പട്ന:ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും.ഇതിനായി നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുമെന്ന് കാബിനറ്റ് കോ ഓർഡിനേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മൽഹോത്ര അറിയിച്ചു.ആർജെഡി-കോൺഗ്രസ് സഖ്യം വിട്ടു പുറത്തു വന്ന നിതീഷ് ബിജെപി യുമായി ചേർന്നാണ് പുതിയ സർക്കാരുണ്ടാക്കിയത്.മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോഡി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും അധികാരമേറ്റത്.ഗവർണ്ണർ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലി കൊടുത്തു.
കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറും
തിരുവനന്തപുരം:കോവളം കൊട്ടാരവും ഇതിനോട് ചേർന്നുള്ള 4.13 ഹെക്റ്റർ സ്ഥലവും പ്രവാസി വ്യവസായി രവിപിള്ളയുടെ ആർ.പി ഗ്രൂപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അവകാശം സർക്കാറിൽ നിലനിർത്തി കൈവശാവകാശം ആർ.പി ഗ്രൂപ്പിന് നൽകാനാണ് തീരുമാനം.കൊട്ടാരത്തോട് ചേർന്നുള്ള ഭൂമി റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തും അധിക ഭൂമിയുണ്ടെങ്കിൽ അത് സർക്കാർ ഏറ്റെടുക്കും.റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ എതിർപ്പ് അവഗണിച്ചാണ് ഈ തീരുമാനം.ഇതിനെതിരെ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.റവന്യൂ വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളതിനാൽ ടൂറിസം വകുപ്പിന്റെ ഫയലായാണ് കൊട്ടാരം വിഷയം പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചത്.മന്ത്രി എ.കെ ബാലൻ ഇതിനെ പിന്തുണച്ചു.ഉടമസ്ഥത സംബന്ധിച്ച് പിന്നീട് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരം സർക്കാറിൽ നിലനിർത്തി കൊട്ടാരം കൈമാറുക അല്ലെങ്കിൽ നിരുപാധികം വിട്ടു നൽകുക എന്നീ രണ്ടു നിർദേശങ്ങളാണ് മന്ത്രി സഭാകുറിപ്പിൽ ഉണ്ടായിരുന്നത്.കേസിനു പോകണമെന്നാണ് സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും തീരുമാനമെന്ന് പി.തിലോത്തമൻ അറിയിച്ചു.ഉടമസ്ഥത ചോദ്യം ചെയ്യാനുള്ള അവകാശം സർക്കാരിൽ നിലനിർത്തി കൊണ്ട് വേണം കൈമാറ്റമെന്നു മന്ത്രി തോമസ് ഐസക് ,മാത്യു.ടി.തോമസ് എന്നിവർ നിർദേശിച്ചു.
ദിലീപിന്‍റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തി
കൊച്ചി:കരുമാലൂരില്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. കരുമാലൂരിലെ ഭൂമിയും ചാലക്കുടിയിലെ ഡി സിനിമാസിന്‍റെ ഭൂമിയും റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. ചാലക്കുടിയിലെ സര്‍വേ നടപടികളുടെ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് തൃശൂര്‍ ജില്ലാ സര്‍വേയര്‍ അറിയിച്ചു.എറണാകുളം കരുമാലൂരിലെ പുറപ്പള്ളിക്കാവില്‍ പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പരാതിയിലാണ് ദിലീപിന് റവന്യൂ വകുപ്പ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. രാവിലെ ഭൂമി അളന്ന ശേഷം ഉദ്യോഗസ്ഥര്‍ തഹസില്‍ദാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസയക്കാന്‍ തീരുമാനമെടുത്തത്. കയ്യേറ്റമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയ ശേഷമാണ് ചാലക്കുടിയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഡി സിനിമാസിന് സമീപത്തുള്ള ആറ് പേരുടെ ഭൂമിയും അളന്ന ശേഷമാണ് ദിലീപിന്‍റെ ഭൂമിയിലേക്ക് കടന്നത്. രണ്ട് സര്‍വേ നമ്പറുകളിലായി കിടക്കുന്ന സ്ഥലത്തില്‍ 35 സെന്‍റ് കയ്യേറ്റ ഭൂമിയാണെന്നും വ്യാജ ആധാരം ചമച്ചെന്നുമായിരുന്നു പരാതി. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സര്‍വേയര്‍ പറഞ്ഞു. എന്നാല്‍ സര്‍വേ നടപടികളില്‍ പരാതിക്കാര്‍ അതൃപ്തി അറിയിച്ചു.
തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഇക്കോ സൈൻ പ്രിന്‍റ്
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന് മാതൃകയാകുകയാണ് മട്ടന്നൂർ. മട്ടന്നൂരിനെ പരിസ്ഥിതി സൗഹാർദമാക്കുവാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഇലക്‌ഷൻ പ്രചാരണ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾക്കൊപ്പം സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്‍റെ പിന്തുണയും. പരിസ്ഥിതി സൗഹാർദമായ തെരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാനുള്ള നഗരസഭയുടെയും രാഷ്ട്രീയ പാർട്ടികളുടെയും പരിശ്രമത്തിന് കണ്ണൂർ ജില്ലാ കമ്മിറ്റി പിന്തുണയുമായി രംഗത്തു വന്നതോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രചാരണം യാഥാർഥ്യമാകുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് പിവിസി ഫ്ളക്സ് പൂർണമായും ഒഴിവാക്കിയാണ് മട്ടന്നൂരിൽ രാഷ്ട്രീയ പാർട്ടികളുടെ പരിസ്ഥിതി സൗഹാർദ വിപ്ലവം. ഫ്ളക്സിന് പകരം പൂർണമായും റീസൈക്കിൾ ചെയ്യാവുന്നതും അതേ പ്രിന്‍റിംഗ് ക്വാളിറ്റിയുള്ളതുമായ ഇക്കോസൈൻ ഉപയോഗിച്ചാണ് പ്രചാരണ ബോർഡുകളും ബാനറുകളും ഒരുക്കുന്നത്.സർക്കാർ അംഗീകരിച്ചതും ഉപയോഗശേഷം റീസൈക്കിൾ ചെയ്യാവുന്നതുമായ പ്രകൃതി സൗഹാർദ ഇക്കോസൈൻ പ്രിന്‍റ് പ്രചാരണശേഷം റീസൈക്കിളിംഗിനായി സമ്മാനങ്ങൾ നൽകി തിരിച്ചെടുക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഫ്ളെക്സ് പ്രിന്‍റിംഗ് യൂണിറ്റുകളുടെ സംഘടനയായ സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ അറിയിച്ചു.
സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊല്ലം:സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തിൻമൂട്ടിനു സമീപം ചിതറ എസ്.എൻ.എച്.എസ്സിലെ സ്കൂൾ ബസ്സാണ് മറിഞ്ഞത്.പതിനാറു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പതിനൊന്നു പേരെ കടയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പി.യു ചിത്രയെ തഴഞ്ഞതിൽ പി.ടി ഉഷയ്ക്കും പങ്കെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ

ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം
തിരുവനന്തപുരം:അന്തരിച്ച എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം.ഉഴവൂർ വിജയൻറെ ചികിത്സയ്ക്ക് ചിലവായ തുകയിലേക്കു അഞ്ചു ലക്ഷം രൂപയും രണ്ടു പെണ്മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവിലേക്കായി പത്തു ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം.വൈകുന്നേരം 6.45 മുതൽ രാത്രി 10.45 വരെയാണ് നിയന്ത്രണം.15 മിനിറ്റ് വീതമാണ് ലോഡ് ഷെഡിങ്.കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് നിയന്ത്രണം.
2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ
കൊച്ചി:2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ.നാല് ബാഗുകളിലായാണ് പണം കണ്ടെടുത്തത്.മലപ്പുറത്ത് നിന്നും പെരുമ്പാവൂരിലേക്കു ആഡംബരകാരിൽ സഞ്ചരിക്കവെയാണ് ഇവരെ പോലീസ് പിടികൂടിയത്.ആയിരത്തിന്റെ 122 കെട്ട് നോട്ടും അഞ്ഞൂറിന്റെ 299 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്.കടമറ്റം സ്വദേശി അനൂപ്,കുറുപ്പുംപടി സ്വദേശി നിതിൻ,ആലുവ ചുണങ്ങംവേലി സ്വദേശി ജിജു,മലപ്പുറം രണ്ടത്താണി സ്വദേശികളായ അലി,അമീർ,ആലുവ തോട്ടമുഖത്ത് തയ്യൽ യൂണിറ്റ് നടത്തുന്ന മലപ്പുറം സ്വദേശിനി ലൈല പരീത് എന്നിവരാണ് അറസ്റ്റിലായത്..
നടിക്കെതിരായ മോശം പരാമർശം;സെന്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സെന്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.എ.ഡി.ജി.പി ബി.സന്ധ്യക്കാണ് അന്വേഷണ ചുമതല.ഓൺലൈൻ വാരികയ്ക്ക് നൽകിയ അഭിമുഖത്തിനിടെ മൊബൈൽ ഫോണിൽ വിളിച്ചയാളോടാണ് നടിയെ കുറിച്ച് സെൻകുമാർ മോശം പരാമർശം നടത്തിയത്.സെൻകുമാറിനെ കുറിച്ച് ഗുരുതര പരാമർശങ്ങൾ അടങ്ങുന്ന റിപ്പോർട് സന്ധ്യ നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു.സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഡിജിപിയുടേതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.