മുംബൈ:കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു.കേരളത്തിൽ നിന്നും കൊങ്കൺ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ഇപ്പോൾ തുടരുന്ന മഴ അടുത്ത ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ അധികൃതർ നൽകുന്ന വിവരം.
നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു
മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുമേനോൻ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോൻ മറ്റൊരു കാറിൽ വീണ്ടും യാത്ര തിരിച്ചു.
വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
കൽപ്പറ്റ:പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ.മണ്ണിനടിയിൽപെട്ട രണ്ടുപേരിൽ ഒരാൾ മരിച്ചു.മുട്ടിൽ സ്വദേശി ഹസ്സൻകുട്ടിയാണ് മരിച്ചത്.മുണ്ടേരി സ്വദേശിയായ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശം
വാഷിങ്ടൺ:അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹൂസ്റ്റണിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായാണ് വിവരം.ഹൂസ്റ്റണിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ നില ഗുരുതരം.ടെക്‌സാസിലെ എ ആൻഡ് എം സർവകലാശാല വിദ്യാർത്ഥികളായ ശാലിനി,നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. വൈദ്യുതിയും വാർത്ത വിനിമയ സംവിധാനങ്ങളും തകരാറിലാണ്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാർവി മലയാളി കുടുംബങ്ങളെയും കനത്ത ദുരിതത്തിലാഴ്ത്തി.വെള്ളപ്പൊക്കം ഏതാനും ദിവസം കൂടി തുടരുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ മുഴുവൻ തെളിവുകളും ലഭിച്ചതിനു ശേഷം മാത്രമേ കുറ്റപത്രം സമർപ്പിക്കൂ ;ഡിജിപി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം മുഴുവൻ തെളിവുകളും ലഭിച്ചതിനു ശേഷം മാത്രമേ സമർപ്പിക്കുകയുള്ളൂ എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തിൽ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തുമെന്നും ബെഹ്‌റ അറിയിച്ചു.എന്നാൽ മെമ്മറി കാർഡും ഫോണും കിട്ടിയില്ലെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായി കഴിഞ്ഞതായാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
വയനാട്ടിൽ മണ്ണിടിച്ചിൽ;മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങി
കൽപ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട്ടിലെ പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. സംഭവത്തിൽ മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടതായാണ് സൂചന.ഒരാളെ രക്ഷപ്പെടുത്തി.സ്ഥലത്ത് രക്ഷാപ്രവർത്തങ്ങൾ തുടരുകയാണ്.
മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
കണ്ണൂർ: കുടിയാൻമല കൈരളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.പുലിക്കുരുമ്പ തണ്ടത്തിൽ അഗസ്തി(84) ആണ് മരിച്ചത്.മകൻ ബേബിയെ പോലീസ് അറസ്റ്റ് ചെയ്തു.കുടുംബ പ്രശ്നമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന.മദ്യപിച്ച് വീട്ടിലെത്തിയ ബേബി പിതാവുമായി കലഹിക്കുകയും പ്രകോപിതനായ ഇയാൾ അഗസ്തിയെ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ അഗസ്തിയെ അയൽവാസികൾ എത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കുടിയാന്മല പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ദേവികുളം സബ്‌കളക്റ്റർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
മൂന്നാർ:ദേവികുളം സബ്‌കളക്റ്റർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായാണ് സബ്‌കളക്റ്റർ വി.ആർ പ്രേംകുമാറും ഗൺമാനും രക്ഷപ്പെട്ടത്.മൂന്നാർ മറയൂർ റോഡിലായിരുന്നു അപകടം.കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ കാർ പൂർണമായും തകർന്നു.കളക്റ്ററും ഗൺമാനും മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.ചിന്നാറിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ഇവർ.നിസാര പരിക്കേറ്റ ഇരുവരെയും ടാറ്റ ടീ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
കനത്ത മഴ;വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മാനന്തവാടി:കനത്ത മഴമൂലം വയനാട് ജില്ലയിലെ പ്രൊഫഷണൽ സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.പുതിയ വാദങ്ങളും ആരോപണങ്ങളും ഉൾക്കൊള്ളുന്ന പുതിയ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ഈ വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.