വിമുക്തഭടനാണ്.ചൊവ്വാഴ്ച കിഴുത്തള്ളിയിലുള്ള ബന്ധുവീട്ടിൽ പോയതായിരുന്നു വിൻസെന്റ്.ഭാര്യ ജീജ,മക്കൾ ഷാലു,ഷെറിൻ. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടാൽ ഈരായിപാലത്തിനു സമീപം സേലം സ്വദേശി പുല്ലൂരാന്റെ(55) മൃതദേഹമാണ് കണ്ടെത്തിയത്.വർഷങ്ങളായി കീഴറയിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.