കൊച്ചി:ചെറായി ബീച്ചിൽ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു.വരാപ്പുഴ സ്വദേശിനി ശീതൾ(30) ആണ് മരിച്ചത്.ബീച്ചിൽ വെച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു.ശരീരത്തിൽ ആറ് കുത്തുകളേറ്റ യുവതിയെ സമീപത്തുള്ള റിസോട്ടിലെ ജീവനക്കാർ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല.ഒരു യുവാവിനോടൊപ്പമാണ് യുവതി ബീച്ചിലെത്തിയത്.ഇയാളാണ് യുവതിയെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വാഹന ഇന്‍ഷുറന്‍സിന് പുക സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കോടതി ഉത്തരവ്.മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്. വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.ഡല്‍ഹിയില്‍ ഓടുന്ന വാഹനങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. എല്ലാ ഇന്ധന വില്‍പന ശാലകളോടനു ബന്ധിച്ചും പുക പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പാക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ഇതിനായി നാലാഴ്ച സമയം നല്‍കിയിട്ടുണ്ട്.
ഫണ്ട് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ സബ് കലക്റ്റർ ഓഫീസിൽ നിന്നും ഇറക്കിവിട്ടു
മൂന്നാർ:കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തതിനെ തുടർന്ന് സ്ഥലം മാറ്റിയ ദേവികുളം സബ് കലക്റ്റർ ശ്രീറാം വെങ്കിട്ടരാമന് പകരമെത്തിയ വി.ആർ പ്രേംകുമാറും സിപിഎമ്മിന് തലവേദനയാകുന്നു.ഫണ്ട് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ കലക്റ്റർ ഓഫീസിൽ നിന്നും ഇറക്കിവിട്ടു.പിരിവുകാർക്ക് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ആർഡിഒ ഓഫീസിൽ ബക്കറ്റ് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെയാണ് സബ് കലക്റ്റർ പ്രേംകുമാർ ഇറക്കിവിട്ടത്.കല്കട്ടറുടെ നിർദേശപ്രകാരം ഗണ്മാനാണ് ഇവരെ ഇറക്കിവിട്ടത്.നായനാർ അക്കാദമി നിർമാണത്തിനായി ഫണ്ട് സമാഹരണത്തിനാണ് ഇവർ ഓഫീസിലെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വറിന്റെ നേതൃത്വത്തിലാണ് എത്തിയത്.ജീവനക്കാരിൽ നിന്നും പണം ശേഖരിക്കുന്നതിനിടെ കലക്റ്റർ ഗൺമാനെ വിട്ട് ഇത് തടയുകയായിരുന്നു.ബക്കറ്റ് പിരിവ് ഓഫീസിലെത്തുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറഞ്ഞാണ് ഇവരെ ഇറക്കി വിട്ടത്.ഇതിനിടെ പ്രവർത്തകർ ഓഫീസിലെത്തി സബ്കലക്ടറ്ററെ കാണാൻ ശ്രമിച്ചെങ്കിലും പ്രേംകുമാർ തയ്യാറായില്ല.സബ്കലക്ടറ്ററുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഎം പറയുന്നത്.നടപടിയിൽ പ്രതിഷേധിച്ചു സിപിഎം ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
മട്ടന്നൂരിൽ യുഡിഎഫ് ആഹ്ളാദപ്രകടനത്തിനു നേരെ അക്രമം

തളിപ്പറമ്പിൽ പള്ളിക്കിണറ്റിൽ നക്ഷത്ര ആമകളെ കണ്ടെത്തി
തളിപ്പറമ്പ്:വനമേഖലകളിൽ അപൂർവമായി കാണപ്പെടുന്ന അത്യപൂർവ ജീവിവിഭാഗത്തിൽപ്പെട്ട നക്ഷത്ര ആമകളെ തളിപ്പറമ്പ് നഗരത്തിനു സമീപം കണ്ടെത്തി. കപ്പാലം തങ്ങൾ പള്ളിയുടെ മുറ്റത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽനിന്നാണ് ഇന്നലെ വൈകിട്ട് രണ്ടു നക്ഷത്ര ആമയുടെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.ആഫ്രിക്കൻ പായൽ നിറഞ്ഞുകിടക്കുന്ന കിണറ്റിൽ ഇവ നീന്തുന്നതു കണ്ട് പള്ളിയിൽ എത്തിയവർ ഇതിനെ പുറത്തെടുക്കുകയായിരുന്നു. ലോകവിപണിയിൽ മോഹവില നൽകി പലരും സ്വന്തമാക്കുവാൻ ശ്രമിക്കുന്ന ഇവ എങ്ങനെയാണ് തളിപ്പറമ്പിൽ കിണറിലെ വെള്ളത്തിൽ എത്തിയതെന്ന് വ്യക്തമല്ല. വരണ്ട വനമേഖലകളിൽ മാത്രം കാണപ്പെടുന്ന ഇവ വെള്ളത്തിൽ ജീവിക്കുന്ന വിഭാഗമല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.അലങ്കാരത്തിനായി വളർത്താനും കൂടാതെ ഇവയുടെ മാംസത്തിന് ഔഷധഗുണമുണ്ടെന്ന അന്ധവിശ്വാസവുമാണ് നക്ഷത്ര ആമകൾക്ക് മോഹവില മതിക്കുന്നത്. വന്യജീവികളിൽ സംരക്ഷിത വിഭാഗത്തിൽ ചുവപ്പ് പട്ടികയിൽ വരുന്ന ഇവയെ കടത്തുന്നതും വളർത്തുന്നതും ക്രിമിനൽ കുറ്റമാണ്.ഇന്ത്യയിൽ കാണപ്പെടുന്ന നക്ഷത്ര ആമകൾ 20 മുതൽ 30 സെന്റീമീറ്റർ വരെ വലുപ്പത്തിൽ വളരുന്നവയാണ്.മുപ്പത് മുതൽ എൺപത് വർഷം വരെയാണ് ഇവയുടെ ആയുസ്സ്. നക്ഷത്ര ആമയെ കണ്ടെത്തിയ വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർ പി.സി.നസീർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് വനംവകുപ്പ് അധികൃതർ എത്തി ആമകളെ ഏറ്റുവാങ്ങി.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി.സംഭവത്തിൽ പ്രോസിക്യൂഷൻ വെള്ളിയാഴ്ച വിശദീകരണം നൽകും.ഇന്നലെയാണ് ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകിയത്.ജാമ്യം തേടി രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.ആദ്യതവണ ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഇത്തവണയും ഹർജി പരിഗണിച്ചത്. മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിശദമായ ജാമ്യ ഹർജിയാണ് ദിലീപിന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അഡ്വക്കേറ്റ് രാമൻപിള്ള മുഖേന നൽകിയ ജാമ്യ ഹർജിയിൽ സിനിമ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
റേഷൻ കാർഡിനും ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
തിരുവനന്തപുരം:റേഷൻ കാർഡിന് അപേക്ഷ നൽകിയാൽ ഉടൻ തന്നെ കാർഡ് ലഭിക്കുന്ന പദ്ധതി മൂന്നു മാസത്തിനുള്ളിൽ നിലവിൽ വരും.പുതിയ കാർഡിനുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനും ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കാനും ഭക്ഷ്യ വകുപ്പ് നാഷണൽ ഇൻഫോര്മാറ്റിക്ക് സെന്ററിനോട് ആവശ്യപ്പെട്ടു.ഓൺലൈൻ സംവിധാനം നിലവിൽ വരാൻ മൂന്നുമാസം സമയമെടുക്കുന്നതിനാൽ നേരിട്ട് അപേക്ഷ സ്വീകരിക്കാനും തീരുമാനമായി.ഇതിനുള്ള ഫോറങ്ങൾ തയ്യാറായി.ഇതിന്റെ മാതൃക എല്ലാ താലൂക്ക് ഓഫീസുകളിലേക്കും ഉടൻ അയക്കും.അപേക്ഷ താലൂക്ക് ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്.നിലവിൽ കാർഡുള്ളവർ അവർ ഉൾപ്പെട്ടിട്ടുള്ള കാർഡിൽ നിന്നും പേര് വെട്ടി പുതിയ കാർഡിൽ ചേർക്കണം.വ്യത്യസ്ത താലൂക്കുകളിലോ റേഷൻ കടകളിലോ ഉള്ളവരാണെങ്കിൽ അതാതിടങ്ങളിൽ നിന്നും കുറവ് ചെയ്ത സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.റേഷൻ കാർഡിൽ പേരില്ലാത്തവർ എംഎൽഎയുടെ സാക്ഷ്യപത്രം നൽകിയാൽ മതി.ഓൺലൈൻ സംവിധാനം വരുന്നതോടെ മറ്റൊരിടത്തേക്ക് കാർഡ് മാറ്റാൻ വെട്ടിക്കുറയ്ക്കൽ സർട്ടിഫിക്കറ്റ് വേണ്ടിവരില്ല.
വോട്ടേഴ്‌സ് ഐ ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:പാൻകാർഡിനും മൊബൈൽ കണക്ഷനും പുറകെ വോട്ടർ ഐ.ഡിയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് കഴിഞ്ഞ ദിവസം ലോക്സഭയെ ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് വോട്ടർ ഐ.ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.
പുല്പള്ളിയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം
പുൽപള്ളി:സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം.ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.അജ്ഞാതർ ഓഫീസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിന്റെ അറിവോടെ എസ്.എഫ്.ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നതായി സിപിഎം ആരോപിച്ചു.ഓഫീസ് ആക്രമണത്തിന് പിന്നിലും ബിജെപിയാണെന്നു സിപിഎം നേതൃത്വം പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ നിന്നും തനിക്കയച്ച കത്ത് കിട്ടിയപ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്കു വാട്സ് ആപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു.രണ്ടു ദിവസത്തിനകം രേഖാമൂലം പരാതിയും നൽകി.കത്ത് കിട്ടി ഇരുപതു ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.ഇതോടൊപ്പം എഡിജിപി ബി സന്ധ്യക്കെതിരെയും ജാമ്യാപേക്ഷയിൽ ആരോപണം ഉയർത്തിയിരുന്നു. നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.തുടർന്നാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.