ന്യൂഡൽഹി:ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അരുൺജെയ്റ്റിലി.ലോക്സഭയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് അരുൺ ജെയ്‌റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്.ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് കൈവശമുള്ളവർ ആധാർനമ്പറുമായി ബന്ധിപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിരുന്നു.അല്ലെങ്കിൽ നികുതി അനുബന്ധ ഇടപാടുകൾ തടസപ്പെടുമെന്നും ജൂലൈ ഒന്നിന് ശേഷം ആധാർ നമ്പറില്ലാതെ പാൻകാർഡിനു അപേക്ഷിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.എന്നിരുന്നാലും ആധാർ-പാൻ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
ജോലി മാറിയാൽ മൂന്നു ദിവസത്തിനകം പി.എഫ് അക്കൗണ്ടും മാറും
ന്യൂഡൽഹി:ജോലി ചെയ്യുന്ന സ്ഥാപനം മാറുന്നതിനനുസരിച്ച് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും തനിയെ മാറുന്ന സംവിധാനം അടുത്ത മാസം മുതൽ നിലവിൽ വരുന്നു.ചീഫ് പി.എഫ് കമ്മീഷണർ വി.പി ജോയ് ആണ് ഇക്കാര്യം അറിയിച്ചത്.ജോലി മാറുമ്പോൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെ തുടർന്നാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടി.മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്ത് വീണ്ടും അക്കൗണ്ട് തുടങ്ങുന്ന രീതി ഇനി വേണ്ടി വരില്ല.ഇപിഎഫ് അക്കൗണ്ടിന് ആധാർ നിർബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്.അപേക്ഷ നൽകാതെ തന്നെ മൂന്നു ദിവസത്തിനുള്ളിൽ അക്കൗണ്ട് മാറും.
ശനിയാഴ്ച മുതൽ നാലു ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല
ന്യൂഡൽഹി:ഓഗസ്റ്റ് 12 മുതൽ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല.അടുപ്പിച്ചു നാലു അവധി ദിവസങ്ങൾ വരുന്നതിനാലാണിത്.രണ്ടാം ശനിയാഴ്ചയും ഞാറാഴ്ച്ചയും ബാങ്കുകൾക്ക് പൊതു അവധിയാണ്.ഇതിനു പുറമെ രണ്ടു പൊതു അവധി ദിവസങ്ങളും കൂടി വരുന്നതോടെ നാലു ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കും.ഓഗസ്റ്റ് 12 രണ്ടാം ശനി,ഓഗസ്റ്റ് 13 ഞായർ,ആഗസ്ത് 14 ജന്മാഷ്ടമി,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നിവയാണ് അടുപ്പിച്ചു വരുന്ന നാലു അവധി ദിവസങ്ങൾ. ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനു പുറമെ നാലു ദിവസത്തേക്ക് എ ടി എമ്മുകളിലും പണം കമ്മിയായിരിക്കും.ബാങ്കിങ് ഇടപാടുകൾ നടത്താൻ ഇനി ബുധനാഴ്ചവരെ കാത്തിരിക്കണം.
കയരളത്ത് നായ്ക്കുറുക്കന്‍റെ കടിയേറ്റ് എട്ടുപേർക്ക് പരിക്ക്
കണ്ണൂർ: കയരളത്ത് സമീപവാസികളായ വൃദ്ധരും കുട്ടിയുമടക്കും എട്ടുപേർക്ക് നായ്ക്കുറുക്കന്‍റെ (നായ്- കുറുക്കൻ എന്നിവയുടെ സങ്കരം) കടിയേറ്റ് ഗുരുതര പരിക്ക്. കയരളത്തെ ചന്ദ്രമതി (61), കമലാക്ഷി (66), ഹഗിത്ത് (ഏഴ്), ടി.വി. ദാമോദരൻ (74), പ്രേമരാജൻ (48), നാരായണി (62), കോമളവല്ലി (55), രമ്യ (25) എന്നിവർക്കാണ് പരിക്കേറ്റത്. കൊവ്വപ്പാടത്തും, കരക്കണ്ടത്തും വച്ചാണ് ഇവർക്ക് നായയുടെ കടിയേറ്റത്. കാലിനും കൈയ്ക്കും കടിയേറ്റ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പ്രേമരാജനാണ്ഏറ്റവും കൂടുതൽ കടിയേറ്റത്. ഇദ്ദേഹം നായ്ക്കുറുക്കനെ കൊല്ലുകയും ചെയ്തു.
ഷോക്കേറ്റു മരിച്ച ഗൃഹനാഥന്‍റെ മൃതദേഹം വൈദ്യുതി ഓഫീസിലെത്തിച്ച് പ്രതിഷേധിച്ചു
ചെമ്പേരി: വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരിക്കെ ഷോക്കേറ്റുമരിച്ച ഗൃഹനാഥന്‍റെ മൃതദേഹം സർവകക്ഷി നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചെന്പേരിയിലെ വൈദ്യുതി സെക്‌ഷൻ ഓഫീസിലെത്തിച്ച് പ്രതിഷേധിച്ചു.കോട്ടക്കുന്ന് കുഴിക്കാട്ടുമലയിലെ ചക്കാങ്കൽ അഗസ്റ്റിൻ (ജോണി-53)ആണ് ഷോക്കേറ്റു മരിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ സ്വന്തം പുരയിടത്തിൽ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കെ ജോണിയുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് പിടിയുള്ള തൂമ്പ പറമ്പിലെ കാടുകൾക്കിടയിൽ പൊട്ടിവീണുകിടന്നിരുന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ തട്ടിയാണ് ഷോക്കേറ്റത്.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ചെമ്പേരിയിൽ എത്തിച്ചപ്പോൾ വൈദ്യുതി ഓഫീസ് പരിസരത്ത് വൻജനാവലിയാണുണ്ടായിരുന്നത്. ഓഫീസിനു മുന്നിൽ മൃതദേഹം ഇറക്കിവച്ച് നടത്തിയ പ്രതിഷേധ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു. ജോണിയുടെ പുരയിടത്തിലൂടെ മുന്പ് അയൽവാസിയുടെ വീട്ടിലേക്ക് വൈദ്യുതി കൊണ്ടുപോയിരുന്ന പഴയ ലൈനാണ് പൊട്ടിവീണു കിടന്നിരുന്നത്. ഏറെ നാളുകളായി ആൾത്താമസമില്ലാതിരുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഒഴിവാക്കിയിരുന്നെങ്കിലും ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. ഉപയോഗത്തിലില്ലാത്ത ലൈൻ പുരയിടത്തിൽനിന്നു മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ആരോപിച്ചാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുള്ളത്.അതേസമയം സംഭവത്തെകുറിച്ച് സെക്‌ഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയാറായില്ല.വൈദ്യുതി വകുപ്പിന്‍റെ അശ്രദ്ധ മൂലം ഷോക്കേറ്റുമരിച്ച ചക്കാങ്കൽ ജോണിയുടെ കുടുംബങ്ങളിൽ ഒരാൾക്ക് ജോലി നൽകാൻ കെഎസ്ഇബി തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ആവശ്യപ്പെട്ടു.
ഉഴവൂര്‍ വിജയന്‍റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
കോട്ടയം:ഉഴവൂര്‍ വിജയന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്‍സിപിയുടെ കോട്ടയം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തകയായ റജി സാംജി നല്‍കിയ പരാതിയിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി.മരണത്തിന് മുന്‍പ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോട്ടയത്ത് എന്‍സിപി ജില്ലാ കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പക്ഷം നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായി. തുടര്‍ന്ന് ഉഴവൂരിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രമേയം പാസാക്കി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയായിരുന്നു.
ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്ന സംഭവം;കാമുകൻ കസ്റ്റഡിയിൽ
കൊച്ചി:ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കാമുകൻ കസ്റ്റഡിയിൽ.കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്ത് ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.വരാപ്പുഴ സ്വദേശിനി ശീതൾ ആണ് മരിച്ചത്.അറസ്റ്റിലായ പ്രശാന്ത് കേബിൾ ഓപ്പറേറ്റർ ആണെന്നും വിവാഹമോചിതയായ ശീതലുമായി ഇയാൾ പ്രണയത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.ശീതളിന്റെ വീടിനു മുൻപിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രശാന്ത്.അടുത്തിടെ ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസവും വാക്കേറ്റവും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാണെന്നു പറഞ്ഞു ഇയാൾ ശീതളിനെ ബീച്ചിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദിലീപിനെ കാണാൻ അമ്മ ജയിലിലെത്തി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് അമ്മ ജയിലിൽ എത്തിയത്.ജയിലിലെത്തി ഒരു മാസത്തിനു ശേഷം അമ്മ ആദ്യമായാണ് ദിലീപിനെ സന്ദർശിക്കുന്നത്.പത്തു മിനിറ്റോളം അവർ ജയിലിൽ ചിലവഴിച്ചു.നിറകണ്ണുകളൊടെയാണ് അമ്മ ജയിലിൽ നിന്നും തിരികെ പോയത്.മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അവർ തയ്യാറായില്ല.ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അമ്മ ജയിലിൽ ദിലീപിനെ സന്ദർശിച്ചത്.
ശ്രീശാന്ത് ഒത്തുകളിച്ചെന്നു ബിസിസിഐ
മുംബൈ:ഒത്തുകളി വിവാദത്തിൽ നിന്നും മുക്തനായി സജീവ ക്രിക്കറ്റിലേക്ക് മടങ്ങാനൊരുങ്ങുന്ന ശ്രീശാന്തിന് തിരിച്ചടി.ഒത്തുകളി കേസിൽ ശ്രീശാന്തിനേർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുന്നു.ശ്രീശാന്ത് ഒത്തുകളിച്ചെന്നു തന്നെയാണ് ബിസിസിഐ വാദം.ബിസിസിഐ നിയമ വിദഗ്ദ്ധർ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തിൽ എത്തിയതെന്നാണ് സൂചന.ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുമ്പോൾ ശ്രീശാന്ത് അടക്കമുള്ള താരങ്ങൾ ഒത്തുകളിച്ചുവെന്നാണ് ആരോപണം.തുടർന്ന് ഡൽഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു.എന്നാൽ പട്ട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായില്ല.തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
ചികിത്സ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മരിച്ച സംഭവം; ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകും
കൊല്ലം: ചികിത്സ നിഷേധിച്ചതിനെതുടർന്ന് അപകടത്തിൽപ്പെട്ടയാൾ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകും. തിരുനെൽവേലി സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ എന്നിവ പരിശോധിച്ച് പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തു.കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ അന്വേഷണത്തിന്‍റെ തുടക്കത്തിൽതന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ അറസ്റ്റും ഉണ്ടായേക്കുമെന്നാണ് വിവരം. പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.