ഐപി ബിനുവിനെ അറസ്റ്റ് ചെയ്തു; പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി

keralanews police arrested corporation councellor ip binu
തിരുവനന്തപുരം:ബി ജെ പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് തിരൂവനന്തപുരം കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ഐ പി ബിനു അടക്കം 4 പേരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രതിൻ സാജ് കൃഷ്ണ, എസ്എഫ്ഐ ജില്ലാ നേതാക്കളായ സുകേശ്, ജെറിൻ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.. സംഭവവുമായി ബന്ധപ്പെട്ട് പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാനാണ് ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാന സെക്രട്ടറി താമസിക്കുന്ന വീടാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയത്. ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത ആക്രമണം. ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണ്.  പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ല. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്തില്ല. കേരളത്തില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews court rejected appunnis anticipatory bail application

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ദിലീപിനെ കേസിൽ അറസ്റ്റ്  ചെയ്തശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.തുടർന്നാണ് ഇയാൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.ഇയാളെ അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നില്ല.അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയത് പ്രോസിക്യൂഷന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.ഇതോടെ ഇയാൾക്ക് കീഴടങ്ങുകയല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ല.അപ്പുണ്ണിക്ക്‌ വേണമെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാമെന്ന് കോടതി അറിയിച്ചു.ചോദ്യം ചെയ്യുമ്പോൾ അപ്പുണ്ണിയെ പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.

ബി​ഹാ​റി​ൽ വി​ശ്വാ​സം നേടി നി​തീ​ഷ്

keralanews nitish kumar win trust vote in bihar

പാട്ന: അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ട് നേടി. കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ഒന്പത് എംഎൽഎമാരുടെ അധികം പിന്തുണ നേടിയാണ് നിതീഷ് മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചത്. 131 എംഎൽഎമാർ നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, 108 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തു.

ഏഴിമല നാവിക അക്കാദമിക്കടുത്ത് മൊട്ടക്കുന്നിൽ ആയുധങ്ങൾ കണ്ടെത്തി

keralanews weapons found near ezhimala naval academy

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ മൊട്ടക്കുന്നിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഏഴിമല നാവിക അക്കാദമിയോടു ചേർന്നുള്ള സ്ഥലത്തുനിന്നാണു ബോംബ് ഉണ്ടാക്കുന്ന 14 സ്റ്റീൽ കണ്ടെയ്നറുകൾ,ഏഴു വാളുകൾ, രണ്ടു മഴു എന്നിവ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്.ഈ ഭാഗത്തു നാവിക അക്കാദമിയുടെ അതിർത്തി കമ്പിവേലി ഉപയോഗിച്ചാണു വേർതിരിച്ചിട്ടുള്ളത്.അക്കാദമിക്കകത്ത് കാടു വെട്ടിത്തെളിക്കുന്നവരാണ് അതിർത്തിയോടു ചേർന്നു പുറത്തുള്ള സ്ഥലത്ത് ആയുധങ്ങൾ കണ്ടത്. നാവിക അക്കാദമി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്നു കക്കംപാറ പ്രദേശത്തുണ്ടായിരുന്ന ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ പരിശോധിച്ചു. 14 സ്റ്റീൽ ബോംബുകൾ ആണെന്നാണു കരുതിയിരുന്നത്. എന്നാൽ, ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ ബോംബ് നിർമിക്കാനുള്ള കണ്ടെയ്നർ മാത്രമാണെന്നു തിരിച്ചറിഞ്ഞു.തുടർന്നു സിഐ എം.പി.ആസാദ്, എസ്ഐ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തു.ബോംബ് സ്ക്വാഡ് ഈ പ്രദേശത്തു വ്യാപക തിരച്ചിൽ നടത്തി.

ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

keralanews two policemen suspended

തിരുവനന്തപുരം:ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അക്രമം നടക്കുമ്പോള്‍ ഇടപെടാതിരുന്നതിലാണ് നടപടി.ഇന്ന് പുലർച്ചെയാണ്  പോലീസ് കാവലുണ്ടായിരുന്ന ബിജെപി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്.സിപിഎം കൗൺസിലർ ഐ.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ബിജെപി ഓഫീസിൽ അതിക്രമിച്ചു കയറി വാഹനങ്ങളും ജനൽ ചില്ലുകളും തല്ലിപ്പൊളിച്ചു.എന്നാൽ കാവൽ നിന്നിരുന്ന പോലീസുകാർ ഇവരെ തടഞ്ഞില്ല.മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് പ്രകടനം നിരോധിക്കാന്‍ കലക്ടറോട് ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു.

മാൻബുക്കർ പട്ടികയിൽ വീണ്ടും അരുന്ധതി റോയ്

keralanews arundhathi roy again in manbooker prize list

ലണ്ടൻ:ആദ്യ നോവലിലൂടെ മാൻബുക്കർ പ്രൈസ് നേടിയ അരുന്ധതി റോയ് വീണ്ടും മാൻബുക്കർ പട്ടികയിൽ.രണ്ടു പതിറ്റാണ്ടിനു ശേഷം എഴുതിയ രണ്ടാം നോവലായ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്’ എന്ന നോവലാണ് 50,000 പൗണ്ട് സമ്മാനത്തുകയുള്ള മാൻബുക്കർ പുരസ്‌ക്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഇടം പിടിച്ചത്.150 ഓളം കൃതികളിൽ നിന്നും 13 പേരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ നാലുപേർ നേരത്തെ നാമനിർദേശം ലഭിച്ചവരാണ്.ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വർത്തമാനവും പങ്കുവെയ്ക്കുന്ന അരുന്ധതിയുടെ കൃതി ആശയസമ്പന്നവും ഊർജസ്വലവുമാണെന്നു വിലയിരുത്തിയാണ് ജൂറി അരുന്ധതിയെ ഒരിക്കൽ കൂടി പട്ടികയിൽ പരിഗണിച്ചത്.13 കൃതികളിൽ ഏറ്റവും മികച്ച ആറെണ്ണമടങ്ങിയ ചുരുക്കപ്പട്ടിക സെപ്റ്റംബർ പതിമൂന്നിന് പ്രഖ്യാപിക്കും.ഒക്ടോബർ 17 നാണ് വിജയിയെ പ്രഖ്യാപിക്കുക.

ഭൂപരിഷ്‌ക്കരണ നിയമം തെറ്റിച്ചു,ദിലീപിന് 5 ജില്ലകളിലായി 21 ഏക്കർ ഭൂമി

keralanews dileep has 21 acres of land in 5 districts

കൊച്ചി:സിനിമയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികൾ നിക്ഷേപമുള്ള നടൻ ദിലീപിന് സംസ്ഥാനത്തെമ്പാടും ഭൂമിയുള്ളതായി റിപ്പോർട്.റിയല്‍ എസ്‌റേറ്റ് ഇടപാടില്‍ ദിലീപിനെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 5 ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി.ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചു. ദിലീപിന്റെ ഭൂമിയിടപാടിനെക്കുറിച്ച് 5 ജില്ലാ കളക്ടര്‍മാര്‍ അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകിട്ട് 5 മണിക്ക് മുമ്പായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള 6 ഏക്കര്‍ കണ്ടുകെട്ടും.

അഞ്ചു ലക്ഷം വരെയുള്ള വായ്‌പകൾ എഴുതി തള്ളും

keralanews loans up to 5 lakh will be written off

തിരുവനന്തപുരം:സർവീസിലിരിക്കെ മരിച്ച സർക്കാർ ജീവനക്കാരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്‌പകൾ എഴുതി തള്ളാൻ തീരുമാനം.നേരത്തെ രണ്ടു ലക്ഷം രൂപ വരെയായിരുന്നു ഇത്.ഓണം അഡ്വാൻസ്,ഭവന-വാഹന വായ്‌പ്പ,ക്ലാസ് ഫോർ ജീവനക്കാരുടെ പെണ്മക്കളുടെ വിവാഹ വായ്‌പ്പ,പലിശ രഹിത ചികിത്സ വായ്‌പ്പ എന്നിവയാണ് എഴുതി തള്ളുന്നത്.ഒന്നിലധികം വായ്പ്പയുള്ളവരുടെ ഏറ്റവും പഴക്കം ചെന്ന വായ്പ്പയാകും എഴുതി തള്ളുന്നത്.ഇതിനായി അപേക്ഷ നൽകുമ്പോൾ അതിന്റെ കൂടെ വായ്‌പ്പ എടുത്ത ആവശ്യത്തിന് തന്നെ ആ തുക പൂർണ്ണമായും ചെലവഴിച്ചെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ നൽകിയിരിക്കണം.1997 മെയ് 17 നു ശേഷമുള്ള വായ്പ്പകൾക്കാണ് മേൽപ്പറഞ്ഞ ഇളവുകൾ ലഭിക്കുന്നത്.

ഇരിട്ടിയിൽ വൻ മദ്യവേട്ട

keralanews liquor seized from iritty

ഇരിട്ടി:ഇരിട്ടിയിൽ വൻ മദ്യവേട്ട.വ്യാജ മദ്യം വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിലെ കട്ടിലിനടിയിൽ നിന്നും കർണാടക മദ്യം പിടികൂടി.17 കെയ്‌സുകളിലായി സൂക്ഷിച്ച 408 കുപ്പി മദ്യമാണ് പിടികൂടിയത്.വീട്ടുടമ വള്ളിത്തോട് സാലസ്‌പുരം സ്വദേശി ബിനോയ് തോമസിനെ പോലീസ് അറസ്റ് ചെയ്തു.കർണാടകയിൽ മാത്രം വില്പനവകാശമുള്ളതും കേരളത്തിൽ നിരോധിച്ചതുമായ മദ്യമാണ് പിടികൂടിയത്.കർണാടകയിൽ നിന്നും മാക്കൂട്ടം ചുരം വഴി വാഹനത്തിൽ കടത്തിക്കൊണ്ടു വരുന്ന മദ്യം വീട്ടിലെത്തിച്ച ശേഷം വിവിധ ഏജന്റുമാർക്ക് ബിനോയ് വഴി കൈമാറുകയായിരുന്നു എന്ന് പോലീസ് പറയുന്നു.മദ്യം ഏജന്റുമാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി നാലു വാഹനങ്ങളും ബിനോയിയുടെ നിയന്ത്രണത്തിലുണ്ട്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാലാം തവണയാണ് ഈ മേഖലയിൽ നിന്നും കർണാടക മദ്യം പിടികൂടുന്നത്.ജി.എസ്.ടി നടപ്പിലാക്കിയതോടെ കൂട്ടുപുഴയിലെയും കിളിയന്തറയിലെയും ചെക്ക് പോസ്റ്റുകളിൽ കാര്യമായ പരിശോധനകൾ ഒന്നും നടക്കുന്നില്ല.ഇത് മൂലം വൻതോതിൽ കർണാടക മദ്യവും പാൻപരാഗ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളും അയൽ സംസ്ഥാനത്തു നിന്നും ജില്ലയിലേക്ക് ഒഴുകുകയാണ്.

തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘർഷം തുടരുന്നു

keralanews bjp cpm conflict in thiruvananthapuram

തിരുവനന്തപുരം:തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘർഷം തുടരുന്നു.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനും സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനും സിപിഐഎം കൗൺസിലർമാരുടെ വീടിനു നേരെയും ആക്രമണങ്ങളുണ്ടായി. വെള്ളിയാഴ്ച പുലർച്ചയോടെ ആയിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്.സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് കാറുകൾ അക്രമി സംഘം അടിച്ചു തകർത്തു.ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും  കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി ബിനു,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ബിജെപി ആരോപിച്ചു.ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഈ സംഭവത്തിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ കല്ലേറുണ്ടായത്.വീടിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിനു നേരെയും കല്ലേറുണ്ടായി.സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.ഇതേ തുടർന്ന് തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു സൂചനകൾ.