കൊച്ചി:പി ടി തോമസ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.ഇന്നലെ യാത്ര ചെയ്യവേ എംഎല്‍എയുടെ കാറിന്‍റെ നാല് ടയറുകളുടെയും നട്ടുകൾ ഇളക്കിയ നിലയിലായിരുന്നു. ഒരു വഴിയാത്രക്കാരനാണ് ടയര്‍ ഇളകിയത് ശ്രദ്ധയിൽപെടുത്തിയത്. അതുകൊണ്ട് അപകടമൊഴിവായി. തുടര്‍ന്ന് എംഎല്‍എ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍വ്വീസിംഗിനയച്ചതായിരുന്നു കാര്‍. വണ്ടിയുടെ സര്‍വ്വീസിംഗ് കഴിഞ്ഞതായിരുന്നുവെന്നും ടയര്‍ ഇളകിപ്പോകാന്‍ ഒരു സാധ്യതയുമില്ലെന്നും അട്ടിമറിശ്രമം നടന്നിട്ടുണ്ടാവാമെന്നും ഷോറൂം ഉടമകള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് എംഎല്‍എ പരാതി നല്‍കിയത്.
സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രവർത്തനാനുമതി നിഷേധിച്ചു
ന്യൂഡൽഹി:കേരളത്തിലെ ഏഴ് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തനാനുമതി നിഷേധിച്ചു.ഇതോടെ ആയിരം സീറ്റുകൾ കേരളത്തിന് നഷ്ട്ടമാകും.അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദത്തിൽ പെട്ട വർക്കല എസ്.ആർ കോളേജ് അടക്കമുള്ളവയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളേജിനും ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതി അനുമതി നൽകിയിട്ടില്ല.കൽപ്പറ്റയിലെ ഡി.എം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,തൊടുപുഴ അൽ അഷർ മെഡിക്കൽ കോളേജ്,പാലക്കാട് കേരള മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലെ അടുത്ത രണ്ടു അധ്യയന വർഷങ്ങളിലേക്കുള്ള പ്രവേശനത്തിന് ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിനു പുറമെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ്,അടൂരിലെ മൗണ്ട് സിയോൺ എന്നീ മെഡിക്കൽ കോളേജുകൾക്ക് കഴിഞ്ഞ വർഷം അധികമായി അനുവദിച്ച സീറ്റുകളിലേക്ക് ഈ വർഷം പ്രവേശനത്തിന് അനുമതിയില്ല. അതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ 50 സീറ്റുകളിലും മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ 100 സീറ്റുകളിലും ഇത്തവണ പ്രവേശനം നടത്താനാകില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി ജോർജിനെ ചോദ്യം ചെയ്യും
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി ജോർജിനെ ചോദ്യം ചെയ്യും.ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.ആലുവ റൂറൽ എസ്.പി എം.വി ജോർജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞു ആരും വിരട്ടേണ്ടെന്ന് പി.സി ജോർജ് പ്രതികരിച്ചു.താൻ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല.ചോദ്യം ചെയ്യാൻ ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബുധനാഴ്ച പി.ഡി.പി ഹർത്താൽ
കൊല്ലം:സംസ്ഥാനത്ത് ബുധനാഴ്ച പി.ഡി.പി ഹർത്താൽ.മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അബ്ദുൽ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.പിഡിപി സംസ്ഥാന വർക്കിംഗ് ചെയർമാൻ പൂന്തുറ സിറാജാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ആറു മുതൽ വൈകിട്ടു ആറുവരെയാണ് ഹർത്താൽ.ഓഗസ്റ്റ് ഒൻപതിന് തലശ്ശേരിയിൽ വെച്ചാണ് മദനിയുടെ മകൻ ഉമർ മുക്താറിന്റെ വിവാഹം.ഇതിൽ പങ്കെടുക്കാനായി മദനി നൽകിയ ജാമ്യ ഹർജി ഇന്ന് രാവിലെ ബെംഗളൂരു കോടതി തള്ളുകയായിരുന്നു.
കണ്ണൂർ പാപ്പിനിശ്ശേരിയിൽ സി.പി.എം-ബി.ജെ.പി സംഘർഷം
കണ്ണൂർ:പാപ്പിനിശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷത്തിൽ വ്യാപക ആക്രമണം.ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറിയും ജന്മഭൂമി പത്രത്തിന്റെ മാർക്കറ്റിങ് മാനേജരുമായ ബിജുവിന്റെ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്കു സമീപത്തെ വീടിനു നേരെ തിങ്കളാഴ്ച പുലർച്ചെ ബോംബേറുണ്ടായി.ആർക്കും പരിക്കേറ്റിട്ടില്ല.പാപ്പിനിശ്ശേരിയിലെ പുതിയകാവിനു സമീപത്തെ സിപിഎം പ്രവർത്തകനായ ശ്രീജിത്തിന്റെ വീടിനും അക്രമിസംഘം തീവെച്ചു.തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായാണ് സംഭവം.കണ്ണൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് ആണ് തീയണച്ചത്.തൊട്ടടുത്ത വീട്ടിലെ മുറ്റത്തു നിർത്തിയിട്ടിരുന്ന കാറും ബൈക്കും പൂർണ്ണമായും കത്തി നശിച്ചു.സംഘർഷത്തെ തുടർന്ന് പാപ്പിനിശ്ശേരി-കല്യാശ്ശേരി പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
വെൻഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്കു ഒരു ഗ്ലാസ് വെള്ളം
ന്യൂഡൽഹി:കുടിക്കാൻ ശുദ്ധജലം ലഭ്യമല്ല എന്ന പരാതിക്കു പരിഹാരമായി റയിൽവെയുടെ വാട്ടർ വെൻഡിങ് മെഷീൻ വരുന്നു.വെൻഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്കു 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളം ലഭിക്കും.അതും തണുത്ത വെള്ളം.അരലിറ്റർ വെള്ളത്തിന് മൂന്നു രൂപ,ഒരു ലിറ്ററിന് അഞ്ചു രൂപ,രണ്ടു ലിറ്ററിന് എട്ടു രൂപ,ഒരു ക്യാൻ നിറച്ചു കിട്ടാൻ 20 രൂപ എന്നിങ്ങനെയാണ് ഇതിലെ നിരക്ക്. ഐ ആർ സി ടി സി 450 സ്റ്റേഷനുകളിലായി 1100 വാട്ടർ വെൻഡിങ് മെഷീനുകളാണ് 2017-18 കാലത്ത് സ്ഥാപിക്കുക.ഇത് കേരളത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലടക്കം സ്ഥാപിച്ചിട്ടുണ്ട് .നിലവിൽ 345 സ്റ്റേഷനുകളിലായി 1106 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു.
സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
തിരുവനന്തപുരം:മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്‍റെ ചോദ്യത്തിന് മറുപടി പറയുകയാണ് ചെയ്തതെന്നുമാണ് സെന്‍കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സമകാലിക മലയാളത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷന് നല്‍കിയ അഭിമുഖത്തിലാണ് ഒരു സമുദായത്തിനെതിരെ സെന്‍കുമാര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്.100 പേര്‍ കേരളത്തില്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്ലീങ്ങളാണെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നുമായിരിന്നു സെന്‍കുമാറിന്‍റെ പരാമര്‍ശം. ഇതിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതികളില്‍ നിയമോപദേശം തേടിയാണ് സെന്‍കുമാറിനും, അഭിമുഖം പ്രസീദ്ധീകരിച്ച പ്രസാധകര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്.മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തുടര്‍നടപടികള്‍ സ്വീകരിക്കുക.
നടിയുടെ അശ്ലീല ചിത്രം പ്രദർശിപ്പിച്ചതിനു പിന്നിൽ മുൻകാമുകൻ
കൊച്ചി:പ്രമുഖ യുവ നടിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിനു പിന്നിൽ മുൻ കാമുകനെന്ന് പോലീസ്.നിരവധി ചിത്രങ്ങളിൽ നായികയായ നടിയെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന കിരൺ 2008 ലാണ് പരിചയപ്പെടുന്നത്.വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു കിരൺ നടിയുമായി അടുത്ത ശേഷം സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.പിന്നീട് ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇയാൾ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു.ചിത്രങ്ങളടക്കം ചിലർ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാക്കി.തുടർന്നാണ് നടി പോലീസിൽ പരാതിപ്പെട്ടത്. പ്രതിയുടെ കൈയിൽ സമാനമായ കൂടുതൽ ചിത്രങ്ങളുണ്ടെന്നാണ് നടി പറയുന്നത്.നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനും ഉപദ്രവിച്ചതിനും ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു
കണ്ണൂർ:യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് മൂസാൻകുട്ടി നടുവിലും അൻപതിലേറെ പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തിയാണ് പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത ഇവർ അറിയിച്ചത്.പുറത്തിൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മൂസാൻകുട്ടിയും ലീഗ് നേതൃത്വവും തമ്മിൽ ഇടയുന്നത്.ഇതിനൊപ്പം സി.എച് സ്കൂളിലെ നിയമനത്തെ കുറിച്ചും ഇദ്ദേഹം ലീഗിനെതിരെ ആരോപണം ഉന്നയിച്ചു.രണ്ടു സംഭവത്തിലും ലീഗ് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.പുറത്തിൽപ്പള്ളി കേസിൽ ലീഗ് നേതാവായ കെ.പി താഹിറിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി.സി.എച് എം നിയമന കേസിൽ ബന്ധപ്പെട്ടവരെ താക്കീതു ചെയ്യാനും ലീഗ് നേതൃത്വം തീരുമാനിച്ചു.എന്നാൽ ആരോപണം ഉന്നയിച്ച മൂസാൻകുട്ടിയെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി.കുറ്റക്കാരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുകയും ചെയ്യുന്ന ലീഗിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സി പി എമ്മിനൊപ്പം ചേർന്നതെന്ന് മൂസാൻകുട്ടി പറഞ്ഞു.
പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ഇനി ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ല
ന്യൂഡൽഹി:പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കി.ഇന്ത്യൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.ജനന സർട്ടിഫിക്കറ്റിന് പകരം ആധാർ കാർഡോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോർഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതിയെന്നും വി.കെ സിംഗ് പാര്ലമെന്റിൽ പറഞ്ഞു.പാസ്സ്പോർട്ടിന് വേണ്ടി ഇനിമുതൽ ഡിവോഴ്സ് രേഖകളോ ദത്തെടുക്കൽ രേഖകളോ ഹാജരാക്കേണ്ടതില്ല.അനാഥർക്ക് വയസ്സ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തിൽ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.പുതിയ പാസ്സ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും.അറുപതു വയസ്സിനു മുകളിലും എട്ടു വയസ്സിനു താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാഫീസിൽ പത്തു ശതമാനം ഇളവും വരുത്തിയിട്ടുണ്ട്.ഡിവോഴ്സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകർതൃ സ്ഥാനത്തുള്ളവർ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാൽ മതി.സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി.