റാഞ്ചി:ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) ഷോക്കേറ്റ് മരിച്ചു. റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് വിശാലിനെ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഴയ സ്റ്റേഡിയം കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുത പ്രവാഹമുണ്ടായതിനെ തുടര്‍ന്നാണ് വിശാല്‍ കുമാറിന് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്ലിങ് അസോസിയേഷന്‍ ഓഫീസ് കെട്ടിടത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.2005 മുതല്‍ ഗുസ്തിയില്‍ സജീവ സാന്നിധ്യമാണ് വിശാല്‍. നിരവധി ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ നാഷണല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു.വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് ഝാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോല സിങ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു.ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയുടെ സംവിധായകനാണ് വൈശാഖ്.ജയിലിൽ നിന്നും പൾസർ സുനി ദിലീപിന് എഴുതിയ കത്തിൽ ഈ സിനിമയെ കുറിച്ചും പരാമർശിച്ചിരുന്നു.സിനിമയുടെ ചിത്രീകരണ സമയത്തെ കാര്യങ്ങളെ കുറിച്ച് അറിയാനാണ് വൈശാഖിനെ പോലീസ് വിളിച്ചു വരുത്തിയത്.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
സംവിധായകൻ ജീൻ പോൾ ലാലിനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കി
കൊച്ചി:സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവർക്കെതിരായ കേസ് ഒത്തുതീർപ്പാക്കി.ഹണിബീ ടു എന്ന ചിത്രത്തിൽ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന് ആരോപിച്ചാണ് നടി പരാതി നൽകിയത്.എന്നാൽ പരാതി പിൻവലിക്കുകയാണ് എന്നാണ് നടി ഇന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.സന്ധി സംഭാഷങ്ങളിലൂടെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുൻപോട്ടു പോകാൻ താല്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.
അതിരപ്പിള്ളി പദ്ധതി നിർമാണം ആരംഭിച്ചു
തൃശൂർ:അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈൻ വലിക്കുകയും ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയും ചെയ്തതായി കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ പതിനെട്ടിന് മുൻപാണ് അഞ്ചുകോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്.വനം വകുപ്പിന് നൽകാനുള്ള നഷ്ടപരിഹാരം നൽകിയതായും കെ.എസ്.ഇ.ബി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.അഞ്ചുകോടി രൂപയാണ് നഷ്ടപരിഹാരം നൽകിയതെന്നാണ് സൂചന.അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചതായി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.
മട്ടന്നൂർ നഗരസഭാ എൽ.ഡി.എഫ് നിലനിർത്തി
മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഇത്തവണയും എൽ.ഡി.എഫ് നു അനുകൂലം.അഞ്ചാം തവണയാണ് എൽഡിഎഫ് ഭരണത്തിലെത്തുന്നത്.ഫലം അറിവായ വാർഡുകളിൽ 25 എണ്ണവും നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചു.ഏഴു വാർഡുകൾ മാത്രമാണ് യുഡിഎഫിന് നേടാനായത്.മൂന്നു വാർഡുകൾ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.ബിജെപി രണ്ടു വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി.നിലവിലെ സഭയിൽ എൽഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
തളിപ്പറമ്പിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
തളിപ്പറമ്പ:തളിപ്പറമ്പ് ടൗണിൽ ടൌൺ സ്ക്വയറിനു സമീപം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.ചിറക്കൽ കീരിയാട്ടെ പി.കെ.എൻ സാദിക്കാണ് അറസ്റ്റിലായത്.കഞ്ചാവ് വിൽപ്പന നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. പ്രതി കഞ്ചാവുമായി ടൗണിലെത്തിയപ്പോഴേക്കും മഫ്ടിയിലും മറ്റുമായി നിലയുറപ്പിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റിലായ സാദിക്ക് ഇതിനു മുൻപും കഞ്ചാവ്,ബ്രൗൺ ഷുഗർ കേസുകളിൽ പിടിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കണ്ണൂരിൽ നിന്നുമാണ് പ്രതി കഞ്ചാവുമായെത്തിയത്.
മുരുകന്റെ കുടുംബത്തിനോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു
തിരുവനന്തപുരം:ബൈക്കപകടത്തിൽപെട്ട് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണമടഞ്ഞ തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു.സംസ്ഥാനത്തിന് വേണ്ടി കുടുംബത്തിനോട് മാപ്പു ചോദിക്കുന്നു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.ചികിത്സയ്ക്ക് വേണ്ടി ആശുപത്രി വാതിൽക്കൽ കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്.നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്.ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.ഇതിനുപുറമെ ആരോഗ്യവകുപ്പും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു.
മട്ടന്നൂർ നഗരസഭ വോട്ടെണ്ണൽ;എൽ.ഡി.എഫ് മുൻപിൽ
കണ്ണൂർ:ചൊവ്വാഴ്ച നടന്ന മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.35 വാർഡുകളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്.ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ചു എൽഡിഎഫ് 5 ഉം യുഡിഎഫ് 2 ഉം സീറ്റുകളിൽ വിജയിച്ചിരിക്കുന്നു. പെരിഞ്ചേരി,കുഴിക്കൽ,പൊറോറ എന്നീ വാർഡുകൾ എൽഡിഎഫ് നിലനിർത്തി.ഏഴന്നൂർ വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.35 വാർഡുകളിൽ നിന്നായി 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.മട്ടന്നൂർ നഗരസഭയിലെ അഞ്ചാമത് ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പാണിത്.
സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി:സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലു പേരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ഹണി ബീ ടു എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം തന്നിട്ടില്ലെന്നും തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി തുടങ്ങിയ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ജാമ്യാപേക്ഷയെ പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ എതിർത്തിരുന്നു.സാക്ഷികൾ സിനിമ രംഗത്തു നിന്നുള്ളവരായതിനാൽ സ്വാധീന ശേഷിയുണ്ട്,നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നീ കാര്യങ്ങൾ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.ജീൻ പോൾ ലാലിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ടെക്‌നീഷ്യന്മാരായ അനൂപ്,അനിരുദ്ധ് എന്നിവർക്കെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.വഞ്ചന,ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
മട്ടന്നൂർ∙മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 10നു വോട്ടെണ്ണൽ ആരംഭിക്കും. 10 മിനിറ്റിനകം ആദ്യഫലം അറിയാം. ഉച്ചയോടെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകും. 35 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. സമാധാനപരമായ തിരഞ്ഞെടുപ്പിനു ശേഷം വോട്ടിങ് മെഷീനുകൾ സെക്കൻഡറി സ്കൂളിൽ കനത്ത പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചു.ആകെയുള്ള 36,330 വോട്ടർമാരിൽ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറിൽ ഏറ്റവും കുറഞ്ഞ ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാർഡിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. ഇന്ന് ആഹ്ളാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.