തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ എൻ.എസ്.എസ് മന്ദിരത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.മന്ദിരത്തിന്റെ ജനാല ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു.ഇതിനു സമീപത്തെ കൃഷിയും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രീയ സംഘർഷം;സർവകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം:രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് മൂന്നു മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുക.ഗവർണ്ണറുടെ നിർദേശ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സിപിഎം-ബിജെപി നേതാക്കളുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേരുന്നത്.ഇതിനിടെ ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വസതി സന്ദർശിക്കാൻ കേന്ദ്രമന്ത്രി അരുൺജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും.
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു
തൊടുപുഴ:പരിയാരത്തിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ ആണ് സംഭവം.ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറയ്‌ക്കൽ ബാബു(60),ഭാര്യ ലൂസി(56) എന്നിവരാണ് മരിച്ചത്.രാവിലെ പള്ളിയിൽ പോകുന്നതിനു മുൻപായി വീടിന്റെ മുകളിൽ കെട്ടിക്കിടന്ന വെള്ളം തിരിച്ചു വിടുന്നതിനിടെ ബാബുവിന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലൂസിക്കും വൈദ്യുതാഘാതമേറ്റു.ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി
ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു.പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്.വെങ്കയ്യ നായിഡുവിന് 516 വോട്ട് കിട്ടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടാണ് ലഭിച്ചത്.രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.ലോക്സഭാ,രാജ്യസഭാ അംഗങ്ങൾ അടങ്ങുന്ന ഇലക്റ്ററൽ കോളേജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷൻ.ലോക്സഭയിൽ 337 ഉം രാജ്യസഭയിൽ 80 അംഗങ്ങളും ഉള്ള എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം അനായാസമായിരുന്നു. അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അബ്ദുൽ വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാനായില്ല.ഇവർ സഞ്ചരിച്ച വിമാനം മുംബൈയിൽ പിടിച്ചിട്ടതിനാൽ ഇരുവർക്കും സമയത്തിന് ഡൽഹിയിൽ എത്താനായില്ല.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട
കൊച്ചി:പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി.രാവിലെ ജി9 0425 എയർ അറേബ്യാ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷംസീർ(23) ആണ് പിടിയിലായത്.920.500 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.എട്ടു പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകളിൽ ചെറിയ സ്വർണ്ണ കട്ടികളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും. ദിലീപിനു വേണ്ടി അഡ്വ.രാമന്‍പിള്ള കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തു. ആലുവ സബ് ജയിലില്‍ അഭിഭാഷകര്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.അഡ്വ.രാംകുമാറിനെ ഒഴിവാക്കിയാണ് രാമന്‍പിള്ളക്ക് വക്കാലത്ത് നല്‍കിയിരിക്കുന്നത്. കേസ് നടത്തിപ്പില്‍ അഡ്വ രാംകുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് പുതിയ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് ദിലീപിന്‍റെ ഒരവസരം നഷ്ടപ്പെടുത്തിയെന്ന് നേരത്തെ വിമര്‍ശം ഉണ്ടായിരുന്നു.ആലുവ സബ് ജയിലില്‍ രാമന്‍പിള്ള അസോസിയേറ്റ്സിലെ ഫിലിപ്പ് ടി വര്‍ഗീസ്, സുജീഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ എത്തിയാണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ദിലീപുമായി വിശദമായ കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അഭിഭാഷകരെ ദിലീപിന്‍റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും അനുഗമിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിനു ശേഷം പാകിസ്ഥാനിൽ ഹിന്ദു മന്ത്രി
ഇസ്ലാമാബാദ്:രണ്ടു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാനിൽ ഒരു ഹിന്ദു മന്ത്രി അധികാരത്തിലെത്തി.ദർശൻ ലാലാണ് നാലു പ്രവിശ്യയുടെ ഏകോപന ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റത്.സിന്ധിലെ ഗോഡ്‌കി ജില്ലയിൽ ഡോക്റ്ററായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ദർശൻ ലാൽ പുനസംഘടനയെ തുടർന്നാണ് മന്ത്രിസഭയിൽ ഇടം പിടിച്ചത്.രണ്ടാം തവണയാണ് ദേശീയ അസ്സംബ്ലിയിൽ എത്തുന്നത്.ന്യൂനപക്ഷ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്.
സ്പെഷ്യൽ തഹസിൽദാരെ മൂന്നാർ കളക്ടർ സസ്‌പെൻഡ് ചെയ്തു
മൂന്നാർ:മൂന്നാർ കയ്യേറ്റം സംബന്ധിച്ച് തെറ്റായ റിപ്പോർട് സമർപ്പിച്ചതിനെ തുടർന്ന് സ്പെഷ്യൽ തഹസിൽദാരെ കലക്റ്റർ സസ്‌പെൻഡ് ചെയ്തു.കെ.എസ് ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്.സ്പെഷ്യൽ തഹസിൽദാർ കെ.എസ് ജോസെഫിനെയാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ചുമതല നൽകിയിരുന്നത്.കയ്യേറ്റം ഒഴിപ്പിക്കാതെ സ്ഥലം ഒഴിപ്പിച്ചെന്നു റിപ്പോർട് സമർപ്പിച്ചതിനെ തുടർന്നാണ് തഹസിൽദാർക്കെതിരെ നടപടി സ്വീകരിച്ചത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ;വോട്ടെടുപ്പ് പൂർത്തിയായി
ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി.771 എം പി മാർ വോട്ട് ചെയ്തു.മുസ്ലിം ലീഗിന്റെ രണ്ടു എം പിമാരുൾപ്പെടെ പതിനാലുപേർക്കു വോട്ടു ചെയ്യാനായില്ല.മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൽ വഹാബിനുമാണ് വോട്ടു ചെയ്യാൻ സാധിക്കാഞ്ഞത്.വോട്ടിങ് സമയം കഴിഞ്ഞാണ് ഇവർ പാർലിമെന്റിൽ എത്തിയത്.
ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്തുലക്ഷം രൂപ നൽകും
തിരുവനന്തപുരം:ബീഫ് കൈവശം വെച്ചു എന്നാരോപിച്ചു അക്രമികൾ ഓടുന്ന തീവണ്ടിയിലിട്ട് മർദിച്ചു കൊന്ന ഹരിയാന സ്വദേശിയും മദ്രസ വിദ്യാർത്ഥിയുമായ ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം.കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജുനൈദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സന്ദർശിച്ചിരുന്നു.രാജ്യത്തെ മതനിരപേക്ഷ സമൂഹം എന്നും പിന്തുണയുമായി കൂടെയുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.പാർട്ടി കേന്ദ്ര കമ്മിറ്റി വഴിയാകും തുക ജുനൈദിന്റെ കുടുംബത്തിന് കൈമാറുക.