മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു;രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം; പെരിയാർ തീരത്ത് അതീവ ജാഗ്രത

keralanews mullaperiyar dam opens 534 cubic feet of water coming out of two shutters extreme caution on the banks of the periyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 7.29 ഓടെയാണ് ഷട്ടറുകൾ തുറന്നത്.ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് അണക്കെട്ട് തുറക്കാൻ താമസിക്കുകയായിരുന്നു. 7.20 ഓടെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ജീവനക്കാർ നേരിട്ട് മാനുവലായിട്ടാണ് ഷട്ടറുകൾ തുറന്നത്.അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി റവന്യൂ, ജലഗതാഗത മന്ത്രിമാർ രാവിലെ ആറ് മണിയോടെ തന്നെ മുല്ലപ്പെരിയാറിൽ എത്തിയിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലെ വെള്ളം വള്ളക്കടവിൽ ആകും ആദ്യം എത്തുക. ഉച്ചയോടെ വെള്ളം അയ്യപ്പൻ കോവിലിൽ എത്തും. വെള്ളം ഒഴുകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മുന്നൂറോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 138 ആക്കി നിർത്തുകയാണ് ലക്ഷ്യം. ഇപ്പോൾ 138.70 ആണ് ജലനിരപ്പ്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘനയടി ആക്കി ഉയർത്തും.2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ്. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;56 മരണം;5460 പേര്‍ രോഗമുക്തി നേടി

keralanews 7738 corona cases confirmed in the state today 56 deaths 546o cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍കോട്് 198 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 563, കൊല്ലം 366, പത്തനംതിട്ട 369, ആലപ്പുഴ 375, കോട്ടയം 101, ഇടുക്കി 211, എറണാകുളം 930, തൃശൂര്‍ 145, പാലക്കാട് 358, മലപ്പുറം 395, കോഴിക്കോട് 749, വയനാട് 286, കണ്ണൂര്‍ 467, കാസര്‍ഗോഡ് 145 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ;കനത്ത നാശനഷ്ടം;ആളപായമില്ല

keralanews landslide in kottayam erumeli widespread damage no casualties

കോട്ടയം: എരുമേലി പഞ്ചായത്തിലെ ഏഞ്ചല്‍ വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എരുമേലി പഞ്ചായത്തിലെ 12ാം വാര്‍ഡായ ഏഞ്ചല്‍ വാലി ജംക്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല.സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിലെ പാത്രങ്ങള്‍ ഒഴുകി പോയി. പല വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ട്. റോഡുകള്‍ കല്ലുകള്‍ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടു പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോറിക്ഷ ഒലിച്ച്‌ പോയതായും ജനപ്രതിനിധികള്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍ഫ് സംഘം അപകടമേഖലയില്‍ പുറപ്പെട്ടു.ജില്ലയുടെ മലയോര മേഖലകളില്‍ കാറ്റും മഴയും തുടരുകയാണ്. വരും ദിവസങ്ങളിലും കോട്ടയത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം

keralanews aryan khan got bail in the case of drug party in luxury ship

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം.25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്.ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂര്‍ത്തിയാകുകയുള്ളു എന്നതിനാല്‍ അതുവരെ ആര്യന് ജയിലില്‍ തന്നെ തുടരേണ്ടതായി വരും.ഈ മാസം എട്ടു മുതല്‍ ആര്യനും സംഘവും മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ഇതിനുമുന്‍പ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേള്‍ക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നല്‍കിയത്.ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടു.എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.

ബിനീഷ് കോടിയേരിക്ക് ജാമ്യം

keralanews bail for bineesh kodiyeri

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ ബിനീഷ് അറസ്റ്റിലായി നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കേസില്‍ ബിനീഷ് നാലാം പ്രതിയാണ്. ഇന്ന് വൈകീട്ടോ, നാളെ രാവിലെയോ ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങും.കര്‍ണാടക ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്.അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്. വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം. സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ലെന്നുമാണ് ഉപാധികൾ.നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല.ഇക്കാര്യം ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.എന്‍ സി ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം.2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ബിനീഷിനെ പാർപ്പിച്ചിരിക്കുന്നത്.ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷിനെ അറസ്റ്റുചെയ്തത്.ഇ ഡി അന്വേഷിക്കുന്ന കേസിൽ നാലാംപ്രതിയാണ് ബിനീഷ്.2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ്, തിരുവില്വാ‌മല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി അനിഖ എന്നിവരെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.അനൂപിനെ വിശദമായി ചോദ്യംചെയ്ത നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ലഭിച്ച സൂചനകളാണ് അന്വേഷണം ബിനീഷിലേക്കെത്തിച്ചത്.തെളിവുകൾ ലഭിച്ചതോടെ ബിനീഷിന്റെ പേരിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു.ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.അനൂപിനെ അറിയാമെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയെന്ന് ബിനീഷ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.രണ്ടാം വട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി നാടകീയമായാണ് അറസ്റ്റ് ചെയ്ത്.

കുതിച്ചുയർന്ന് ഇന്ധന വില;കേരളത്തില്‍ പെട്രോള്‍ വില 110 രൂപ കടന്നു

keralanews fuel price is increasing in the state in kerala petrol price croses 110 rupees

ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില.കേരളത്തിൽ ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയില്‍ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.അതേസമയം രാജ്യത്ത് 120 രൂപയും കഴിഞ്ഞും ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയര്‍ന്നു.അതിനിടെ ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ നവംബര്‍ ഒൻപതുമുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ല്‍ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാര്‍ജ് എട്ടുരൂപയാക്കിയത്. ഇപ്പോള്‍ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. 2011-ല്‍ 34,000 ബസുകള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡിനുമുന്‍പ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോള്‍ 6000 ബസുകളാണ് നിരത്തിലുള്ളത്.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റര്‍ നിരക്ക് ഒരുരൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു;ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും;ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

keralanews mullaperiyar water level increasing if water level does not fall dam open tomorrow steps were taken to evacuate the people

തിരുവനന്തപുരം: മുല്ലപ്പെരിയറിൽ ജലനിരപ്പ് വർദ്ധിച്ചു. 138.05 അടിയായി. അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത്.സെക്കൻഡിൽ 5,800 ഘനയടിവെള്ളമാണ് ഡാമിലേയ്‌ക്ക് ഒഴുകിയെത്തുന്നത്.ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും. നാളെ രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.ഡാം തുറക്കുന്നതിന് മുന്നോടിയായി മഞ്ഞുമല വില്ലേജ് ഓഫീസില്‍ ആളുകളെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ആളുകളെ മാറ്റുന്നതിന് വാഹനങ്ങള്‍ സജ്ജീകരിച്ചു.മുന്നറിയിപ്പ് അനൗസ്‌മെന്റ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കി.ഉപ്പുതറയില്‍ പെരിയാര്‍ തീരത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റുകയാണ്. ഒഴിപ്പിക്കുന്നതില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും മുന്‍ഗണന നൽകും. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മൃഗവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്.ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.ഡാം തുറക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. അതേസമയം മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും.

ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ത്രം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ല്‍ മ​തി​;സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

keralanews parents who receives two dose vaccine can send kids to school education minister issues school opening guidelines

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. സ്‌കൂൾ തുറന്ന് ആദ്യ രണ്ട് ആഴ്‌ച്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ എതൊക്കെ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് അക്കാദമിക് മാർഗരേഖ പ്രകാരം മന്ത്രി വിശദീകരിച്ചു.പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.വലിയ ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ പെട്ടന്ന് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം. നീണ്ടകാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്‌ച്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടികളുടെ പ്രതികരണം മനസിലാക്കും. കളിചിരിയിലൂടെ മെല്ലെ മെല്ല പഠനത്തിന്റെ ലോകത്തിലേക്ക് എത്തിയ്‌ക്കും. ഈ രീതിയിലാണ് അക്കാദമിക് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

keralanews scooter passenger died trapped between lorries parked in signal at kannur caltex junction

കണ്ണൂർ:കാൽടെക്സ് ജംഗ്ഷനിൽ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു.ബുധനാഴ്ച ഉച്ചക്ക് 2.45നാണ് അപകടം ഉണ്ടായത്.സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ സ്കൂട്ടർ കുടുങ്ങിയാണ് അപകടം.സിഗ്‌നലില്‍ കണ്ടെയ്‌നര്‍ ലോറിയുടെയും ടിപ്പറിന്റെയും ഇടയില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്.സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുൻപ് ഇതേസ്ഥലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.

ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്.ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

keralanews cpm takes action against anupamas father ps jayachandran in adoption controversy removed from local committee

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്.ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം.സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ജയചന്ദ്രനെ നീക്കി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.പാര്‍ട്ടി പരിപാടികളില്‍ പങ്കടുക്കുന്നതിനും ജയചന്ദ്രനു വിലക്കുണ്ട്. ഇന്ന് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏരിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നാണ് വിവരം.യോഗത്തില്‍ ജയചന്ദ്രനെതിരെ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം. യോഗത്തില്‍ ജയചന്ദ്രനും പങ്കെടുത്തിരുന്നു.ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രന്‍ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നല്‍കിയത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അംഗങ്ങള്‍ നിലപാടെടുത്തു. യോഗതീരുമാനങ്ങള്‍ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമന്‍ പറഞ്ഞു.ഏരിയ കമ്മിറ്റിയോഗത്തില്‍ ജില്ലാനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.