തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കൂടാതെ ഡാമിലെ ജലനിരപ്പ് ഉയരുകയും, ഷട്ടറുകള്‍ തുറക്കേണ്ടി വരുകയും ചെയ്താല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഈ നടപടി. എന്നാല്‍, ഡാമിലെ സ്ഥിതി ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ടെന്നും, അതിനാല്‍ ആശങ്ക വേണ്ടെന്നുമാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പറയുന്നത്.
പ്ലസ് വൺ പ്രവേശനം;സർക്കാർ സ്കൂളുകളിൽ പത്തുശതമാനം സീറ്റ് വർധിപ്പിക്കും;ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സ്കൂളുകളിൽ പത്തു ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയില്‍. 20 ശതമാനം സീറ്റ് വര്‍ധന നല്കിയ ജില്ലകളിലും ഇനിയും സീറ്റ് ആവശ്യണ്ടെങ്കില് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും.സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.മുഴുവന്‍ എ-പ്ലസ് ലഭിച്ചവരില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി അഡ്മിഷന് ലഭിക്കാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവന്‍ എ-പ്ലസുകാര്‍ക്കും പ്രവേശനം ലഭിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും
തിരുവനന്തപുരം:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും.കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകള്‍, ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകളാണ് ഇന്ന് ആരംഭിക്കുക. അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു. കോവിഡ്, ശക്തമായ മഴ എന്നിവയുടെ ആശങ്ക സംശനത്ത് നിലനില്‍ക്കുന്നതിനാല്‍ തന്നെ സ്ഥാപന മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്കാനറുകള്‍ എന്നിവ ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പു വരുത്തണം. വാക്സിന് എടുക്കാത്ത വിദ്യാര്‍ഥികളെയും ക്ലാസ്സില്‍ പ്രവേശിപ്പിക്കാം. എന്നാല്‍, മനഃപൂര്‍വ്വം വിമുഖത കാണിച്ച് വാക്സിന് എടുക്കാത്തവരെ കോളേജില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തന്നെയാണ് തീരുമാനം.
നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് 8909 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;8780 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8909 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂർ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂർ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസർകോട് 158 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 142 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,229 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8476 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 332 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8780 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1431, കൊല്ലം 274, പത്തനംതിട്ട 364, ആലപ്പുഴ 554, കോട്ടയം 569, ഇടുക്കി 728, എറണാകുളം 1266, തൃശൂർ 1034, പാലക്കാട് 620, മലപ്പുറം 349, കോഴിക്കോട് 723, വയനാട് 231, കണ്ണൂർ 518, കാസർകോട് 119 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി;രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളര്‍ത്തുനായയുടെ കടിയേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര് ഒരു വീട്ടുപറമ്പിൽ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.ഗേറ്റ് കടന്ന് അകത്ത് എത്തിയ ഇവർ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോൾ വീട്ടമ്മ നായയെ അഴിച്ചുവിടുകയായിരുന്നു.കുരച്ചു കൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. മതില് ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സര്‍വേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ പൊലീസിന് പരാതി നല്കാന് ഒരുങ്ങുകയാണ് സര്‍വേ ഏജന്‍സി. ബോധപൂര്‍വ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സര്‍വേ ഏജന്‍സി ആരോപിക്കുന്നു.
പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍; 50,000 ടണ്‍ അരി അധിക വിഹിതമായി നല്‍കും
ന്യൂഡൽഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് 50,000 ടണ്‍ അരി നല്‍കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാനത്തിന് ഉറപ്പ് നല്കി. ദില്ലിയില്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന് ആശ്വാസമാകുന്ന നിര്‍ണ്ണായക പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കും. ഇത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എന്‍ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്.എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്കരിക്കണം എന്ന് കൂടിക്കാഴ്ചയിൽ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.
കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം;അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി
തിരുവനന്തപുരം: നഷ്ടപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനായി മുന്‍ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വൈകിട്ട് അഞ്ച് വരെയാണ് സമരം. ഭര്‍ത്താവ് അജിത്തിനൊപ്പമാണ് അനുപമ നിരാഹാരമിരിക്കുന്നത്.പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന് നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു.കുഞ്ഞിനെ നഷ്ടപ്പെട്ട് മാസങ്ങളായിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നത്.അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം വിവാദമായതോടെ അന്വേഷണവുമായി സർക്കാരും പോലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.ഏപ്രിൽ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകുന്നത്. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് പരാതി.
ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസ്;ഭാര്യയും സുഹൃത്തുക്കളുമടക്കം അഞ്ചുപേർ അറസ്റ്റിൽ
കാസർകോട് :കാസര്‍കോട് കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിതൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അടക്കം അഞ്ചുപേർ അറസ്റ്റിൽ.മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് പോലീസ് പിടികൂടിയത് .കുന്താപുരം അമ്ബാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ്(36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസിക പ്രശ്നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം കൊലപാതകമെന്ന് കണ്ടെത്തിയത് .കര്‍ണാടക സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുൻപാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തില്‍ കണ്ട പാടുകളാണ് പൊലീസിന് തുമ്പായത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതി. ചോദ്യം ചെയ്തതോടെ മമത കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത വെളിപ്പെടുത്തി. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.
തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു;സംസ്ഥാനത്ത് നാല് ദിവസത്തേക്ക് ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുന്‍കൂര്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 31 ന് മുൻപ് ഇത് സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.