കൊടൈക്കനാൽ:മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയും ദീർഘകാല സുഹൃത്തുമായ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുടിനോയും തമ്മിലുള്ള വിവാഹം കൊടൈകനാലില്‍ നടന്നു. കൊടൈകനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.ഇരുവരുടെയും ബന്ധുക്കളാരുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം.ഇവർ നേരത്തെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരായിരുന്നെങ്കിലും വ്യത്യസ്‌ത മതക്കാരനായതിനാൽ രജിസ്ട്രാർ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.കൊടൈക്കനാലിനടുത്ത് ഒരു വാടകവീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസം.
ജയലളിതയുടെ മരണം;സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഉത്തരവിട്ടത്.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണ ചുമതല.പോയസ് ഗാർഡനിലെ ജയലളിതയുടെ വസതി സ്മാരകമാക്കാനും തീരുമാനമായി.കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത മരിച്ചത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അന്ന് തന്നെ സജീവമായിരുന്നു.
വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് അദ്ധ്യാപികയെ തീകൊളുത്തി
ബംഗളൂരു:ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് അദ്ധ്യാപികയെ തീ കൊളുത്തി.ബംഗളൂരു മഗെഡി താലൂക്കിലെ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.അമ്പതു ശതമാനത്തോളം പൊള്ളലേറ്റ കെ.ജി സുനന്ദ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സുന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാരാധ്യയാണ് ബിസിനസ്സ് തകർന്നതിലെ മനോവിഷമം മൂലം അദ്ധ്യാപികയെ കുട്ടികളുടെ മുൻപിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.സുനന്ദ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ രേണുകാരാദ്യ ബഹളം വെച്ച് കൊണ്ട് ക്ലാസ്സിലേക്ക് കയറി വരികയായിരുന്നു.ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ രേണുകാരാധ്യയോട് അദ്ധ്യാപിക ആവശ്യപ്പെട്ടു.ഉടൻ തന്നെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ മണ്ണെണ്ണ അദ്ധ്യാപികയുടെ ദേഹത്ത് ഒഴിച്ച് തീപ്പെട്ടിയുരച്ച് തീയിടുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ടെത്തിയ മറ്റ് അദ്ധ്യാപകരാണ് സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്.ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
രമ്യാ നമ്പീശന്റെ മൊഴിയെടുത്തു

പൾസർ സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്.കാക്കനാട് ജെയിലിൽ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്നു സുനി അറിയിച്ചതിനെ തുടർന്നാണ് നടപടി.അങ്കമാലി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കടുത്ത മർദനമാണ് തനിക്ക് ഉണ്ടായതെന്നും ജയിൽ സുപ്രണ്ടിനോട് പോലും പറയാൻ കഴിയില്ലെന്നും സുനി കോടതിയെ അറിയിച്ചു.അതേസമയം വീഡിയോ കോൺഫെറെൻസിങ്ങിനുള്ള സൗകര്യാർത്ഥമാണ് വിയ്യൂർ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്.
വ്യാജവാറ്റിനിടെ ഉപകരണങ്ങളുമായി സ്ത്രീയെ കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടി
കൂത്തുപറമ്പ് ∙ വ്യാജവാറ്റിനിടെ ഉപകരണങ്ങളുമായി സ്ത്രീയെ കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടി. കണ്ടംകുന്ന് കൂവയിൽ വീട്ടിൽ ഓമന(58)യെയാണ് എക്സൈസ് ഇൻസ്പെക്ടർ എ.സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 10 ലീറ്റർ ചാരായവും പിടികൂടി.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കൂത്തുപറമ്പ് റേഞ്ച് പരിധിയിൽ ഈ മാസം വാഹനസഹിതം മാഹി മദ്യവും 20 ലീറ്റർ ചാരായവും 100 ലീറ്റർ വാഷും പിടികൂടിയിരുന്നു.
ജയിലിൽ നിന്നും നിസാം ഭീഷണിപ്പെടുത്തിയതായി മാനേജർ പരാതി നൽകി
തൃശൂർ:ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം തന്നെ ജയിലിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജർ പരാതി നൽകി.കേസ് നടത്തിപ്പിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.കൂടാതെ ഓഫീസിൽ നിന്നും ഒരു ഫയൽ ഉടൻ ജയിലിലെത്തിക്കണമെന്നും നിസാം ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്.തൃശൂർ സിറ്റി പോലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിങ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥപനത്തിലെ മാനേജർ ചന്ദ്രശേഖർ പരാതി നൽകിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു. രണ്ടു തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.പിന്നീട് ഇവർ തന്നെ പരാതി പിൻവലിച്ചു.ചൊവ്വാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ലാൻഡ് ഫോണിൽ നിന്നും നിസാം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും ചന്ദ്രശേഖരൻ പരാതിയിൽ വ്യക്തമാക്കുന്നു.ജയിലിൽ ആണെങ്കിലും നിസാം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
പി.വി. അൻവറിന്‍റെ വാട്ടർ തീം പാർക്കിന്‍റെ അനുമതി റദ്ദാക്കി
നിലബൂർ:നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്‍റെ അനുമതി റദ്ദാക്കി. മലിനീകരണ നിയന്ത്രണ ബോർഡാണ് പാർക്കിന്‍റെ അനുമതി പിൻവലിച്ചത്. മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്നായിരുന്നു നടപടി. മൂന്നു മാസം മുൻപായിരുന്നു പാർക്കിനു അധികൃതർ അനുമതി നൽകിയിരുന്നത്. എന്നാൽ വ്യവസ്ഥകളോടെയാണ് പാർക്കിനു അനുമതി നൽകിയിരുന്നതെന്നു മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മൂന്നു മാസത്തിനുള്ളിൽ മാലിന്യസംസ്കരണത്തിനുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ചതിനെ തുടർന്നാണ് പാർക്കിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ബിജെപി മുൻ കൗൺസിലർ ഷാർജയിൽ വാഹാപകടത്തിൽ മരിച്ചു
ഷാർജ:ഷാർജയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും തെറിച്ചു വീണ് ബിജെപി മുൻ കൗൺസിലർ മരിച്ചു.കാസർകോഡ് അടുക്കത്ത് ബയൽ കടപ്പുറം സ്വദേശിനി സുനിത പ്രശാന്ത്(40) ആണ് മരിച്ചത്.അഞ്ചു വർഷത്തോളമായി ഷാർജയിൽ ബ്യുട്ടീഷ്യനായി ജോലി ചെയ്യുകയായിരുന്നു.ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ ദൈദ് റോഡിലായിരുന്നു അപകടം.വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ ഡോർ തനിയെ തുറന്ന് സുനിത പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇലക്ട്രിക് പോസ്റ്റിൽത്തലയിടിച്ചതിനെ തുടർന്ന് സുനിത തൽക്ഷണം മരിക്കുകയായിരുന്നു.ഇത് കണ്ടു പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് കാർ ഡിവൈഡറിലിടിച്ചാണ് സുനിതയുടെ ഒപ്പമുണ്ടായിരുന്ന സൂസനും നേപ്പാളി യുവതിക്കും പരിക്കേറ്റത്.സൂസനായിരുന്നു കാർ ഓടിച്ചിരുന്നത്.കാസർകോഡ് നഗരസഭയിൽ ബിജെപി കൗൺസിലറായിരുന്ന സുനിത ഉദുമ മണ്ഡലം ബിജെപി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. ഭർത്താവ് പ്രശാന്ത് സന്ദർശക വിസയിൽ അടുത്തിടെയാണ് യുഎഇയിൽ എത്തിയത്.മക്കൾ സംഗീത് പ്രശാന്ത്,സഞ്ജന പ്രശാന്ത്.
ആധാറില്ലാത്ത കുട്ടികൾക്ക് ഇനി സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ആധാർ ഇല്ലാത്ത കുട്ടികൾക്ക് ഇനി മുതൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല.ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളെയും ആധാറിൽ എൻറോൾ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ആധാറിൽ എൻറോൾ ചെയ്യാത്തവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് നല്കാൻ പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്റ്റർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.ഉച്ചഭക്ഷണ പദ്ധതിയുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.ആധാറിൽ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് അത് ചെയ്യാനായി ഈ മാസം 20,27,28 എന്നീ തീയതികളിൽ അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.ഈ മാസം പതിനേഴാം തീയതി മുതൽ 31 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് ആധാർ എടുക്കാനുള്ള സൗകര്യവുമുണ്ടാകും.ഇതിനായി ജനന സർട്ടിഫിക്കറ്റ്,രക്ഷിതാവിന്റെ ആധാർ എന്നിവയുമായി അക്ഷയ സെന്ററിലെത്തണം.രക്ഷകർത്താവിനു ആധാർ ഇല്ലെങ്കിൽ അതിനായി തയ്യാറാക്കിയിരിക്കുന്ന ഫോറം സ്കൂൾ ലെറ്റർപാഡിൽ പ്രിന്റ് എടുത്ത് ഉപയോഗിക്കണം.പ്രധാനാദ്ധ്യാപകൻ ഒപ്പിട്ട് സീൽ ചെയ്ത കുട്ടിയുടെ ഫോട്ടോയും ഇതിനൊപ്പം നൽകണം.