ആലപ്പുഴ:ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.സ്വകാര്യ ആശുപത്രിയായ കെ.വി.എമ്മിലാണു സമരം നടക്കുന്നത്.ആശുപത്രി മാനേജ്മെന്റ് നടപടിക്ക് എതിരെയാണ് സമരം.നൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ആശുപത്രിയിൽ നഴ്‌സുമാരുടെ സംഘടനാ രൂപീകരിച്ചതോടെയാണ് മാനേജ്‌മന്റ് പ്രതികാര നടപടിയുമായി രംഗത്തു വന്നത്.മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നു.പക്ഷെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മാത്രമേ ചർച്ചയ്‌ക്കെത്തിയുള്ളൂ.ഇതേ തുടർന്ന് ചർച്ച അലസിപ്പോയി.ഈ വിഷയത്തിൽ പ്രതിഷേധം ഉണ്ടായതോടെ മാനേജ്‌മന്റ് രണ്ടു ജീവനക്കാരെ പുറത്താക്കി.നിയമാനുസൃതമായ ആനുകൂല്യങ്ങൾ നല്കാൻ മാനേജ്‌മന്റ് തയ്യാറായില്ല.ഇതാണ് നഴ്സുമാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.
ഷാർജയിൽ പെട്രോളിയം ഫാക്റ്ററിയിൽ വൻ തീപിടുത്തം
ഷാർജ:ഷാർജയിൽ പെട്രോളിയം ഫാക്റ്ററിയിൽ വൻ തീപിടുത്തം.ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു.ഇന്ന് ഉച്ചയോടെയാണ് സംഭവം.ഷാർജ വ്യവസായ മേഖല പത്തിലാണ് തീപിടിത്തമുണ്ടായത്.പരിക്കേറ്റയാളെ ഷാർജ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.സിവിൽ ഡിഫെൻസ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും

വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന് 18 വർഷം തടവ്
കൊച്ചി:വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന് 18 വർഷം തടവ്.ജയരാജൻ നായർക്ക് 11 വർഷവും തടവ് ലഭിച്ചു.എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തെന്ന കുറ്റമാണ് ഒന്നാം പ്രതി ശോഭാ ജോണിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ജയരാജന്‍ നായര്‍ക്ക് എതിരായ കേസ്.കേസിലെ മറ്റ് പ്രതികളായ ശോഭാജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍, സഹോദരി പുഷ്പവതി, ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിധിച്ചു. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.മുസ്‌ലിം വിവാഹമോചനത്തിന് ആറ് മാസത്തിനകം നിയമം കൊണ്ടുവരണമെന്ന് ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഈ ആറ് മാസക്കാലയളവിൽ മുത്തലാഖ് പ്രകാരം മുസ്‌ലിം വിവാഹമോചനങ്ങൾ കോടതി നിരോധിച്ചു. ആറ് മാസത്തിനകം നിയമം കൊണ്ടുവരുന്നില്ലെങ്കിൽ മുത്തലാഖ് നിരോധനം തുടരുമെന്നും കോടതി നിരീക്ഷിച്ചു.
ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി സെപ്റ്റംബർ രണ്ടു വരെ നീട്ടി.റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരുന്നു കോടതി നടപടികൾ പൂർത്തിയാക്കിയത്.അതെ സമയം റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുതിർന്ന അഭിഭാഷകനായ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.
കാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി
തൃശൂർ:തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.
ലഹരി ഗുളികകളുമായി അഞ്ച് പേർ അറസ്റ്റിൽ
പഴയങ്ങാടി: പഴയങ്ങാടി മേഖലയിൽ വർധിച്ചു വരുന്ന കഞ്ചാവ് കേസുകൾക്കു പിന്നാലെ ലഹരി ഗുളികകളുമായി അഞ്ചു പേരെ പഴയങ്ങാടി എസ്ഐ പി.ബി.സജീവും സംഘവും പിടികൂടി. ഇവരുടെ പക്കൽ നിന്നും പോക് സിമോൺ പ്രസ്, സ്പാ സ്മോ തുടങ്ങിയ ലഹരി ഗുളികകളാണ് മാടായിപ്പാറയിൽ വച്ച് ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്.അടുത്തിലയിലെ തട്ടുപറമ്പത്ത് മനു (26), എം.ജമീൻ (31) എരിപുരം, അടുത്തിലയിലെ ഹാഷിം (31), പഴയങ്ങാടിയിലെ മുഹമ്മദ് അസ്‌ലം (32), കണ്ണൂർ താണസ്വദേശി എ.ടി.ഷമീൻ (33) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.കണ്ണൂർ സ്വദേശിയാണ് ഇത്തരം ലഹരി ഗുളികൾ പഴയങ്ങാടിയിലെ പല കേന്ദ്രങ്ങളിലുമെത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മംഗളൂരുവിൽ നിന്നാണ് ഇത്തരം ലഹരി ഗുളികകൾ പ്രദേശങ്ങളിലെത്തുന്നത്. കോളകൾ പോലുള്ള ലായനിയിൽ ചേർത്താണ് ഇവ ഉപയോഗിക്കുന്നത്.
ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം:യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്.ഒൻപതു യുണിയനുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെടാനിടയുണ്ട്. പത്തു ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്ക്,എച്.ഡി.എഫ്.സി ബാങ്ക്,തുടങ്ങിയ സ്വകാര്യ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കില്ല.എന്നാൽ ചെക്ക് ക്‌ളിയറൻസിൽ താമസം നേരിടാൻ സാധ്യതയുണ്ട്.
എസ്.ബി.ഐ എ.ടി.എം കാർഡുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു
ന്യൂഡൽഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം കാർഡുകൾ കൂട്ടത്തോടെ അസാധുവാക്കുന്നു. ഓൺലൈൻ ബാങ്കിങ്ങുകളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ തടയാൻ വേണ്ടിയാണു എസ്.ബി.ഐ സുരക്ഷിതമല്ലാത്തതും പഴയതുമായ എ.ടി.എം കാർഡുകൾ അസാധുവാക്കുന്നത്.ആർ.ബി.ഐ അംഗീകരിച്ച ഇവിഎം ചിപ്പ് കാർഡുകളാണ് നിലവിലുള്ള മാഗ്നെറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാർഡുകൾ മാറ്റി വിതരണം ചെയ്യുക.താമസിയാതെ തന്നെ മാഗ്നെറ്റിക് കാർഡുകൾ കൈവശം ഉള്ളവരുടെ കാർഡുകൾ റദ്ദാക്കപ്പെടും.ഈ തടസ്സം നേരിടാതിരിക്കാൻ ബാങ്കുകളിൽ ചെന്ന് ഇവിഎം ചിപ്പ് കാർഡുകൾ കൈപ്പറ്റണമെന്ന് എസ്.ബി.ഐ അറിയിച്ചു.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ.ബി.ഐയുടെ പരിഷ്‌ക്കാരം വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും.പുതിയ കാർഡിനായി ഓൺലൈനായി അപേക്ഷിക്കാം.അല്ലെങ്കിൽ അതാത് ബാങ്ക് ശാഖകളെ സമീപിച്ചാലും മതിയാകും.ഇവിഎം ചിപ്പ് കാർഡുകൾ സൗജന്യമായിട്ടാകും ലഭ്യമാക്കുക.